ബാഹ്യകേളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാഹ്യകേളിയിൽ ഏർപ്പെടുന്ന ഇണകൾ

ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംയോഗത്തിന് തയ്യാറാക്കുന്ന മാനസികവും, ശാരീരികവുമായ പ്രവൃത്തിയാണ് സന്തോഷകരമായ ബാഹ്യകേളി അഥവാ രതിപൂർവലീലകൾ (Foreplay). ലൈംഗികബന്ധത്തിന് മുൻപ് ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാന ഘട്ടമാണിത്. ആവശ്യത്തിന് സമയം ബാഹ്യകേളിക്ക് ചിലവഴിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും സ്ത്രീക്ക് അസംതൃപ്തിക്ക് കാരണമായേക്കാം.

ഇണയുമായുള്ള മധുരസംസാരം, രതിഭാവന പങ്കുവെക്കൽ, ചുംബനം, ആലിംഗനം, സ്പർശനം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത്, കക്ഷം, മാറിടം, പൊക്കിൾച്ചുഴി, നിതംബം, തുട, പാദം തുടങ്ങിയ ഭാഗങ്ങളിൽ സ്പർശ്ശിക്കുന്നതും ലാളിക്കുന്നതും ബാഹ്യകേളി തന്നെ. സ്ത്രീകളിൽ ഭഗശിശ്നിക, ജി സ്‌പോട്ട് തുടങ്ങിയ നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിൽ മൃദുവായി ഉത്തേജിപ്പിക്കുന്നത് ബാഹ്യകേളിയിൽ ഉൾപ്പെടുന്നു. മാനസിക അടുപ്പമുള്ള പങ്കാളിയോടൊപ്പമുള്ള ബാഹ്യകേളി ആണ് പൊതുവേ സ്ത്രീകൾക്ക് ആസ്വാദ്യകരമാവുക. നാഡീവ്യവസ്ഥയും മത്തിഷ്ക്കവും ഈ സുഖാനുഭൂതിയിൽ മുഖ്യ പങ്ക് വഹിക്കുന്നു.

ആസ്വാദ്യകരമായ ബാഹ്യകേളിയിലൂടെ ഇണകളിൽ ലൈംഗിക ഉത്തേജനം ഉണ്ടാവുകയും ശരീരവും മനസും ലൈംഗികബന്ധത്തിനു തയ്യാറാവുകയും ചെയ്യുന്നു. അതോടെ ലിംഗത്തിലെ അറകളിലേക്കും യോനീഭാഗത്തേക്കും ഉള്ള രക്തയോട്ടം വർധിക്കുന്നു. അതിന്റെ ഫലമായി തളർന്നു കിടക്കുന്ന പുരുഷലിംഗം ഉദ്ധരിക്കുന്നു. സ്ത്രീകളിൽ യോനീനാളം വികസിക്കുകയും "വഴുവഴുപ്പാർന്ന സ്രവങ്ങൾ (Lubrication)" ഉൽപ്പാദിപ്പിക്കപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. അതുവഴി ലൈംഗിക ബന്ധം സുഖകരമാവുകയും ചെയ്യുന്നു. ഇത് പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം വർധിപ്പിക്കുന്നു. ലൂബ്രിക്കേഷൻ സ്രവങ്ങളുടെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വിരസമോ വേദനാജനകമോ ആകുവാനും പുരുഷന് ആയാസകരമാകാനും സാധ്യതയുണ്ട്. ഇവിടെയാണ് രതിപൂർവ്വലീലകളുടെ പ്രാധാന്യം. എന്നാൽ പങ്കാളിക്ക് താല്പര്യം ഇല്ലാത്ത രീതികൾ ഒഴിവാക്കുക തന്നെ വേണം.

സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാലും, ലൈംഗിക ഉത്തേജനം ഏറെ നേരം നീണ്ടു നിൽക്കുന്നതിനാലും ബാഹ്യകേളിയിൽ ഏർപ്പെടുന്നത് ലൈംഗികബന്ധത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. അതോടൊപ്പം പുരുഷന്മാരിലെ "സമയക്കുറവ്" ചെറുക്കുവാനും, ബീജങ്ങളുടെ ഗുണമേന്മ വർധിക്കുവാനും സഹായിക്കുന്നു. ഇരുപതു മിനുട്ടെങ്കിലും രതിപൂർവ്വലീലകൾക്ക് ചിലവഴിക്കുന്നത് സന്തോഷകരമായ ലൈംഗികജീവിതത്തിനു ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു.

ആദ്യമായി ബന്ധപ്പെടുന്നവർക്കും ആർത്തവവിരാമം (Menopause) കഴിഞ്ഞ സ്ത്രീകൾക്കും ചിലപ്പോൾ ഉത്തേജനം ഉണ്ടാകാൻ കൂടുതൽ സമയം രതിപൂർവലാളനകൾ വേണ്ടി വന്നേക്കാം. എന്നിട്ടും യോനീവരൾച്ച അനുഭവപ്പെട്ടാൽ കൃത്രിമമായി നനവ് നൽകുന്ന കെവൈ ജെല്ലി (KY Gelly) പോലെയുള്ള ഏതെങ്കിലും നല്ല ലൂബ്രിക്കന്റുകൾ (Lubricants) ഉപയോഗിക്കുന്നത് നല്ലതാണ്. പുതുമയുള്ള ബാഹ്യകേളികൾ പരീക്ഷിക്കുന്നത് ആവർത്തനവിരസത അകറ്റും.

ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കമാണ് (Brain). ലൈംഗിക താല്പര്യങ്ങളുടെ ഉറവിടവും രതിമൂര്ച്ഛയുടെ ഉത്ഭവസ്ഥാനവും തലച്ചോർ തന്നെ. മാനസിക സമ്മർദങ്ങളും ടെൻഷനും ഒഴിവാക്കുന്നത് ശരിയായ ലൈംഗികത ആസ്വദിക്കുന്നതിന് സഹായിക്കും. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIA) ഉൾപ്പെടുന്ന അലൈംഗികർ (Asexuals) ആയ വ്യക്തികൾക്ക് ലൈംഗിക താല്പര്യമോ ചിലപ്പോൾ ലൈംഗികശേഷിയോ ഉണ്ടാകണമെന്നില്ല. ഇത്തരം സവിശേഷത ഉള്ളവർക്ക് ബാഹ്യകേളികളിൽ ഏർപ്പെട്ടത് കൊണ്ട് ലൈംഗിക ഉത്തേജനം ഉണ്ടാവുകയില്ല.

"https://ml.wikipedia.org/w/index.php?title=ബാഹ്യകേളി&oldid=2831453" എന്ന താളിൽനിന്നു ശേഖരിച്ചത്