നിഹിലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nihilism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യാതൊന്നിലും വിശ്വസിക്കാതിരിക്കുക, എല്ലാ യാഥാർഥ്യങ്ങളെയും നിഷേധിക്കുക എന്ന താത്വിക സമീപനം ആണ് 'നിഹിലിസം' . സമ്പൂർണമായ അവിശ്വാസം അതിൽ അന്തർഭവിച്ചിരിക്കുന്നു. സന്ദേഹവാദത്തിന്റെ പരമമായ രൂപമാണത്. ശൂന്യതാവാദം എന്ന് മലയാളത്തിൽ അതു തർജമ ചെയ്യപ്പെട്ടിട്ടുണ്ട് .

ചരിത്രം[തിരുത്തുക]

സാർ ഭരണത്തിൻ കീഴിൽ റഷ്യയിൽ ഉണ്ടായിരുന്ന സ്ഥാപനങ്ങളെയും സ്ഥാപിതതാത്പര്യങ്ങളിൽ അധിഷ്ഠിതമായിരുന്ന മതത്തെയും അവയോടു ബന്ധപ്പെട്ട വിശ്വാസങ്ങളെയും പാടേ ചോദ്യംചെയ്യുകയും അവയെല്ലാം നിർമാർജ്ജനം ചെയ്തു തികച്ചും വ്യത്യസ്തമായ ഒരടിസ്ഥാനത്തിൽ സമൂഹത്തെ ഉടച്ചുവാർക്കാൻ ആഗ്രഹിക്കുകയും ചെയ്ത ഒരുസംഘം യുവധിഷണാശാലികളാണ് നിഹിലിസത്തെ ഒരു പ്രസ്ഥാനമെന്ന നിലയിൽ വളർത്തിയത്. അവരുടെ സംഘം ഒരു ഭീകരപ്രസ്ഥാനമായി അവിടെ വളർച്ച പ്രാപിച്ചിരുന്നു. പാരമ്പര്യത്തെയും ധർമമെന്ന ആശയത്തെയും വിശുദ്ധമെന്നു കരുതപ്പെട്ടിരുന്ന എല്ലാറ്റിനെയും അവർ എതിർത്തു. നിഹിലിസ്റ്റുകളിൽ ചിലർ സയൻസിനോട് ആഭിമുഖ്യമുള്ളവരും യുക്തിവാദത്തെയും ഭൗതികവാദത്തെയും അംഗീകരിച്ചിരുന്നവരുമാണ്. പല നിഹിലിസ്റ്റുകളും നിരീശ്വരവാദികളായിരുന്നു. പലരും രാഷ്ട്രീയപ്രവർത്തനങ്ങളിൽ വ്യാപൃതരായി. കുടുംബപരമായ സ്വേച്ഛാധിപത്യത്തെയും അവർ എതിർത്തിരുന്നു. ജനസാമാന്യത്തിന് യാതൊന്നിലും താത്പര്യമില്ലെന്നും ഭരണകൂടത്തിന് യാതൊന്നും ചെയ്യാൻ കഴിവില്ലെന്നും അവർ കരുതി. മുൻവിധികൾ, മതവിശ്വാസങ്ങൾ, ആദർശപരത എന്നിവയിൽനിന്നു ജനങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി പല നിഹിലിസ്റ്റുകളും ലേഖനങ്ങൾ എഴുതുകയുണ്ടായി. കലയോട് അവരിൽ പലരും അവജ്ഞയാണ് പുലർത്തിയിരുന്നത്. ചിലർ സാഹിത്യത്തിലേക്കും നിഹിലിസം വ്യാപിപ്പിച്ചു. കുറെക്കാലം അവർ തങ്ങളുടേതായ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. 1866 ൽ അതു നിരോധിക്കപ്പെട്ടു. ഒരു ചിന്താഗതി എന്ന നിലയ്ക്കും പ്രസ്ഥാനമെന്ന നിലയ്ക്കും നിഹിലിസം ഏറെനാൾ നിലനിന്നില്ലെങ്കിലും പില്കാലത്ത് മാർക്‌സിസം തുടങ്ങിയ വിപ്ലവകരമായ തത്ത്വചിന്തകൾക്ക് റഷ്യയിൽ പ്രചാരം നേടുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കാൻ ഈ നിഷേധാത്മക പ്രവണതയ്ക്കു സാധിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഹിലിസം&oldid=3071333" എന്ന താളിൽനിന്ന് ശേഖരിച്ചത്