വിഷാദരോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷൻ (Depression) എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികജീവിതം എന്നിവയെ വലിയ തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ, ബാല്യകാല മുതിർന്നവരിൽ ലൈംഗിക ചൂഷണത്തിന് ഇരയായവർ, ബലാത്സംഗത്തിന് ഇരയായവർ, സ്ത്രീകളിൽ പ്രസവാനന്തരം, ആർത്തവവിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്. ഇതിന്റെ ഫലമായി രോഗികൾ നിരാശയിൽ ആണ്ടുപോകാനും അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാ പ്രവണത കാണിക്കാനും സാധ്യതയുണ്ട്. അതീവ ഗുരുതരമായ പ്രസവാനന്തര വിഷാദം അമ്മയെയും കുഞ്ഞിനേയും മോശമായി ബാധിക്കാറുണ്ട്. മധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് കാണപ്പെടുന്ന അമിതമായ സങ്കടം, പെട്ടന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ, ലൈംഗികതാല്പര്യക്കുറവ് എന്നിവ വിഷാദരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചിട്ടയായ വ്യായാമത്തിന്റെ കുറവും വിഷാദരോഗം ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നു.[1] സിറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.[2] തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.[3]

വർഗ്ഗീകരണങ്ങൾ[തിരുത്തുക]

ഏകമുഖവിഷാദം(യുണീപോളാർ ഡിപ്രെഷൻ) : ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും ഏതാനും മാസങ്ങൾക്കകം പൂർണമായി ശമിക്കുകയും ചെയ്യുന്നതാണ്.എന്നാൽ വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും.ചിലപ്പോൾ ഓരോവർഷവും ചിലരിൽ ഏതാനും വർഷങ്ങളിലെ ഇടവേളയ്ക്കുശേഷം മാത്രം.എല്ലാ പ്രാവശ്യവും വിഷാദലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കിൽ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു.ഏകമുഖവിഷാദരോഗം ആണെന്നുറപ്പുണ്ടെങ്കിൽ വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്സ്) മാത്രം കൊണ്ടുള്ള ചികിത്സ ഫലപ്രദമായേക്കും.[2]

ദ്വിമുഖവിഷാദം(ബൈപോളാർ ഡിപ്രെഷൻ): ഈ രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.ഉന്മാദത്തിന്റെ പ്രത്യക്ഷലക്ഷണങ്ങൾ പ്രകടമായിട്ടില്ലെങ്കിലും പല രോഗികളിലും വിമുഖശ്രേണിയിൽ ഉൾപ്പെടുന്ന ലഹരിശീലം,പെരുമാറ്റ വൈകല്യങ്ങൾ,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകും.ഏകമുഖവിഷാദം ആണെന്ന് പ്രഥമദൃഷ്ടിയിൽ തോന്നിക്കുന്ന പല രോഗികളിലും ശ്രദ്ധാപൂർവം രോഗവിശകലനം നടത്തിയാൽ ദ്വിമുഖവിഷാദത്തിന്റെ തെളിവുകൾ കണ്ടെത്താം. ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്സ്) മതിയാകില്ല.വിഷാദവിരുദ്ധൗഷധങ്ങൾ മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി മോശമാകാനും കാരണമാകും.വികാരതുലനൗഷധങ്ങൾ കൂടി ശ്രദ്ധാപൂർവം ഉപയോഗിച്ചാണ് അവയെ ചികിത്സിക്കേണ്ടത്.[2]

മെലങ്കോളിക് ഡിപ്രെഷൻ: ഇതിൽ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയിൽ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.[3]

എടിപ്പിക്കൽ ഡിപ്രെഷൻ:ഈ രോഗികളിൽ അമിതമായ ഉറക്കം, കൂടുതൽ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.[3]

സൈക്കോട്ടിക് ഡിപ്രെഷൻ: ആരെക്കെയോ തന്നെ കൊല്ലാൻ വരുന്നു, ചുറ്റും ശത്രുക്കൾ ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ കൂടുതലായി കാണുന്നു.[3]

പോസ്റ്റ് പാർട്ടം ഡിപ്രെഷൻ : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു.[3] മൂഡ്‌ ഡിസോഡർ പ്രധാനമായും രണ്ടു തരത്തിലുണ്ട് -

   വിഷാദ രോഗം (അഥവാ depressive disorder)
   ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡിൽ, അത്യാഹ്ലാദം, അതികഠിനമായ ദുഃഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാർ മൂഡ്‌ ഡിസോഡർ. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദുഃഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.

ലക്ഷണങ്ങൾ[തിരുത്തുക]

വിഷാദരോഗത്തിൽ നിരാശ,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ്, രതിമൂർച്ഛ ഇല്ലായ്മ എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.[4]

  • ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
  • അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
  • വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
  • അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്
  • വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
  • ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
  • കൂടുതലായോ കുറവായോ ഉറങ്ങുക.
  • പതിവിൽ കുറഞ്ഞതോ അമിതമായതോവായ ലൈംഗികതാല്പര്യം. പുരുഷനിൽ ഉദ്ധാരണക്കുറവ്, താല്പര്യക്കുറവ്, സ്ത്രീകളിൽ യോനിവരൾച്ച, ലൈംഗിക ബന്ധത്തിൽ വേദന തുടങ്ങിയവ[3]

കാരണങ്ങൾ[തിരുത്തുക]

നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കൾ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ്‌ വിഷാദത്തിൽ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌.[5].ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.[6] പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക.[3]

  • പീഡാനുഭവങ്ങൾ നിറഞ്ഞ ബാല്യം,കൗമാരം.
  • സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക്, പിണക്കങ്ങൾ.
  • ഉറ്റബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്.
  • ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
  • പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
  • വിവാഹമോചനം, പ്രണയനൈരാശ്യം, ജോലി നഷ്ടപ്പെടൽ തുടങ്ങിയവ മാനസിക ശാരീരിക തീരാരോഗങ്ങൾ[7].

പ്രസവശേഷം[തിരുത്തുക]

  • പ്രധാനമായും രണ്ട് കാലഘട്ടങ്ങളിൽ സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഒന്ന് പ്രസവശേഷം, മറ്റൊന്ന് മധ്യവയസ്ക്കരിൽ ആർത്തവവിരാമ സമയത്തും.
  • പ്രസവത്തിന് ശേഷം വിഷാദം ഉണ്ടാകുന്നു. ഇത് മിക്കപ്പോഴും താൽക്കാലികമായിരിക്കും. ചിലരിൽ ഇത് നീണ്ടുനിന്നേക്കാം. ചിലപ്പോൾ ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടിയോടുള്ള താല്പര്യക്കുറവ്, തുടർച്ചയായി വിലപിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
  • ഇതിന്റെ കുറച്ചു ഗുരുതരമായ അവസ്ഥയാണ് "പോസ്റ്റ്പാർട്ടം ഡിപ്രഷൻ'. പത്തുപേരിൽ 1- 2 പേർക്ക്​ ഈ അവസ്ഥ ഉണ്ടാവുന്നു എന്നാണ് കണക്കുകൾ. വികസ്വര രാജ്യങ്ങളിൽ 20% (അഞ്ചിലൊന്ന്) അമ്മമാരിൽ ഈ പ്രശ്നമുണ്ടാവുന്നുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം. ചിലപ്പോൾ മാസങ്ങളോളം നിൽക്കാം. ഇതിലും കുറച്ചു കൂടുതൽ ഗുരുതരമായ അവസ്ഥയാണ് "പോസ്റ്റ്പാർട്ടം സൈക്കോസിസ്‌'. 1000 അമ്മമാരിൽ ഒരാൾക്കങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. അമ്മയുടെ ആത്മഹത്യ മുതൽ കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിനുവരെ ഇത് കാരണമാവാം. ഈ അവസ്ഥകളുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പ്രസവാനന്തരം ഹോർമോണുകളുടെ അളവിലുണ്ടാവുന്ന വ്യതിയാനങ്ങൾ, ഗർഭധാരണത്തിന് മുമ്പേയുണ്ടായിരുന്ന വിഷാദം- ഉത്കണ്ഠ, ശാരീരിക- മാനസികമോ  പീഡനങ്ങൾ, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ, കുഞ്ഞിൻ്റെ ഭാവിയെ പറ്റിയുള്ള ആകുലതകൾ, സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥകൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന്റെ ഉത്ഭവത്തിന് പ്രചോദനമാകുന്നുവെന്നാണ് പഠനങ്ങൾ. ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം, ഒന്നിനോടും താൽപ്പര്യമില്ലായ്മ, കുഞ്ഞിനു വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുക, ഉൽക്കണ്ഠ, വിഷാദം, അമിത ക്ഷീണം, ദേഷ്യം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെയോ സ്വയമേയോ മുറിവേൽപ്പിക്കാനുള്ള പ്രവണത, കുഞ്ഞിനെ കൊല്ലാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പ്രസവശേഷം ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ സ്വയം തിരിച്ചറിയുകയോ കൂടെയുള്ളവർ മനസിലാക്കുകയോ ചെയ്ത് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്[8].

ആർത്തവവിരാമ ഘട്ടത്തിൽ[തിരുത്തുക]

  • സ്‌ത്രീകളിൽ ആർത്തവചക്രത്തിന്റെ അവസാനത്തെയാണ്‌ ആർത്തവ വിരാമം (Menopause) എന്ന് പറയുന്നത്‌. പൊതുവേ ആർത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌ 45 മുതൽ 55 വയസിന് ഇടയിലാണ്‌. ഹോർമോൺ വ്യതിയാനങ്ങളിലൂടെയും നിരവധി വെല്ലുവിളികളിലൂടെയും സ്ത്രീ കടന്നു പോകുന്ന സമയമാണിത്‌. ഈസ്‌ട്രജൻ, പ്രൊജസ്‌റ്റെറോൺ എന്നി സ്‌ത്രീ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം ഉണ്ടാകുന്നു. ഇതേത്തുടർന്നു സ്‌ത്രീകൾക്ക് വിഷാദവും മറ്റ്‌ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായി കാണുന്നു. ഈ സമയത്ത്‌, സ്‌ത്രീകൾക്ക്‌ ശരീരത്തിന്റെ ചൂടു അമിതമായി കൂടുന്നതായി അനുഭവപ്പെടുക, ഉറക്കം നഷ്ടപ്പെടുക, ക്ഷീണം, യോനിചർമം നേർത്തുവരിക, യോനിയിലെ ഉൾതൊലിയിൽ വരൾച്ച, അതുമൂലം ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും എന്നിവ കാരണം ലൈംഗിക താൽപര്യവും കുറയാം. ഇതിനെല്ലാം പുറമെ പെട്ടന്നുള്ള കോപം, ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, സ്‌തനങ്ങൾക്ക്‌ രൂപമാറ്റം സംഭവിക്കുക തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ള പ്രശ്‌നങ്ങൾക്ക്‌ മേനോപോസ് കാരണമായേക്കാം. മിക്കപ്പോഴും വിഷാദത്തിലായിരിക്കുക, സാധാരണ പ്രവൃത്തികളിലും ബന്ധങ്ങളിലും താല്പര്യമില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ സൂചനകളിലൂടെ വിഷാദരോഗത്തെ തിരിച്ചറിയാം[9] .

എങ്ങനെ നിയന്ത്രിക്കാം[തിരുത്തുക]

പ്രധാനമായും വിഷാദരോഗം ഉണ്ടായാൽ ശാസ്ത്രീയമായ ചികിത്സ തന്നെ സ്വീകരിക്കണം. ഒരു മാനസികാരോഗ്യ വിദഗ്ദന് ഇക്കാര്യത്തിൽ സഹായിക്കാൻ സാധിക്കും. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക. ശാരീരികാധ്വാനം വേണ്ട വ്യായാമം പതിവാക്കുക, പ്രത്യേകിച്ച് നടത്തം, ജോഗിംഗ്, നീന്തൽ, നൃത്തം, ആയോധനകലകൾ ഇവയിലേതെങ്കിലും നിത്യവും ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു. ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ ധാരാളം കഴിക്കുക. നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ്റൂമിൽ നിന്ന് ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക. സാമൂഹിക പ്രവർത്തനം പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക. പൂർണതയോ, മത്സരബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക. ശരിയായ രീതിയിലുള്ള ലൈംഗികജീവിതം നയിക്കാൻ ശ്രമിക്കുക. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. അൻപത് വയസിനോടടുക്കുന്ന സ്ത്രീകൾ ബന്ധപ്പെടുമ്പോൾ ഏതെങ്കിലും ജലാധിഷ്ഠിത ലൂബ്രിക്കന്റ് ഉപയോഗിക്കണം. ഇവ യോനിവരൾച്ചയും വേദനയും പരിഹരിക്കുക മാത്രമല്ല ലൈംഗിക ആസ്വാദ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി).

മാനസികോല്ലാസത്തിന് സമയം കണ്ടെത്തുക[10].

ചികിൽസകൾ[തിരുത്തുക]

ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേർന്നതാണ് വിഷാദരോഗത്തിന്റെ ചികിൽസ.മസ്തിഷ്കത്തിലെ സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുപകരിക്കുന്ന എസ്.എസ്.ആർ.ഐ,എസ്.എൻ.ആർ.ഐ,മോണോഅമീൻ ഓക്സിഡേസ് ഇൻഹിബിറ്റർ,ട്രൈസൈക്ലിക് ആന്റി ഡിപ്രെസ്സെന്റ്സ് എന്നീ മരുന്നുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.ബൈപോളാർ ഡിപ്രെഷൻ ഉള്ളവർക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന മൂഡ് സ്റ്റെബിലൈസർ മരുന്നുകൾ വേണ്ടി വരും.സൈക്കോട്ടിക് ഡിപ്രെഷൻ ഉള്ളവർക്ക് മാനസിക വിഭ്രാന്തി മാറ്റാൻ ഉപയോഗിക്കുന്ന ആന്റി സൈക്കോട്ടിക് ഔഷധങ്ങൾ വേണ്ടി വരാം.മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബിഹേവിയർ തെറാപ്പി,മൈൻഡ് ഫുൾനെസ്സ്,റിലാക്സേഷൻ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന മഃനശാസ്ത്ര ചികിൽസകളാണ്.[4].[6] ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി എന്ന വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതി ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറയ്ക്കാൻ വളരെയധികം സഹായകരമാണ്. അതുവഴി മേനോപോസ് ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീശരീരം അതിനോട് ഒത്തുപോകാനുള്ള സാഹചര്യം ഉണ്ടാകുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.
  2. 2.0 2.1 2.2 http://news.keralakaumudi.com/news.php?nid=47cee13b0d9572ad05ce6b404d5fd620
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.
  4. 4.0 4.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.
  5. http://beta.mangalam.com/health/family-health/177753?page=0,1#sthash.o5IbO52y.dpuf[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 https://www.inkling.com/read/lippincotts-pharmacology-harvey-champe-5th/chapter-12/ii--mechanism-of-antidepressant
  7. "Clinical depression - NHS".[പ്രവർത്തിക്കാത്ത കണ്ണി]
  8. "postpartum depression".[പ്രവർത്തിക്കാത്ത കണ്ണി]
  9. "Menopause and depression".[പ്രവർത്തിക്കാത്ത കണ്ണി]
  10. "treatment".[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിഷാദരോഗം&oldid=3833731" എന്ന താളിൽനിന്ന് ശേഖരിച്ചത്