തമ്പകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമ്പകം
Hopea parviflora.jpg
ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Dipterocarpaceae
ജനുസ്സ്: Hopea
വർഗ്ഗം: ''H. parviflora''
ശാസ്ത്രീയ നാമം
Hopea parviflora
Bedd.

ഡിപ്റ്റിറോകാർപേസി സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വലിയവൃക്ഷമാണ് തമ്പകം. ശാസ്ത്ര നാമം ഹോപ്പിയ പാർവിഫ്ളോറ (Hopea parviflora). പശ്ചിമഘട്ടത്തിലെ 1000 മീ. വരെ ഉയരം വരുന്ന മലകളിലെ ഈർപ്പമുള്ള നിത്യഹരിത വനങ്ങളിൽ ഇവ ധാരാളമായി വളരുന്നുണ്ട്. ഉയരം കുറഞ്ഞ മലകളിലെ പുഴയോരങ്ങളിൽ തമ്പകത്തിന്റെ കാടുകൾ തന്നെ കാണാം.

രുപവിവരണം[തിരുത്തുക]

ധാരാളം ശാഖോപശാഖകളോടെ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇലകൾ ലഘുവും അനുപർണങ്ങളുള്ളതുമാണ്. ഇലകൾക്ക് 5-10 സെ.മീ. നീളവും ഇതിന്റെ പകുതിയോളം വീതിയും ഉണ്ടായിരിക്കും. ഇലകളിൽ 8 മുതൽ12 വരെ ജോഡി പാർശ്വസിരകളുണ്ടായിരിക്കും. ഇലകളുടെ അടിവശത്തുള്ള പാർശ്വസിരകളുടെ കക്ഷ്യഭാഗത്തായി ചെറിയ ഗ്രന്ഥികൾ കാണപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

തമ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. പുഷ്പങ്ങളുണ്ടാകുന്നത് പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ്. പുഷ്പമഞ്ജരി രോമിലമായിരിക്കും. പുഷ്പമഞ്ജരിയുടെ ശാഖകളിൽ ഒരു വശ ത്തു മാത്രമേ പുഷ്പങ്ങളുണ്ടാകാറുള്ളൂ. പുഷ്പങ്ങൾക്ക് സുഗന്ധ മുണ്ട്. അര സെ.മീ. മാത്രം വ്യാസമുള്ള പുഷ്പങ്ങൾക്ക് വെണ്ണ നിറമാണ്. ഇവ സമമിത ദ്വിലിംഗികളാണ്. ബാഹ്യദളപുടത്തിന്റെ അഞ്ചു പുടങ്ങളിൽ രണ്ടെണ്ണം മാത്രം വളർന്ന് ചിറകുപോലെയാ യിത്തീരുന്നു. അഞ്ച് ദളങ്ങളും 15 സ്വതന്ത്ര കേസരങ്ങളുമുണ്ടാ യിരിക്കും. അണ്ഡാശയം ഊർധ്വവർത്തിയാണ്. മൂന്ന് അറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും രണ്ട് ബീജാണ്ഡങ്ങൾ വീതമുണ്ടായിരിക്കും. കായ ഒറ്റവിത്തു മാത്രമുള്ള നട്ട് ആണ്. കായ്കളുടെ രണ്ടു ചിറകുപോലെയുള്ള ഭാഗങ്ങൾ ബാഹ്യദളപുടം വളർന്നുണ്ടായതാണ്. ഈ ചിറകുകളാണ് കാറ്റുമൂലം വിത്തുവിതരണം നടത്തുന്നതിനു സഹായിക്കുന്നത്. മഴക്കാലത്തിനു മുമ്പുതന്നെ കായ്കൾ വിളഞ്ഞു പാകമാകുന്നു.

ഉപയോഗം[തിരുത്തുക]

തേക്കിനേക്കാൾ ഈടുള്ള തമ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്. വീട്ടുപകരണങ്ങളുണ്ടാക്കാനും കെട്ടിട നിർമ്മാണത്തിനും വാഹനനിർമ്മാണത്തിനും ഇതിന്റെ തടി അനുയോജ്യമാണ്.

മറ്റു പേരുകൾ[തിരുത്തുക]

തമ്പകം, ഉരുപ്പ്, ഇരുമ്പകം, കൊങ്ങ്, പൊങ്ങ്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തമ്പകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തമ്പകം&oldid=2283196" എന്ന താളിൽനിന്നു ശേഖരിച്ചത്