എണ്ണപ്പന
എണ്ണപ്പന | |
---|---|
എണ്ണപ്പന (Elaeis guineensis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Family: | |
Subfamily: | |
Tribe: | |
Genus: | Elaeis |
Species | |
ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ് എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ് എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.
എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
കാലാവസ്ഥയും മണ്ണും
[തിരുത്തുക]കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല. തരിശ് കിടക്കുന്ന നെൽപ്പാടങ്ങളിൽ മണ്ണ് കൂന കൂട്ടിയും എണ്ണപ്പന നടാറുണ്ട്.
വളപ്രയോഗം
[തിരുത്തുക]ഒരു വർഷം ഒരു മരത്തിന് ആവശ്യമായ രാസവളത്തിൻറെ തോത് (ഗ്രാമിൽ)
പാകജനകം | ഭാവഹം | ക്ഷാരം | |
---|---|---|---|
ഒന്നാം വർഷം | 400 | 200 | 400 |
രണ്ടാം വർഷം | 800 | 400 | 800 |
മൂന്നാം വർഷം മുതൽ | 1200 | 600 | 1200 |
മഗ്നീഷ്യത്തിൻറെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ മാത്രമേ മഗ്നീഷ്യം നൽകേണ്ടതുള്ളൂ. രാസവളങ്ങൾ രണ്ടു തുല്യ ഗഡുക്കളായി മെയ് മാസത്തിലും സെപ്റ്റംബറിലും ചേർക്കാം. രണ്ടു മീറ്റർ ചുറ്റളവിൽ എടുത്തിട്ടുള്ള തടങ്ങളിൽ വളം വിതറി ചെറിയ തോതിൽ മണ്ണ് കൊത്തിയിളക്കണം. ജൈവാംശം കുറവുള്ള മണ്ണിൽ പച്ചില വളമോ, ജൈവവളമോ ചേർക്കുന്നത് ഫലപ്രദമാണ്.
കീടബാധയും രോഗങ്ങളും നിയന്ത്രണവും
[തിരുത്തുക]കീടങ്ങൾ
[തിരുത്തുക]കൊമ്പൻ ചെല്ലി
[തിരുത്തുക]പ്രധാന തണ്ടിന്റെ മൃദുകോശങ്ങൾ തിന്നു നശിപ്പിക്കുന്നതു വഴി കൂമ്പിനും, തളിരിനും, മറ്റ് ഓലകൾക്കും കടുത്ത നാശമുണ്ടാക്കുന്ന ഒരു കീടമാണ് കൊമ്പൻ ചെല്ലി. തോട്ടം വൃത്തിയാക്കി ചെല്ലി പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക എന്നതാണ് നിയന്ത്രണത്തിന് അത്യാവശ്യമായ സംഗതി. ഒരു പ്രത്യേകതരം വൈറസിനെ (Baculovirus oryctes) ക്കൊണ്ടും ഈ കീടത്തെ നിയന്ത്രിക്കാൻ കഴിയും.
ചെമ്പൻ ചെല്ലി
[തിരുത്തുക]എണ്ണപ്പനയുടെ പ്രധാന കീടമാണ് ചെമ്പൻചെല്ലി. ഓലവെട്ടിയതിനുശേഷം അവശേഷിക്കുന്ന ഞെട്ടിലോ മറ്റ് മുറിവുള്ള ഭാഗങ്ങളിലോ ഇവ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഉള്ളിലേയ്ക്ക് തുറന്ന് മണ്ടയിലെത്തി മൃദുവായ ഭാഗങ്ങൾ തിന്നുന്നു. കീടാക്രമണമുള്ള പനകൾ വാടുകയും മഞ്ഞളിപ്പിൻറെ ലക്ഷണങ്ങൾ കാണിക്കുകയും ശക്തിയായ കാറ്റിൽ ഓലകൾ ഒടിയുകയും ചെയ്യും. ആദ്യഘട്ടത്തിൽത്തന്നെ കീടാക്രമണം കണ്ടെത്താൻ സാധിച്ചാൽ 0.2% വീര്യമുള്ള കാർബാറിൽ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
പക്ഷികൾ
[തിരുത്തുക]കാക്കകളും, നാടൻ മൈനകളുമാണ് പനങ്കുലയ്ക്ക് നാശം വരുത്തുന്നത്. ഇവ കായ്കളുടെ പുറംഭാഗം ഭക്ഷിക്കും. കായ് പിടിച്ച് 150 ദിവസം കഴിയുമ്പോൾ വലകൊണ്ട് കുല മൂടുന്നത് ഇവയുടെ ആക്രമണം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. പക്ഷികളെ വിരട്ടി ഓടിക്കുകയും ചെയ്യും.
രോഗങ്ങൾ
[തിരുത്തുക]തവാരണയിൽ കാണുന്ന ഒരു രോഗമാണ് ആന്ത്രക്നോസ്. തവിട്ടു മുതൽ കറുപ്പുവരെയുള്ള നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോടു കൂടിയുള്ള പാടുകൾ ഇലകളുടെ നടുവിലും അരികിലും കാണുന്നു. തുടർന്ന് തൈകൾ ചീയ്യുന്നു. മാങ്കോസെബോ, ക്യാപ്റ്റാനോ 200 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചെമ്പ് അടങ്ങിയിട്ടുള്ള കുമിൾ നാശിനികൾ ഉപയോഗിക്കാൻ പാടില്ല. കാരണം തുരിശ് കൊണ്ട് തൈകൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.
എല്ലാ പ്രായത്തിലുമുള്ള പനകളെയും ബാധിക്കുന്ന ഒരു രോഗമാണ് കൂമ്പുചീയ്യൽ. ഏറ്റവും ഉള്ളിലുള്ള ഓലകളുടെ അറ്റത്തുനിന്ന് മഞ്ഞളിപ്പ് തുടങ്ങും. രോഗം മൂർച്ചിക്കുന്നതോടെ കൂമ്പ് ചീയുകയും പുതിയ ഇലകൾ കുറ്റിച്ചു പോകുകയും ക്രമേണ അഴുകുകയും ചെയ്യും. പൊതുവേയുള്ള ആരോഗ്യവും ഉല്പാദനവും കുറഞ്ഞ് ഇല മഞ്ഞളിക്കാതെ തന്നെ കൂമ്പ് ചീയുന്നതും കാണാം. ഓലക്കാലുകളുടെ അരികിൽക്കൂടി മഞ്ഞളിപ്പുണ്ടാകുന്നതും ഓലകൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതും മറ്റു ലക്ഷണങ്ങളാണ്. രോഗം പടരാതിരിക്കുന്നതിന് രോഗബാധിതമായ മരങ്ങൾ വേരോടെ പിഴുത് മാറ്റി നശിപ്പിക്കണം. ആദ്യഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്തിയാൽ ആക്രമണവിധേയമായ ഓലകൾ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗം പടരാതിരിക്കുന്നതിന് സഹായിക്കും.
കുറച്ചു മാത്രം കായ്കൾ ഉണ്ടാകുകയോ ഒട്ടും കായ്കൾ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നതും പൂങ്കുല ഒന്നാകെ ചീഞ്ഞോ ഉണങ്ങിയോ നശിക്കുന്നതുമാണ് ഈ രോഗത്തിൻറെ ലക്ഷണം. കൂടുതൽ ഓലകൾ മുറിച്ച് മാറ്റുന്നതും അധികരിച്ച തണലും, വരൾച്ചയും, വൃത്തിയില്ലാത്ത പരിതഃസ്ഥിതിയും എല്ലാം ഈ രോഗത്തിന് കാരണമാകാം. ഉണങ്ങിയതും ചീഞ്ഞതുമായ കുലകൾ, ഉണങ്ങിയ ആൺകുലകൾ എന്നിവ നീക്കം ചെയ്ത് മരം വൃത്തിയാക്കിയത്തിനു ശേഷം പരാഗണം നടത്തിയാൽ ഇതിനു മാറ്റം വരുത്താം.
ഓലകോതൽ
[തിരുത്തുക]ഉണങ്ങിയതും രോഗം ബാധിച്ചതുമായ ഓലകളും നട്ട് മൂന്നു വർഷം വരെ ഉണ്ടാകുന്ന പൂങ്കുലകളും വെട്ടിമാറ്റണം. കായ്കൾ തുടങ്ങിയാൽ മണ്ടയിൽ 40 ഓലകൾ ഉണ്ടാകത്തക്കവിധം വേണം ഓലവെട്ടാൻ. വിളവെടുക്കുന്ന സമയത്തും കുറച്ചോലകൾ വെട്ടിമാറ്റേണ്ടതായിവരും. ക്രമത്തിനേ പാടുള്ളൂ എന്നു മാത്രം. ഉണങ്ങിയ ഇലകൾ കൊല്ലത്തിൽ ഒരു തവണ വെട്ടി മാറ്റി മണ്ട വൃത്തിയാക്കണം. വേനൽക്കാലത്ത് ഇത് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.
പരാഗണം
[തിരുത്തുക]പരപരാഗണം നടക്കുന്ന വിളയാണ് എണ്ണപ്പന. എല്ലാ പെൺപൂക്കളിലും പരാഗണം നടന്നുവെന്നുറപ്പാക്കുന്നതിന് കൃത്രിമ പരാഗണം നടത്താറുണ്ട്. പരാഗണത്തിനു സഹായിക്കുന്ന വണ്ടിനെ (Elaedobius camerunicus) തോട്ടത്തിൽ വിടുന്നത് സ്വാഭാവിക പരാഗണത്തിന് സഹായകമാകും. പൂക്കൾ വിരിയുന്ന സമയത്ത് ഈ വണ്ടുകൾ ആൺ പൂങ്കുലയിൽ കൂട്ടം കൂടി പെരുകുകയും പിന്നീട് പെൺപൂക്കളിലും പറന്നെത്തുന്നതിലൂടെ പരാഗണം ഫലപ്രദമാകുകയും ചെയ്യും.
വിളവെടുപ്പ്
[തിരുത്തുക]നട്ട്, മൂന്നര-നാല് വർഷത്തിനുശേഷം ആദ്യ വിളവെടുപ്പ് നടത്താം. പാകമായ പഴങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ വിളഞ്ഞുപോയ കായ്കളിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളിൽ നിന്നും ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്. കുറേകൂടി ഉയരം വെയ്ക്കുമ്പോൾ (10 വർഷം മുതൽ) അരിവാൾത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാൽ വളരെ ഉയരത്തിലുള്ള പനയിൽ കയറി കുല വെട്ടിയെടുക്കേണ്ടി വരും.
സംസ്ക്കരണം
[തിരുത്തുക]വിളവെടുത്തശേഷം കുലകൾ നാലാക്കി മുറിച്ച് ആവികൊള്ളിക്കുകയോ, തിളച്ച വെള്ളത്തിൽ 30-60 മിനിറ്റ് മുക്കി വെയ്ക്കുകയോ ചെയ്യുന്നു. ഇത് എണ്ണയിലുള്ള കൊഴുപ്പിനെ വിഘടിപ്പിക്കുന്ന എൻസൈമുകളെ നിർവീര്യമാക്കി ഫാറ്റി ആസിഡിൻറെ അളവ് കൂട്ടുന്നതിനും, ചതയ്ക്കുന്നതിന് സൗകര്യപ്പെടുന്ന വിധത്തിൽ പനങ്കുരു മൃദുവാക്കുന്നതിനും സഹായിക്കും. കുലയിൽ നിന്നും വേർപ്പെടുത്തിയത്തിനുശേഷം കുരു ചതച്ച് വീണ്ടും ചൂടാക്കി ഹൈഡ്രോളിക് പ്രസ്സിൽ പിഴിഞ്ഞെടുക്കുന്നു. ഇങ്ങനെ കിട്ടുന്ന എണ്ണ ശുദ്ധീകരിക്കുന്നതിനായി വീണ്ടും തിളപ്പിക്കുകയും വെള്ളത്തിനു മുകളിൽ തെളിയുന്ന എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നു.
ഇനങ്ങൾ
[തിരുത്തുക]ടെനീറ എന്ന സങ്കരയിനമാണ് (ഡ്യൂറXപിസിഫെറ) വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുള്ള ഏക ഇനം.
ചിത്രശാല
[തിരുത്തുക]-
പനങ്കുല