രുദ്രാക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രുദ്രാക്ഷമരം
ഋഷികേശിലെ ഒരു രുദ്രാക്ഷമരം
മരത്തിലെ ഫലങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Division:
Class:
Order:
Family:
Genus:
Species:
E. ganitrus
Binomial name
Elaeocarpus ganitrus
ഇലകൾ

കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം (ശാസ്ത്രീയനാമം: Elaeocarpus ganitrus). രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്.

ഹൈന്ദവവിശ്വാസങ്ങൾ[തിരുത്തുക]

പുരാതനകാലം മുതൽക്കുതന്നെ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു. [അവലംബം ആവശ്യമാണ്]

രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ചുവന്നുള്ളി, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ ഉപയോഗിക്കരുത് എന്നും പറയുന്നു[1].

ഐതിഹ്യം[തിരുത്തുക]

രുദ്രാക്ഷം ഒരു പൂജ്യവസ്തുവായിത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലിങ്ങനെ കാണുന്നു.

പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അവൻ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്നു. തന്നിമിത്തം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കേണ്ടു എന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾ ദീർഘിച്ച ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.

പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധരുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്.

സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നു. അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി വന്നു.[അവലംബം ആവശ്യമാണ്]

രുദ്രാക്ഷ ധാരണം[തിരുത്തുക]

വിധം[തിരുത്തുക]

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ.അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം. കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.

രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് . ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു . ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നു പറയുന്നു .

കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടുള്ളതല്ല, ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിൻറെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ൽ കുറയാൻ പാടില്ല[അവലംബം ആവശ്യമാണ്]

ഫലം[തിരുത്തുക]

പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കുന്നു.

  • ഒരുമുഖം-ശിവൻ, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
  • രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), ഇത് ധരിച്ചാൽ ധ്വവിധ പാപങ്ങളും നശിക്കും
  • മൂന്ന് മുഖം-അഗ്നി, ഇത് സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കും
  • നാല് മുഖം-ബ്രഹ്മാവ്, ഇത് നരഹത്യാപാപത്തെ ഇല്ലാതാക്കും
  • അഞ്ച് മുഖം-കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെ
  • ആറ് മുഖം-സുബ്രഹ്മണ്യന്‍, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
  • ഏഴ് മുഖം-സപ്തമാതൃക്കൾ, സൂര്യൻ‍, സപ്തർഷി, ഇത് ധരിച്ചാൽ സ്വർണ്ണാപഹരണങ്ങളിൽ നിന്നുള്ള പാപങ്ങളിൽ നിന്നും മുക്തനാകും
  • എട്ട് മുഖം-വിനായകൻ, ഇതു ധരിച്ചാൽ അന്നം വസ്ത്രം സ്വർണ്ണം മുതലായവ മോഷ്ടിച്ച പാപങ്ങളിൽ നിന്നും ,നീചകുലത്തില്പ്പെട്ട സ്ത്രീയേയൊ ഗുരുപത്നിയേയൊ സ്പർശിക്കുന്നതിൽ നിന്നുള്ള പാപ കർമ്മങ്ങളിൽ നിന്നും രക്ഷപെടും, എല്ലാവിഗ്നങ്ങളും നശിച്ച് ഈശ്വരപദത്തിലെത്തും.
  • ഒമ്പത് മുഖം-യമൻ‍, ഇത് ഇടത്തേ കരത്തിലാണ് ധരിക്കേണ്ടത് ,അങ്ങനെ ധരിച്ചാൽ അവന് ഭക്തിയും മുക്തിയും ലഭിക്കും ,ഭഗവാനു തുല്യം ബലവാനായി ഭവിക്കും നൂറു ബ്രഹ്മഹത്യാപാപങ്ങളും നശിക്കും
  • പത്ത് മുഖം- ദേവേശനായ ജനാർദ്ധനമൂർത്തിയാണ് ,നീചഗ്രഹങ്ങൾ ,പിശാച്ചുക്കൾ , വേതാളങ്ങൾ , ബ്രഹ്മരക്ഷസുകൾ ,സർപ്പങ്ങൾ , മുതലായവ മൂലമുണ്ടാകുന്ന പീഡകൾ ഇത് ധരിക്കുന്നതുകൊണ്ട് ഇല്ലതാകും
  • പതിനൊന്ന് മുഖം-ഏകാദശ രുദ്രൻ, അത് ശിഖയിലാണ് ധരിക്കേണ്ടത് ,അത് ധരിക്കുന്നതുകൊണ്ട് ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരം ഗോധാനവും ചെയ്ത പുണ്യം ലഭിക്കും
  • പന്ത്രണ്ട് മുഖം-വിഷ്ണു, ഇത് കാതിൽ വേണം ധരിക്കാൻ ,അതുകൊണ്ട് ഗോമേധത്താലും അശ്വമേധത്താലും ലഭിക്കുന്ന ഫലം ലഭിക്കുന്നു ,കൊമ്പുള്ള മൄഗങ്ങളിൽ നിന്നോ ശസ്ത്രങ്ങളിൽ നിന്നോ വ്യാഘ്രമൃഗങ്ങളിൽ നിന്നോ അവന് യാതൊരു ഭയവുമുണ്ടാകില്ല ,ആധിയും വ്യാധിയും അവനെ ബാധിക്കുകയില്ല ആന ,കുതിര , പൂച്ച , മാൻ , സർപ്പം , എലി, തവള, കഴുത , നായ് , കുറുക്കൻ , തുടങ്ങിയ ജീവികളെ കൊന്ന പാപം ഇല്ലാതകുന്നു
  • പതിമൂന്ന് മുഖം-കാമദേവൻ‍, സർവ്വ കാമാർത്ഥങ്ങളും പ്രധാനം ചെയ്യും , രസവും രസായനവും അവനു ലഭിക്കും , അച്'ഛനേയും അമ്മയേയും സഹോദരനേയും കൊന്ന പാപം ഇല്ലാതകും
  • പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ

ദേവപ്രീതി,പാപമുക്തി,രോഗമുക്തി എന്നിവയ്ക്കായി രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷമാലയുടെ മുത്തുകളുടെ എണ്ണവും ഫലങ്ങളിൽ വ്യത്യാസമുണ്ടാക്കും.[അവലംബം ആവശ്യമാണ്]

ഗുണങ്ങൾ[തിരുത്തുക]

രുദ്രാക്ഷധാരണം ശരീർത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു . വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല , മനസ്സിൽ ഏകാഗ്രത ലഭിക്കുന്നു , മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രക്ഷ ദാരികൾ പറയുന്നത് ഫലിക്കുന്നു , അവരെ എല്ലാവരും ബഹുമാനിക്കും ,ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികൾക്ക് ഏൽക്കുകയില്ല.

ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.[2]

സ്ത്രീകളിൽ[തിരുത്തുക]

പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു . അക്കാലത്ത് ഋഷിപത്നിമാർ രുദ്രാക്ഷം ധരിച്ച് പൂജാകർമ്മങ്ങൾ നടത്തിയിരുന്നതായി പുരാണങ്ങളിൽ പറയുന്നുണ്ട് . മാസമുറക്കാലത്ത് സ്ത്രീകൾ മാല ഊരിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു .അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ് .ചില ഗ്രന്ധങ്ങളിൽ അവരുടെ ആർത്തവം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാൻ പാടുള്ളൂവെന്നു പറയുന്നുണ്ട്.

ആയുർ‌വേദത്തിൽ[തിരുത്തുക]

പ്രധാന ലേഖനം: ആയുർ‌വേദം

പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : മധുരം
  • ഗുണം : സ്നിഗ്ധം, ഗുരു
  • വീര്യം : ശീതം
  • വിപാകം : മധുരം

ഔഷധയോഗ്യഭാഗം[തിരുത്തുക]

  • ഫലം

രുദ്രാക്ഷവും എള്ളെണ്ണയും[തിരുത്തുക]

രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നു പറയുന്നു. ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം.എണ്ണ പരിശുദ്ധമായിരിക്കണം .അങ്ങനെ എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു , രുദ്രാക്ഷം സൂക്ഷച്ച എണ്ണയ്ക്ക് ഔഷധഗുണമുണ്ടാകുമെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തില്പുരട്ടിയാൾ രോഗശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.

രുദ്രാക്ഷ ജാബാലോപനിഷത്ത്[തിരുത്തുക]

രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ .രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് ." ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല" . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു .രുദ്രാക്ഷത്തിൽ നാലു ജാതികളുണ്ട് . ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ എന്നിങ്ങനെയാണ് അവ . കറുത്തത് ശൂദ്രനും, മഞ്ഞ വൈശ്യനും , ചെമപ്പ് ക്ഷത്രിയനും , വെളുപ്പ് ബ്രാഹ്മണനുമായ രുദ്രാക്ഷങ്ങളാണ് .

രുദ്രാക്ഷം ധരിക്കേണ്ട രീതിയെക്കുറിച്ചും രുദ്രാക്ഷങ്ങളുടെ ഇനങ്ങളെക്കുറിച്ചും വ്യക്തമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട് .രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട് .

പതിനാല് തരം രുദ്രാക്ഷങ്ങൾ[തിരുത്തുക]

ഏകമുഖി രുദ്രാക്ഷം[തിരുത്തുക]

വളരെ അമൂല്യമായതും ലഭിക്കാനേറെ ദുഷ്കരവുമായ രുദ്രാക്ഷങ്ങളിൽ ഒന്നാണ് ഏകമുഖി രുദ്രാക്ഷം. ഈ രുദ്രാക്ഷത്തിൽ നാഗസർപ്പങ്ങൾ, ത്രിശുലം, ശിവലിംഗം എന്നിവ ദൃശ്യമാകും. ഏകമുഖി രുദ്രാക്ഷം ധരിച്ചാൽ ബ്രഹ്മഹത്യാദിപാപങ്ങൾ നശിക്കുകയും ഇന്ദ്രിയവിജയം സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാപക്ഷ ധാരണമാണുത്തമം.

ദ്വിമുഖി രുദ്രാക്ഷം[തിരുത്തുക]

ചന്ദ്രൻ അധിപനായ ഈ രുദ്രാക്ഷം ശിവപാർവതിയുടെ അർദ്ധനാരിശ്വര സങ്കല്പ്പത്തിൻറെ അവതാരമായാണ് കാണുന്നത്. ഇത് ധരിച്ചാൽ സ്വന്തം ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാനും കുണ്ഡലിന്നിയുടെ ഉണർവും ഉണ്ടാകുമെന്നുമാണ് വിശ്വാസം. ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങൾ ഇല്ലാതാക്കാനും ദ്വിമുഖി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്.

ത്രിമുഖി രുദ്രാക്ഷം[തിരുത്തുക]

അഗ്നി ദേവതയായ ഈ രുദ്രാക്ഷം എല്ലാ പാപങ്ങളും ഭസ്മികരിക്കുമെന്നാണ് വിശ്വാസം. ഇതിൻ്റെ ധാരണം ത്രിമൂർത്തികളെ ആരാധിക്കുന്ന ഫലം ലഭിക്കും. സ്ത്രീകൾ താലിയോടൊപ്പം ത്രിമുഖി രുദ്രാക്ഷം ധരിച്ചാൽ സൗഭാഗ്യവതിയും ദീർഘസുമംഗലിയുമായി ഭവിക്കുമെന്നാണ് പറയപ്പെടുന്നത്. ത്രിമൂർത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂർണ അനുഗ്രഹത്തിനും ഇത് ഉത്തമമാണ്.

ചതുർമുഖി രുദ്രാക്ഷം[തിരുത്തുക]

ബ്രഹ്മസ്വരൂപമായ ചതുർമുഖി രുദ്രാക്ഷം കഴിവ്, ഓർമ്മ ശക്തി, ബുദ്ധി എന്നിവ വർധിക്കാൻ ഉത്തമമാണ്. ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇല്ലാതാകുമെന്നും പറയപ്പെടുന്നു. വിദ്യാവിജയം ഉണ്ടാകുന്നതിനും ഓർമ്മശക്തിയും ഏകാഗ്രതയും വർധിക്കുന്നതിനും ഉത്തമമാണ്.

പഞ്ചമുഖി രുദ്രാക്ഷം[തിരുത്തുക]

വ്യാഴം ദേവതയായ പഞ്ചമുഖി രുദ്രാക്ഷം ബുദ്ധിയേയും സൗന്ദര്യത്തെയും സ്വാധിനിക്കുമെന്നാണ് വിശ്വാസം. രക്തസമ്മർദ്ദം,അജിർണ്ണം, ദഹനക്കുറവ്, പ്രമേഹം, വൃക്ക-കർണ്ണരോഗങ്ങൾ എന്നിവയ്ക്ക് പഞ്ചമുഖി രുദ്രാക്ഷ ധാരണം ഫലപ്രദമാണ്.

ഷൺമുഖി രുദ്രാക്ഷം[തിരുത്തുക]

കാർത്തികേയൻ ദേവതയായ ഈ രുദ്രാക്ഷം ജ്ഞാനം വർധിപ്പിക്കുകയും മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാർത്ഥികൾ ഷൺമുഖി രുദ്രാക്ഷം ധരിച്ചാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും, ഓർമ്മശക്തി നിലനിർത്താനും സഹായകരമാകും.

സപ്തമുഖി രുദ്രാക്ഷം[തിരുത്തുക]

മഹാലക്ഷ്മി ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ സാമ്പത്തിക വിഷമങ്ങളിൽനിന്നും കരകയറുകയും അകാല മൃത്യുവിൽ നിന്ന് രക്ഷപെടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത് ധരിക്കുന്നത് ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ്. കൂടാതെ ശനിദോഷ നിവാരണത്തിനും ഇവ ഫലപ്രദമാണ്.

അഷ്ടമുഖി രുദ്രാക്ഷം[തിരുത്തുക]

ഗണപതി ദേവതയായ ഈ രുദ്രാക്ഷം തടസ്സങ്ങൾ അകറ്റി വിജയത്തിൽ എത്തിക്കുമെന്നാണ് വിശ്വാസം. കേതു ദശ കാലത്ത് ഇതു ധരിക്കുന്നത് ഉത്തമമാണ്. കൂടാതെ, രാഹുർദശ കാലത്ത് ഉണ്ടാകുന്ന ആപത്തുകളിൽ നിന്നും രക്ഷനേടാനും ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ ശ്വാസകോശരോഗങ്ങൾ എന്നിവ മാറാനും ഇത് ധരിക്കുക. .

നവമുഖി രുദ്രാക്ഷം[തിരുത്തുക]

നവദുർഗ്ഗമാർ ദേവതയായ ഈ രുദ്രാക്ഷം നവഗ്രഹങ്ങളുടെ പ്രീതിലഭിക്കുന്നതിന് ഉത്തമമാണ്. നവമുഖി രുദ്രാക്ഷം ധരിച്ചാൽ സന്താന പ്രാതി ഉണ്ടാക്കുകയും, ഹൃദ് രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, സ്മോൾ പോക്സ് എന്നിവ തടയുമെന്നുമാണ് വിശ്വാസം. സ്ത്രീകൾ വലതു കൈയിൽ ധരിക്കുന്നത് ഉത്തമമാണ്.

ദശമുഖി രുദ്രാക്ഷം[തിരുത്തുക]

ജനാർദ്ദനൻ ദേവതയായ ഈ രുദ്രാക്ഷം ആപത്തുക്കളിൽ നിന്ന് രക്ഷിക്കുകയും ഭൂത പ്രേത പിശാച് ബ്രഹ്മരക്ഷസ്സ് ഇത്യാദി ബാധദോഷങ്ങളെ അകറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇവ ധരിച്ചാൽ വീട്ടിലെ വാസ്തുദോഷം മാറുമെന്നാണ് പറയപ്പെടുന്നത്. ചുമ, വലിവ്, ടെൻഷൻ, ഹൃദ് രോഗങ്ങൾ എന്നിവ തടയാൻ ഏറെ സഹായിക്കുന്നതാണ് ഈ രുദ്രാക്ഷം.

ഏകദശമുഖി രുദ്രാക്ഷം[തിരുത്തുക]

ഹനുമാൻ ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ അപകടമരണങ്ങളിൽനിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാ തലങ്ങളിലും വിജയം നേടുന്നതിനും ഫലപ്രദമാണ്. സ്ത്രീ സംബന്ധമായ പല രോഗങ്ങൾക്കും നിവാരണി. ഒപ്പം സന്താന പ്രാപ്തിക്കും ഉത്തമം. ജ്ഞാനം, അറിവ്, ഭാഷാ പരിജ്ഞാനം, സാഹസികമായ ജീവിതം എന്നിവ പ്രദാനം ചെയ്യുമെങ്കിലും കബളിക്കപ്പെടാതെ മൗലികമായവ മാത്രം ഉപയോഗിക്കേണ്ടതാണ്.

ദ്വാദ്വാദശിമുഖി രുദ്രാക്ഷം[തിരുത്തുക]

ദാദ്വശ ആദിത്യന്മാർ ദേവതയായ ഈ രുദ്രാക്ഷം നല്ല ഭരണാധികരിയാകാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപെടാനും ഉത്തമാണെന്നാണ് വിശ്വാസം. ദേവപ്രീതിക്കും സൂര്യനെ പോലെ ശോഭിക്കാനും മേൽക്കൈ നേടാനും ദ്വാദശിമുഖി രുദ്രാക്ഷം ധരിക്കുക. മഞ്ഞപ്പിത്തം തടയാൻ ഏറെ സഹായകമാണ്.

ത്രയോദശമുഖി രുദ്രാക്ഷം[തിരുത്തുക]

ദേവേന്ദ്രൻറെ അവതാരമായ ഈ രുദ്രാക്ഷം ഭാഗ്യം, സൌന്ദര്യം, എന്നിവ വർധിപ്പിക്കുമെന്നാണ് വിശ്വാസം. ഇത് സ്ത്രീകൾ ധരിച്ചാൽ ആഗ്രഹങ്ങൾ സഫലീകരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, ആരോഗ്യം, ശ്രേയസ്സ്, കുടുംബ സന്തോഷം, ധനം, സംതൃപ്തി, സന്താനലബ്ധി, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നു. ത്രയോദശമുഖി രുദ്രാക്ഷം ധരിച്ച വ്യക്തി എന്തുനല്ലകാര്യം മനസ്സിൽ വിചാരിച്ചാലും അത് സാധിക്കും.

ചതുർദശമുഖി രുദ്രാക്ഷം[തിരുത്തുക]

ശനി അധിപഗ്രഹമായ ഈ രുദ്രാക്ഷം ധരിച്ചാൽ ആറാം ഇന്ദ്രിയം ഉണർന്ന് അന്തർജ്ഞാനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ധരിക്കുന്നയാൾ എല്ലാ അപകടങ്ങളിൽനിന്നും സങ്കടങ്ങളിൽനിന്നും മാറ്റി നിർത്തപെടുകയും ഭൂത-പ്രേത-പിശാചുക്കളിൽനിന്നും ദുർമന്ത്രവാദത്തിൽ നിന്നും രക്ഷപെടുകയും ചെയ്യും. ഈ രുദ്രാക്ഷം ആരോഗ്യം, ധനം എന്നിവ പ്രധാനം ചെയ്യുന്നു. കൂടാതെ, നവഗ്രഹ പ്രീതിക്ക് ഉത്തമാണെന്നും പറയപ്പെടുന്നു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. വെങ്ങാനൂർ ബാലക്രിഷ്ണന്റെ ‘താളിയോല’എന്ന ഗ്രന്ഥത്തിൽ നിന്നും
  2. ഡോ. എൻ.ജി. മുരളി (18 നവംബർ 2014). "രുദ്രാക്ഷം ധരിച്ച് നിങ്ങളുടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാം". മലയാള മനോരമ. മൂലതാളിൽ നിന്നും 2014-11-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 നവംബർ 2014. {{cite web}}: Cite has empty unknown parameter: |9= (help)
  3. "Rudraksha Gems".


പ്രജിൽ പീറ്റയിൽ -വൃക്ഷങ്ങളും സസ്യങ്ങളും ഒരു പഠനം

"https://ml.wikipedia.org/w/index.php?title=രുദ്രാക്ഷം&oldid=3738705" എന്ന താളിൽനിന്ന് ശേഖരിച്ചത്