നീർമാതളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീർമാതളം
Crataeva magna 19.JPG
നീർമാതളത്തിന്റെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Brassicales
കുടുംബം: Capparaceae
ജനുസ്സ്: Crateva
വർഗ്ഗം: ''C. religiosa''
ശാസ്ത്രീയ നാമം
Crateva religiosa
പര്യായങ്ങൾ
  • Crateva brownii Korth. ex Miq.
  • Crateva hansemannii K.Schum.
  • Crateva macrocarpa Kurz
  • Crateva magna (Lour.) DC.
  • Crateva membranifolia Miq.
  • Crateva religiosa var. nurvula (Buch.-Ham.) Hook. f. & Thomson
  • Crateva speciosa Volkens

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. (ശാസ്ത്രീയനാമം: Crateva religiosa). സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു.

നീർമാതളത്തിന്റെ കായ
നീർമാതളം

ഡിസംബർ-ഏപ്രിൽ കാലയളവിലാണ് പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ കോറിംബ് ആയി പുഷ്പമഞ്ജരിയുണ്ടാകുന്നു. പൂങ്കുലവൃന്തം നീളം കുറഞ്ഞ് തടിച്ചിരിക്കും. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്. അണ്ഡാകാരത്തിലുള്ള നാലുചെറിയ ബാഹ്യദളങ്ങളുണ്ട്. 2.5 സെ.മീ. നീളവും രണ്ടു സെ.മീ. വീതിയുമുള്ള നാലു ദളങ്ങളുണ്ടായിരിക്കും. ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തിൽ അവസാനിക്കുന്നു. 18-25 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ ദളങ്ങളെക്കാൾ നീളം കൂടിയതാണ്. കേസരങ്ങളോളം തന്നെ നീളമുള്ള ഗൈനോഫോറുകളിലാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. വികസിച്ചതും നീണ്ടതുമായ ഇത്തരം ഗൈനോഫോറുകളുടെ അഗ്രങ്ങളിലാണ് ഫലം ഉണ്ടാകുന്നത്. ഉരുണ്ടതോ അണ്ഡാകാരമോ ആയ ബെറി ആണ് ഫലം. മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും.

വിത്തുകൾ മൂലമാണ് പ്രവർധനം നടത്തുന്നത്. കായ്കൾ പഴുക്കുമ്പോൾത്തന്നെ വിത്തുകൾ വിതച്ചാൽ മൂന്നുമാസത്തിനുശേഷം തൈകൾ പറിച്ചുനടാം. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്.

രൂപവിവരണം[തിരുത്തുക]

ഏകദേശം 9-12 മീ. ഉയരത്തിൽ വളരുന്ന നീർമാതളത്തിന്റെ തൊലിക്ക് ചാരനിറമാണ്. മരപ്പട്ടയിൽ വിലങ്ങനെ ചുളിവുകൾ കാണാം. ശൈത്യകാലത്തിൽ ഇല കൊഴിയുന്ന ഇതിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പുതിയ ഇലകളുണ്ടാകുന്നു. ഇലകൾ അറ്റം കൂർത്തതും അണ്ഡാകൃതിയോടു കൂടിയതുമാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം  : തിക്തം, തുവരം, മധുരം, കഷായം ഗുണം  : ലഘു, രൂക്ഷം വീര്യം : ഉഷ്ണം വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

ഇല, പട്ട, വേരിലെ തൊലി

ഔഷധ ഗുണം[തിരുത്തുക]

മൂത്രാശയത്തിലേയും വൃക്കയിലേയും കല്ലിനെ ഇല്ലാതാക്കുന്നു. രസായന ഗുണമുണ്ട്.

അവലംബം[തിരുത്തുക]

  • ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീർമാതളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=നീർമാതളം&oldid=2283884" എന്ന താളിൽനിന്നു ശേഖരിച്ചത്