അണ്ഡാശയം
അണ്ഡാശയം | |
---|---|
Blood supply of the human female reproductive organs. The left ovary is visible above the label "ovarian arteries". | |
ലാറ്റിൻ | ovarium |
ഗ്രെയുടെ | subject #266 1254 |
ശുദ്ധരക്തധമനി | ovarian artery, uterine artery |
ധമനി | ovarian vein |
നാഡി | ovarian plexus |
ലസിക | lumbar lymph nodes |
കണ്ണികൾ | Ovary |
പെൺജീവികളുടെ പ്രത്യുത്പാദനാവയവമാണ് അണ്ഡാശയം (Ovary). അണ്ഡകോശങ്ങൾ (egg) രൂപാന്തരം പ്രാപിക്കുന്നതും പക്വമായി ബീജസങ്കലനയോഗ്യമായിത്തീരുന്നതും അണ്ഡാശയത്തിൽ വച്ചാണ്. മദ്ധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമം എന്ന ഘട്ടം എത്തുന്നതോടുകൂടി ഓവറിയുടെ പ്രവർത്തനവും ഹോർമോൺ ഉത്പാദനവും കുറയുന്നു.
അണ്ഡാശയം വിവിധ ജീവജാലങ്ങളിൽ
[തിരുത്തുക]പ്രോട്ടോസോവ മുതൽ നട്ടെല്ലുള്ള ജീവികളുടെ അത്യുന്നതിയിൽ നില്ക്കുന്ന സസ്തനികളിൽവരെ ലഘുവായും സങ്കീർണമായും ഉള്ള അണ്ഡാശയങ്ങൾ കാണപ്പെടുന്നു. പ്രോട്ടോസോവയിൽ അണ്ഡാശയം എന്നു വിളിക്കത്തക്ക ഘടനയില്ലെങ്കിലും ചിലതിൽ അണ്ഡം ഏറെക്കുറെ വ്യതിരിക്തമായി കാണുന്നുണ്ട്. വോൾവൊക്കെയിൽസ് (Volvocales)[1] വിഭാഗത്തിലെ ക്ലാമിഡോമോണാസ് (Chlamydomonas)[2] തുടങ്ങിയവയിൽ ബീജവും അണ്ഡവും ഏതാണ്ട് സമമാണെങ്കിലും വോൾവോക്സിൽ (Volvox)[3] അണ്ഡം ബീജത്തിൽനിന്നും തികച്ചും വിഭിന്നമാണ്. സ്പോഞ്ചുകളിൽ (Sponges)[4] കോളർ (collar) കോശങ്ങളോട് ചേർന്നാണ് അണ്ഡകോശങ്ങൾ സ്ഥിതിചെയ്യുന്നത്. അവ വ്യതിരിക്തമാകുന്ന പ്രഥമഘട്ടത്തിൽ പോഷകകോശങ്ങളാൽ (nutritive cells) ആവരണം ചെയ്യപ്പെട്ടിരിക്കും. ക്രമേണ പോഷക പദാർഥങ്ങളുൾക്കൊണ്ട് അവ പൂർണവളർച്ചയെത്തുന്നു. സീലന്ററേറ്റ (Coelenterata)യിൽ[5] അണ്ഡാശയം ലളിതരൂപത്തിലാണ്. ബാഹ്യചർമത്തിനും മീസോഗ്ലിയയ്ക്കുമിടയിലുളള ചില നിശ്ചിത സ്ഥാനങ്ങളിൽ അന്തരാളീകോശങ്ങൾ (interstitical cells)[6] പെരുകിയതിൽ ഒരെണ്ണം അണ്ഡമായി വളർച്ച പ്രാപിക്കുന്നു. മറ്റുള്ളവ പോഷകകോശങ്ങളായും പ്രവർത്തിക്കുന്നു. അലൈംഗിക-ലൈംഗിക പ്രത്യുത്പാദനരീതികൾ സീലന്ററേറ്റയിൽ പൊതുവേ കാണപ്പെടുന്നു. അങ്ങനെയുള്ള പരമ്പരകൾ ഇടവിട്ടാണുണ്ടാകുക. ലൈംഗിക പരമ്പരയായ മെഡൂസകളിൽ അണ്ഡാശയം നിശ്ചിത സ്ഥാനങ്ങളിലാണ് വളരുന്നത്. നാടവിരകളിലും അതിനോടു ബന്ധപ്പെട്ട ഇതരജീവികളിലും കുറേ വിപുലമായ രീതിയിലാണ് അണ്ഡാശയഘടന. പ്രത്യേകിച്ചും പരോപജീവികളിൽ അണ്ഡാശയത്തോടനുബദ്ധമായി പീതകം (yolk) ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും അതാവാഹിച്ച് അണ്ഡാശയത്തോടു ബന്ധപ്പെടുത്തുന്ന വാഹിനികളും ബീജസങ്കലനം കഴിഞ്ഞ അണ്ഡസഹസ്രങ്ങൾ സംഭരിക്കാനുള്ള അണ്ഡസഞ്ചി(uterous)യുമുണ്ട്.[7] ഒരു ജോടി നാരുകൾപോലെയാണ് വിരകളിൽ (Nema-todes)[8] അണ്ഡാശയം കാണപ്പെടുന്നത്. നത്തക്ക (Pila),[9] കക്കകൾ (Bivalves),[10] കണവ (Cephalopods)[11] തുടങ്ങിയ മൊളസ്കുകളിൽ (Mollusca)[12] ലിംഗവിഭജനം പൂർണമായുണ്ടെങ്കിലും ഒച്ചുവംശത്തിൽപ്പെട്ട പലതിലും അണ്ഡ-ബീജോത്പാദനാവയവം പൊതുവായുള്ളതാണ്. ആദ്യഘട്ടത്തിൽ ബീജോത്പാദനവും അനന്തരഘട്ടത്തിൽ അണ്ഡോത്പാദനവുമാണ് നടക്കുന്നത്. മണ്ണിര തുടങ്ങിയ ജീവികൾ ഉഭയലിംഗികൾ (hermaphrodites) ആണെങ്കിലും അണ്ഡാശയം ബീജോത്പാദനാവയവങ്ങളിൽ നിന്നും വ്യതിരിക്തമായി ഒരു നിശ്ചിത ഖണ്ഡത്തിലാണ് (segment) സ്ഥിതിചെയ്യുന്നത്. നീറിസ് (Neries) മുതലായ പോളിക്കീറ്റുകളിൽ ലിംഗവ്യത്യാസം പ്രകടമാണ്. പെൺജീവികളുടെ പലഖണ്ഡങ്ങളിലും ജോടി ജോടിയായി സീലോമിക ഉപകല (coelomic epithelium) കേന്ദ്രീകരിച്ച് അണ്ഡാശയമായി വർത്തിക്കുന്നു. വളർച്ചയെത്തിയ അണ്ഡങ്ങൾ ദേഹഗുഹയിൽ (body cavity) പതിക്കുകയും അണ്ഡവാഹിനിക്കുഴലുകളിലൂടെയോ, പ്രസ്തുത ഖണ്ഡങ്ങളിൽ താത്കാലികമായുണ്ടാകുന്ന ദ്വാരങ്ങൾ വഴിയോ ബഹിർഗമനം സാധിക്കുകയും ചെയ്യുന്നു.
അണ്ഡാശയം പ്രാണികളിൽ
[തിരുത്തുക]നിരനിരയായ അണ്ഡങ്ങൾ വഹിക്കുന്ന ഏതാനും ഘടകങ്ങൾ ചേർന്നതാണ് പ്രാണികളുടെ അണ്ഡാശയം. ഒരു ജോടിയാണ് സാധാരണയുള്ളത്. അണ്ഡനിരയിൽ അണ്ഡവാഹിനിയോടു സമീപസ്ഥമായത് വളർച്ചയെത്തിയതും ദൂരസ്ഥമായവ ക്രമമനുസരിച്ചു തരുണാവസ്ഥയിലുള്ളവയുമായിരിക്കും. രണ്ട് അണ്ഡവാഹിനികളും യോജിച്ച് ഒരു പൊതു അണ്ഡവാഹിനിയായിത്തീരുന്നു. പ്രസ്തുത വാഹിനിയോടു ബന്ധപ്പെട്ടുകൊണ്ടുള്ള ഗ്രന്ഥികളുടെ സ്രവങ്ങൾ ബീജസങ്കലനത്തിനുശേഷം പുറത്തുവരുന്ന അണ്ഡങ്ങളെ ഉൾക്കൊള്ളുന്ന അണ്ഡസഞ്ചി(egg capsule)കൾക്ക് കാരണമായി ഭവിക്കുന്നു.
മത്സ്യം, തവള മുതലായവയിലെ അണ്ഡാശയം
[തിരുത്തുക]മത്സ്യം, തവള എന്നീ വിഭാഗങ്ങളിൽ ബീജസങ്കലനം ബാഹ്യമായും വളർച്ചയുടെ പ്രഥമഘട്ടം സ്വതന്ത്രമായുമാണ് നടക്കുന്നത്. സ്വതന്ത്രമായി വളരുന്ന അണ്ഡങ്ങൾക്ക് അപകടസാധ്യതയുള്ളതുകൊണ്ട് ധാരാളം മുട്ടകൾ ഉത്പാദിപ്പിച്ച്, കഴിയുന്നിടത്തോളം നഷ്ടം നികത്തി വർഗ നിലനില്പിന് സഹായകമാകുന്ന രീതിയിലാണ് അണ്ഡാശയ ഘടനതന്നെ. ഒരു ജോടി അണ്ഡാശയം പ്രത്യുത്പാദനകാലത്ത് അനേകായിരം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നു. പിറ്റ്യൂട്ടറിഗ്രന്ഥി സ്രവിക്കുന്ന ചില സ്രവങ്ങൾ ഇതിനു കാരണമാകുന്നു. ഓരോ മുട്ടയും പോഷകപദാർഥ സമൃദ്ധമായിരിക്കും. പക്ഷികളിലും ഇഴജന്തുക്കളിലും ആന്തരികമായ ബീജസങ്കലനം നടക്കുമെങ്കിലും മുട്ട വളരുന്നതു മാതൃശരീരത്തിനു വെളിയിലാണ്. ഇതിന് അനുയോജ്യമായി പല സ്രവങ്ങളും പ്രക്രിയകളും അണ്ഡാശയങ്ങളോടു ബന്ധപ്പെട്ടു നടക്കുന്നു. ഈ ഗ്രന്ഥികളുടെ നിശ്ചിത ക്രമമനുസരിച്ചുള്ള പ്രവർത്തനമാണ് അൽബുമിനും പീതകവും നിശ്ചിതരൂപത്തിൽ ആവാഹിച്ചുകൊണ്ട് പുറംതോടുമായി പുറത്തുവരാൻ അണ്ഡത്തെ സഹായിക്കുന്നത്.
സസ്തനികളിൽ ഭ്രൂണത്തിന്റെ വളർച്ച മാതൃഗർഭത്തിൽ വച്ചു നടക്കുന്നതിന് അനുയോജ്യമായ അണ്ഡാശയഘടനയാണുള്ളത്. ബീജസങ്കലനം ആന്തരികമായി നടക്കുന്നതുകൊണ്ടും ഭ്രൂണവളർച്ചയ്ക്കാവശ്യമായ പോഷണങ്ങൾ മാതൃശരീരത്തിൽനിന്നു ലഭ്യമാകുന്നതുകൊണ്ട് പോഷകപദാർഥങ്ങൾ നിറഞ്ഞ് മുട്ട വലിപ്പം കൂടുന്നില്ല. അണ്ഡവളർച്ച, അതിന്റെ സ്വതന്ത്രമായ ബഹിർഗമനം തുടങ്ങിയ പ്രക്രിയകളിൽ വ്യക്തമായ ഒരാവർത്തനം സസ്തനികളിലുണ്ട്. ചാന്ദ്രമാസത്തിലൊന്ന് എന്ന കണക്കിലാണിത് മനുഷ്യനിൽ നടക്കുക. ഒരു ജോടി അണ്ഡാശയങ്ങളുള്ളത് വൃക്കയ്ക്കു സമീപം സ്ഥിതിചെയ്യുന്നു. മാസത്തിൽ ഒന്ന് എന്ന കണക്കിൽ അണ്ഡം വളരുന്നത് ഗ്രാഫിയൻ ഫോളിക്കിൾ എന്ന ഒരാവരണഭാഗത്തിലാണ്. ഇതിനു മൂന്നു പ്രധാനമായ കോശനിരകളുണ്ട്. ഏറ്റവും അന്തർഭാഗത്തുള്ള കോശനിരകൾക്കകത്ത് തിങ്ങിക്കൂടുന്ന, ദ്രവപദാർഥത്തിന്റെ സമ്മർദഫലമായി ഫോളിക്കിൾ പൊട്ടുകയും അണ്ഡം സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. നോ: അണ്ഡാശയം-മനുഷ്യനിൽ, ജനിപുടം.
മനുഷ്യനിലെ അണ്ഡാശയം
[തിരുത്തുക]സ്ത്രീകളുടെ പ്രത്യുത്പാദനാവയവമാണ് അണ്ഡാശയം. ബദാംപരിപ്പിന്റെ ആകൃതിയിൽ വെളുത്ത് ഉപസ്ഥാശയത്തിൽ (pelvic cavity)[13] സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥികൾ ഗർഭാശയത്തിന്റെ (Uterus) പിന്നിൽ, രണ്ടു പാർശ്വങ്ങളിലുമായി യൂട്ടെറോ-ഓവേറിയൻ സ്നായുക്കൾ (utero-ovarian ligament)[14] കൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 4 സെ.മീ. നീളവും 2 സെ.മീ. വീതിയും അര സെ.മീ. ഘനവുമുണ്ട്. ഉത്പാദനകോശങ്ങളായ അണ്ഡങ്ങൾ (Ova) രൂപം പ്രാപിക്കുന്നതും വളർച്ച മുഴുമിക്കുന്നതും അണ്ഡാശയങ്ങൾക്കുള്ളിലാണ്. ഇതുകൂടാതെ രണ്ടു സുപ്രധാന ഹോർമോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തെ തത്സ്ഥാനത്തു താങ്ങി നിർത്തുന്നത് ഇൻഫണ്ടിബുലോ പെൽവിക് ലിഗമെന്റ് (infundibulo-pelvic ligament),[15] ബ്രോഡ് ലിഗമെന്റ് എന്നീ അണ്ഡാശയസ്നായുക്ക(ligament ovarii)ളാണ്. പ്രായപൂർത്തിയെത്തിയ അണ്ഡാശയങ്ങൾ ചെറുതും നീണ്ടതുമായിരിക്കും. സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്ന അവസരത്തിൽ ഈ ഗ്രന്ഥികൾക്ക് ലോപനം (atrophy) സംഭവിക്കുന്നു. ഓരോ അണ്ഡാശയത്തിനുള്ളിലും പ്രാഥമിക അണ്ഡകോശങ്ങൾ എന്ന ആയിരക്കണക്കിന് പ്രത്യുല്പാദന കോശങ്ങളുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിന്റെ ഏകദേശം പകുതിയോടെ, ഏതാണ്ട് പതിനാലാം ദിവസത്തോടെ അണ്ഡവിസർജനം (Ovulation) നടക്കുന്നു. ഈ സമയത്ത് ഒരണ്ഡം ഓവറിയിൽ നിന്നും വിസർജ്ജിക്കുന്നു. ഗർഭധാരണം നടക്കാൻ സാധ്യത കൂടിയ ദിവസങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്. ശരീര താപനിലയിൽ ഉള്ള നേരിയ വർദ്ധനവ്, നേർത്ത യോനീസ്രാവം എന്നിവ അണ്ഡവിസർജനത്തിന്റെ ലക്ഷണങ്ങളാണ്. അതിനാൽ വന്ധ്യതാ ചികിത്സയിലും കുടുംബാസൂത്രണത്തിലും ഓവുലേഷൻ സവിശേഷ പങ്ക് വഹിക്കുന്നു. [16]
ഘടന
[തിരുത്തുക]അണ്ഡാശയത്തെ കോർട്ടെക്സ് (cortex) എന്നും മെഡുല്ലാ (medulla) എന്നും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. കോർട്ടെക്സിനുള്ളിൽ പ്രാഥമിക ബീജാങ്കുരണം നടക്കുന്നു. ഗ്രാഫിയൻ ഫോളിക്കിൾ (graffian follicle) രൂപപ്പെടുന്നതും ഇതിനുള്ളിൽ നിന്നാണ്. മെഡുല്ലാ ധമനീയുക്തമായ കോശങ്ങളാൽ നിർമിതമാണ്. അണ്ഡാശയത്തിന്റെ ബാഹ്യകവചമാണ് ട്യൂണിക്കാ ആൽബുജീനിയാ (tunica albugenia).[17] ആദ്യദശയിൽ ഈ ആവരണം
മൃദുലമായിരിക്കുമെങ്കിലും പിന്നീട് അണ്ഡാണുക്കളുടെ ക്രമാനുസൃതമായ സഞ്ജാതപ്രക്രിയയുടെ പരിണതഫലമായി സുഷിരാത്മകമായിത്തീരുന്നു. പേശികളും സംയോജന കലകളും (connective tissues)[18] കൊണ്ടു നിർമിതമാണ് മെഡുല്ലാ. രക്തവാഹികൾ, ലസികാവാഹികകൾ (lymph vessels), നാഡികൾ (nerves) എന്നിവ ഇതിലുണ്ടായിരിക്കും. അണ്ഡാശയങ്ങളുടെ പ്രധാനപ്രവർത്തനങ്ങൾ നടക്കുന്നത് കോർട്ടെക്സിനുള്ളിലാണ്. കോർട്ടെക്സിന് ജെർമിനൽ എപ്പിത്തീലിയം (germinal epithelium),[19] സ്ട്രോമ (stroma), ഗ്രാഫിയൻ ഫോളിക്കിൾ എന്നീ ഭാഗങ്ങളുണ്ട്. വെളുത്തും അല്പം നീലച്ചുമിരിക്കും ഈ ഭാഗം. ഓരോ ഗ്രാഫിയൻ ഫോളിക്കിളും ഓരോ വിഭവാണ്ഡം (potential egg) ആണ്. ജനനസമയത്ത് ഒരു പെൺകുട്ടിയിൽ 30,000 മുതൽ 300,000 വരെ അണ്ഡാണുക്കൾ കാണപ്പെടുന്നു. പ്രായപൂർത്തി വരുന്നതോടെ ഈ സംഖ്യ 35,000-ത്തിൽ എത്തുന്നു. ഇവ ജെർമിനൽ എപ്പിത്തീലിയത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത്. ഓരോ അണ്ഡോത്സർഗത്തിനും (ovulation)[20] ഒരു പുടകം (follicle)[21] പാകമായിത്തീരും; അതിനുശേഷം അണ്ഡം പുറത്തേക്കു വിക്ഷേപിക്കപ്പെടുന്നു. ഒരു അണ്ഡാണുവിന് ഏകദേശം 0.15 മി.മീ. വ്യാസമുണ്ടായിരിക്കും. പ്രായപൂർത്തി വരുന്നതു മുതൽ ആർത്തവവിരാമം (menopause)[22] വരെ, ഓരോ ഉത്സർഗത്തിനും ഓരോ അണ്ഡാണു പുറത്തുവരുന്നു. പുടകം പൊട്ടി വെളിയിൽ വരുന്ന അണ്ഡം ഉത്പാദനശേഷിയുള്ളതായിരിക്കും. അണ്ഡാശയത്തിനുള്ളിലെ പേശികളുടെ സങ്കോചംമൂലമാണ് ഈ പൊട്ടൽ സംഭവിക്കുന്നത്. അണ്ഡം പെരിട്ടോണിയൽ കാവിറ്റി (peritonial cavity)ക്കുള്ളിൽ ഇപ്രകാരം വീഴ്ത്തപ്പെടുന്നു. ബീജസങ്കലനം (fertilization)[23] നടക്കാത്ത അണ്ഡാണുവിന് ക്ഷയം സംഭവിക്കുകയും അതു പിന്നീട് ആർത്തവ രക്തത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
[തിരുത്തുക]അണ്ഡം (ovum),[24] ലൈംഗികഹോർമോണുകൾ (sex hormones),[25] കോർപ്പസ്ലൂട്ടിയം (corpusluteum)[26] എന്നിവയുടെ ഉത്പാദനക്രിയ നടക്കുന്നതിനുള്ള ശരീരക്രിയാപരമായ പ്രവർത്തനങ്ങൾ അണ്ഡാശയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. സ്തനങ്ങളുടെ വളർച്ച, പ്രായപൂർത്തി വരുമ്പോൾ ജഘനപ്രദേശത്തും (pubic area), കക്ഷങ്ങളിലും ഉണ്ടാകുന്ന രോമാങ്കുരണങ്ങൾ ഇത്യാദി സ്ത്രീസഹജമായ മാറ്റങ്ങൾ പ്രത്യക്ഷമാകുന്നത് അണ്ഡാശയഹോർമോണുകളായ ഈസ്ട്രാഡൈയോൾ (Estradiol),[27] പ്രോജൈസ്റ്റിറോൺ (Progesterone)[28] എന്നിവയുടെ പ്രവർത്തനത്താലാണ്. ഇവയുടെ പ്രവർത്തനത്താൽ ഗർഭാശയം, ഫലോപ്പിയൻ ട്യൂബ് (fallopian tube),[29] യോനി എന്നിവയുടെ വളർച്ചയും സംഭവിക്കുന്നു. ആർത്തവചക്രത്തിന്റെ (menstrual cycle)[30] ക്രമാനുസൃതമായ ആവർത്തനം പ്രസ്തുത ഹോർമോണുകളുടെ ചാക്രീയ (cyclical)[31] പ്രവർത്തനം മൂലമാണ് പ്രത്യക്ഷമാകുന്നത്. ബീജസങ്കലനവും പ്ലാസന്റായുടെ (placenta)[32] വളർച്ചയും മറ്റും ഈ ഹോർമോണുകളുടെ തുലനാത്മകതയെ ആശ്രയിച്ചിരിക്കും. ഈ തുലനസ്ഥിതിക്കു വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ഗർഭച്ഛിദ്രം സംഭവിക്കാനുമിടയുണ്ട്.
അണ്ഡാശയ രോഗങ്ങൾ
[തിരുത്തുക]അണ്ഡാശയങ്ങൾ പല കാരണങ്ങളാലും ശോധാത്മകമാകാറുണ്ട് (inflammatory). പിന്നീട് പലതരം സിസ്റ്റുകൾ (cyst) അണ്ഡാശയത്തിൽ ഉണ്ടാകാം. അവ പാപ്പിലറി സിസ്റ്റുകളോ സൂഡോമൂസിനസ് സിസ്റ്റുകളോ (pseudomucinous cysts) ആയിരിക്കാനിടയുണ്ട്. കൂടാതെ ക്യാൻസറും വിരളമല്ല. അർബുദ ട്യൂമറുകളായ (malignant tumor)[33] അഡിനോകാർസിനോമകൾ (adenocarcinoma),[34] ക്രൂക്കൻബെർഗ് ട്യൂമർ, സാർക്കോമകൾ (sarcomas)[35] എന്നിവയെല്ലാം അണ്ഡാശയത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.
കൂടാതെ ഈ ഗ്രന്ഥികളുടെ അധിപ്രവർത്തനത്താൽ പെൺകുട്ടികളിൽ ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ (secondary sexual characters)[36] വളരെ നേരത്തെ പ്രത്യക്ഷമാകുകയും അതിനോടനുബന്ധിച്ച് അകാലാർത്തവം ഉണ്ടാകുകയും ചെയ്തേക്കാം. അണ്ഡാശയങ്ങളുടെ പ്രവർത്തനത്തിന്റെ മാന്ദ്യത്താൽ ആർത്തവരാഹിത്യം, ആർത്തവസംബന്ധമായ രോഗങ്ങൾ, ഗർഭാശയത്തിന്റെ വളർച്ചക്കുറവ്, ലൈംഗികതാല്പര്യക്കുറവ്, യോനിവരൾച്ച അഥവാ ലൂബ്രിക്കേഷൻ ഇല്ലായ്മ, യോനിയിലെ അണുബാധ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന/ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. ജനനേന്ദ്രിയസംബന്ധമായ പല അപാകതകൾക്കും ഇതു കാരണമാകും. ഹോർമോണുകളുടെ അഭാവത്തിൽ ദ്വിതീയ ലൈംഗിക സ്വഭാവങ്ങളും കുറഞ്ഞെന്ന് വരാം. ഈ ഹോർമോണുകളുടെ സ്രാവം മധ്യവയസ്കരായ സ്ത്രീകളിൽ താനേ നിന്നുപോകുന്നതിനാൽ ആർത്തവം പിന്നീടുണ്ടാകുന്നില്ല. അതിനാൽ അണ്ഡാശയങ്ങളിലെ ഹോർമോണുകളുടെ പ്രഭാവപ്രസരണത്തിനു വിധേയമാകുന്ന ഗർഭാശയം തുടങ്ങിയ എല്ലാ അവയവങ്ങൾക്കും ഈ കാലഘട്ടത്തിൽ ലോപനം സംഭവിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "വോൾവൊക്കെയിൽസ്". Archived from the original on 2010-06-26. Retrieved 2011-05-05.
- ↑ ക്ലാമിഡോമോണാസ്
- ↑ വോൾവോക്സ്
- ↑ "സ്പോഞ്ചു". Archived from the original on 2011-07-27. Retrieved 2011-05-05.
- ↑ സീലന്ററേറ്റ
- ↑ അന്തരാളീകോശങ്ങൾ
- ↑ അണ്ഡസഞ്ചി
- ↑ "വിരകൾ". Archived from the original on 2011-03-14. Retrieved 2011-05-05.
- ↑ നത്തക്ക
- ↑ "കക്കകൾ". Archived from the original on 2012-05-05. Retrieved 2011-05-05.
- ↑ "കണവ". Archived from the original on 2011-01-09. Retrieved 2011-05-05.
- ↑ മൊളസ്കുകൾ
- ↑ ഉപസ്ഥാശയം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ യൂട്ടെറോ-ഓവേറിയൻ സ്നായുക്കൾ
- ↑ ഇൻഫണ്ടിബുലോ പെൽവിക് ലിഗമെന്റ്
- ↑ പേജ് 364, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ട്യൂണിക്കാ ആൽബുജീനിയാ (tunica albugenia).
- ↑ സംയോജന കലകൾ (connective tissues)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ജെർമിനൽ എപ്പിത്തീലിയം (germinal epithelium)
- ↑ അണ്ഡോത്സർഗം (ovulation)
- ↑ "പുടകം (follicle)". Archived from the original on 2014-02-13. Retrieved 2011-05-07.
- ↑ "ആർത്തവവിരാമം (menopause)". Archived from the original on 2011-10-04. Retrieved 2011-05-07.
- ↑ ബീജസങ്കലനം (fertilization)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അണ്ഡം (ovum)". Archived from the original on 2011-03-19. Retrieved 2011-05-07.
- ↑ ലൈംഗികഹോർമോണുകൾ (sex hormones)
- ↑ കോർപ്പസ്ലൂട്ടിയം (corpusluteum)
- ↑ "ഈസ്ട്രാഡൈയോൾ (Estradiol)". Archived from the original on 2011-06-19. Retrieved 2011-05-07.
- ↑ "പ്രോജൈസ്റ്റിറോൺ (Progesterone)". Archived from the original on 2011-07-28. Retrieved 2011-05-07.
- ↑ ഫലോപ്പിയൻ ട്യൂബ് (fallopian tube)
- ↑ ആർത്തവചക്രം (menstrual cycle)
- ↑ ചാക്രീയ (cyclical)
- ↑ പ്ലാസന്റാ (placenta)
- ↑ അർബുദ ട്യൂമറുകൾ(malignant tumor)
- ↑ "അഡിനോകാർസിനോമകൾ (adenocarcinoma)". Archived from the original on 2011-06-28. Retrieved 2011-05-07.
- ↑ "സാർക്കോമകൾ (sarcomas)". Archived from the original on 2011-05-01. Retrieved 2011-05-07.
- ↑ "ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ (secondary sexual characters)". Archived from the original on 2011-09-27. Retrieved 2011-05-07.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണ്ഡാശയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |