നവഗ്രഹങ്ങൾ
ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഭാരതീയ ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്. ഓരോ ഗൃഹങ്ങളെയും ഹിന്ദുമതത്തിലെ ദേവതകളുമായും ആഴ്ചയിലെ ഓരോ ദിവസവുമായും ബന്ധപ്പെടുത്തി കാണുന്നു.
ആദിത്യൻ (Sun)[തിരുത്തുക]
ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്.[1] പ്രത്യക്ഷദൈവമാണ് സൂര്യഭാഗവാൻ. ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്.[2] തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം.[3] സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു. സൂര്യൻ ആയുസ്സിനെ കുറിക്കുന്നു. സൂര്യന്റെ ദേവത ശിവൻ. വിശേഷദിവസം ഞായറാഴ്ച.[4]
ചന്ദ്രൻ (Moon)[തിരുത്തുക]
പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ.[3] ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്. മനസിന്റെ കാരകനാണ് ചന്ദ്രൻ. ചന്ദ്രന്റെ ദേവത ദുർഗ്ഗ. പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളി. വിശേഷദിവസം തിങ്കളാഴ്ച, പൗർണമി.[1]
കുജൻ (Chowa, Mars)[തിരുത്തുക]
ചൊവ്വ, അംഗാരകൻ എന്നും അറിയപ്പെടുന്നു. പാപഗ്രഹമാണ്. ദേവത സുബ്രമണ്യൻ (ഓജരാശി), ഭദ്രകാളി (യുഗ്മരാശി), ഭൈരവൻ, ആഞ്ജനേയൻ.
ബുധൻ (Mercury)[തിരുത്തുക]
വിദ്യാഭ്യാസത്തിന്റെ കാരകൻ. ബുധന്റെ ദേവത ശ്രീകൃഷ്‌ണൻ, ശ്രീരാമൻ, സരസ്വതിദേവി. പ്രധാന ദിവസം ബുധനാഴ്ച.
വ്യാഴം (Jupiter)[തിരുത്തുക]
ദേവഗുരു ബ്രഹസ്പതിയാണ് വ്യാഴം. ഗുരു എന്നും അറിയപ്പെടുന്നു. ഐശ്വര്യത്തിന്റെയും ദൈവാദീനത്തിന്റെയും കാരകനാണ് വ്യാഴം. വ്യാഴത്തിന്റെ ദേവത മഹാവിഷ്ണു, ആഞ്ജനേയൻ. പ്രധാന ദിവസം വ്യാഴാഴ്ച.
ശുക്രൻ[തിരുത്തുക]
ദൈത്യഗുരുവാണ് ശുക്രാചാര്യർ. ഐശ്വര്യം, സാമ്പത്തികം, ഭാര്യ/ ഭർത്താവ്, ദാമ്പത്യം, പ്രണയം, ലൈംഗികതാല്പര്യം എന്നിവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ ദേവത കുടുംബദൈവം, മഹാലക്ഷ്മി, അന്നപൂർണെശ്വരി, മഹാഗണപതി. പ്രധാന ദിവസം വെള്ളിയാഴ്ച.
ശനി[തിരുത്തുക]
നവഗ്രഹങ്ങളിൽ ഈശ്വരതുല്യനാണ് ശനി. അതിനാൽ ശനീശ്വരൻ എന്നറിയപ്പെടുന്നു. ആയുസ്, രോഗം, ദുരിതം, മരണം, മന്ദത എന്നിവയുടെ കാരകൻ. ശനിയുടെ ദേവത ധർമ്മശാസ്താവ്, ഹനുമാൻ, ഭദ്രകാളി, കാലഭൈരവൻ. പ്രധാന ദിവസം ശനിയാഴ്ച.
രാഹുവും കേതുവും[തിരുത്തുക]
ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്. എന്നാൽ ഫലജ്യോതിഷസങ്കല്പത്തിലെ നവഗ്രഹങ്ങളിൽ ഇവയേയും ഗ്രഹങ്ങളായും ഫലകാരകന്മാരായും കണക്കാക്കുന്നു. രാഹുവിനെ സർപ്പൻ എന്നും വിളിക്കുന്നു. രാഹുവിന്റെ ദേവത നാഗരാജാവ്, അഷ്ടനാഗങ്ങൾ, ദുർഗ്ഗാഭഗവതി. കേതുവിന്റെ ദേവത ഗണപതി (ഓജരാശി), ചാമുണ്ടാദേവി അഥവാ കാളി (യുഗ്മരാശി). പ്രധാന ദിവസം ചൊവ്വ, വെള്ളി.
നവഗ്രഹക്ഷേത്രങ്ങൾ[തിരുത്തുക]
സാധാരണയായി ക്ഷേത്രങ്ങളിൽ ഉപദേവതകളായാണ് നവഗ്രഹങ്ങൾ കുടികൊള്ളാറുള്ളത്. തമിഴ്നാട്ടിലെ മിക്ക ശിവക്ഷേത്രങ്ങളിലും നവഗ്രഹസന്നിധികളുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
