രതിസലിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബർത്തോളിൻ ഗ്രന്ഥി, രതിസലിലത്തിന്റെ ഉല്പാദനം ഇവിടെ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു.

രതിപൂർവലീലകളിൽ (Foreplay) ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ലൈംഗിക ഉത്തേജനത്താൽ സ്ത്രീയുടെ ശരീരവും മനസും ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നു. അതോടെ യോനി തപ്തവും വിജൃംഭിതവും ആവുന്നു. യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പും വർദ്ധിക്കുന്നു. അപ്പോൾ യോനിമുഖത്തിനടുത്തുള്ള 'ബർത്തൊലിൻ ഗ്രന്ഥികൾ, യോനീകലകൾ എന്നിവ വഴുവഴുപ്പുള്ള സ്രവം പുറപ്പെടുവിക്കുന്നു. ('ബർത്തൊലിൻ ഗ്രന്ഥികൾ ' മാറ്റപ്പെട്ട സ്ത്രീകളിലും സ്രവം ഉണ്ടാവുന്നുണ്ടെന്ന് വാദമുണ്ട്) ഇതിനെയാണ് 'രതിസലിലം, രതിജലം അഥവാ മദജലം (Vaginal Lubrication)' എന്ന് വിളിക്കുന്നത്. സ്ത്രീകളിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു ലക്ഷണമാണിത്. ലൈംഗികബന്ധം സുഖകരവും ആയാസരഹിതവും ആക്കുക, ബീജത്തിന്റെ ചലനത്തെ സഹായിക്കുക, രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സഹായിക്കുക തുടങ്ങിയതാണ് ഇതിന്റെ ധർമ്മം.

രതിസലിലത്തിന്റെ അഭാവത്തിൽ ലൈംഗികബന്ധം സ്ത്രീക്ക് വിരസമോ വേദനാജനകമോ ആകാനും പുരുഷന് ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് ലൈംഗികവിരക്തിക്കും താല്പര്യക്കുറവിനും കാരണമാകാം.

സാധാരണയായി രതിസലിലത്തിന് പുളിരസമാണുള്ളത്. ഇതിന്റെ നിറം അല്പം വെളുപ്പു കലര്ന്നത് മുതൽ നിറമില്ലാത്തത് വരെ ആകാം, അത് സ്ത്രീകളുടെ ‌ആർത്തവ ചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ആർത്തവവിരാമത്തിന് (Menopause) ശേഷം ഹോർമോണിന്റെ കുറവ് മൂലം രതിജലത്തിന്റെ ഉത്‌പാദനം കുറഞ്ഞേക്കാം.

കൂടുതൽ സമയം ആസ്വാദ്യകരമായ രതിപൂർവ്വലീലകളിൽ (Foreplay) ഏർപ്പെടുക എന്നതാണ് സ്വഭാവികമായി രതിജലം ഉത്പാദിപ്പിക്കപ്പെടാൻ ഏറ്റവും മികച്ച മാർഗം. എന്നിട്ടും യോനീവരൾച്ച (Vaginal dryness) അനുഭവപ്പെടുകയാണെങ്കിൽ മാർക്കെറ്റിൽ ലഭിക്കുന്ന ലൂബ്രിക്കന്റുകൾ (ഉദാ: കേവൈ ജെല്ലി KY Gelly), ഈസ്ട്രജൻ ക്രീം' എന്നിവ പുരട്ടാവുന്നതാണ്. രതിപൂർവകേളിയുടെ കുറവ്, സ്ത്രീയുടെ മാനസികാവസ്ഥ പ്രത്യേകിച്ചും പങ്കാളിയുമായുള്ള അടുപ്പം, ലൈംഗികതയോടുള്ള വെറുപ്പ്, ഭയം, വിഷാദം, പ്രായമായി എന്ന തോന്നൽ, പാപബോധം, യോനീസങ്കോചം (Vaginismus), ചില രോഗങ്ങൾ, യോനിയിലെ അണുബാധ തുടങ്ങിയവ രതിജലത്തിന്റെ ഉത്‌പാദനത്തെ ബാധിച്ചേക്കാം.

രതിസലിലത്തിന്റെ അഭാവത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലൈംഗികാവയവങ്ങളിൽ ഉണ്ടാകുന്ന പോറലുകളിലൂടെ എയ്ഡ്‌സ് മുതലായ രതിജന്യരോഗങ്ങൾ പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. യോനിയിൽ സ്വാഭാവികമായുണ്ടാകുന്ന മറ്റ് സ്രവങ്ങളും രതിജലവും വ്യത്യസ്തമാണ്.


"https://ml.wikipedia.org/w/index.php?title=രതിസലിലം&oldid=2828538" എന്ന താളിൽനിന്നു ശേഖരിച്ചത്