ആലവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലവട്ടത്തിന്റെ ചിത്രം

മയിൽപീലികൾ, വിവിധവർണത്തിലുള്ള കടലാസുകള്‍, ചിപ്പികൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച വിശറിയാണ് ആലവട്ടം. ബുദ്ധമതക്കാരുടെ സംഭാവനയാണിത്. ഉത്സവങ്ങൾക്കും മറ്റുമാണിന്ന് ഇത് ഉപയോഗിക്കുന്നതെങ്കിലും പഴയകാലത്ത് രാജാക്കന്മാർക്ക് വീശുവാനായാണ്‌ ഉപയോഗിച്ചിരുന്നത്. ആലവട്ടത്തിനോട് ചേർത്ത് ഉപയോഗിക്കുന്ന മറ്റൊന്ന് വെൺചാമരം ആണ്.

പേരിനു പിന്നിൽ[തിരുത്തുക]

സംസ്കൃതത്തിലെ എന്ന പേരിൽ ആലാവർത്ത എന്ന പദത്തിന്റെ ഉത്ഭവമാണ് മലയാളത്തിലെ ആലവട്ടം. ആവട്ട എന്നും ഭേദമുണ്ട്. അർത്ഥം വിശറി എന്നാണ്‌. [1]

ഉപയോഗം[തിരുത്തുക]

രാജകീയാഡംബരചിഹ്നങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആലവട്ടം, ക്ഷേത്രോത്സവങ്ങളിലെ എഴുന്നള്ളിപ്പുകൾക്കും പതിവായി ഉപയോഗിച്ചുവരുന്നു. ആനപ്പുറത്ത് ക്ഷേത്രമൂർത്തിയുടെ ആലംകൃതമായ കോലങ്ങൾക്കു പിന്നിൽ മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയോടുകൂടിയാണ് എഴുന്നള്ളിപ്പുകൾ നടത്തപ്പെടുന്നത്. കോലം-വഹിക്കുന്ന ആന ഒന്നേ ഉള്ളെങ്കിലും അകമ്പടിസേവിക്കുന്ന ഓരോആനയുടെ പുറത്തും കുടയും വെഞ്ചാമരങ്ങളും ആലവട്ടങ്ങളും കാണും. വർണ്ണാഭമായ കൈപ്പിടിയോടുകൂടി ഏതാണ്ട് ഒരടിയിൽ കുറയാത്ത വ്യാസം വരുന്ന വൃത്താകൃതിയിലുള്ള ആലവട്ടങ്ങളാണ് സാധാരണ ഈ ആവശ്യത്തിന് ഉപയോഗിച്ചു വരുന്നത്.

സാഹിത്യത്തിൽ[തിരുത്തുക]

കഥകളിയിൽ കത്തിവേഷങ്ങളുടെ തിരനോട്ടത്തിന് കഴുത്തിന് ഇരുപുറവുമായി (ഒരാൾ പിന്നിൽ മറഞ്ഞു നിന്നു കൊണ്ട്) പിടിക്കുന്ന ആലവട്ടങ്ങളുടെ വ്യാസം കുറേക്കൂടി ചെറുതായിരിക്കും.

  • ആലവട്ടം, കുട, തഴയെന്നിയേ
  • ശേഷിച്ചില്ലൊന്നും ഭൂപന്‌ - എന്ന് രാമായണം ഇരുപത്തിനാലു വൃത്തത്തിൽ രാജകീയ ചിഹ്നമെന്നുള്ള നിലയിലും.,
  • വഹിപ്പിനാലവട്ടം കൈവിളക്കും ചാമരജാലം - എന്ന് ലങ്കാമർദനം തുള്ളലിൽ (രാവണന്റെ) എഴുന്നള്ളത്തിനുള്ള ആഡംബരോപകരണമെന്നമെന്നനിലയിലും ആലവട്ടത്തിൻറെ ഉപയോഗം പ്രകീർത്തിതമായിട്ടുണ്ട്. പല സാഹിത്യകൃതികളിലും രാജകീയ പ്രതാപത്തെപ്പറ്റി വർണിക്കുന്ന ഭാഗങ്ങളിലെല്ലാം ആലവട്ടത്തിനും സ്ഥാനം നൽകിയിട്ടുള്ളതായി കാണാം[2].

അവലംബം[തിരുത്തുക]

  1. M. Williams, Monier (1899). A Sanskrit English Dictionary. New Delhi: Motilal Banarsidass. ISBN 81-208-0065-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. മലയാളം സർ‌വവിജ്ഞാനകോശം വാല്യം 3 പേജ് 351: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് EP Tvm

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലവട്ടം&oldid=2663699" എന്ന താളിൽനിന്ന് ശേഖരിച്ചത്