കണിക്കൊന്ന
കണിക്കൊന്ന | |
---|---|
![]() | |
C. fistula flowers | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. fistula
|
Binomial name | |
Cassia fistula | |
Synonyms | |
Bactyrilobium fistula Willd. |
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്[1][2][3]; ഇംഗ്ലീഷ്: ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം[4]. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിൻറെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്.
പ്രാധാന്യം[തിരുത്തുക]
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെ സമീപ പ്രദേശങ്ങളിലും ഈ ഇനം സ്വദേശിയാണ്. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്.
മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
ഇതരഭാഷാ സംജ്ഞകൾ[തിരുത്തുക]

സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം [5] എന്നൊക്കെയാണ് പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര്.
വിതരണം[തിരുത്തുക]
ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു. ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണൽവൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.
വിവരണം[തിരുത്തുക]
12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്. 22-50 സെ.മീ നീളമുള്ള ഇലകളാണ് കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.
പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ[അവലംബം ആവശ്യമാണ്] കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ് പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.[6]
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :തിക്തം, മധുരം
ഗുണം :ഗുരു, മൃദു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം[7]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
മരപ്പട്ട, വേര്, ഫലമജ്ജ [7]
രാസഘടകങ്ങൾ[തിരുത്തുക]
1,8-ഡൈഹൈഡ്രോക്സി -30 കാർബോക്സിൽ - ആന്ത്രാക്വിനോൺ ആണ് ഇതിൽ നിന്ന് വേർതിരിച്ചിട്ടുള്ള പ്രധാനഘടകം. വേരിലും തൊലിയിലും ടാനിനും അടങ്ങിയിട്ടുണ്ട്. ഫലത്തിന്റെ മജ്ജയിൽ മ്യൂസിലേജ് പെക്റ്റിൻ എന്നിവയും ഉണ്ട്.
ഉപയോഗങ്ങൾ[തിരുത്തുക]
ഔഷധഗുണം[തിരുത്തുക]
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു [8]
ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്
അലങ്കാരം[തിരുത്തുക]
അലങ്കാരച്ചെടിയായും തണൽവൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു.
bitch | kkkkk | ||
,,,,,,, | jiiuuuuuuu | ||
llllll | kkkkk |
ചിത്രശാല[തിരുത്തുക]
- കണിക്കൊന്നയുടെ ചിത്രങ്ങൾ
അവലംബം[തിരുത്തുക]
- ↑ https://www.deshabhimani.com/special/news-kilivathilspecial-14-04-2016/553355
- ↑ http://www.medicinalplantsindia.com/indian-laburnum.html
- ↑ https://herbs.indianmedicinalplants.info/index.php/medicinal-plants-pictures-a-details/1145-cassia-fistula-its-ayurveda-property-and-pharmacology
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-16.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-16.
- ↑ Konna Flower
- ↑ 7.0 7.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, National Book Trust, India

