കാമസൂത്രം
കർത്താവ് | വാത്സ്യായന മഹർഷി |
---|---|
രാജ്യം | പുരാതന ഭാരതം |
ഭാഷ | സംസ്കൃതം |
സാഹിത്യവിഭാഗം | ലൈഗിക സാഹിത്യം |
വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം രതിലീലകൾ, ബാഹ്യകേളികൾ, സംഭോഗരീതികൾ, വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.
ഉള്ളടക്കം
[തിരുത്തുക]ഏഴ് അധികരണങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്രം, ശൃംഗാര കലയിൽ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽ ‘കാമം’ എന്നാൽ മോഹം, അഭിനിവേശം, താൽപ്പര്യം എന്നൊക്കെ അർത്ഥമാക്കാം. ‘സൂത്രം’ എന്നാൽ നിയമങ്ങൾ അല്ലെങ്കിൽ ചിട്ടകൾ എന്നും പറയാം.
7 അധികരണങ്ങൾ താഴെ പറയുന്നവ ആണ്:
- സാധാരണം (സാധാരണ വിഷയങ്ങൾ - ആമുഖം)
- സാമ്പ്രയോഗികം (ആലിംഗനം, ചുംബനം, നഖച്ഛേദ്യം, ദശനച്ഛേദ്യം, സംവേശനം തുടങ്ങിയവയെക്കുറിച്ച്)
- കന്യാസമ്പ്രയുക്തകം (പുരുഷനും സ്ത്രീയും തമ്മിലുള്ള ആകർഷണം, യോഗം, വിവാഹം എന്നിവയെക്കുറിച്ച്)
- ഭാര്യാധികാരികം (ഭാര്യയെ കുറിച്ച്)
- പാരദാരികം (മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്)
- വൈശികം (ലൈംഗികത്തൊഴിലാളികളെക്കുറിച്ച്)
- ഔപനിഷദികം (മറ്റൊരാളെ തന്നിലേക്ക് ആകർഷിക്കാനുള്ള രീതികളെക്കുറിച്ച്)
വാത്സ്യായനൻ
[തിരുത്തുക]കാമസൂത്രം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകൾ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തർപ്രദേശിലെ വാരണാസിയിൽ ജീവിച്ചിരുന്ന വാത്സ്യായന മഹർഷിയെയാണ് ഇതിന്റെ കർത്താവായി കരുതുന്നത്.
ബീഹാറിലെ പാടലിപുത്രത്തിൽ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹർഷി. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
സ്നേഹപ്രകടനങ്ങളും സംഭോഗരീതികളും
[തിരുത്തുക]വാത്സ്യായനന്റെ അഭിപ്രായത്തിൽ, എട്ട് വിധത്തിൽ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ (Sexual Positions) കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ "64 കലകൾ" എന്നാണ് വാത്സ്യായാന മഹർഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതിൽ, 10 ചുംബന രീതികൾക്കൊപ്പം ചുംബിക്കുമ്പോൾ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ളവർ ഇതിലെ സ്ഥാനങ്ങൾ ചെയ്യാൻ ശ്രമിക്കരുതെന്ന് വാത്സ്യാനൻ മുന്നറിയിപ്പും നൽകുന്നുണ്ട്.
കാമസൂത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണയിതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകൾ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്രം അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വർണ്ണത്തിൽ പൊതിഞ്ഞ് വലത്തെ കൈയ്യിൽ കെട്ടിയാൽ ഏതു സ്ത്രീയെയും കീഴടക്കാൻ പുരുഷന് സാധിക്കുമെന്ന് കാമസൂത്രം വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്രം ഏകപത്നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.
കാമസൂത്രവും ലൈംഗികതയും
[തിരുത്തുക]മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തിൽ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തിൽ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചർച്ച ചെയ്യുന്നത്. ഇവിടെ "കാമം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടൽ, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.
എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മിൽ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗിക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ, ജ്ഞാന സമ്പാദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികൾ, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയ അനുദിനജീവിതത്തിൽ നിന്ന് മാറ്റി നിർത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചർച്ച ചെയ്യുന്നു. അതിനാൽ തന്നെ, കാമസൂത്രത്തെ ഒരു ലൈംഗിക പുസ്തകമായി മാത്രം ഗണിക്കാനാവില്ല.[1]
തത്ത്വശാസ്ത്രം
[തിരുത്തുക]ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലർ കാണുന്നു.
ജീവിതത്തിലെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കാമം. ധാർമ്മികമായ ജീവിതത്തെയാണ് ധർമ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അർത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധർമ്മം, അർത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തിൽ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയിൽ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരിൽ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളിൽ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരുടെ ധർമ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തിൽ പഠനം, ഗാർഹസ്ഥ്യത്തിൽ കുടുംബ ജീവിതം, വാനപ്രസ്ഥത്തിൽ തീർത്ഥാടനം, പിന്നെ സന്ന്യാസത്തിൽ ആത്മാന്വേഷണം.
കുടുംബ ജീവിതത്തിൽ ചെയ്യേണ്ട ധർമ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്ന നിലയിൽ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ അർഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനൻ ശ്രമിച്ചിരിക്കുന്നത്.
ഐതിഹ്യം
[തിരുത്തുക]ശിവപാർവതിമാരുടെ സംഭാഷണത്തിൽ നിന്നും ലഭിച്ച കാമതയെ പറ്റിയുള്ള അറിവുകൾ നന്ദികേശൻ വാത്സ്യായന മഹർഷിക്ക് ഉപദേശിച്ചതാണെന്നും അതാണ് കാമസൂത്രരചനക്ക് അടിസ്ഥാനമായതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു. ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം ആയ ലൈംഗികബന്ധം ഒരു പാപം അല്ലെങ്കിൽ അശ്ലീലം എന്നതിൽ ഉപരിയായി ഭാരതത്തിൽ ചില ദൈവികമാനങ്ങൾ കല്പ്പിച്ചു കൊടുത്തിരുന്നതായി മനസ്സിലാക്കാം. കുണ്ഡലിനീയോഗയിൽ രതിമൂർച്ഛ ഉണ്ടാകുമ്പോൾ ലൈംഗിക ഊർജ്ജം മൂലാധാരത്തിൽ തുടങ്ങി സഹസ്രാരത്തിൽ ലയിക്കുകയും സാധകന് മോക്ഷപ്രാപ്തി ഉണ്ടാകുകയും ചെയ്യുന്നു എന്നൊരു താന്ത്രിക വിശ്വാസവും കാണാൻ സാധിക്കും. ഇതുമായി ബന്ധപെട്ടു തന്ത്രിക് സെക്സ് പരിശീലിക്കുന്ന ആളുകളെ കാണാൻ സാധിക്കും. ഇവിടെ സംഭോഗത്തെക്കാൾ പ്രാധാന്യം രതിപൂർവലീലകൾക്കും രതിമൂർച്ചയ്‌ക്കും കൊടുക്കുന്നതായി കാണാം. ഓഷോ രജനീഷ് പോലെയുള്ള ആളുകളും ഇതുമായി ബന്ധപെട്ട ലൈംഗികതയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "കാമസൂത്രം അത്ര മോശം പുസ്തകമൊന്നുമല്ല!". മലയാള മനോരമ. 07 നവംബർ 2014. Archived from the original on 2014-11-07. Retrieved 07 നവംബർ 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|9=
(help)