യോനീ വരൾച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീകളിൽ രതിസലിലം അഥവാ ലൂബ്രിക്കേഷന്റെ അഭാവത്തെ യോനി വരൾച്ച എന്ന് പറയുന്നു. ഇംഗ്ലീഷിൽ വാജിനൽ ഡ്രൈനെസ് (Vaginal dryness) അഥവാ വജൈനൽ ഡ്രൈനസ് എന്നറിയപ്പെടുന്നു. ലൈംഗിക ആസ്വാദനത്തെ തടയുന്നതും, സ്ത്രീകൾക്ക് ലൈംഗികബന്ധം വേദനാജനകമാക്കുന്നതും, യോനിയിൽ മുറിവുകളോ അണുബാധയോ ചൊറിച്ചിലോ ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നതും, പുരുഷന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ഒരു ആരോഗ്യ പ്രശ്നമാണ് യോനീ വരൾച്ച. പല സ്ത്രീകളും ഇത് പങ്കാളിയോടോ ഡോക്ടറോടോ പോലും തുറന്നു ചർച്ച ചെയ്യാതെ സഹിക്കാറാണ് പതിവ് എന്ന്‌ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു. ഈ അവസ്ഥയിൽ ലൈംഗികബന്ധം നടന്നാൽ ഘർഷണം മൂലം ഇരുവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് കടുത്ത വേദന ഉള്ളതും (വേദനാജനകമായ ലൈംഗികബന്ധം), പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഇത്തരക്കാർക്ക് രതിമൂർച്ഛയും സംതൃപ്തിയും ഉണ്ടാകാൻ സാധ്യത കുറവാണ്. ഇത് സ്ത്രീക്ക് ലൈംഗിക താല്പര്യക്കുറവ് ഉണ്ടാകുവാനും, ചിലപ്പോൾ യോനീസങ്കോചം (vaginismus) ഉണ്ടാകുവാനും പങ്കാളിയോട് വിരോധത്തിനും ഇടയാക്കുന്നു. സംഭോഗം ഒഴിവാക്കുവാനുള്ള ഒരു പ്രധാന കാരണം കൂടിയാണ് ഇത്.

ഏതു പ്രായക്കാരായ സ്ത്രീകളിലും യോനിവരൾച്ച ഉണ്ടാകാം. അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പൊതുവേ ഈസ്ട്രജൻ ഹോർമോണിന്റെ കുറവാണ് യോനി വരൾച്ച ഉണ്ടാകാൻ പ്രധാന കാരണം. ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിന്റെ പ്രവർത്തന ഫലമായാണ് യോനിയിൽ നനവും വഴുവഴുപ്പും ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലാണ് സ്ത്രീകളിൽ യോനി വരൾച്ച ഉണ്ടാകാറുള്ളത്. ആർത്തവവിരാമത്തിനും അതിന് ശേഷവുമുള്ള കാലങ്ങളിൽ, പ്രസവശേഷം മുലയൂട്ടുന്ന മാസങ്ങളിൽ, ആർത്തവചക്രവുമായി ബന്ധപ്പെട്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ സ്ത്രീകളിൽ ഇത്‌ സാധാരണമാണ്. കൂടാതെ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും ഉത്തേജനക്കുറവും യോനിയിൽ വരൾച്ചയും ഉണ്ടാകാം. ഒന്നാമതായി ആർത്തവവിരാമം എന്ന ഘട്ടത്തിലെത്തിയ (Menopause) സ്ത്രീകളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവാണ് കാരണം. പൊതുവേ 45 മുതൽ 55 വയസ് പിന്നിട്ട സ്ത്രീകളിലാണ് ഇത് ഉണ്ടാകാറുള്ളത്. ഇത് മേനോപോസിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണ്. യോനിവരൾച്ചയും വേദനയും കാരണം പല മധ്യവയസ്ക്കരും, പ്രായമായ സ്ത്രീകളും ലൈംഗിക വിരക്തി പ്രകടിപ്പിക്കാറുണ്ട്. ഈ അവസ്ഥയിൽ ലൈംഗിക ബന്ധം നടന്നാൽ ചിലപ്പോൾ ജനനേന്ദ്രിയത്തിൽ കടുത്ത വേദനയും പൊറലുകളും ചെറിയ മുറിവുകളും രക്തസ്രാവവും മറ്റും ഉണ്ടാകാം. രണ്ടാമതായി പ്രസവത്തിന് ശേഷം കുട്ടിക്ക് മുലയൂട്ടുന്ന കാലങ്ങളിൽ ഹോർമോൺ വ്യതിയാനം മൂലം ഇങ്ങനെ സംഭവിക്കാം. മൂന്നാമത്തേത് ആർത്തവ ചക്രവുമായി ബന്ധപെട്ടു കിടക്കുന്നു. ആർത്തവത്തിന് ശേഷം ഓവുലേഷന് മുൻപായി വരുന്ന കുറച്ചു ദിവസങ്ങളിൽ യോനിയിൽ ലൂബ്രിക്കേഷൻ കുറയാൻ സാധ്യതയുണ്ട്.

കൂടാതെ ഇതിന് ശാരീരികവും മാനസികവുമായ പല കാരണങ്ങൾ ഉണ്ട്. യുവതികളിൽ ആമുഖലീല അഥവാ ഫോർപ്ലേയുടെ (ബാഹ്യകേളി) കുറവ് മൂലമാണ് പ്രധാനമായും യോനി വരൾച്ച ഉണ്ടാകുന്നത്. ഇത്തരം ആളുകൾ ആവശ്യത്തിന് സമയം ആമുഖലീലകൾ ആസ്വദിച്ചെങ്കിൽ മാത്രമേ യോനിയിൽ നനവും ഉത്തേജനവും ഉണ്ടാവുകയുള്ളൂ. ആരോഗ്യ പ്രശ്നങ്ങൾ മൂലവും ഇത്‌ സംഭവിക്കാം. ഹോർമോൺ അസന്തുലിതാവസ്ഥ, യോനിയിലെ അണുബാധ, പ്രമേഹം, മലബന്ധം, ഓവറി നീക്കം ചെയ്യൽ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഗര്ഭനിരോധന ഗുളികകൾ, കാൻസർ ചികിസയായ കീമോതെറാപ്പി, ചില മരുന്നുകൾ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, നിർജലീകരണം, ഗർഭാശയ മുഴകൾ തുടങ്ങിയ സ്ത്രീരോഗങ്ങൾ എന്നിവയൊക്കെ കാരണം യോനിവരൾച്ച ഉണ്ടാകാം. യോനി മുറുകി ഇരിക്കുന്നതിനാൽ പുരുഷനും ലിംഗ പ്രവേശനം ബുദ്ധിമുട്ടാകാം. മാനസിക കാരണങ്ങളിൽ വിഷാദം, വാജിനിസ്മസ് അഥവാ യോനീസങ്കോചം, നിർബന്ധിച്ചുള്ള ലൈംഗികബന്ധം, ബലാത്സംഗം, പങ്കാളിയോടുള്ള താല്പര്യക്കുറവ്, ലൈംഗികതയോടുള്ള വെറുപ്പ്, സ്ട്രെസ്, പങ്കാളിയുടെ ശുചിത്വക്കുറവ്, വായ്നാറ്റം തുടങ്ങിയ പലവിധ കാരണങ്ങൾ ലൂബ്രിക്കേഷനെ മോശമായി ബാധിച്ചേക്കാം. അലൈംഗികർക്ക് ചിലപ്പോൾ ഇതുണ്ടായില്ലെന്നും വരാം. രതിജലത്തിന്റെ അഭാവത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകുന്ന പോറലുകളിലൂടെ എയ്‌ഡ്‌സ്‌ മുതലായ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) പെട്ടെന്ന് പകരാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളിൽ ശാസ്ത്രീയമായ ബോധവൽക്കരണത്തിന്റെ അഭാവം, അറിവില്ലായ്മ എന്നിവ ഒരു പ്രശ്നമാകാറുണ്ട്. യോനിവരൾച്ച ഉള്ളവർ ഒരു ഡോക്ടറെ കണ്ടു ശരിയായ ചികിത്സ എടുക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. എന്നാൽ പലപ്പോഴും ഇക്കാര്യങ്ങൾ ആരോഗ്യ പ്രവർത്തകരോട് പോലും തുറന്നു ചർച്ച ചെയ്യാൻ പലരും മടിക്കുന്നു. ഇത്‌ പലപ്പോഴും ബന്ധങ്ങൾ വഷളാകുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാറുണ്ട്. ഇന്ന്‌ ഫാർമസികളിലും ഓൺലൈനിലും സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭ്യമായ ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലി അഥവാ കൃത്രിമ സ്നേഹകങ്ങൾ, ആർത്തവം നിലച്ചവർക്ക് ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ മികച്ച ജെല്ലുകൾ, ക്രീമുകൾ, വജൈനൽ മൊയിസ്ച്ചറൈസറുകൾ എന്നിവ ഉപയോഗിച്ച് ഈ പ്രശ്നം മറികടക്കാവുന്നതാണ്. ഫംഗൽ, യീസ്റ്റ് ഇൻഫെക്ഷൻ അടക്കമുള്ള അണുബാധ അനുഭവപ്പെടാൻ സാധ്യത ഉള്ളവർ സസ്യ എണ്ണകൾ ഒഴിവാക്കുന്നതാണ് നല്ലത്[1][2][3].

അവലംബം[തിരുത്തുക]

  1. "Vaginal Dryness: Symptoms, Causes, and Treatment". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vaginal Dryness: Causes, Symptoms, and More - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Vaginal dryness: Symptoms, remedies - Mayo Clinic Health System". www.mayoclinichealthsystem.org.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യോനീ_വരൾച്ച&oldid=4080240" എന്ന താളിൽനിന്ന് ശേഖരിച്ചത്