Jump to content

ദന്തപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ദന്തപത്രി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Euonymus
Species:
E. crenulatus
Binomial name
Euonymus crenulatus
Wall. ex Wight & Arn.

സെലാസ്ട്രേസീ (Celastraceae) സസ്യകുടുംബത്തിൽപ്പെടുന്ന നിത്യഹരിത വൃക്ഷമാണ് മലങ്കുരത്ത എന്നും അറിയപ്പെടുന്ന ദന്തപത്രി. ഇതിന്റെ ശാസ്ത്രനാമം യൂനിമസ് ക്രെനുലേറ്റസ് (Euonymus crenulatus) എന്നാണ്. യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ, ഹിമാലയപ്രദേശങ്ങൾ, പശ്ചിമഘട്ടത്തിലെ ഈർപ്പഭരിതമായ നിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിൽ വളരുന്ന ചെറിയ വൃക്ഷമാണിത്.

ദന്തപത്രിയുടെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് അനുപർണങ്ങളുണ്ട്. പത്രഫലകത്തിന് 5-8 സെന്റിമീറ്റർ നീളവും 3-4 സെന്റിമീറ്റർ വീതിയുമുണ്ടായിരിക്കും. പത്രസീമാന്തം ദന്തുരമാണ്. പത്രവൃന്തത്തിന് അര സെന്റിമീറ്റർ നീളം മാത്രമേയുള്ളൂ. മാർച്ച് മുതൽ ജൂലായ് വരെയുള്ള കാലയളവിലാണ് ദന്തപത്രി പുഷ്പിക്കുന്നത്. ഒരു പൂങ്കുലയിൽ ഏഴിൽക്കൂടുതൽ പുഷ്പങ്ങളുണ്ടാകാറില്ല. പുഷ്പങ്ങൾക്ക് ഇളം ചുവപ്പുനിറമാണ്. ഒരു സെന്റിമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങൾ ദ്വിലിംഗസമമിതമായിരിക്കും. നാലോ അഞ്ചോ ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളുമുണ്ട്. കേസരതന്തുക്കൾക്ക് നീളം കുറവാണ്. ഊർധ്വവർത്തിയായ അണ്ഡാശയത്തിന് രണ്ട് ബീജാണ്ഡങ്ങൾ വീതമുള്ള 3-5 അറകളുണ്ടായിരിക്കും. വർത്തിക വളരെ ചെറുതോ ഇല്ലാത്ത അവസ്ഥയിലോ ആയിരിക്കും. കായ് 1-4 വിത്തുകളുള്ള മാംസളമായ സംപുടമാണ്. മൂപ്പെത്തിയ കായ്കൾക്ക് കടും ചുവപ്പുനിറമാണുള്ളത്. വെള്ളയോ ചുവപ്പോ കറുപ്പോ നിറമുള്ള വിത്തിനെ കടും ചുവപ്പോ ഓറഞ്ചോ നിറമുള്ള ഏരിൽ (aril) ആവരണം ചെയ്തിരിക്കും. വിത്ത് വിഷമുള്ളതാണ്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. വിത്തുകളുടെ ആകർഷണീയമായ ചുവപ്പുനിറം പക്ഷികളെ ആകർഷിക്കാനുതകുന്നു. വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട്.

യൂനിമസ് യൂറോപ്പിയസ് (Euonymus europaeus) ഇനവും സ്പിൻഡിൽ വൃക്ഷം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇത് ഒമ്പതു മീറ്റർ വരെ ഉയരത്തിൽ വളരും. ഇലകളിൽ സ്വർണനിറത്തിൽ പൊട്ടുകളുള്ള യൂനിമസ് ജാപ്പോനിക്കസ് (Euonymus japonicus) എന്നയിനം സാധാരണ വേലിച്ചെടിയായി നട്ടുവളർത്തുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദന്തപത്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദന്തപത്രി&oldid=3929208" എന്ന താളിൽനിന്ന് ശേഖരിച്ചത്