Jump to content

പഴയന്നൂർ ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം. പ്രധാന പ്രതിഷ്ഠകൾ മഹാവിഷ്ണുവും ഭഗവതിയുമാണ്. ഭഗവതിയെ അന്നപൂർണ്ണേശ്വരീഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. കൊച്ചി രാജവംശത്തിന്റെ കുലദൈവവും ഉപാസനമൂർത്തിയാണ്‌‍ പഴയന്നൂർ ഭഗവതി. ആഹാരത്തിന്റെയും സമൃദ്ധിയുടേയും ഭഗവതിയാണ് അന്നപൂർണേശ്വരി. ഹൈന്ദവ വിശ്വാസപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് ശക്തിസ്വരൂപിണിയായ അന്നപൂർണ്ണേശ്വരി. ഉപദേവതകളായി ശിവൻ, ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. കൂടാതെ, ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കരൻ ക്ഷേത്രവുമുണ്ട്. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു.[1] മീനമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി അവസാനിയ്ക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവവും, തുലാമാസത്തിലെ അവസാന വെള്ളിയാഴ്ച നടക്കുന്ന നിറമാലയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, നവരാത്രി, തൃക്കാർത്തിക, അഷ്ടമിരോഹിണി, തിരുവാതിര, മഹാശിവരാത്രി തുടങ്ങിയവയും പ്രധാനമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു പേര്. തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നാണ് ഭഗവാൻ ഇന്നും അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ആദ്യം വിഷ്ണുക്ഷേത്രത്തിനടുത്തുള്ള അരയാൽത്തറയിലും പിന്നീട് ക്ഷേത്രത്തിൻറെ തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്. ഭഗവതിയ്ക്ക് പ്രാധാന്യം ലഭിച്ചപ്പോൾ സ്ഥലനാമവും 'പുരാണപുരി' എന്നായി. ഇത് മലയാളീകരിച്ചാണ് പഴയന്നൂരായത്.

ഭഗവതി ആദ്യമായി രാജാവിനോടൊപ്പം വന്നത് ഒരു പൂവൻകോഴിയുടെ രൂപത്തിലായിരുന്നുവെന്നാണ് വിശ്വാസം. തന്മൂലമാണ് ക്ഷേത്രത്തിൽ പൂവൻകോഴി വളർത്തൽ പ്രധാന വഴിപാടായി മാറിയത്. പിൽക്കാലത്ത് കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളിലൊരാളായി മാറിയ പഴയന്നൂരമ്മയ്ക്ക് കൊച്ചിയ്ക്കടുത്ത് മട്ടാഞ്ചേരിയിലും ക്ഷേത്രം വന്നു. ഇത് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മട്ടാഞ്ചേരി കൊട്ടാരത്തിനകത്താണ് ഈ ക്ഷേത്രം. പഴയന്നൂരിലേതുപോലെ ഇവിടെയും സമീപം ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് പഴയന്നൂർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരി-ആലത്തൂർ റോഡും പഴയന്നൂർ-ലക്കിടി റോഡും യഥാക്രമം ക്ഷേത്രത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. പഴയന്നൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിവിധ കടകമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവ് റോഡിന്റെ തെക്കുഭാഗത്ത് എളനാട് റോഡിൽ പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണെങ്കിലും തെക്കുഭാഗത്താണ് ക്ഷേത്രകവാടം. ക്ഷേത്രത്തിന്റെ പേര് എഴുതിവച്ച മനോഹരമായ കവാടം ആരെയും ആകർഷിയ്ക്കും. കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ കാണാം. കവാടം കഴിഞ്ഞാൽ പതിവുപോലെ അരയാൽമരം കാണപ്പെടുന്നു. പടർന്നുപന്തലിച്ച ഏറെ പഴക്കം ചെന്ന അരയാലാണിത്. 'ഉണ്ണിയാൽ' എന്ന് ഈ ആൽമരം അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ ഈ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ ആൽത്തറയിൽത്തന്നെയാണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം.

പിന്നീട് ഒരു നൂറുമീറ്റർ നടന്നാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന അടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ശിവക്ഷേത്രം കാണാം. ഇരവിമംഗലം ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭഗവതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതാണ് ഈ ക്ഷേത്രം. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവഭഗവാന് ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. ഇതിന് പുറകിൽ ക്ഷേത്രത്തിലെ പടിഞ്ഞാറേക്കുളം സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇത്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചെരുപ്പ്, വഴിപാട് കൗണ്ടറുകളും കിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്ഥിതിചെയ്യുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിൽ തിരുവില്വാമല ഗ്രൂപ്പിൽ പെട്ട ഒരു ദേവസ്വമാണ് പഴയന്നൂർ ദേവസ്വം.

തെക്കേ നടയിലൂടെ അകത്തുകടന്നാൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. തെക്കുപടിഞ്ഞാറേമൂലയിൽ ഒരു തൂണിൽ ശ്രീഗുരുവായൂരപ്പന്റെ ഒരു ചിത്രം തൂക്കിയിട്ടിട്ടുള്ളത് കാണാം. പഴയന്നൂരിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തെ ഉദ്ദേശിച്ച് പിൽക്കാലത്ത് സ്ഥാപിച്ച ചിത്രമാണിത്. കഷ്ടിച്ച് ഒരേക്കർ വിസ്തീർണ്ണം വരുന്ന ക്ഷേത്രവളപ്പിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മുല്ലത്തറയും അതിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ നാഗദൈവപ്രതിഷ്ഠ. വടക്കുഭാഗത്താണ് ക്ഷേത്രത്തിലെ ഊട്ടുപുര സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യവും അന്നദാനം നടന്നുവരുന്നു. ക്ഷേത്രപരിസരത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനാൽ എല്ലാവരും ഇതിൽ പങ്കെടുക്കും. ഊട്ടുപുരയ്ക്കപ്പുറത്ത് മറ്റൊരു ക്ഷേത്രക്കുളമുണ്ട്. മറ്റ് ക്ഷേത്രക്കുളങ്ങളുടെയത്ര വലിപ്പം ഇതിനില്ല.

ക്ഷേത്രദർശനവശമായ കിഴക്കുഭാഗത്ത് സ്ഥലം വളരെക്കുറവാണ്. ഇവിടെ ഭഗവദ്വാഹനമായ ഗരുഡനെയും ദേവീവാഹനമായ സിംഹത്തെയും ശിരസ്സിലേറ്റുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങളുണ്ട്. ആദ്യം ചെമ്പുകൊടിമരങ്ങളായിരുന്നു. നവീകരണകലശത്തിനുശേഷമാണ് സ്വർണ്ണക്കൊടിമരങ്ങൾ പ്രതിഷ്ഠിച്ചത്. വിഷ്ണുക്ഷേത്രത്തിന് ബലിക്കൽപ്പുരയുണ്ട്. ഇതിന്റെ നേരെ മുന്നിൽ ഒരു മണ്ഡപവും കാണാം. കിഴക്കുഭാഗത്തുതന്നെയാണ് പ്രധാന ക്ഷേത്രക്കുളവും അതിനോടനുബന്ധിച്ചുള്ള കുളപ്പുരയും സ്ഥിതിചെയ്യുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെയും ഭഗവതിയുടെയും ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.

ഭഗവതിയുടെ നടയുടെ തൊട്ടടുത്തായി ഒരു കൂത്തമ്പലം പണിതിട്ടുണ്ട്. ഉത്സവക്കാലങ്ങളിൽ ഇവിടെ കൂത്ത് നടത്താറുണ്ട്. നങ്ങ്യാർക്കൂത്താണ് ക്ഷേത്രത്തിൽ നടത്തിവരുന്നത്. ഉത്സവക്കാലത്ത് കളമെഴുത്തും പാട്ടും നടത്തുന്നതും ഇവിടെത്തന്നെയാണ്. ഇത് ഭദ്രകാളീസാന്നിദ്ധ്യം കാണിയ്ക്കുന്നു. അടുത്തുള്ള വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ നിന്ന് വേട്ടേയ്ക്കരന്റെ പള്ളിവാൾ എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നതും ഇവിടെത്തന്നെ. അതിനാൽ, സർവ്വദേവതാസാന്നിദ്ധ്യം ഇവിടെ കാണാം. ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം നിരവധി കോഴികളെ കാണാം. ക്ഷേത്രശ്രീകോവിലിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവ സ്വൈരവിഹാരം നടത്തുന്നു. ഇവയ്ക്ക് അന്നം നൽകുന്നത് പ്രധാനവഴിപാടായി കണ്ടുവരുന്നു.[1]

ശ്രീകോവിലുകൾ

[തിരുത്തുക]

ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും ഭഗവതിയ്ക്കും തുല്യപ്രാധാന്യം തന്നെയാണെങ്കിലും ആദ്യമുണ്ടായത് മഹാവിഷ്ണുപ്രതിഷ്ഠയായതിനാൽ അതിന് പ്രാധാന്യം നൽകുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. താരതമ്യേന വലിയ ശ്രീകോവിലും നാലമ്പലവും ബലിക്കൽപ്പുരയുമെല്ലാം വിഷ്ണുനടയിലാണുള്ളത്. കരിങ്കല്ലിൽ തീർത്ത വട്ടശ്രീകോവിലാണ് വിഷ്ണുഭഗവാന് പണിതിട്ടുള്ളത്. വളരെ ചെറുതാണ് ഈ ശ്രീകോവിൽ. ഏതാണ്ട് 60 അടി മാത്രം ചുറ്റളവ് വരുന്ന ഒറ്റനില ശ്രീകോവിലാണിത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്ത് രണ്ട് മുറികളേയുള്ളൂ. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന, കൃഷ്ണശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ച, നിൽക്കുന്ന ഭാവത്തിലുള്ള ഭഗവാൻ തന്നെയാണ് ഇവിടെയും പ്രതിഷ്ഠ. എന്നാൽ, ശ്രീകൃഷ്ണനായാണ് ഭഗവാൻ അറിയപ്പെടുന്നത്. . അലങ്കാരപ്രിയൻ എന്ന് വിശേഷണമുള്ള ഭഗവാൻ നിത്യേന ചാർത്തുന്ന ചന്ദനമുഴുക്കാപ്പിലും ആടയാഭരണങ്ങളിലും ശോഭിച്ച്, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ തീർത്തും നിരാർഭാടമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ചുവർച്ചിത്രങ്ങളോ, ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലംകൃതമാക്കുന്നില്ല. ശ്രീകോവിലിൽ ചായം പൂശിയിട്ടുപോലുമില്ല! 2009-ലെ അഗ്നിബാധയിൽ നിന്ന് ഈ ശ്രീകോവിൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വടക്കുവശത്ത് ഓവ് നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ അഭിഷേകജലം ഒഴുകിപ്പോകുന്നു. ഓവ് താങ്ങിനിർത്തുന്നത് പതിവുപോലെ ഒരു ഉണ്ണിഭൂതമാണ്. ഇത് ശിവാംശമാണെന്ന് വിശ്വസിച്ചുവരുന്നു.

ഭഗവതിയുടെ ശ്രീകോവിൽ വാസ്തവത്തിൽ മഹാവിഷ്ണുക്ഷേത്രത്തിന്റെ പഴയ തിടപ്പള്ളിയാണ്. ചതുരാകൃതിയിലാണ് ഇത് തീർത്തിരിയ്ക്കുന്നത്. ഭഗവതിയ്ക്ക് കൊടിമരമുണ്ടെങ്കിലും ബലിക്കല്ലില്ല. അകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തൃക്കൈകളിൽ ഒരു പാത്രവും കോരികയും കാണാം. ഇത് അന്നപൂർണ്ണേശ്വരീ ഭാവത്തിന്റെ പ്രതീകമാണ്. എന്നാൽ, ഭക്ഷണം കഴിയ്ക്കാൻ നിൽക്കുന്ന ഭാവമാണ് ഇവിടെ ദേവിയ്ക്കെന്നും കാണാം. ഐതിഹ്യപ്രകാരം കാശിയിൽ നിന്ന് പെരുമ്പടപ്പ് തമ്പുരാനോടൊപ്പം വന്ന ഭഗവതി തിടപ്പള്ളിയിൽ കയറിയപ്പോൾ ആദ്യം പറഞ്ഞത് അല്പം ഭക്ഷണം വേണമെന്നാണ്. തുടർന്ന്, ശാന്തിക്കാർ ദേവിയ്ക്ക് മതിവരുവോളം ഭക്ഷണം നൽകുകയും തുടർന്ന് തിടപ്പള്ളിയിൽ തന്നെ പ്രതിഷ്ഠിയ്ക്കാൻ ഒരുങ്ങുകയുമായിരുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ അന്നപൂർണ്ണേശ്വരി, വിഷ്ണുസമേതയായി ശാന്തഭാവത്തിൽ, ഭക്തരുടെ ദാരിദ്ര്യദുഃഖമെല്ലാം അകറ്റി പഴയന്നൂരിൽ വാഴുന്നു.

നാലമ്പലം

[തിരുത്തുക]

മഹാവിഷ്ണുശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഈ നാലമ്പലം. ഇതിന്റെ നല്ലൊരു ഭാഗവും 2009-ലെ അഗ്നിബാധയിൽ നശിച്ചുപോയിരുന്നു. പിന്നീട് പുതുക്കിപ്പണി നടത്തിയ രൂപത്തിലാണ് ഇന്ന് ഇത് കാണുന്നത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവ വിശേഷപരിപാടികൾക്ക് ഉപയോഗിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ഇവിടത്തെ പഴയ തിടപ്പള്ളിയാണ് ഇന്ന് ദേവീക്ഷേത്രമായി മാറിയത്. തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതി, ശാസ്താവ്, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അത്യപൂർവ്വമാണ് മൂവരുമൊന്നിച്ചുള്ള പ്രതിഷ്ഠ.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക്- യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളാണെന്നാണ് സങ്കല്പം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

[തിരുത്തുക]

ശ്രീകോവിലിന് തൊട്ടുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ ചെറുതാണ് മണ്ഡപവും. കരിങ്കല്ലിൽ തീർത്ത ഈ മണ്ഡപത്തിന് നാലുകാലുകളേയുള്ളൂ. അവയിൽ ശില്പകലാവൈഭവങ്ങളൊന്നുമില്ല. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ഇതിന് സ്ഥലം വളരെക്കുറവായതിനാൽ ശാന്തിക്കാർക്ക് നമസ്കരിയ്ക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവരും. കലശപൂജ നടത്താൻ സൗകര്യമില്ലാത്തതിനാൽ വാതിൽമാടത്തിൽ തന്നെയാണ് കലശപൂജയും നടത്തുന്നത്.

പ്രധാന പ്രതിഷ്ഠകൾ

[തിരുത്തുക]

ശ്രീ പള്ളിപ്പുറത്തപ്പൻ (മഹാവിഷ്ണു)

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് പള്ളിപ്പുറത്തപ്പനായി കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പള്ളിപ്പുറത്തപ്പന്റെ പ്രതിഷ്ഠ. തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ച ചതുർബാഹു വിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് പള്ളിപ്പുറത്തപ്പന്റെ സങ്കല്പം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വാഴുന്ന പള്ളിപ്പുറത്തപ്പന് പാൽപ്പായസം, അപ്പം, അട, തൃക്കൈവെണ്ണ, ചന്ദനം ചാർത്ത്, കളഭാഭിഷേകം, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ.

ശ്രീ പഴയന്നൂരമ്മ (ഭഗവതി)

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. അന്നപൂർണ്ണേശ്വരിയാണ് പഴയന്നൂരമ്മ. ഐതിഹ്യപ്രകാരം പെരുമ്പടപ്പിലെ ഒരു തമ്പുരാനോടൊപ്പം കാശിയിൽ നിന്ന് വന്ന് കുടിയിരുന്ന ശ്രീഭഗവതി പാർവ്വതീദേവിയുടെ വകഭേദമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുക്ഷേത്രത്തിന്റെ പഴയ തിടപ്പള്ളി സ്ഥിതിചെയ്തിരുന്ന തെക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. തൃക്കൈകളിൽ ചട്ടിയും കോരികയും കാണപ്പെടുന്നതുകൊണ്ട് അന്നപൂർണ്ണേശ്വരിയായി കാണാമെങ്കിലും ഭക്ഷണം കഴിയ്ക്കാൻ ഒരുമ്പെട്ടുനിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ഇതൊരു സവിശേഷതയാണ്. അന്നപൂർണ്ണേശ്വരി കുടികൊള്ളുന്ന ദേവാലയത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നു. കൂട്ടുപായസം, ത്രിമധുരം, പട്ടും താലിയും ചാർത്തൽ, സഹസ്രനാമാർച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

[തിരുത്തുക]

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവന്റെ പ്രതിഷ്ഠ. എവിടത്തേതും പോലെ ശിവലിംഗമാണ് ഇവിടെയും പ്രതിഷ്ഠ. ഒരടിയോളം ഉയരം വരുന്ന ഈ ശിവലിംഗം ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് മൂടിയാണ് മിക്കവാറും കാണപ്പെടുന്നത്. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ധാര, ശംഖാഭിഷേകം, ഭസ്മാഭിഷേകം, കൂവളമാല, പിൻവിളക്ക് തുടങ്ങിവയാണ് ഇവിടെയും പ്രധാന വഴിപാടുകൾ.

ക്ഷേത്രത്തിന്റെ പുറത്ത് തെക്കുഭാഗത്തും ഒരു ശിവക്ഷേത്രമുണ്ട്. പ്രധാനക്ഷേത്രത്തെക്കാൾ പഴക്കം കൂടുതൽ ഈ ക്ഷേത്രത്തിനാണെന്ന് വിശ്വസിച്ചുവരുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പരാമർശമുള്ള പഴയന്നൂർ ക്ഷേത്രമാണിത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. രണ്ടടി ഉയരം വരും ഇവിടത്തെ ശിവലിംഗത്തിന്.

ശിവപ്രതിഷ്ഠയ്ക്കൊപ്പമാണ് പുത്രനായ ഗണപതിയുടെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിയുടെ വിഗ്രഹത്തിന് രണ്ടടി ഉയരം വരും. രൂപഘടനകളൊക്കെ സാധാരണ ഗണപതിവിഗ്രഹങ്ങളിലേതുപോലെ. ഗണപതിഹോമം, ഒറ്റയപ്പം, അട, അവിൽ, മോദകം, കറുകമാല എന്നിവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ശിവക്ഷേത്രത്തിലും ഗണപതിപ്രതിഷ്ഠയുണ്ട്.

അയ്യപ്പൻ

[തിരുത്തുക]

ശിവന്റെയും ഗണപതിയുടെയും ഒപ്പമാണ് അയ്യപ്പന്റെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിന് രണ്ടടി ഉയരം വരും. ഈ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, നീരാജനം (എള്ളുതിരി), പുഷ്പാഭിഷേകം, എള്ളുപായസം എന്നിവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവിലും അയ്യപ്പപ്രതിഷ്ഠയുണ്ട്.

നാഗദൈവങ്ങൾ

[തിരുത്തുക]

ക്ഷേത്രനാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ മുല്ലത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. നാഗരാജാവായി അനന്തനും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടങ്ങുന്ന പരിവാരങ്ങളുമാണ് ഇവിടത്തെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വന്നത് ഇതിന്റെ വൈഷ്ണവസാന്നിദ്ധ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. നൂറും പാലും, പുറ്റും മുട്ടയും, എണ്ണയഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം, ആയില്യപൂജ എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

വേട്ടേയ്ക്കരൻ

[തിരുത്തുക]

ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻ ക്ഷേത്രത്തിലെ മൂർത്തിയാണിത്. കിരാതമൂർത്തിയായ പരമശിവനാണ് വേട്ടേയ്ക്കരനായി കുടികൊള്ളുന്നത്. ഒന്നരയടി ഉയരം വരുന്ന ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്. വേട്ടേയ്ക്കരന് സ്ഥിരം വെളിച്ചപ്പാടുണ്ട്. ഉത്സവക്കാലത്ത് വേട്ടേയ്ക്കരനെ പ്രധാനക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന പതിവുണ്ട്.

നിത്യപൂജകളും തന്ത്രവും

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് പഴയന്നൂർ ഭഗവതിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. രാവിലെ ഏഴുമണിയ്ക്ക് ഉഷഃശീവേലിയാണ്. എട്ടുമണിയ്ക്ക് പന്തീരടിപൂജയും തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നിറമാല, നവരാത്രി, തൃക്കാർത്തിക, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസം പതിനെട്ട് പൂജകളുണ്ടാകും.

പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് ഭട്ടതിരിമാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.

ഉത്സവങ്ങൾ

[തിരുത്തുക]

കൊടിയേറ്റുത്സവം

[തിരുത്തുക]

മീനമാസത്തിൽ തിരുവോണം ആറാട്ടായി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. വിഷ്ണുനക്ഷത്രമായ തിരുവോണം നക്ഷത്രത്തിലെ ആറാട്ട് ക്ഷേത്രത്തിലെ വൈഷ്ണവപ്രാധാന്യം എടുത്തുകാണിയ്ക്കുന്നു. ഉത്സവത്തിന് തൊട്ടുമുമ്പ് ശുദ്ധിക്രിയകളും മറ്റും നടത്തുന്നു. ആദ്യദിവസം (സാധാരണയായി ചോതിനാളിൽ) വൈകീട്ട് ക്ഷേത്രത്തിലെ രണ്ട് കൊടിമരങ്ങളിലും തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു. തുടർന്നുള്ള എട്ടുദിവസം പഴയന്നൂരമ്മയുടെ തട്ടകം ഉത്സവലഹരിയിൽ ആണ്ടുപോകും. നിരവധി പ്രത്യേക പൂജകളും കലാപരിപാടികളും ക്ഷേത്രത്തിൽ ഇതിനോടനുബന്ധിച്ചുണ്ടാകും. ഉത്സവനാളുകളിൽ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പുകൾ പ്രധാനമാണ്.

മൂന്നാം ദിവസം വേട്ടേയ്ക്കരനെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതോടെ ഉത്സവം പൂർണ്ണപ്രൗഢിയിലെത്തും. ഇതിനോടനുബന്ധിച്ചുതന്നെ, ഭദ്രകാളീസങ്കല്പത്തിൽ കളമെഴുത്തും പാട്ടും നടത്തിവരുന്നുമുണ്ട്. ക്ഷേത്രത്തിൽ കൂത്തമ്പലത്തിലും പുറത്തുള്ള പ്രത്യേക സ്റ്റേജിലും ഓഡിറ്റോറിയത്തിലുമായാണ് കലാപരിപാടികൾ നടത്തിവരുന്നത്. നങ്ങ്യാർക്കൂത്ത്, പാഠകം, മിമിക്രി, കഥാപ്രസംഗം, സംഗീത-നൃത്താർച്ചനകൾ എന്നിവ അവയിൽ പ്രധാനമാണ്. ആറാം ദിവസം ഉത്സവബലി നടത്തിവരുന്നു. ഇതിനോടനുബന്ധിച്ചുള്ള സപ്തമാതൃബലിയും മറ്റും വളരെ വിശേഷമാണ്. ഏഴാം ദിവസം പള്ളിവേട്ട. ഭഗവാനും ഭഗവതിയും അഞ്ച് ആനകളുടെ അകമ്പടിയോടെ അടുത്തുള്ള പറമ്പുവരെ പോയി അവിടെ വച്ചിരിയ്ക്കുന്ന പന്നിയുടെ പ്രതിമയിൽ അമ്പെയ്തുതീർക്കുന്നതാണ് ചടങ്ങ്. സകല ദുഷ്കൃത്യങ്ങളും നീക്കം ചെയ്തതിന്റെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. പള്ളിവേട്ട കഴിഞ്ഞ് ഇരുദേവതകൾക്കും പള്ളിക്കുറുപ്പാണ്. പിറ്റേന്ന് രാവിലെ ഏറെ വൈകി ഉണരുന്ന ഭഗവാനും ഭഗവതിയും ഏഴ് ആനകളുടെ അകമ്പടിയോടെ ആറാട്ടെഴുന്നള്ളിപ്പിന് പുറപ്പെടുന്നു. ഏറെനേരം നീണ്ടുനിൽക്കുന്ന ഘോഷയാത്രയ്ക്കൊടുവിൽ ഉത്സവവിഗ്രഹങ്ങൾ കിഴക്കുഭാഗത്തെ പ്രധാന തീർത്ഥക്കുളത്തിനടുത്തെത്തുമ്പോൾ തന്ത്രി സകല തീർത്ഥങ്ങളെയും കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. തുടർന്ന് ഇളനീർ കൊണ്ട് അഭിഷേകം നടത്തിയ ശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹവുമെടുത്ത് കുളത്തിലിറങ്ങി മൂന്നുപ്രാവശ്യം മുങ്ങുന്നു. തുടർന്ന് കരയിലെത്തിച്ച് മഞ്ഞൾപ്പൊടി കൊണ്ട് വീണ്ടും അഭിഷേകം നടത്തി കുളത്തിലിറങ്ങി വീണ്ടും മൂന്നുപ്രാവശ്യം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും ഒപ്പം മുങ്ങുന്നു. തുടർന്ന് കരയ്ക്കുകയറുന്ന ഭഗവാനെയും ഭഗവതിയെയും നിറപറയും നിലവിളക്കും നൽകി ഭക്തർ സ്വീകരിയ്ക്കുന്നു. പിന്നീട് ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിയ്ക്കുന്നു.

നിറമാല

[തിരുത്തുക]

തുലാമാസത്തിലെ അവസാന വെള്ളിയാഴ്ച നടക്കുന്ന നിറമാലയാണ് ക്ഷേത്രത്തിലെ മറ്റൊരു വിശേഷം. ഇതിനോടനുബന്ധിച്ചും വിശേഷാൽ പൂജകളും കലാപരിപാടികളും ഉണ്ടാകാറുണ്ട്.

നവരാത്രി

[തിരുത്തുക]

കൊടുങ്ങല്ലൂർ ഭഗവതിയും പഴയന്നൂർ ഭഗവതിയും

[തിരുത്തുക]

പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂരമ്മ. പെരുമ്പടപ്പ് രാജവംശം പഴയന്നൂരമ്മയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്.

പഴയന്നൂരമ്മയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിൽ പരമശിവനും ഭദ്രകാളിയുമാണ് പ്രതിഷ്ഠകൾ. എന്നാൽ പഴയന്നൂരിൽ മഹാവിഷ്ണുവും അന്നപൂർണേശ്വരിയുമാണ് പ്രതിഷ്ഠകൾ. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ മീനഭരണി ഉത്സവത്തിന് ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 കൊക്കരക്കൊ അഥവാ ദേവീ അന്നപൂർണേശ്വരി- , പേജ്47, കേരളകൗമുദി ഉൽസവം, ഉൽസവ ഡയറക്റ്ററി2014

ചിത്രശാല

[തിരുത്തുക]