Jump to content

തൊണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. urens
Binomial name
Sterculia urens

സ്റ്റെർക്കുലിയേസീ (Sterculiaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് തൊണ്ടി. (ശാസ്ത്രീയനാമം: സ്റ്റെർക്കുലിയ യൂറൻസ്, Sterculia urens). ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കൊങ്കൺ പ്രദേശത്തും ഈ സസ്യം വന്യമായി വളരുന്നു. മഴ കുറവായ സ്ഥലങ്ങളിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്.

സാമാന്യം വലിപ്പത്തിൽ വളരുന്ന തൊണ്ടിമരത്തിന്റെ ഇളം ശാഖകൾ ലോമിലമാണ്. മരത്തിന്റെ പുറംതൊലി ചില കാലങ്ങളിൽ പാളികളായി ഉരിഞ്ഞുപോകാറുണ്ട്. ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണപ്പെടുന്ന ഇലകൾ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകൾക്ക് 30 സെന്റിമീറ്ററോളം നീളവും ഏകദേശം അതിന്റെ പകുതി വീതിയും ഉണ്ടായിരിക്കും. ഇലകളുടെ ഉപരിഭാഗം മിനുസമുള്ളതും ലോമരഹിതവുമാണ്. വെളുത്ത സിൽക്കുപോലെയുള്ള ലോമങ്ങൾ നിറഞ്ഞതാണ് അടിഭാഗം. അനുപർണങ്ങളുമുണ്ട്. ഇലകൾ കർണിതമായിരിക്കും. ഡിസംബറിലാണ് തൊണ്ടി പുഷ്പിക്കുന്നത്. അനേകം പുഷ്പങ്ങളുള്ള പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഏകലിംഗിയും സമമിതവും 6-9 സെ.മീ. വ്യാസവുമുള്ള പുഷ്പങ്ങൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ലോമിലമായ അഞ്ച് ബാഹ്യദളങ്ങളുണ്ടെങ്കിലും പുഷ്പങ്ങൾക്ക് ദളങ്ങളില്ല. കേസരങ്ങൾ ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊർധ്വവർത്തിയാണ്. ദൃഢലോമാവൃതമായ ഫോളിക്കിളാണ് കായ്. ഒരു കുലയിൽ 4-6 കായ്കളുണ്ടായിരിക്കും. കായയ്ക്ക് നല്ല കട്ടിയുള്ള തൊണ്ട് ഉള്ളതിനാലാണ്

ഇതിന് തൊണ്ടി എന്ന പേര് ലഭിച്ചത്. അഞ്ച് സെന്റിമീറ്ററോളം നീളമുള്ള കായയ്ക്കുള്ളിൽ 3-6 വിത്തുകളുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകൾക്ക് കറുപ്പുനിറമാണ്. ഏപ്രിൽ മാസത്തോടെ കായ്കൾ വിളയുന്നു. കടും ചുവപ്പുനിറമുള്ള തൊണ്ടിപ്പഴം ഭക്ഷ്യയോഗ്യമാണ്.

തൊണ്ടിയുടെ തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പാക്കിങ് പെട്ടികളും മറ്റും നിർമ്മിക്കാനാണ് പൊതുവേ ഇതിന്റെ തടി ഉപയോഗിക്കുന്നത്. മരത്തൊലിയിൽനിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണ്. തൊണ്ടിയുടെ ഇളം തണ്ടും ഇലകളും കന്നുകാലികൾക്കുണ്ടാകുന്ന പലതരം ശ്വാസകോശരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]
  • രസം : കഷായം, മധുരം, തിക്തം
  • ഗുണം : സരം, ശ്ലക്ഷണം
  • വീര്യം : ശീതം
  • വിപാകം : മധുരം

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊണ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊണ്ടി&oldid=3634217" എന്ന താളിൽനിന്ന് ശേഖരിച്ചത്