കൃത്രിമ സ്നേഹകങ്ങൾ
മെഡിക്കൽ ആവശ്യങ്ങൾക്കോ ലൈംഗികമായി ബന്ധപ്പെടുമ്പോഴോ വഴുവഴുപ്പ് ലഭിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ലൂബ്രിക്കന്റ് ജെല്ലി അഥവാ സ്നേഹകങ്ങൾ (Lubricant gelly). 'പേഴ്‌സണൽ ലൂബ്രിക്കന്റ്' എന്ന വിഭാഗത്തിൽ വരുന്ന ഇവ സാധാരണ ഗതിയിൽ 'ലൂബ്, ലൂബ്രിക്കന്റ്, ജൽ' എന്നി പേരുകളിൽ അറിയപ്പെടുന്നു.
സ്ത്രീകളിൽ ലൂബ്രിക്കേഷൻ ഉണ്ടാകാത്ത അവസ്ഥയിൽ ഉണ്ടാകുന്ന യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, ലൈംഗികബന്ധത്തിൽ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് അവ ഇല്ലാതാക്കി ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം സുഗമവും സുഖകരവുമാക്കാനും രതിമൂർച്ഛ അനുഭവപ്പെടാനും ഇത്തരം ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ ഏറെ ഫലപ്രദമാണ്. ചില മെഡിക്കൽ ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കാറുണ്ട്. ഘർഷണം കുറക്കുന്നത് വഴി കോണ്ടം പൊട്ടുന്നത് ഒഴിവാക്കാൻ ലൂബ് സഹായകരമാണ്.
ആർത്തവത്തിന് ശേഷമുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങൾ യോനി പൊതുവേ വരണ്ടു കാണപ്പെടാറുണ്ട്. ഇതിനെ ‘ഡ്രൈ ഡേയ്‌സ് അഥവാ വരണ്ട ദിവസങ്ങൾ’ എന്നറിയപ്പെടുന്നു. ഈ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുക ആണെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ ചിലപ്പോൾ ലൂബ്രിക്കന്റ് ജെല്ലിഉപയോഗിക്കേണ്ടതായി വന്നേക്കാം. പ്രസവത്തിന് ശേഷം കുട്ടിക്ക് മുലയൂട്ടുന്ന കുറച്ചു മാസങ്ങളിലും ഹോർമോൺ വ്യതിയാനം മൂലം ഇങ്ങനെ സംഭവിക്കാം.
ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, സ്വാഭാവിക ലൂബ്രിക്കേഷൻ കുറഞ്ഞവർക്കും, ആമുഖലീലകൾക്ക് (ബാഹ്യകേളി അല്ലെങ്കിൽ ഫോർപ്ലേ) താല്പര്യമില്ലാത്തവർക്കും, കൂടുതൽ സ്നിഗ്ദ്ധത ആവശ്യമുള്ളവർക്കും, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, പ്രമേഹം പോലെയുള്ള ചില രോഗങ്ങൾ ഉള്ളവർക്കും ഇവ ഗുണകരമാണ്. ലൈംഗിക ബന്ധത്തിന് മുന്നോടിയായി ഇവ യോനിയിലും ലിംഗത്തിലും പുരട്ടാവുന്നതാണ്.
നാല്പത്തഞ്ച് അല്ലെങ്കിൽ അൻപത് വയസ് പിന്നിട്ട സ്ത്രീകൾ, പ്രത്യേകിച്ചും ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയവർ, പ്രസവം കഴിഞ്ഞ സ്ത്രീകൾ തുടങ്ങിയവർ ലൂബ്രിക്കന്റ് ജെല്ലുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഉത്പാദനത്തിലെ കുറവ് കാരണം യോനിയുടെ ഉൽത്തൊലി നേർത്തും വരണ്ടും കാണപ്പെടാറുണ്ട്. ഇതിനെ യോനീ വരൾച്ച എന്നറിയപ്പെടുന്നു. അതിനാൽ വേദനാജനകമായ ലൈംഗികബന്ധം, അസ്വസ്ഥത, രതിമൂർച്ഛാഹാനി എന്നിവ അനുഭവപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ പലരും ലൈംഗികബന്ധത്തോട് വെറുപ്പും വിരക്തിയും പ്രകടിപ്പിക്കാറുണ്ട്. പ്രമേഹ രോഗികൾക്കും മേല്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ആരോഗ്യ പ്രവർത്തകർ ലൂബ്രിക്കന്റ് ജല്ലുകൾ നിർദേശിക്കാറുണ്ട്. മധ്യവയസ്ക്കാരായ സ്ത്രീകളുടെ ലൈംഗിക താല്പര്യവും രതിമൂർച്ഛയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ലൂബ്രിക്കന്റിനു വലിയ പങ്കുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഇവ പല തരത്തിലുണ്ട്. ജലം അടിസ്ഥാനമാക്കിയവ (Water based), സിലിക്കൺ അടിസ്ഥാനമാക്കിയവ (Silicon based), എണ്ണ അടിസ്ഥാനമാക്കിയവ (Oil based), ബീജനാശിനി (Spermicide), ഈസ്ട്രജൻ അടങ്ങിയവ (Oestrogen gel), ഫെർട്ടിലിറ്റി ഫ്രണ്ട്‌ലി അഥവാ ബേബി ഫ്രണ്ട്‌ലി, വജൈനൽ മൊയിസ്ച്ചറൈസറുകൾ തുടങ്ങിയത് അവയിൽ ചിലതാണ്. നേരിട്ട് വാങ്ങാൻ മടിയുള്ളവർക്ക് ഇവ ഓൺലൈൻ രീതിയിൽ സ്വകാര്യമായി വാങ്ങുവാൻ സാധിക്കാറുണ്ട്.
ഫാർമസി, സൂപ്പർ മാർക്കെറ്റുകൾ, ഓൺലൈൻ തുടങ്ങിയ മാർഗങ്ങളിൽ കൂടി ഇവ ലഭ്യമാണ്. എന്നാൽ പലർക്കും ഫാർമസിയിൽ പോയി ഇവ ചോദിച്ചു വാങ്ങാൻ തന്നെ ലജ്ജയും മടിയുമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, കെഎസ് തുടങ്ങിയ ധാരാളം ബ്രാൻഡുകൾ വിപണിയിൽ കണ്ടുവരുന്നു. ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി ബേബി ഫ്രണ്ട്‌ലി അഥവാ ഫെർട്ടിലിറ്റി ഫ്രണ്ട്‌ലി ലൂബ്രിക്കന്റുകൾ ലഭ്യമാണ്. കൺസിവ് പ്ലസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ (സ്‌പേർമിസൈഡ്) അടങ്ങിയ ലൂബ്രിക്കന്റ് ഇന്ന് ലഭ്യമാണ്. കുടുംബാസൂത്രണം അഥവാ ഗർഭനിരോധനത്തിനായി കൂടി തെരഞ്ഞെടുക്കുന്ന ഒരു രീതിയാണിത്. ലേപനം, ലൂബ്രിക്കന്റ് ജെല്ലി രൂപങ്ങളിലുള്ള ഇവ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. യോനീ വരൾച്ച അഥവാ ലൂബ്രിക്കേഷന്റെ കുറവ്, അതുമൂലം വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഉള്ളവർക്ക് ഇത് ഏറെ അനുയോജ്യമാണ്. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഫാർമസിയിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്.
കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വെളിച്ചെണ്ണ, ഉമിനീർ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ യോനി ഭാഗത്ത് അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കും എന്നതിനാൽ അവ ഒഴിവാക്കുന്നതാണ് ഉചിതം. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. രോഗവാഹകരുടെ ഉമിനീർ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു, ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാവും ഉചിതം.
എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ (Oil based lubricants) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് നിർമിതമായ കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ജലാംശമടങ്ങിയവയാണ് ഉറകൾക്കൊപ്പം നല്ലത്. ഇവ ശുദ്ധജലത്താൽ കഴുകി കളയാനും എളുപ്പമാണ്. എണ്ണ അടങ്ങിയ സ്നേഹകങ്ങൾ ബാത്ത് ടാബ്ബിലും മറ്റും ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കാവുന്നതാണ്[1].
45, 50 അല്ലേങ്കിൽ 55 വയസ് പിന്നിട്ട, ആർത്തവവിരാമത്തിന് ശേഷം സാധാരണ ലൂബ്രിക്കന്റുകൾ ഫലപ്രദമാകാത്ത സ്ത്രീകൾക്ക് ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ മികച്ച ജെല്ലുകൾ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവികമായ ആരോഗ്യവും ഈർപ്പവും സംരക്ഷിക്കുന്നതിനും, യോനിചര്മത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ കുറയ്ക്കുവാനും, രതിമൂർച്ഛ ഉണ്ടാകുവാനും സഹായകരമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശപ്രകാരമാണ് ഉപയോഗിക്കേണ്ടത്. ബീജനാശിനി അടങ്ങിയ ലൂബ്രിക്കന്റുകൾ ഗര്ഭനിരോധനത്തിനും സഹായിക്കും. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്. [2][3][4].
അവലംബം
[തിരുത്തുക]- ↑ "what-you-need-to-knowNeed-to-Know Details Before You Buy Vaginal Lubricants". www.verywellhealth.com ›.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vaginal lubricants: best lubes for vaginal dryness". www.netdoctor.co.uk. www.netdoctor.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Buy water based lubricant online in India". www.shycart.com. shycart.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vaginal Dryness: Symptoms, Causes, and Treatment". patient.info.[പ്രവർത്തിക്കാത്ത കണ്ണി]