ആർത്തവവിരാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ: menopause. പ്രായപൂർത്തിയാവുന്നതോടെ സ്ത്രീകൾ മാസംതോറും ഒരു അണ്ഡം ഉല്പാദിപ്പിക്കുകയും അത് പ്രജനനം നടക്കാത്തപക്ഷം ആർത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ അണ്ഡോല്പാദനംതുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെയും ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. ആർത്തവ വിരാമം സ്ത്രീകളിൽ ശാരീരികവും മാനസികവുമായ പലമാറ്റങ്ങളൾക്ക് കാരണമാകുകയും ചെയ്യുന്നു. മനുഷ്യനിൽ മാത്രമല്ല തിമിംഗിലവർഗ്ഗത്തിൽ പെട്ട ചിലജീവികൾക്കും റീസസ് കുരങ്ങുകളിലും ക്രമമായ ആർത്തവം നടക്കുന്ന ജീവികളിലും ആർത്തവ വിരാമം ഉണ്ടാകാറുണ്ട്. ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, ടെൻഷൻ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, യോനീവരൾച്ച, ലൈംഗിക ബന്ധത്തിലെ വേദന, ലൈംഗിക വിരക്തി തുടങ്ങിയവ അവയിൽ ചിലത് മാത്രം.


കാരണം[തിരുത്തുക]

ശാസ്ത്രീയമായി ആർത്തവ വിരാമത്തെ ഒരു വർഷത്തിൽ കൂടുതൽ സമയം ആർത്തവം ഇല്ലാത്ത അവസ്ഥ എന്ന് പറയാം. ഒരു സ്ത്രീ പ്രായപൂർത്തിയാവുന്നതോടെ അവളുടെ പ്രത്യുല്പാദന അവയവങ്ങൾ പൂർണ്ണവളർച്ചയെത്തുന്നു. അതോടെ അവൾ ഗർഭധാരണത്തിന്‌ സജ്ജയായി എന്ന് പറയാം. ഇതിന്‌ സഹായിക്കുന്നത് ഈസ്ട്രജൻ, പൊജസ്റ്റീറോൺ എന്നീ അന്ത:ഗ്രന്ഥീ സ്രവങ്ങൾ (ഹോർമോൺആണ്‌. ഈസ്ട്രജൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും മാസത്തിൽ (28 ദിവസം) ഒരു അണ്ഡം എന്ന തോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. എല്ലാമാസവും ഗർഭധാരണം പ്രതീക്ഷിച്ചുകൊണ്ട് സ്ത്രീയുടെ ഗർഭാശയവും സജ്ജമാക്കപ്പെടുന്നു. രക്തക്കുഴലുകൾ വികസിച്ച് വലുതായി അണ്ഡത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഗർഭധാരണം നടക്കാത്ത പക്ഷം അണ്ഡോല്പാദനം കഴിഞ്ഞ് പതിനാലു ദിവസത്തിനകം ഗർഭാശയം പൂര്വ്വസ്ഥിതിയിലേക്ക് തിരിച്ചു പോകുന്നു. അപ്പോൾ വികസിച്ച രക്തക്കുഴലുകളും കോശങ്ങളും നശിച്ച് രക്തസ്രാവമായി പുറത്തു പോകുന്നു. ഇതാണ്‌ ആർത്തവം. ഇത് ദിവസങ്ങളോളം നീണ്ടു നിൽകാം. പല സ്ത്രീകളിലും ആർത്തവം ക്രമമാവാറില്ല, ഇതിന്‌ പല കാരണങ്ങൾ ഉണ്ട്. ഒരു സ്ത്രീക്ക് ആർത്തവം നടക്കുന്നു എങ്കിൽ അതിനർത്ഥം അവൾ പ്രത്യുല്പാദനശക്തിയുള്ളവളാണ്‌ എന്നാണ്‌.

ആണുങ്ങളുടേതു പോലെ വളരെക്കാലം പ്രത്യുല്പാദനശേഷി സ്ത്രീക്ക് ഉണ്ടാവാറില്ല. ഏകദേശം 50 വയസാവുന്നതോടെ ഈസ്ട്രജൻ പ്രവർത്തനം നിർത്തുകയും അണ്ഡോല്പാദനം മുടങ്ങുകയും ചെയ്യുന്നു. ഇതോടെ ആർത്തവ വിരാമം ഉണ്ടാകുന്നു. അണ്ഡാശയം ആണ്‌ ഈസ്ട്രജൻ ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രം. ഈസ്ട്രജൻ എല്ലുകളെ സം‌രക്ഷിക്കുകയും ആർത്തവം ക്രമപ്പെടുത്തുകയും ചെയ്യുന്നു. [1]


ചില സ്ത്രീകൾ അനേകവർഷകാലം തുടർച്ചയായി, സാധാരണ ഗതിയിൽ ആർത്തവം ആയതിനുശേഷം പൊടുനനേ വേ നിലയ്ക്കുന്നു. ഗർഭധാരണം നടന്നതാണെന്ന് തോന്നികും ുംവിധത്തിൽ ഇപ്രകാരം ആർത്തവം നിൽക്കുമ്പോൾ ഗർഭം ധരിച്ചതാണെന്നോ, അല്ലയോ എന്നറിയാനും മറ്റുമായി സംശയം ഉണ്ടാവാം. എന്നാൽ ചില സ്ത്രീകൾക്ക് കൃത്യമായി ആർത്തവം ഉണ്ടാ‍കുന്നു. പക്ഷേ ആർത്തവങ്ങൾക്കിടയിലുള്ള കാലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവിൽ ക്രമാനുസ്രതമായ കുറവ് വന്ന് ഒടുവിൽ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇനി മൂന്നാമതോരു വിഭാഗം സ്ത്രീകൾക്ക് കൃത്യമായി ആർത്തവമുണ്ടാവുകയും പിന്നീട് ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം, പോകുന്ന രക്തത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്ന്, ഒടുവിൽ ആർത്തവം നിലക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസമോ, രണ്ടുമാസമോ, മൂന്നു മാസമോ കഴിഞ്ഞതിനു ശേഷം വീണ്ടും അവർക്ക് ആർത്തവമുണ്ടാകുന്നു. വീണ്ടും അവർ തീണ്ടാരിയിരിക്കുമെങ്കിലും കാലദൈർഘ്യം കൂടിക്കുടി വരുകയും രക്തം പോക്കിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അവർക്കും ആർത്തവം പൂർണ്ണമായി നിന്നു പോകുന്നു. ഈ മൂന്നു വിഭാഗത്തില് പെട്ടവരിലും പൊതുവേ കാണുന്ന കാര്യം രക്തത്തിന്റെ അളവിലുള്ള കുറവും ആർത്തവങ്ങൾക്കിടയിലുള്ള കാലദൈഘ്യവുമാണ്. കാലത്തിന്റെ ദൈർഘ്യം കൂടിയും കുറഞ്ഞും കാണാം. എന്നാൽ ഈ മൂന്നു ആർത്തവ രീതികളിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു പ്രത്യേക ആർത്തവക്രമം ഉണ്ടാകുന്ന പക്ഷം അത് അസാധാരണമായി കണക്കാക്കി സുഷ്മാന്വേഷണത്തിൻ വിധേയമാക്കേണ്ടതാണ്. എന്നാൽ അത്തരം മിക്ക കേസുകളിലും യാതൊരു അസാധാരണത്വവും ഉണ്ടാകണമെന്നില്ല. എന്നാൽ വളരെ വലിയ അളവിൽ രക്തസ്രാ‍വവും , അത് നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുകയോ, (അഥവാ രക്തം പുരണ്ട ദ്രവം പോകുന്ന അവസ്ഥ ഇടയ്ക്കിടക്ക് ഉണ്ടാവുകയോ) ചെയ്യുന്നത് നിരീക്ഷണവിധേയമാവേണ്ടതാണ്. [2]

ഏകദേശ വയസ്സ്= 45- 55.

ലൈംഗിക പ്രശ്നങ്ങൾ[തിരുത്തുക]

ആർത്തവവിരാമമോ ഗർഭപാത്രം നീക്കം ചെയ്യലോ ഒരിക്കലും ലൈംഗിക ജീവിതത്തിന്റെ അവസാനമേയല്ല. ധാരാളം സ്ത്രീകൾ വാർദ്ധക്യത്തിലും സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ചില സ്ത്രീകളിൽ ആർത്തവവിരാമത്തോടെ ലൈംഗിക താൽപര്യക്കുറവ് കാണാറുണ്ട്. ഹോർമോണുകളുടെ അളവ് കുറയുന്നതോടെ യോനീ നാളത്തിലെ ചർമത്തിന് കട്ടി കുറയുക, "വഴുവഴുപ്പ് നൽകുന്ന സ്രവങ്ങളുടെ (Vaginal lubrication)" ഉത്പാദനം കുറയാം, അണുബാധയും ഉണ്ടായേക്കാം. ഇത് വിരസവും വേദനയുള്ളതുമായ ലൈംഗിക ബന്ധത്തിലേക്ക് നയിക്കാം. തുടർന്ന് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും അനുഭവപ്പെട്ടേക്കാം. പ്രായമായി എന്ന തോന്നലും, വിഷാദവും, ബാഹ്യകേളിയുടെ കുറവും ഇതിന്‌ ആക്കം കൂട്ടിയേക്കാം. അണുബാധ ഉള്ളവർ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ്.

മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായ കൃത്രിമമായി വഴുവഴുപ്പ് നൽകുന്ന കെവൈ ജെല്ലി പോലെയുള്ള നല്ല ലൂബ്രിക്കന്റുകൾ, മോയ്സചറൈസറുകൾ, ഹോർമോൺ ക്രീമുകൾ എന്നിവയുടെ ഉപയോഗം യോനീവരൾച്ച പരിഹരിക്കുകയും സുഖകരമായ ലൈംഗിക ബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ സമയം രതിപൂർവലീലകളിൽ (foreplay) ഏർപ്പെടുന്നത് വഴി സ്ത്രീക്ക് മതിയായ ലൈംഗിക ഉത്തേജനം ലഭിക്കുകയും ആവശ്യത്തിന് ലൂബ്രിക്കേഷൻ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യുന്നു. ആർത്തവവിരാമശേഷം കുറഞ്ഞത് മുപ്പതു മിനുട്ടെങ്കിലും ആസ്വാദ്യകരമായ ബാഹ്യകേളികൾക്ക് ചിലവഴിക്കുന്നത് മികച്ച ഉത്തേജനം നൽകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സന്തോഷകരമായ ലൈംഗികത ശാരീരിക-മാനസിക ആരോഗ്യം വർധിപ്പിക്കുകയും വാർധക്യത്തിലും ചുറുചുറുക്കും ഓർമശക്തിയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം ഇത് പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ വ്യായാമവും മികച്ച ഫലം നൽകും.

ഒരു ഡോക്ടറുടെ നിരീക്ഷണത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് എന്നിവ ലൈംഗിക വിരക്തി അകറ്റും. മാനസിക സമ്മർദവും, പ്രായമായി എന്നുള്ള തോന്നലും ഒഴിവാക്കുന്നത് മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കും.

ആവർത്തനവിരസത ഒഴിവാക്കി പുതുമയുള്ള ലൈംഗികരീതികൾ സ്വീകരിച്ചാൽ ജീവിതത്തിലെ "രണ്ടാം ഹണിമൂൺ" ഏതു പ്രായക്കാർക്കും ആസ്വദിക്കാം. ജീവിതത്തിൽ കൂടുതൽ പക്വത നേടുന്ന മധ്യവയസ്സിലും, വിശ്രമകാലമായ വാർധക്യത്തിലും മികച്ച ലൈംഗികജീവിതം സാധ്യമാവുകയും ചെയ്യും.

വിവിധ സംസ്കാരങ്ങളിൽ[തിരുത്തുക]

പ്രമാണധാരസൂചി[തിരുത്തുക]

  1. മെഡിസിൻ നെറ്റിൽ ആർത്തവത്തെ പറ്റി
  2. പേജ് 501, ആർത്തവ വിരാമം, ഇല്ലസ്ട്രേറ്റഡ് ഹ്യൂമൻ എൻസൈക്ലോപീഡിയ. ക്നോളെജ് പബ്ലിഷേർസ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ആർത്തവവിരാമം&oldid=2780363" എന്ന താളിൽനിന്നു ശേഖരിച്ചത്