സപ്തമാതാക്കൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
|
ഹൈന്ദവം |
|
പരബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ആധ്യാത്മിക വഴിയിലെ ഏഴു ആത്മീയ തത്ത്വങ്ങളായി ഉപാസകർ സപ്തമാതാക്കളെ കാണുന്നു. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. കൂടാതെ മറ്റ് പല കഥകളുമുണ്ട് പുരാണങ്ങളിൽ.

ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. ചാമുണ്ഡിക്ക് പകരം നരസിംഹിയെയാണ് ചിലയിടങ്ങളിൽ കാണുന്നത്.
ഹിരണ്യനെ വധിച്ചിട്ടും കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപം അടക്കാൻ ശരഭമൂർത്തിയുടെ തൃക്കണ്ണിൽ നിന്നും അവതരിച്ച നരസിംഹിയാണ് അഥർവ്വണ ഭദ്രകാളി അഥവാ പ്രത്യംഗിരാദേവി.
ശുംഭനിശുംഭന്മാരുമായുള്ള യുദ്ധത്തിൽ ദേവിയെ സഹായിക്കാനായി ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻ തുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങളാണ് സപ്തമാതാക്കൾ.
വാമനപുരാണം 56-ാം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി പറയുന്നത് ഇങ്ങനെ. ശുംഭനിശുംഭന്മാരുടെ ആജ്ഞപ്രകാരം പോരിന് വന്ന അസുരപ്പട തോറ്റോടിയപ്പോൾ രക്തബീജൻ എന്ന അസുരൻ തൻ്റെ അക്ഷൗഹിണി പടയുമായി എത്തി. ഇതു കണ്ട ചണ്ഡിക സിംഹനാദം പുറപ്പെടുവിച്ചു.
ഭഗവതിയുടെ തിരുവായിൽ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, സ്തനമണ്ഡലത്തിൽ നിന്ന് ഐന്ദ്രിയും, ഹൃദയത്തിൽ നിന്ന് നാരസിംഹിയും, കൈകളിൽ നിന്ന് വൈഷ്ണവിയും, അരക്കെട്ടിൽ നിന്ന് കൗമാരിയും, പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
കാർത്യായനി ദേവിയുടെ (കൗശികി) രൂപഭേദങ്ങളാണ് സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്ത മാതാക്കളുണ്ടായി എന്നും കഥയുണ്ട്.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോൾ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകൻ്റെ രക്തത്തിൽ നിന്നും വീണ്ടും അസുരന്മാർ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും ചേർന്ന് അന്ധകനെ വധിക്കുകയും ചെയ്തു.
ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ശിവനേത്രത്തിൽ നിന്നും പിറന്ന ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്.
- ബ്രഹ്മശക്തിയായ ബ്രഹ്മാണിയുടെ വാഹനം അരയന്നമാണ്. നാന്മുഖിയായ അവളുടെ കൈയിൽ ജപമാലയും കമണ്ഡലുവു മുണ്ട്.
- ത്രിലോചനയായ ശിവശക്തി മഹേശ്വരി കാളപ്പുറത്താണ്. സർപ്പാഭരണങ്ങൾ ദേഹത്ത് അണിഞ്ഞിരിക്കുന്നു. ശിരസ്സിൽ ചന്ദ്രക്കല, കൈയിൽ ത്രിശൂലം.
- ആൺമയിലിന്റെ കഴുത്തിലേറിയ മുരുകൻ്റെ ശക്തി കൗമാരിയുടെ ആയുധം വേൽ ആണ്.
- ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റ കൊണ്ട് ഭൂമി പിളർക്കുന്ന ഘോര ശക്തി വരാഹിയുടെ പ്രധാന ആയുധം ഉലക്കയാണ്.
- തീക്ഷ്ണ നഖദാരുണയായ നരസിംഹി ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. പ്രത്യംഗിര എന്നും ഇവൾ അറിയപ്പെടുന്നു.
- വജ്രമാണ് ഇന്ദ്രശക്തിയായ ഐന്ദ്രിയുടെ ആയുധം. ആനയാണ് വാഹനം. അവൾ അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കൾ
[തിരുത്തുക]സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്. കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ, മാടായികാവിലമ്മയുടെ പ്രതിഷ്ഠയ്ക്കു മുന്നിൽ പ്രത്യേകം അറ നിർമിച്ചു സപ്തമാതാക്കൾക്കും ഒപ്പം വീരഭദ്രനും, ഗണപതിക്കും പ്രതിഷ്ഠയോടുകൂടി വടക്കോട്ട് ദർശനമായി സ്ഥാനം നൽകിയിട്ടുണ്ട്.