തിരുവഞ്ചിക്കുളം ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം . കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ അകലെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ പരമശിവൻ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ 33 ഉപദേവതകളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണിത്. ഇവരിൽ പന്ത്രണ്ടുപേർ ശിവന്റെ തന്നെ വിവിധ രൂപഭേദങ്ങളാണ്. കൂടാതെ, പാർവ്വതീദേവി, ദുർഗ്ഗാഭഗവതി, ഭദ്രകാളി, ഗംഗാദേവി, ഗണപതി (രണ്ട് പ്രതിഷ്ഠകൾ), അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, സപ്തമാതൃക്കൾ, വീരഭദ്രൻ, ചണ്ഡികേശ്വരൻ, നാഗദൈവങ്ങൾ, ഉണ്ണിത്തേവർ (ശിവഗണം), ഭൃംഗീരടി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ തുടങ്ങി വേറെയും ഉപപ്രതിഷ്ഠകളുണ്ട്.[1] എന്നാൽ, മഹാവിഷ്ണുവിനോ അദ്ദേഹത്തിന്റെ അവതാരങ്ങളിലൊന്നിനോ ഇവിടെ പ്രതിഷ്ഠയില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ആദ്യ വൈഷ്ണവക്ഷേത്രമായ തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ് [2]. ശൈവസിദ്ധന്മാരുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെ. ക്ഷേത്രത്തിൽ ദിവസേനയുള്ള പള്ളിയറ പൂജ (ദമ്പതിപൂജ, ഉമാമഹേശ്വരപൂജ) പ്രസിദ്ധമാണ്. രാത്രി നടയടച്ചശേഷമാണ് ഈ പൂജ നടത്തുന്നത്. നിത്യേന പള്ളിയറ പൂജ നടക്കുന്ന കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. വിവാഹം വൈകുന്ന ഭക്തർ ഇവിടെ പള്ളിയറ പൂജ നേർന്നാൽ ഉടൻ വിവാഹം നടക്കും എന്നും വിവാഹിതരായിട്ടുള്ളവർ ദീർഘമാംഗല്യത്തോടെ ഇരിക്കുവാൻ ഇവിടെ വന്ന് പള്ളിയറ പൂജയിൽ പങ്കെടുത്തു പ്രാർത്ഥിയ്ക്കണം എന്നും വിശ്വാസങ്ങളുണ്ട്. എല്ലാ ദിവസവും ഈ പൂജയുണ്ടെങ്കിലും പൗർണ്ണമിദിവസവും തിങ്കളാഴ്ചകളിലും നടക്കുന്ന പൂജ അതിവിശേഷമായി കണക്കാക്കപ്പെടുന്നു; പൗർണ്ണമിയും തിങ്കളാഴ്ചയും കൂടിവരുന്ന ദിവസം അതിവിശേഷമായും. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ശിവരാത്രിയ്ക്ക് തൊട്ടുമുമ്പ് വരുന്ന അഷ്ടമിനാളിൽ കൊടിയേറുന്ന ഉത്സവം, ശിവരാത്രി കഴിഞ്ഞുവരുന്ന അമാവാസി നാളിൽ ആറാട്ടോടെ അവസാനിയ്ക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൂടാതെ ധനുമാസത്തിൽ തിരുവാതിരയും വിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് തിരുവഞ്ചിക്കുളം ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ഇവിടത്തെ സ്വയംഭൂവായ ശിവനെ പ്രതിഷ്ഠിച്ചത് പരശുരാമനാണ്. തന്റെ അമ്മയായ രേണുകാദേവിയെ വധിച്ച പാപത്തിൽ നിന്ന് മുക്തിനേടാൻ പരശുരാമൻ ദീർഘകാലം ഇവിടെ തപസ്സിരിയ്ക്കുകയും, തപസ്സിനൊടുവിൽ പ്രത്യക്ഷപ്പെട്ട ശിവനെ അദ്ദേഹം കുടുംബസമേതനായി ആവാഹിച്ച് ഇപ്പോഴത്തെ ശ്രീലകത്ത് കുടിയിരുത്തുകയും ചെയ്തു എന്നാണ് കഥ. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്ത് നിത്യം പൂക്കുന്ന ഒരു കണിക്കൊന്നമരമുണ്ട്. ഇതിന് ചുവട്ടിലിരുന്നാണ് പരശുരാമൻ ധ്യാനിച്ചതത്രേ. പിന്നീട്, തന്റെ തപസ്സിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഇതിന് ചുവട്ടിലും ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ഈ പ്രതിഷ്ഠ കൊന്നയ്ക്കൽ ശിവൻ എന്നറിയപ്പെടുന്നു. ശിവരാത്രിയ്ക്ക് തൊട്ടുമുമ്പുള്ള ഏകാദശിനാളിലും ധനുമാസത്തിലെ തിരുവാതിരനാളിലും ഈ പ്രതിഷ്ഠയുടെ മുന്നിൽ വച്ച് പാണ്ടിമേളം പതിവുണ്ട്.
എ.ഡി. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവസന്യാസിയായിരുന്ന സുന്ദരമൂർത്തി നായനാർ ഈ ക്ഷേത്രത്തിൽ വച്ച് ശിവന്റെ കീർത്തനങ്ങൾ പാടിയെന്നും ആ സമയത്ത് ശിവൻ പദം ചേർത്ത് നൃത്തം ചെയ്തു എന്നും ഭഗവാന്റെ ചിലമ്പൊലി ക്ഷേത്രത്തിലങ്ങോളം അലയടിച്ചു എന്നും ഐതിഹ്യമുണ്ട്.[1] ഇതിന്റെ സ്മരണയ്ക്കായി ക്ഷേത്രത്തിൽ നടരാജമൂർത്തിയ്ക്ക് സവിശേഷമായി ഒരു പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കേരളത്തിൽ നടരാജമൂർത്തിയെ ഇത്രയേറെ പ്രാധാന്യത്തോടെ കാണുന്ന മറ്റൊരു ക്ഷേത്രം കാണില്ല.
ചരിത്രം
[തിരുത്തുക]ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാന്യം കൈവരുന്നത്. രണ്ടാം ചേരസാംരാജ്യ കാലഘട്ടത്തിൽ , ചേരമാൻ പെരുമാളുടെ സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുമ്പുള്ള ആദ്യചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, അവർ ഇരുവരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വച്ച് സ്വർഗ്ഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം. കർക്കടകമാസത്തിലെ ചോതിനാളിലാണ് ഇരുവരും സ്വർഗ്ഗാരോഹണം ചെയ്തതത്രേ. സുന്ദരമൂർത്തി ഐരാവതത്തിന്റെ പുറത്തും പെരുമാൾ കുതിരപ്പുറത്തും സ്വർഗ്ഗത്തിലേയ്ക്ക് യാത്രചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും ഈ ദിവസം ക്ഷേത്രത്തിൽ അതിവിശേഷമായി കൊണ്ടാടപ്പെടുന്നു.
പെരിയപുരാണത്തിലും തേവാരപതികങ്ങളിലും അഞ്ചൈക്കുളം എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിന്റേതായിത്തീർന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചിക്കുളത്തിന് ലഭിച്ചു. ഇന്നും കൊച്ചി രാജവംശത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളാണ് തിരുവഞ്ചിക്കുളത്തപ്പൻ. പിൽക്കാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായി മാറിയ തൃപ്പൂണിത്തുറയിൽ, ശ്രീ പൂർണത്രയീശക്ഷേത്രത്തിന് വടക്കായി സ്ഥിതിചെയ്യുന്ന, കൊച്ചി രാജവംശത്തിന്റെ കുടുംബക്ഷേത്രമായ പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊരാൾ തിരുവഞ്ചിക്കുളത്തപ്പനാണ്. കൂടാതെ, ശ്രീ പൂർണ്ണത്രയീശൻ, പഴയന്നൂരമ്മ, കൊടുങ്ങല്ലൂരമ്മ, കൂടൽമാണിക്യസ്വാമി, ചോറ്റാനിക്കരയമ്മ, ഗണപതിഭഗവാൻ, ഹനുമാൻ സ്വാമി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവിടെയുള്ള തിരുവഞ്ചിക്കുളത്തപ്പന്, എല്ലാദിവസവും പൂജകളും ധാരയടക്കമുള്ള അഭിഷേകങ്ങളും നടത്താറുണ്ട്. ശിവരാത്രിനാളിൽ ദിവസം മുഴുവൻ നടതുറന്ന് രാത്രി മുഴുവൻ അഭിഷേകത്തോടുകൂടിയ പൂജകളുണ്ടാകും.
ഈ ക്ഷേത്രം 1780-ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. അന്ന് ക്ഷേത്രത്തിലെ ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം അക്കാലത്താണ് തകർക്കപ്പെട്ടത്. ഇപ്പോഴും അന്ന് തകർക്കപ്പെട്ട അവസ്ഥയിൽ തന്നെയാണ് ക്ഷേത്രം. എ.ഡി.1801-ൽ കൊച്ചി സർക്കാർ ക്ഷേത്രം പുതുക്കി പണിത് പുനഃപ്രതിഷ്ഠ നടത്തി. ചിദംബരക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചിക്കുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.[3] 1982-ൽ ക്ഷേത്രം കേന്ദ്ര സർക്കാരിന്റെ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇന്ന് ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ നവീകരണപ്രവർത്തനങ്ങളും പുരാവസ്തുവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ.
ക്ഷേത്രവാസ്തുശില്പവിദ്യ
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]തിരുവഞ്ചിക്കുളം ദേശത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, പടിഞ്ഞാറുഭാഗത്തുനിന്നാണ് ദർശനത്തിന് ഏറ്റവും സൗകര്യമുള്ളത്. ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കുമാറി കൊടുങ്ങല്ലൂർ കായലിന്റെ ഒരു കൈവഴിയുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടെ കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയും ദേശീയപാത 66-ഉം കടന്നുപോകുന്നു. കേരളത്തിലെ ആദ്യത്തെ കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം ഈ ക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ്. ഭാരതത്തിലെ ആദ്യ മുസ്ലീം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ്, ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ നടയിൽ വലിയൊരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. മുകളിൽ ബ്രഹ്മാവ്, നടുക്ക് വിഷ്ണു, അടിയിൽ ശിവൻ എന്നതാണ് ക്രമം. അരയാലിന് കീഴിലായി ഏതാനും ദേവപ്രതിഷ്ഠകളും കാണാം. പ്രത്യേകരൂപത്തോടുകൂടിയ ഒരു ശിവരൂപം അതിൽ പ്രധാനമാണ്. നിത്യവും ഇവിടെ വിളക്കുവയ്പുണ്ട്.
ക്ഷേത്രം വക കല്യാണമണ്ഡപം പടിഞ്ഞാറേ നടയിൽ തെക്കേ വരിയിലാണ് സ്ഥിതിചെയ്യുന്നത്. വടക്കേ വരിയിൽ പ്രത്യേകം തീർത്ത മതിലകത്ത് ശ്രീകോവിൽ മാത്രമായി ചെറിയൊരു ക്ഷേത്രമുണ്ട്. ഇവിടെയും ശിവപ്രതിഷ്ഠയാണുള്ളത്. കൊട്ടാരത്തിൽ ശിവൻ എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായി ചെറിയൊരു കുളം കാണാം. രാമഞ്ചിറ എന്നറിയപ്പെടുന്ന ഈ കുളം പ്രദേശത്തെ പ്രധാന ജലസ്രോതസ്സുക്കളിലൊന്നാണ്. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പ്രവേശനകവാടങ്ങൾ കാണാം. മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരം, ക്ഷേത്രത്തിന്റെ പ്രൗഢി വ്യക്തമാക്കിക്കൊണ്ട് നിലകൊള്ളുന്നു. പടിഞ്ഞാറേ ഗോപുരം ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർന്ന നിലയിൽ തന്നെയാണ് ഇപ്പോഴും കാണപ്പെടുന്നത്. ഗോപുരത്തിനടുത്ത് ചെറിയൊരു ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണുള്ളത്. ഗോപുരത്തിൽ തേവർ എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നു. സാധാരണ ഉയരമുള്ള ശിവലിംഗമാണ് ഇവിടെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഇവിടെയുള്ള ഭഗവാനെ തൊഴുതാണ് ഭക്തർ പ്രധാന ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിന് പോകുന്നത്. ഗോപുരത്തിന് വടക്കുഭാഗത്ത് നെടുനീളത്തിലുള്ള കെട്ടിടത്തിൽ ദേവസ്വം ഓഫീസ് പ്രവർത്തിയ്ക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവഞ്ചിക്കുളം ദേവസ്വം. ഏകദേശം പതിനഞ്ച് ക്ഷേത്രങ്ങൾ ഇതിന് കീഴിലുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു ഗ്രൂപ്പ് പ്രവർത്തിയ്ക്കുന്നതും തിരുവഞ്ചിക്കുളത്തു തന്നെയാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി എന്നീ താലൂക്കുകളിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും തിരുവഞ്ചിക്കുളം ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്.
ക്ഷേത്രത്തിന്റെ ദർശനവശമായ കിഴക്കുഭാഗത്ത് മൂന്നുനിലകളോടുകൂടിയ അതിഗംഭീരമായ ഒരു ഗോപുരം പണിതിട്ടുണ്ട്. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവുമായി നല്ല രൂപസാദൃശ്യമുള്ള ഈ ഗോപുരം, ക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. അതിഗംഭീരമായ പല ശില്പനിർമ്മിതികൾ ഗോപുരത്തിന്റെ പല ഭാഗങ്ങളിലായി കാണാം. ഈ ഗോപുരത്തിലാണ് തവിൽ, നാദസ്വരം, കുഴിത്താളം, ശ്രുതിപ്പെട്ടി തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്. നാലമ്പലത്തിനുപുറത്തുമാത്രമേ ഈ വാദ്യങ്ങൾ ഉപയോഗിയ്ക്കാൻ പറ്റൂ എന്നതുകൊണ്ടാണ് ഇവ ഗോപുരത്തിൽ സൂക്ഷിച്ചുവയ്ക്കുന്നത്. രാവിലെ പള്ളിയുണർത്തലിനും അഞ്ചുപൂജകൾക്കും ദീപാരാധനയ്ക്കുമെല്ലാം ഇവിടെ നാദസ്വരം വായിയ്ക്കാറുണ്ട്. ഉത്സവക്കാലത്ത് നിരവധി നാദസ്വരവിദ്വാന്മാർ ഇവിടെ വന്ന് സേവ നടത്തിപ്പോകാറുമുണ്ട്.
മതിലകം
[തിരുത്തുക]ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് തിരുവഞ്ചിക്കുളം ക്ഷേത്രത്തിനുള്ളത്. ഇതിനകത്തായി രണ്ട് തീർത്ഥക്കുളങ്ങളും പെടും. വലിയ ആനപ്പള്ളമതിലാണ് ക്ഷേത്രത്തെ താങ്ങിനിർത്തുന്നത്. അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ ഒരു നടപ്പുര പണിതിരിയ്ക്കുന്നത് കാണാം. സാമാന്യം വലുതാണ് ഈ നടപ്പുര. ഇവിടെ ചെറിയൊരു വഴിപാട് കൗണ്ടർ പണിതിട്ടുണ്ട്. പ്രസിദ്ധമായ ദമ്പതീപൂജ കൂടാതെ ശംഖാഭിഷേകവും ധാരയുമാണ് തിരുവഞ്ചിക്കുളത്തപ്പന് പ്രധാന വഴിപാടുകൾ. കൂടാതെ, പിൻവിളക്ക്, കൂവളമാല, ശർക്കരപ്പായസം തുടങ്ങിയവയും വിശേഷമാണ്. നാലമ്പലത്തിന്റെ പടിഞ്ഞാറേ വാതിലിനടുത്തായി മറ്റൊരു ശ്രീകോവിൽ കാണാം. ഇവിടെയും ശിവനാണ് പ്രതിഷ്ഠ. നടയ്ക്കൽ തേവർ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഇവിടെയും സാധാരണ വലുപ്പമുള്ള ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. പ്രദക്ഷിണം വച്ചുവരുമ്പോൾ ഈ ശിവനെയാണ് അവസാനം വന്ദിയ്ക്കാറുള്ളത്. ഇതുപോലെ നിരവധി ശിവപ്രതിഷ്ഠകൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുണ്ട്.
വടക്കുപടിഞ്ഞാറുഭാഗത്ത് അടുത്തടുത്തുള്ള രണ്ട് ശ്രീകോവിലുകളിൽ സുബ്രഹ്മണ്യസ്വാമിയും ദുർഗ്ഗാദേവിയും കുടികൊള്ളുന്നു. ഇവയിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. കാരണം, മറ്റ് ഉപദേവതകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മുന്നിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. ദേവീവിഗ്രഹം ശിലാനിർമ്മിതമാണ്. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുവായ ദേവിയുടെ നാലുകൈകളിലും ശംഖ്, ചക്രം, വരദാഭയമുദ്രകൾ എന്നിവ കാണാം. തൊട്ടുതെക്കുള്ള സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിൽ ചതുർബാഹുവായ ദേവസേനാപതിയുടെ രൂപത്തിലാണ് പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ഭഗവാന്റെ മുന്നിലെ ഇരുകൈകളിലും വരദാഭയമുദ്രകളാണ്. വലതുചുമലിൽ വേലും കാണാം. രണ്ട് പ്രതിഷ്ഠകളും കിഴക്കോട്ട് ദർശനമായാണ്.
സുബ്രഹ്മണ്യനെയും ദുർഗ്ഗാദേവിയെയും തൊഴുത് പ്രദക്ഷിണം വച്ചുവരുമ്പോൾ ഗംഗാദേവിയുടെ പ്രതിഷ്ഠ കാണാം. ചെറിയൊരു കുളത്തിന്റെ രൂപത്തിലാണ് ഈ പ്രതിഷ്ഠ. ശിവഭഗവാന്റെ ജടയിലെ നിത്യസാന്നിദ്ധ്യമായ ഗംഗാദേവിയ്ക്ക് ഇവിടെ സവിശേഷപ്രാധാന്യം നൽകിവരുന്നു. ഈ തീർത്ഥക്കുളത്തിലെ ജലം കുടിയ്ക്കാനോ അശുദ്ധമാക്കാനോ പാടില്ലെന്നാണ് ചിട്ട. കുളത്തിന്റെ കിഴക്കായി പ്രത്യേകം തീർത്ത തറയിൽ ഒരു കണ്ണാടിബിംബം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിലാണ് പൂജകൾ നടത്തുന്നത്. ഗംഗാദേവിയുടെ നടയ്ക്കടുത്താണ് ക്ഷേത്രം വക ഊട്ടുപുരയും. വിശേഷദിവസങ്ങളിൽ ഇവിടെ ഊട്ടുണ്ടാകാറുണ്ട്.
പിന്നെയും പ്രദക്ഷിണം വയ്ക്കുമ്പോൾ വടക്കുകിഴക്കുഭാഗത്ത് നിത്യവും പൂക്കുന്ന കൊന്നമരം കാണാം. ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കൊന്നമരം. ഐതിഹ്യപ്രകാരം പരശുരാമൻ മാതൃഹത്യാപാപം തീർക്കാൻ തപസ്സിരുന്നതും അദ്ദേഹത്തിന് ശിവദർശനം ലഭിച്ചതുമായ ഈ സ്ഥലത്ത് അതിന്റെ ഓർമ്മയ്ക്ക് മറ്റൊരു ശിവപ്രതിഷ്ഠ നടത്തി. ഇതാണ് ഇന്ന് കൊന്നയ്ക്കൽ ശിവൻ എന്നറിയപ്പെടുന്നത്. വളരെ ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. നിത്യവും പൂക്കുന്ന കൊന്നപ്പൂക്കളാൽ മൂടപ്പെട്ട്, പ്രകൃതിയൂടെ പഞ്ചോപചാരങ്ങളും ഏറ്റുവാങ്ങിക്കഴിയുന്ന ഈ ശിവന്റെ മുന്നിലാണ് കുംഭമാസത്തിലെ കറുത്ത ഏകാദശിയ്ക്കും ധനുമാസത്തിലെ തിരുവാതിരയ്ക്കും രാത്രി പാണ്ടിമേളം അരങ്ങേറുന്നത്. ഇത് പ്രതിഷ്ഠയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൊന്നയ്ക്കൽ ശിവന്റെ അടുത്തുതന്നെയാണ് ക്ഷേത്രത്തിലെ വെടിപ്പുരയും സ്ഥിതിചെയ്യുന്നത്. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും ഇവിടെ വെടിയുണ്ടാകും. ഒരുവെടി, രണ്ടുവെടി, പത്തുവെടി അങ്ങനെ പലതരം വെടിവഴിപാടുകൾ ഇവിടെയുണ്ട്. വെടിപ്പുര കടന്നാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം.
കിഴക്കേ നടയിൽ സ്ഥലസൗകര്യം വളരെ കുറവാണ്. എന്നാലും, ദർശനത്തിന് അതൊരു തടസ്സമല്ല. കിഴക്കേ നടയിലും ഒരു നടപ്പുര കാണാം. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ ചോറൂൺ, വിവാഹം, ഭജന തുടങ്ങിയ കാര്യങ്ങൾ നടത്താറുള്ളത്. ഇതിനപ്പുറം, ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം കാണാം. നാല്പതടിയോളം ഉയരം വരുന്ന ഈ കൊടിമരത്തിന്റെ ചുവട്ടിലായി അഷ്ടദിക്പാലകരുടെ പ്രതിഷ്ഠകൾ കാണാം. ചെമ്പുകൊടിമരം മാറ്റി സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ആലോചനകൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. പ്രധാനപ്രതിഷ്ഠയായ ശിവന്റെ സ്വയംഭൂലിംഗം ഭൂനിരപ്പിനോട് ചേർന്നായതിനാൽ ഇവിടെ പ്രധാന ബലിക്കല്ലിന് ഉയരം വളരെ കുറവാണ്. പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കില്ല.
തെക്കുകിഴക്കേമൂലയിൽ കുളപ്പുരയോടുകൂടിയ ചെറിയൊരു തീർത്ഥക്കുളം കാണാം. അഗ്നികോണിൽ കുളം വരുന്നത് അത്യപൂർവ്വമാണെന്നതിനാൽ ഇത് സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനം നടത്താറുള്ളത്. പുറത്തെ കുളത്തിൽ കുളിച്ചുവന്നശേഷമേ ഇവിടെ കുളിയ്ക്കാറുള്ളൂ. കുളം കഴിഞ്ഞ് അല്പം കൂടി നടന്നാൽ ശിവസ്വരൂപമായ ദക്ഷിണാമൂർത്തി കുടികൊള്ളുന്ന കൊച്ചുശ്രീകോവിലിന് മുന്നിലെത്താം. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ടാണ് ദർശനം നൽകുന്നത്. ഇത് വലിയൊരു പ്രത്യേകതയാണ്. ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി, വിദ്യാപ്രദായകനാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം ഇവിടെ ദർശനം നടത്തുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ദക്ഷിണാമൂർത്തിയുടെ നടയ്ക്കടുത്തായി ചെറിയൊരു തീർത്ഥക്കിണർ കാണാം. ഇവിടെ നിത്യവും വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കൾ കാണാം.
ദക്ഷിണാമൂർത്തിയെ തൊഴുത് പ്രദക്ഷിണം തുടരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് മേൽക്കൂരയില്ലാത്ത ചെറിയൊരു ശ്രീകോവിൽ കാണാം. ഇവിടെ ഒരു പീഠത്തിലായി മൂന്ന് പ്രതിഷ്ഠകളാണുള്ളത് - തെക്കുവശത്ത് ഹനുമാൻ, നടുക്ക് അയ്യപ്പൻ, വടക്കുവശത്ത് നാഗദൈവങ്ങൾ. ഇടതുകയ്യിൽ ഗദ പിടിച്ച് വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെ ഹനുമദ്പ്രതിഷ്ഠ. അയ്യപ്പന്റെ രൂപം ശബരിമലയിലേതുപോലെത്തന്നെ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങുന്നതാണ് ഇവിടെയുള്ള നാഗപ്രതിഷ്ഠ. വലിയൊരു ആൽമരത്തിന്റെ ചുവട്ടിലാണ് ഈ പ്രതിഷ്ഠകൾ. ഇതിന് പുറകിലായി മറ്റൊരു കുളം കാണാം. ഇത് പക്ഷേ ഇപ്പോൾ പായൽ മൂടിയ നിലയിലാണ്. ഇതും കഴിഞ്ഞ് അല്പം കൂടി മുന്നോട്ടുപോയാൽ മറ്റൊരു ചെറിയ ശ്രീകോവിലിന് മുന്നിലെത്താം. ശിവഭേദമായ പശുപതിയാണ് ഇവിടെ പ്രതിഷ്ഠ. ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. പശുപതിയെയും നടയ്ക്കൽ തേവരെയും തൊഴുതുകഴിഞ്ഞാൽ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാകുന്നു.
ശ്രീകോവിൽ
[തിരുത്തുക]ചതുരാകൃതിയിൽ തീർത്ത രണ്ടുനില ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. ശ്രീകോവിലിന്റെ വാതിലുകളും സോപാനപ്പടിയും പൂർണ്ണമായും സ്വർണ്ണം പൂശിയിട്ടുണ്ട് വാതിലിന് ഇരുവശവുമായി ദ്വാരപാലകരൂപങ്ങൾ കാണാം. തെക്കുവശത്ത് ചണ്ഡനും വടക്കുവശത്ത് പ്രചണ്ഡനുമാണ് ദ്വാരപാലകരായി കുടികൊള്ളുന്നത്. അത്യുഗ്രഭാവത്തിലാണ് ഇരുവരും നിൽക്കുന്നത്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടി മാത്രം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി തിരുവഞ്ചിക്കുളത്തപ്പൻ കുടികൊള്ളുന്നു. ശാന്തരൂപത്തിൽ സദാശിവഭാവത്തിലുള്ള ഭഗവാനായാണ് സങ്കല്പം. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. അലങ്കരിയ്ക്കുന്ന സമയത്ത് പൂമാലകളും ചന്ദ്രക്കലകളും കൊണ്ട് ഈ ശിവലിംഗം പൂർണ്ണമായും മൂടിയിട്ടുണ്ടാകും. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീതിരുവഞ്ചിക്കുളത്തപ്പൻ, ശിവലിംഗമായി ശ്രീകോവിലിൽ വിരാജിയ്ക്കുന്നു.
ശ്രീകോവിൽ അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അധികവും ശൈവമായ കഥാരൂപങ്ങളാണ്. കിരാതാർജ്ജുനീയം, ഗംഗാപ്രയാണം, മഹർഷിമാരുടെ രൂപങ്ങൾ തുടങ്ങിയവ അവയിൽ പ്രധാനമായി നിൽക്കുന്നു. കൂടാതെ, മുകളിലത്തെ നിലകളിൽ കിഴക്കുഭാഗത്ത് ഇന്ദ്രന്റെയും തെക്കുഭാഗത്ത് ദക്ഷിണാമൂർത്തിയുടെയും പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തിയുടെയും വടക്കുഭാഗത്ത് ബ്രഹ്മാവിന്റെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഭൂതമാല, പക്ഷിമാല, മൃഗമാല തുടങ്ങിയ ശില്പരൂപങ്ങളും ഇതിനെ അലങ്കരിയ്ക്കുന്നു. എന്നാൽ, ഇതുവരെ ഇവിടെ ചുവർചിത്രങ്ങൾ വരച്ചുചേർത്തിട്ടില്ല. ശിവക്ഷേത്രമായതിനാൽ, ശ്രീകോവിലിന് പുറകിൽ (ഇവിടെ പടിഞ്ഞാറ്) വലിയൊരു കെടാവിളക്ക് വച്ചിട്ടുണ്ട്. ഇത്, ഭഗവദ്പത്നിയായ പാർവതീദേവിയുടെ സാന്നിദ്ധ്യമായി കണാക്കാക്കിവരുന്നു. പിൻവിളക്ക് എന്നറിയപ്പെടുന്ന ഈ വിളക്കിൽ എണ്ണയൊഴിയ്ക്കുന്നത് മംഗല്യപ്രാപ്തിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ശ്രീകോവിലിന് വടക്കുവശത്ത്, പതിവുപോലെ ഓവ് പണിതിരിയ്ക്കുന്നു. ഭഗവാന് അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം അനുവദിച്ചിട്ടില്ല.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിന്റെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലുപ്പമുള്ള നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ഇതിന്റെ മേൽക്കൂര പൂർണ്ണമായും ഓടുമേഞ്ഞിട്ടുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രധാനപ്രവേശനകവാടത്തിന്റെ ഇരുവശങ്ങളിലുമായി വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിൽ ദമ്പതിപൂജ ഒഴികെയുള്ള വിശേഷാൽ പൂജകളും ഗണപതിഹോമവും മൃത്യുഞ്ജയഹോമവും അടക്കമുള്ള ഹോമങ്ങളും നടത്തപ്പെടുന്നു. വടക്കുഭാഗത്തുള്ളതിലാണ് നിത്യേന വാദ്യമേളങ്ങളും നാമജപവും നടത്തപ്പെടുന്നത്. ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യോപകരണങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിൽ രണ്ട് തിടപ്പള്ളികളുണ്ട്. ഇവയിൽ തെക്കുഭാഗത്തുള്ള തിടപ്പള്ളി രാവിലെയും വടക്കുഭാഗത്തുള്ള തിടപ്പള്ളി വൈകീട്ടുമാണ് പ്രവർത്തിയ്ക്കുന്നത്. എന്താണ് ഇങ്ങനെ രണ്ട് തിടപ്പള്ളികൾ വന്നതെന്ന കാരണം വ്യക്തമല്ല. വടക്കുകിഴക്കുഭാഗത്തുതന്നെ ക്ഷേത്രത്തിലെ കിണറും പണിതിട്ടുണ്ട്. അഭിഷേകത്തിനും നിവേദ്യത്തിനുമുള്ള ജലം എടുക്കുന്നതും ഇവിടെനിന്നാണ്. ശ്രീകോവിലിന് മുന്നിലായി ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപവും പണിതിട്ടുണ്ട്. സാമാന്യം വലുപ്പമുള്ള മണ്ഡപമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ മണ്ഡപത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടവും കാണാം. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ നിരവധി ദേവതാരൂപങ്ങളും കാണാം. ഏകദേശം നൂറുകലശങ്ങൾ വരെ ഇവിടെ വച്ചുപൂജിയ്ക്കാൻ സൗകര്യമുണ്ട്. മണ്ഡപത്തിന്റെ അറ്റത്ത് ഭഗവാന് അഭിമുഖമായി നന്ദിയുടെ പ്രതിഷ്ഠയുമുണ്ട്. നന്ദി നിത്യേന ഭഗവാനെ നോക്കിയിരിയ്ക്കുന്നു എന്നാണ് സങ്കല്പം. നിത്യവും ഇവിടെ വിളക്കുവയ്പുമുണ്ട്. നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ ചെവിയിൽ ചെന്നുപറയുമെന്നാണ് ഭക്തവിശ്വാസം.
ഗണപതി, ശൈവസിദ്ധന്മാർ, ഭൃംഗീരടി
[തിരുത്തുക]തെക്കേ തിടപ്പള്ളിയ്ക്ക് സമീപമായി പ്രത്യേകം തീർത്ത ഒരു ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി ഗണപതിഭഗവാന്റെ ഒരു പ്രതിഷ്ഠയുണ്ട്. സാധാരണയായി തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠ വരാറുള്ള ഗണപതിയ്ക്ക്, ഇവിടെ തെക്കുകിഴക്കുഭാഗത്താണ് പ്രതിഷ്ഠ വന്നിരിയ്ക്കുന്നത് എന്നത് വലിയൊരു പ്രത്യേകതയാണ്. പടിഞ്ഞാറോട്ടാണ് പ്രതിഷ്ഠയുടെ ദർശനം എന്നതും മറ്റൊരു പ്രത്യേകതയുണ്ട്. സാമാന്യം ഉയരമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഏകദേശം നാലടി ഉയരം വരും. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഗണപതി ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ഗണപതിയെ തൊഴുത് പ്രദക്ഷിണമായി വരുമ്പോൾ അല്പം ഉയരത്തിലേയ്ക്ക് മാറി ഒറ്റശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ചേരമാൻ പെരുമാളുടെയും സുന്ദരമൂർത്തി നായനാരുടെയും പ്രതിഷ്ഠകൾ കാണാം. പഞ്ചലോഹത്തിൽ തീർത്ത, ഏകദേശം മൂന്നടി ഉയരമുള്ള വിഗ്രഹങ്ങളാണ് ശൈവസിദ്ധന്മാരായ പെരുമാളെയും സുന്ദരമൂർത്തിയെയും പ്രതിനിധീകരിയ്ക്കുന്നത്. രണ്ടുപേരും ആത്മസുഹൃത്തുക്കളായിരുന്നതുകൊണ്ടാണ് ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്. ദീർഘകാലം ഇവിടെ ഭജിച്ചുകഴിഞ്ഞ ഇരുവരും, കർക്കടകമാസത്തിലെ ചോതിനാളിൽ ഉടലോടെ ശിവലോകം പൂകി എന്നാണ് വിശ്വാസം. ആ ദിവസം ഇന്നും ക്ഷേത്രത്തിൽ ഗംഭീരമായി ആചരിച്ചുവരുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ധാരാളം ഭക്തർ അന്നേദിവസം ഇവിടെയെത്താറുണ്ട്. ചേരമാൻ പെരുമാൾ ആനപ്പുറത്തും സുന്ദരമൂർത്തി നായനാർ കുതിരപ്പുറത്തും കയറിയാണ് ശിവലോകത്തേയ്ക്ക് യാത്രചെയ്തതെന്ന വിശ്വാസത്തെ അനുസ്മരിപ്പിയ്ക്കും വിധത്തിലാണ് അന്നത്തെ എഴുന്നള്ളത്ത്. ഈ ശ്രീകോവിലുകൾക്ക് അടുത്തുതന്നെയാണ് ശിവപാർഷദനായ ഭൃംഗീരടി കുടികൊള്ളുന്ന ശ്രീകോവിലുള്ളത്. ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഇതിനടുത്തുതന്നെയാണ് ഭഗവാനെ പള്ളിയറയിലേയ്ക്ക് എഴുന്നള്ളിയ്ക്കാൻ ഉപയോഗിയ്ക്കുന്ന പല്ലക്ക് സൂക്ഷിച്ചിരിയ്ക്കുന്ന മുറിയും. വെള്ളിയിൽ തീർത്ത ഈ പല്ലക്കിലാണ് ഭഗവാന്റെയും ദേവിയുടെയും ഉത്സവവിഗ്രഹങ്ങൾ കിടത്തി പള്ളിയറയിലേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. അകമ്പടിയായി രണ്ട് ആലവട്ടങ്ങളും കാണാം.
സപ്തമാതൃക്കൾ, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ
[തിരുത്തുക]മേൽപ്പറഞ്ഞ ശ്രീകോവിലുകൾക്കെല്ലാം സമീപമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമായ വിഗ്രഹരൂപത്തിലുള്ള സപ്തമാതൃപ്രതിഷ്ഠ. ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ വടക്കോട്ട് ദർശനമായാണ് ഉഗ്രദേവതകളായ സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ. ഇവരെ സാധാരണയായി ബലിക്കല്ലുകളുടെ രൂപത്തിലാണ് പ്രതിഷ്ഠിയ്ക്കാറുള്ളത്. വിഗ്രഹരൂപത്തിൽ ഇവർക്കുള്ള പ്രതിഷ്ഠകൾ അധികവും രുരുജിത് രീതിയിൽ പൂജ നടക്കുന്ന ഭദ്രകാളിക്ഷേത്രങ്ങളിലാണ്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർക്കാവ്, മാടായിക്കാവ് എന്നിവ ഉദാഹരണം. ഇവർക്ക് അകമ്പടിയായി വീരഭദ്രനും ഗണപതിയുമുണ്ടാകും. ഇവിടെയും അതേ മാതൃകയിലാണ് പ്രതിഷ്ഠ. കിഴക്കുനിന്ന് പടിഞ്ഞാറുവരെ ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ പ്രതിഷ്ഠകൾ നടത്തിയിരിയ്ക്കുന്നു. അകമ്പടിയായി കിഴക്കുഭാഗത്ത് വീരഭദ്രന്റെയും പടിഞ്ഞാറുഭാഗത്ത് ഗണപതിയുടെയും പ്രതിഷ്ഠകളും കാണാം. നിത്യവും ഇവർക്ക് വിശേഷാൽ പൂജകളുണ്ടാകും. ഇവിടെനിന്ന് പ്രദക്ഷിണമായി തൊഴുതുവരുമ്പോൾ മഹാദേവന്റെ മറ്റൊരു രൂപമായ സന്ധ്യവേലയ്ക്കൽ ശിവന്റെ പ്രതിഷ്ഠ കാണാം. പ്രദോഷശിവന്റെ മറ്റൊരു പേരാണ് സന്ധ്യവേലയ്ക്കൽ ശിവൻ. രണ്ടടി ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. സന്ധ്യവേലയ്ക്കൽ ശിവനെ തൊഴുതുകഴിഞ്ഞ് വീണ്ടും പ്രദക്ഷിണമായി വരുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തായി പ്രസിദ്ധമായ പള്ളിയറ കാണാം. പ്രതിഷ്ഠയ്ക്ക് പള്ളിയറയുള്ള കേരളത്തിലെ രണ്ടേ രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രമാണ് രണ്ടാമത്തേത്. തമിഴ് ആചാരത്തിന്റെ അവശേഷിപ്പാണ് ഈ ആരാധന. ഇവിടെ ഒരു ആട്ടുകട്ടിലും സമീപം ഒരു നിലവിളക്കും കാണാം. നിത്യവും രാത്രി തൃപ്പുക കഴിഞ്ഞാൽ ഇങ്ങോട്ട് ഭഗവാനെയും ദേവിയെയും കൊണ്ടുവരുന്നത് ഇവിടെയുള്ള വിശേഷാൽ ചടങ്ങാണ്. ക്ഷേത്രത്തിലെ കഴകക്കാരനായ അഞ്ചങ്കര മാരാർ ശംഖൂതിയാൽ പിന്നെ വാദ്യമേളങ്ങളോടെ ഭഗവാന്റെയും ദേവിയുടെയും ശീവേലിത്തിടമ്പുകൾ പല്ലക്കിലെത്തി ഇങ്ങോട്ട് കൊണ്ടുവരുന്നു. അതിനുശേഷമാണ് അതിവിശേഷമായ ദമ്പതിപൂജ നടക്കുന്നത്. വിശേഷപ്പെട്ട മന്ത്രങ്ങളോടുകൂടിയ ഈ പൂജ മൂന്നുദിവസം അടുപ്പിച്ചുതൊഴുതാൽ അവിവാഹിതർക്ക് എത്രയും പെട്ടെന്ന് വിവാഹവും വിവാഹിതർക്ക് ദീർഘദാമ്പത്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. തന്മൂലം ഈ രണ്ടുവിഭാഗങ്ങളിലും പെട്ടവർ ധാരാളമായി ഇവിടെ ദർശനത്തിനെത്താറുണ്ട്. പള്ളിയറയുടെ കാവൽക്കാരനായി മറ്റൊരു ശിവസങ്കല്പവും കാണാം. പള്ളിയറ ശിവൻ എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. ഒരടി മാത്രം ഉയരമുള്ള ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം.
മറ്റുള്ള ശ്രീകോവിലുകൾ
[തിരുത്തുക]നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് പലയിടങ്ങളിലായി പരസ്പരാഭിമുഖമായും അല്ലാതെയും ഏതാനും ശ്രീകോവിലുകൾ കാണാം. ഇവയെല്ലാം ഇടനാഴികളോടുചേർന്നാണ് സ്ഥിതിചെയ്യുന്നത്. ഇത്രയധികം ശ്രീകോവിലുകൾ മറ്റൊരു ക്ഷേത്രത്തിലും കാണില്ല. അവയിൽ വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി കാണപ്പെടുന്ന ശ്രീകോവിലിൽ അത്യപൂർവമായ ശക്തിപഞ്ചാക്ഷരിപ്രതിഷ്ഠയാണ്. ശിവകുടുംബത്തിന്റെ ധ്യാനസങ്കല്പമാണ് ശക്തിപഞ്ചാക്ഷരി. കൈലാസത്തിലുള്ള രത്നപീഠത്തിൽ, പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തിയിരിയ്ക്കുന്ന ശിവപാർവ്വതിമാരുടെ രൂപമാണിത്. പഞ്ചലോഹത്തിൽ തീർത്തതാണ് ഈ വിഗ്രഹവും. ഏകദേശം മൂന്നടി ഉയരം വരും. ഇതിന് അഭിമുഖമായി ഒറ്റ ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനം നൽകി പാർവ്വതിയുടെയും ഭദ്രകാളിയുടെയും മറ്റൊരു ശിവരൂപമായ പരമേശ്വരന്റെയും പ്രതിഷ്ഠകൾ കാണാം. പാർവ്വതി, ഭദ്രകാളി പ്രതിഷ്ഠകൾക്ക് ഏകദേശം മൂന്നടി ഉയരം കാണും. രണ്ടും ശിലാവിഗ്രഹങ്ങളാണ്. പരമേശ്വരന്റെ പ്രതിഷ്ഠ പതിവുപോലെ ഒരു ശിവലിംഗമാണ്. ഏകദേശം രണ്ടടി ഉയരം കാണും. ഇതേ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി നടരാജമൂർത്തിയുടെ പ്രതിഷ്ഠയുമുണ്ട്. കേരളത്തിൽ നടരാജപ്രതിഷ്ഠയുള്ള ഏകക്ഷേത്രമാണ് തിരുവഞ്ചിക്കുളം ക്ഷേത്രം. തമിഴ്നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ നടരാജനെ ഇവിടെ പ്രതിഷ്ഠിച്ചത് ചേരമാൻ പെരുമാൾ തന്നെയാണെന്ന് പറയപ്പെടുന്നു. ഏകദേശം നാലടി ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ ഒരു വിഗ്രഹമാണ് നടരാജമൂർത്തിയ്ക്ക്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ ഉടുക്കും പുറകിലെ ഇടതുകയ്യിൽ അഗ്നിയും കാണാം. മുന്നിലെ രണ്ടുകൈകളും നൃത്തമുദ്രാങ്കിതമാണ്. ഭഗവാന്റെ ഇരുകാലുകളും അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന രൂപത്തിലാണ്. തന്മൂലം, അപസ്മാരം ബാധിച്ചവരെ ഇങ്ങോട്ട് കൊണ്ടുവരാറുണ്ട്. മാത്രവുമല്ല, പ്രധാന ശ്രീകോവിൽ കൂടാതെ നിത്യവും ദീപാരാധന നടക്കുന്ന പ്രതിഷ്ഠ കൂടിയാണിത്. പ്രദോഷനൃത്തേശ്വരനായ നടരാജമൂർത്തിയ്ക്ക്, തന്മൂലം പ്രദോഷവ്രതം അതിവിശേഷമാണ്. എല്ലാ പ്രദോഷത്തിനും ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. ഈ ശ്രീകോവിലുകൾക്കുമപ്പുറത്താണ് ശിവഭൃത്യന്മാരായ ചണ്ഡികേശ്വരന്റെയും ഉണ്ണിത്തേവരുടെയും പ്രതിഷ്ഠകളോടുകൂടിയ ശ്രീകോവിലുകൾ. ഇവരിൽ ഭഗവാന്റെ നിർമ്മാല്യധാരി കൂടിയായ ചണ്ഡികേശ്വരൻ തെക്കോട്ടും ഉണ്ണിത്തേവർ പടിഞ്ഞാറോട്ടും ദർശനം നൽകുന്നു. ഇരുവർക്കും ശിവലിംഗരൂപത്തിലാണ് പ്രതിഷ്ഠകൾ. ഓവുമുറിച്ചുകടക്കാൻ പാടില്ലാത്തതിനാൽ ശ്രീകോവിലിന് ഇടത്തുവച്ച് മറുവശത്തെത്തിവേണം ഇവരെ വന്ദിയ്ക്കാൻ.
അകത്തെ ബലിവട്ടം
[തിരുത്തുക]ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം, കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം, പടിഞ്ഞാറുഭാഗം), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമുടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവുട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. നിലവിൽ ഇവയെല്ലാം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയിട്ടുണ്ട്.
നിത്യപൂജകൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെയും തുടർന്ന് ഏഴുതവണയുള്ള ശംഖുവിളിയോടെയും അതിനുശേഷം തവിൽ, നാദസ്വരം തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം ഭഗവാനെയും ദേവിയെയും പള്ളിയറയിൽ നിന്ന് തിരിച്ച് ശ്രീകോവിലിലേയ്ക്ക് കൊണ്ടുവന്ന് അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്ന് ചാർത്തിയ അലങ്കാരങ്ങളോടുകൂടി വിളങ്ങുന്ന ഭഗവദ്വിഗ്രഹം ദർശിച്ച് ഭക്തർ നിർവൃതിയടയുന്നു. അതിനുശേഷം അലങ്കാരങ്ങൾ മാറ്റി അഭിഷേകച്ചടങ്ങുകൾ തുടങ്ങുന്നു. എള്ളെണ്ണ കൊണ്ടാണ് ആദ്യം അഭിഷേകം നടത്തുന്നത്. പിന്നീട് ശംഖിലെ ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ടും അഭിഷേകമുണ്ടാകും. അവസാനം വെള്ളിക്കലശത്തിലെ ജലം കൊണ്ടും അഭിഷേകം നടത്തി അഭിഷേകച്ചടങ്ങുകൾ അവസാനിയ്ക്കും. തുടർന്ന് ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം അഞ്ചരയായിട്ടുണ്ടാകും. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. പിന്നീട് രാവിലെ ഏഴുമണിയോടെ ഉഷഃശീവേലി നടത്തുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ, അകത്ത് ഒന്നും പുറത്തും മൂന്നും പ്രദക്ഷിണത്തോടെ ബലിക്കല്ലുകളിലെല്ലാം തൂകി അവസാനം വലിയ ബലിക്കല്ലിലും ബലിതൂകി ശീവേലി അവസാനിയ്ക്കുന്നു. ശീവേലിയ്ക്കുശേഷം ഏഴരയോടെ ധാരയും പിന്നീട് എട്ടുമണിയോടെ പന്തീരടിപൂജയും നടത്തുന്നു. സാധാരണ ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പന്തീരടിയ്ക്ക് മുന്നോടിയായി ധാര മാത്രമേയുള്ളൂ. ശംഖാഭിഷേകം അടക്കമുള്ള മറ്റ് അഭിഷേകങ്ങൾ ഉച്ചപ്പൂജയ്ക്ക് മുന്നോടിയായാണ് നടത്തുക. ഒമ്പതരയോടെ തുടങ്ങുന്ന ആ ചടങ്ങുകൾ കഴിഞ്ഞാൽ പത്തരയ്ക്ക് ഉച്ചപ്പൂജ തുടങ്ങും. തുടർന്ന് പത്തേമുക്കാലിന് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയോടെ നടയടയ്ക്കും.
വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന് കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. പ്രധാന നട കൂടാതെ ക്ഷേത്രത്തിലെ നടരാജമൂർത്തിയ്ക്കും ഈ സമയം വിശേഷാൽ ദീപാരാധന നടത്താറുണ്ട്. ഈ സമയം ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങളെല്ലാം കൊളുത്തിവയ്ക്കും. മനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധന കഴിഞ്ഞാൽ ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴേകാലിന് അത്താഴശീവേലിയും നടത്തുന്നു. ശീവേലി കഴിഞ്ഞ് തിടമ്പ് തിരിച്ചെഴുന്നള്ളിച്ചാൽ ഉടനെ അത് പള്ളിയറയിലേയ്ക്ക് കൊണ്ടുപോകും. തുടർന്നാണ് ക്ഷേത്രത്തിലെ അതിവിശേഷമായ പള്ളിയറ പൂജ തുടങ്ങുന്നത്. പണ്ടുകാലത്ത് ഭഗവാനെ പള്ളിയറയിലേയ്ക്ക് കൊണ്ടുപോകുന്ന സമയത്ത് ദേവദാസികൾ നൃത്തം വച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. ഭഗവാനെയും ദേവിയെയും പള്ളിയറയിൽ പ്രത്യേകം തീർത്ത ആട്ടുകട്ടിലിൽ ആനയിച്ചുകൊണ്ടുവന്നശേഷം അവർക്ക് അവിടെ വിശേഷാൽ പൂജ തുടങ്ങുന്നു. പള്ളിയറ പൂജ കണ്ടുതൊഴുന്നത് മംഗല്യപ്രാപ്തിയ്ക്കും ദീർഘമംഗല്യത്തിനും അത്യുത്തമമാണെന്നാണ് വിശ്വാസം. തുടർന്ന് താംബൂലനിവേദ്യം (വെറ്റില കൊടുക്കൽ) കൂടി നടത്തി ഭഗവാനെയും ദേവിയെയും പള്ളിയുറക്കി രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകൾ പൂർത്തിയാകുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, ശിവരാത്രി, പ്രദോഷവ്രതം, തിരുവാതിര, മുപ്പെട്ട് തിങ്കളാഴ്ച) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് വ്യത്യാസം വരും. ഉത്സവത്തിനിടയിൽ നിരവധി താന്ത്രികക്രിയകളും ചടങ്ങുകളും നടക്കുന്നതിനാൽ ഉച്ചയ്ക്കും രാത്രിയും കുറേ വൈകിയാകും നടയടയ്ക്കുക. ശിവരാത്രിനാളിൽ രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും പൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. പ്രദോഷവ്രതത്തിന് ദീപാരാധനയ്ക്ക് മുന്നോടിയായി വിശേഷാൽ അഭിഷേകമുണ്ടാകും. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ അത് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, പിന്നീട് അതുകഴിഞ്ഞ് ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ. എല്ലാ പൂജകൾക്കും അകത്ത് ഇടയ്ക്ക കൊട്ടി അഷ്ടപദി പാടലും പുറത്ത് നാദസ്വരവായനയുമുണ്ടാകും.
തൃശ്ശൂർ ജില്ലയിൽ ചേർപ്പിനടുത്ത് പെരുവനത്തുള്ള പ്രസിദ്ധ താന്ത്രികകുടുംബമായ കുന്നത്ത് പടിഞ്ഞാറേടത്ത് മനയ്ക്കാണ് തിരുവഞ്ചിക്കുളത്ത് തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഉത്സവങ്ങൾ
[തിരുത്തുക]കൊടിയേറ്റുത്സവം, ശിവരാത്രി
[തിരുത്തുക]തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളാണ് കുംഭമാസത്തിൽ കറുത്ത അഷ്ടമിനാളിൽ കൊടികയറി അമാവാസിനാളിൽ ആറാട്ടോടെ സമാപിയ്ക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവവും അതിനിടയിൽ വരുന്ന മഹാശിവരാത്രിയും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികക്രിയകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. അങ്കുരാദി, ധ്വജാദി, പടഹാദി തുടങ്ങിയ മൂന്ന് കേരളീയ ഉത്സവക്രമങ്ങളിൽ ധ്വജാദിമുറയനുസരിച്ചാണ് ഉത്സവം നടത്തുന്നത്, അതായത് കൊടിയേറ്റത്തോടുകൂടി തുടങ്ങുന്ന ഉത്സവം. അമാവാസിനാളിൽ ആറാട്ട് നടക്കുന്നത് സമുദ്രത്തിലാണെന്ന വലിയൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, കന്യാകുമാരി ദേവീക്ഷേത്രം, മാരാരിക്കുളം മഹാദേവക്ഷേത്രം തുടങ്ങിയവയാണ് സമുദ്രത്തിൽ ആറാട്ട് നടക്കുന്ന മറ്റ് ക്ഷേത്രങ്ങൾ.
കൊടിയേറ്റദിവസമായ അഷ്ടമിനാളിൽ ഉച്ചതിരിഞ്ഞ് നടക്കുന്ന ആനയോട്ടത്തോടെയാണ് ചടങ്ങുകളുടെ തുടക്കം. ഗുരുവായൂർ, കോട്ടയത്തിനടുത്തുള്ള തിരുവാർപ്പ്, കൊല്ലത്തിനടുത്തുള്ള ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവ മാത്രമാണ് ഇതുകൂടാതെ ആനയോട്ടമുള്ള ക്ഷേത്രങ്ങൾ. തിരുവഞ്ചിക്കുളത്തപ്പന്റെ പുത്രീസ്ഥാനം അലങ്കരിയ്ക്കുന്ന കൊടുങ്ങല്ലൂരമ്മയുടെ വരവിനെയാണ് ഇവിടെ ആനയോട്ടം പ്രതിനിധീകരിയ്ക്കുന്നത്. ക്ഷേത്രത്തിൽ പടിഞ്ഞാറേ നടയിലൂടെ കടക്കുന്ന ആനകൾ ക്ഷേത്രം മുഴുവൻ പ്രദക്ഷിണം വച്ച് കിഴക്കേ നടയിലെ ബലിക്കൽപ്പുരയിൽ തൊടുന്നതോടെ ആനയോട്ടം സമാപിയ്ക്കും. കൊടുങ്ങല്ലൂരമ്മ അന്നുമുഴുവൻ ഇവിടെയുണ്ടാകും എന്നാണ് സങ്കല്പം. അന്നുരാത്രി ഏഴരയോടെയാണ് കൊടിയേറ്റം. കൊടിമരത്തിൽ കയറ്റാനുള്ള ഋഷഭരൂപം ആലേഖനം ചെയ്ത സപ്തവർണ്ണക്കൊടി തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തിയശേഷം വാദ്യമേളങ്ങളുടെയും ശിവനാമജപങ്ങളുടെയും അകമ്പടിയോടെ കൊടിമരത്തിൽ കയറ്റുകയും ചെയ്യുന്നു. പിന്നെയുള്ള എട്ടുദിവസങ്ങളിൽ തിരുവഞ്ചിക്കുളം ആഘോഷലഹരിയിലമരും. നിത്യവുമുള്ള ശ്രീഭൂതബലി, ചെണ്ടമേളം, പഞ്ചവാദ്യം, തായമ്പക, നാദസ്വരം തുടങ്ങിയവയും പുറത്ത് പ്രത്യേകം സ്റ്റേജിൽ നടത്തപ്പെടുന്ന കലാപരിപാടികളും തിരുവഞ്ചിക്കുളത്തെ മുഖരിതമാക്കും.
മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ നിരവധി പരിപാടികൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവക്കാലത്തുണ്ടാകാറുണ്ട്. ഇവയെല്ലാം ക്ഷേത്രത്തിന്റെ തമിഴ് ബന്ധം കൂടുതൽ ഊട്ടിയുറപ്പിയ്ക്കുന്നതാണ്. അത്തരത്തിലുള്ള രണ്ട് ചടങ്ങുകൾ വരുന്നത് ഉത്സവത്തിനിടയിൽ വരുന്ന പ്രദോഷദിവസവും ശിവരാത്രിദിവസവുമാണ്. വിശേഷപ്പെട്ട രീതിയിലുള്ള രണ്ട് നൃത്തങ്ങളാണ് അവ. യഥാക്രമം പ്രദോഷനൃത്തം എന്നും ശിവരാത്രിനൃത്തം എന്നും അവ അറിയപ്പെടുന്നു. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തവുമായി വളരെ സാദൃശ്യമുള്ളതാണ് ഈ നൃത്തങ്ങളും. ആനപ്പുറത്ത് തിടമ്പേന്തിനിൽക്കുന്ന കീഴ്ശാന്തി, പെട്ടെന്ന് ആവേശഭരിതനായി താഴേയ്ക്ക് ചാടുകയും തിടമ്പ് കയ്യിലെടുത്ത് നൃത്തം ചെയ്യുകയുമാണ് ചടങ്ങ്. ഇതിനുശേഷം അദ്ദേഹം മൂന്ന് പ്രാവശ്യം ഭിക്ഷ ചോദിയ്ക്കുകയും ആ സമയത്ത് ഭക്തർ കാണിയ്ക്കയിടുകയും ചെയ്യുന്നു. നിരവധി ആളുകളാണ് ഈ ചടങ്ങുകൾ കാണാൻ ഇവിടെ എത്തിച്ചേരുന്നത്.
മറ്റുള്ള ക്ഷേത്രങ്ങളിലെപ്പോലെ തിരുവഞ്ചിക്കുളത്തും ഉത്സവക്കാലത്ത് പറയെടുപ്പ് അതിവിശേഷമാണ്. ക്ഷേത്രത്തിൽ നിന്ന് നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇക്കാലത്ത് തിരുവഞ്ചിക്കുളത്തപ്പന്റെ എഴുന്നള്ളിപ്പുണ്ടാകും. പോകുന്ന സ്ഥലങ്ങളിലെല്ലാം ആചാരവെടികളും പതിവാണ്. ആദ്യം പറയെടുക്കാൻ പോകുന്നത് ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ചേരമാൻ പെരുമാളുടെ കൊട്ടാരത്തിലേയ്ക്കാണ്. ക്ഷേത്രത്തിന് ചേരസാമ്രാജ്യവുമായുള്ള ബന്ധം ഇന്നും വ്യക്തമാക്കുന്ന ചടങ്ങാണ് ഇത്. പിന്നീട് വടക്കോട്ട് യാത്രചെയ്ത് കൊടുങ്ങല്ലൂർ കോവിലകത്തുനിന്ന് പറ സ്വീകരിയ്ക്കുന്നു. ക്ഷേത്രത്തിന്റെ ഊരാളകുടുംബമായ വടക്കേ ഇല്ലത്തുനിന്നാണ് മൂന്നാമത്തെ പറയെടുപ്പ്. ഇതിനുശേഷമാണ് ഭക്തരുടെ വീടുകളിൽ കയറിയിറങ്ങി പറയെടുക്കുക. വരുന്ന വഴികളിലെല്ലാം ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. ചേരമാൻ പെരുമാളുടെ കൊട്ടാരം നിൽക്കുന്ന പറമ്പിൽത്തന്നെയാണ് ക്ഷേത്രത്തിൽ പള്ളിവേട്ടയും നടക്കുന്നത്. ഇത് ഉത്സവത്തിന്റെ ഏഴാം ദിവസമാണ് നടക്കുക. പറമ്പിലേയ്ക്ക് എഴുന്നള്ളിവന്നശേഷം ഇവിടെ വച്ചിട്ടുള്ള ഏതാനും കിടങ്ങുകളിലേയ്ക്ക് മേൽശാന്തി അമ്പെയ്യുന്നതാണ് ചടങ്ങ്. തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചുവന്ന് രാത്രി മണ്ഡപത്തിൽ പള്ളിക്കുറുപ്പ് കൊള്ളുന്നു.
ആറാട്ടുദിവസമായ അമാവാസിനാളിൽ രാവിലെ ഏറെ വൈകിയാണ് ഭഗവാൻ പള്ളിയുണരുന്നത്. പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് പള്ളിയുണരുന്ന ഭഗവാൻ, തുടർന്ന് മറ്റുള്ള ക്രിയകൾക്ക് പുറപ്പെടുന്നു. അന്നേദിവസം വൈകീട്ടാണ് ആറാട്ട്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരെയായി സ്ഥിതിചെയ്യുന്ന അഴീക്കോട്ടെ കടപ്പുറത്താണ് തിരുവഞ്ചിക്കുളത്തപ്പൻ ആറാടുന്നത്. കൊടിയിറക്കിയശേഷം ആറാട്ട് നടത്തുന്ന പതിവാണ് ക്ഷേത്രത്തിലുള്ളത്. വൈകീട്ട് മൂന്നുമണിയോടെ കൊടിയിറക്കിയശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെ തിരുവഞ്ചിക്കുളത്തപ്പൻ ആറാട്ടിന് പുറപ്പെടുന്നു. തദവസരത്തിൽ പഞ്ചവാദ്യം അകമ്പടിയായിട്ടുണ്ടാകും. ഏകദേശം ഒരു മണിക്കൂറെടുക്കും എഴുന്നള്ളിപ്പ് കടപ്പുറത്തേയ്ക്ക് എത്തിച്ചേരാൻ. കടപ്പുറത്ത് എത്തിച്ചേർന്നാൽ തന്ത്രി സകല തീർത്ഥങ്ങളെയും ആവാഹിയ്ക്കുന്നു. അതിനുശേഷം തിടമ്പുമെടുത്ത് കടലിലേയ്ക്കിറങ്ങി മൂന്നുപ്രാവശ്യം മുങ്ങിനിവരുന്നു. പിന്നീട് കരയിലെത്തിച്ചശേഷം മഞ്ഞൾ, ഇളനീർ തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തിയശേഷം വീണ്ടും മൂന്നുപ്രാവശ്യം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കടലിൽ ഭക്തരും മുങ്ങിനിവരുന്നു. തുടർന്ന് തിരിച്ചുവരുന്ന വഴിയിൽ അടുത്തുള്ള ഒരു കുളത്തിലും ആറാട്ടുണ്ടാകും. അതിനുശേഷം വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്ന ഭഗവാൻ ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തരുടെ വക വീണ്ടും സ്വീകരണമുണ്ടാകും. തുടർന്ന് ഏഴുവട്ടം ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നതോടെ ഉത്സവം സമാപിയ്ക്കുന്നു.
ധനു തിരുവാതിര
[തിരുത്തുക]ധനുമാസത്തിലെ തിരുവാതിര ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആഘോഷമാണ്. കേരളത്തിലെയു തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ അതിവിശേഷമായി ആചരിച്ചുവരുന്ന ഒരു ഉത്സവമാണ് തിരുവാതിര മഹോത്സവം. മംഗല്യലബ്ധിയ്ക്കും ദീർഘമംഗല്യത്തിനുമായി നിരവധി സ്ത്രീകൾ ഇന്നും ഈ തിരുവാതിരവ്രതം അനുഷ്ഠിച്ചുവരുന്നുണ്ട്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തിരുവാതിര അതിവിശേഷമായി ആചരിച്ചുവരുന്നു. അന്നേ ദിവസം പുലർച്ചെ മുതൽ തന്നെ ഭക്തജനപ്രവാഹമുണ്ടാകും. അവരിലധികവും സ്ത്രീകളാണ്. അന്ന് രാവിലെ ക്ഷേത്രത്തിലെ കൊന്നമരച്ചുവട്ടിൽ പാണ്ടിമേളം നടത്തും. ശിവരാത്രിയ്ക്ക് തൊട്ടുമുമ്പുള്ള ഏകാദശിനാളിലെപ്പോലെ നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ ഈ അവസരത്തിലും പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക ഓഡിറ്റോറിയത്തിൽ അന്ന് ഉച്ചയ്ക്ക് തിരുവാതിരപ്പുഴുക്കും എട്ടങ്ങാടി ചുട്ടതും ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. രാത്രി ക്ഷേത്രത്തിലെ പടിഞ്ഞാറേ നടപ്പുരയിൽ തിരുവാതിരക്കളിയുണ്ടാകും. നിരവധി കലാകാരിമാരാണ് ഈ സമയത്ത് തിരുവാതിര കളിയ്ക്കാനെത്തുന്നത്.
കൊടുങ്ങല്ലൂർ ഭരണി
[തിരുത്തുക]ചോതി മഹോത്സവം
[തിരുത്തുക]കർക്കടകത്തിലെ ചോതിനാളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശൈവ ഭക്തർക്ക് ഇവിടെ ചോതി തിരുവിഴ എന്ന ആഘോഷം നടന്നുവരുന്നു. ചേരമാൻ പെരുമാൾ കൈലാസ യാത്ര ചെയ്തു എന്ന വിശ്വാസത്തെ അനുസ്മാരണാർത്ഥമാണ് തമിഴർ ഇത് ആഘോഷിക്കുന്നത്. ചോതിനാളിനു തലേന്ന് സുന്ദരമൂർത്തി നായനാരുടേയും പെരുമാളുടെയും പഞ്ചലോഹ പ്രതിമകൾ ആനപ്പുറത്ത് വച്ചശേഷം ഘോഷയാത്രയായി കാവിലെ ശിവന്റെ നടയിൽ നിന്ന് ഘോഷയാത്രയായി തിരുവഞ്ചിക്കുളത്തേക്ക് വരുന്നു. തേവാരപ്പതികങ്ങൾ (തിരുകൈലായ ജ്ഞാന ഉല) സാമ്പ്രദായികമായ രീതിയിൽ പാടുന്ന പഴക്കവുമുണ്ട്.[4]
ചിത്രങ്ങൾ
[തിരുത്തുക]-
തെക്കേ പ്രദക്ഷിണ വഴി
-
ഗംഗയുടെ സന്നിദ്ധ്യമുള്ള തീർത്ഥകിണർ
-
കിഴക്കേ ഗോപുരം
-
കിഴക്കേ ഗോപുരം
-
ശാസ്താവിന്റെ അമ്പലം
-
തീർത്ഥക്കുളം
-
പശുപതി
-
വടക്കേ നടയിൽ നിന്നുള്ള ദൃശ്യം
-
നടപന്തൽ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Must See India, Best Travel Guide to India. "Thiruvanchikulam Mahadeva Temple, Kodungallur". Must See India. Retrieved 2017 ഫെബ്റുവരി 27.
{{cite web}}
: Check date values in:|access-date=
(help) - ↑ നാരായണൻ. 1996:189
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-24. Retrieved 2009-04-24.
- ↑ ആദർശ്, സി. (2010). Cultural identity of Kodungallur and Kerala consciousness. ഷോധഗംഗ / Sree Sankaracharya University of Sanskrit.