Jump to content

കാവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റകാവടികൾ

ആഘോഷങ്ങളടനുബന്ധിച്ച് തലയിലോ തോളത്തോ ഏറ്റി ആടുന്നതിനുപയോഗിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഒരു നിർമ്മിതിയാണ് കാവടി. ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു.'

ഐതിഹ്യം[1]

[തിരുത്തുക]
ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ കാവടി വരവ്

ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനി ക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു.അങ്ങനെ ശിവഭഗവാൻറെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസനന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി.അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു. ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു പയ്യനെയാണ്.ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട്‌ ആ പയ്യൻ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി.ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു. ഇതോടെ ബാലൻ മുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും ഹിഡുംബൻ മുരുകനോട് അപേക്ഷിച്ചു. അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം. കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ "ഹിഡുംബൻ പൂജ" എന്നൊരു പൂജയുണ്ട്.

കാവടി വ്രതം

[തിരുത്തുക]

ക്ഷേത്ര വഴുപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നു ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ : മേൽക്കുളങ്ങര , ചെറിയനാട്) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണെന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ അതിവിശേഷമാണ്‌. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.

കാവടികൾ

[തിരുത്തുക]

കാവടിയുടെ പ്രധാന ഭാഗങ്ങൾ

[തിരുത്തുക]
കാവടിയെടുത്ത് സഞ്ചരിക്കുന്ന ഭക്തർ

സാധാരണ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. പക്ഷെ പളനിയിലെയും ,മധുരയിലേയും കാവടികൾക്ക് നാല് ഭാഗങ്ങൾ മാത്രമേ ഉള്ളൂ. തടയിൽ തീർത്തഭാഗമാണ് പ്രധാന ഭാഗം. അത് കാവടിക്കാൽ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടി എന്നീ തടികളിൽ തീർത്ത് വർഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ചില ഹിന്ദു ഭവനങ്ങളിൽ ഇത്തരം കാവടികൾ വർഷങ്ങളോളം സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങൾ അതത് വർഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിർമ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിർമ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന് നിർബന്ധമാണ്. കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയിൽമുറിച്ചെടുക്കുന്ന വിവിധ വർണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയിൽ കോർത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഇവ കവുങ്ങിൽ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരു ദണ്ഡിൽ ഭംഗിയായി നിരത്തി കെട്ടുന്നു. ഇത് തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവും ഒപ്പം തികഞ്ഞ കലാപാരമ്പര്യവും വേണം ഇത് നിർമ്മിക്കാൻ. പൂക്കൾ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികൾ തരംതിരിക്കപ്പെടും. ചിലയിടങ്ങളിൽ കാവടികളിൽ പലതട്ടുകളിൽ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളിൽ ചെണ്ടുകൾക്ക് പകരം മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകൾ കാവടിക്കാലിൽ മദ്ധ്യത്തായി തിർത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതൽ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേർത്ത്നൂൽക്കമ്പികളാൽ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തമിഴ്നാട്ടിലെ കാവടികളിൽ ചെണ്ടുകൾ ഉപയോഗിച്ചു കാണുന്നില്ല.

പൂക്കാവടി

[തിരുത്തുക]

വർണ്ണകടലാസും മറ്റ് അലങ്കാര വസ്തുക്കളും മുളയുടെ ഒരു ഫ്രയിമിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള കാവടികൾ. നിലനിലയായി ഉണ്ടാക്കുന്ന് ഇത്തരത്തിലുള്ളവ ഒരാൾക്ക് നിഷ്പ്രയാസം എടുത്ത് തലയിൽ വച്ച് കാവടിയാടാം.

ഒറ്റകാവടിയും ഇരട്ടക്കാവടിയും

[തിരുത്തുക]

കവടിയ്ക്ക് സാധാരണ ഒരു തണ്ട് (വടി) മാത്രമാണ് ഉള്ളത്. അങ്ങനെയുള്ളതിനെ ഒറ്റകാവടി എന്നറിയപ്പെടുന്നു. തണ്ടിന്റെ എണ്ണം രണ്ടാകുമ്പോൾ അവ ഇരട്ടക്കാവടി എന്ന് പറയുന്നു.

പീലിക്കാവടി

[തിരുത്തുക]
അമ്പലക്കാവടി
മറ്റൊരു തരം അമ്പലക്കാവടി (ഒറ്റകാവടി)

മരം ഉപയോഗിച്ച് നിലനിലയായി ഉണ്ടാക്കി അതിൽ മയിൽ പീലിയും സ്പടിക കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നു. അമ്പലക്കാവടി എന്നും ഇതിനെ വിളിയ്ക്കുന്നു.

ഇരട്ടക്കാവടി

അറുമുഖക്കാവടി

[തിരുത്തുക]

സാമാന്യം വലുതും ഭാരം കൂടിയതുമായ കാവടിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ആറുമുഖം ഉണ്ട്. കാവടികളിൽ പ്രത്യെക സ്ഥാനമാണിതിന്.

അറുമുഖക്കാവടി

ചിത്രശാല

[തിരുത്തുക]

കാവടിയാഘോഷം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://arunpuranam.blogspot.in/2010/05/blog-post_15.html
  2. [1] Archived 2021-09-18 at the Wayback Machine.|തലയ്‌ക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിഉത്സവം
"https://ml.wikipedia.org/w/index.php?title=കാവടി&oldid=4096230" എന്ന താളിൽനിന്ന് ശേഖരിച്ചത്