Jump to content

ഗാർഹസ്ഥ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം അഥവാ ഗാർഹസ്ഥ്യം. ഹിന്ദുധർമ്മമനുസരിച്ച് മനുഷ്യൻ അനുഷ്ഠിക്കേണ്ട രണ്ടാമത്തെ ജീവിതഘട്ടമാണ്‌ ഇത്. ഇതിൽ കുടുംബം ദൈവീകമായ ഒരു ആശ്രമം തന്നെയാണ്. ഈ ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു. വിദ്യാർത്ഥി അഥവാ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ആശ്രമധർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൃഹസ്ഥാശ്രമം. വിവാഹത്തോടെ ഗാർഹസ്ഥ്യം തുടങ്ങുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനിൽപ്പ്‌ ഗൃഹസ്ഥാശ്രമികളിലാണ്. ഗൃഹസ്ഥാശ്രമത്തിലൂടെ ഉണ്ടാകുന്ന പുതിയ തലമുറ രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് അത്യാവശ്യമാണ്. വിവാഹനിയമങ്ങൾ, ഭാര്യാഭർത്താക്കന്മാരുടെ ചുമതലകൾ, പുത്രധർമം, പിൻതുടർച്ചാവകാശം, പിതൃകർമാനുഷ്ഠാനങ്ങൾ എന്നിവയെപ്പറ്റി ധർമസൂത്രങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണമെന്നും ധർമശാസ്ത്രഗ്രന്ഥങ്ങൾ അനുശാസിക്കുന്നു. രാജ്യഭരണം, ഗൃഹഭരണം എന്നിവ പുത്രനെ ഏല്പിച്ചിട്ട് തനിച്ചോ ഭാര്യാസമേതനായിട്ടോ വാനപ്രസ്ഥം സ്വീകരിക്കുന്നു.

വിദ്യാഭ്യാസത്തിലൂടെയും ഇന്ദ്രിയനിഗ്രഹത്തിലൂടെയും പരിശുദ്ധനായ വ്യക്തി സമുദായത്തേയും പൊതുജനങ്ങളേയും ധർമ്മബുദ്ധ്യാ സേവ ചെയ്യാൻ ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നുവന്ന് രമണ മഹർഷി അഭിപ്രായപ്പെടുന്നു[1].

ഭാര്യാഭർത്തൃ ധർമ്മം:-

"പതിർഗുരു:പതിസ്തീർത്ഥമിതി സ്ത്രീണാം വിദുർബുധാ"

ഭർത്താവുതന്നെയാണ് ഗുരുവും പുണ്യതീർത്ഥവുമെന്ന് വിദ്വാന്മാർ വിധിച്ചിരിക്കുന്നു.

ഭാര്യാഭർത്തൃ സങ്കല്പം വ്യത്യസ്തതത്വങ്ങളല്ല. രണ്ടും ഒരു തത്വം തന്നെയാണ്. തത്വാർത്ഥമനുസരിച്ച് ഭർത്താവിനെക്കൂടാതെ ഭാര്യ നിലനിൽക്കുന്നില്ല. തിരമാലകളും സ്വച്ഛമായ സമുദ്രവും പോലെ രണ്ടും ഒന്നുതന്നെ. സമുദ്രജലത്തിന്റെ തന്നെ ചലനമാണ് തിരയായിത്തോന്നുന്നത്. ഓളവും തിരയും കൊണ്ട് ജലത്തെ അറിയുന്നതുപോലെ കർമ്മചലനം (നാനാകർമ്മങ്ങൾ) കൊണ്ട് നിശ്ചലമായ ആത്മതത്ത്വം അറിയണം. ഈ തത്ത്വം തന്നെയാണ് ഭാര്യാഭർത്തൃബന്ധത്തിലും ഉള്ളത്. വെള്ളംകൂടാതെ തിരയില്ലാത്തതുപോലെ, ഭർത്താവിനെ കൂടാതെ ഭാര്യയില്ല. പ്രകൃതിമുഴുവൻ ഈ പരസ്പര ബന്ധമാണ്. ആത്മാവ് (ജീവൻ) ഭർത്താവും അത് വസ്തുക്കളോട് ബന്ധപ്പെടുമ്പോൾ ഭാര്യയും ആയിമാറുന്നു. ഭർത്ത്രു സങ്കൽപ്പത്തിന് പുരുഷനെന്നും ഭാര്യാസങ്കൽപ്പത്തിന് പ്രകൃതിയെന്നും പറയാം.

പുരുഷൻ - പ്രകൃതി, ശിവൻ - ശക്തി, വിഷ്ണു - മായ എന്നീ സങ്കൽപ്പങ്ങളിലെല്ലാം ഒരേ തത്വം തന്നെയാണുള്ളത്. പ്രകൃതിയിലുള്ള നാനാതത്വങ്ങളിൽ വ്യാപരിക്കുന്ന ജീവൻ (ആത്മതത്വം) ഏകമാണ്. പ്രകൃതിയിലെ നാനാതത്വങ്ങളെ (ബ്രഹ്മം, ജ്ഞാനം ) ആത്മതത്വം കൂട്ടിയിണക്കുന്നതുകൊണ്ട് പ്രകൃതിയിൽ കാണുന്ന സർവ്വവും ബ്രഹ്മമെന്ന പൈതൃകത്തിൽ പെട്ടിരിക്കുന്നു. അതിനാൽ പ്രപഞ്ചം മുഴുവൻ ഒരു കുടുംബം എന്ന സങ്കൽപ്പത്തിന് വിധേയമാണ്.

"വസുധൈവ കുടുംബകം" പ്രപഞ്ചം തന്നെയാണ് കുടുംബം. നമ്മുടെ കുടുംബങ്ങളിലും ഈ ബന്ധം തന്നെയാണുള്ളത്. വളർത്തേണ്ടതും നിലനിർത്തേണ്ടതും ഈ തത്വം തന്നെയാണ്. ഭർത്താവായ ആത്മാവിന്റെ ധർമ്മമാണ് പ്രകൃതി (ഭാര്യ). ഭർത്താവായ ആത്മാവിൽനിന്നും പ്രകൃതി (ഭാര്യ) ഉണ്ടാകുന്നു. ഭാര്യയായ പ്രകൃതിയിലൂടെ ഭർത്താവിനെ അറിയുന്നു. വേർതിരിക്കാൻ ആവാത്ത തത്വമാണ് ഭാര്യാഭർത്തൃ സങ്കൽപ്പത്തിനുള്ളതെന്ന് ഇതുകൊണ്ടറിയണം.

"പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം പ്രാണാവസാനകാലത്തും പിരിയുമോ"

എന്ന് മൈഥിലി രാമനോട് ചോദിക്കുന്നതും ഇതേ തത്വത്തെയാണ് സൂചിപ്പിക്കുന്നത്.

ഭാര്യാഭർത്ത്രുബന്ധത്തിനടിസ്ഥാനം ഈ തത്വമാണ്. ഭാരതത്തിലെ കുടുംബസങ്കൽപ്പത്തിന്റെ മഹത്ത്വം ഇതുകൊണ്ട് ചിന്തിക്കപ്പെടണം. ഇന്ദ്രിയവിഷയങ്ങളിലുള്ള അസംതൃപ്തിയും സാമ്പത്തിക പ്രശ്നങ്ങളും വികാരങ്ങളുമാണ് പല കുടുംബബന്ധങ്ങളെയും തകരാരിലാക്കുന്നതും തകർക്കുന്നതും. എന്നാൽ ജ്യോതിഷത്തിലെ യോനിപ്പൊരുത്തം, വശ്യമഹേന്ദ്രാദി പൊരുത്തം എന്നിവ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഈ പൊരുത്തങ്ങൾ ദമ്പതികൾക്ക് വൈകാരികമായ ചേർച്ച, തൃപ്തികരമായ ഇന്ദ്രിയസുഖം, പരസ്പര ആകർഷണം, സാമ്പത്തിക ഉയർച്ച, മനപ്പൊരുത്തം എന്നിവ ദാമ്പത്യ സംതൃപ്തി ഉറപ്പ് വരുത്തുന്നു. സന്തോഷകരമായ ദാമ്പത്യത്തിൽ പ്രശ്നങ്ങളും അത്രകണ്ട് കുറവായിരിക്കും. ഭാരതത്തിൽ ഭാര്യാഭർത്തൃ മൈഥുനം അഥവാ സംഭോഗം യജ്ഞതുല്യം പുണ്യകരമാണ്. അതിലൂടെ ഉണ്ടാകുന്ന കുട്ടികൾ കുടുംബത്തിനും, രാഷ്ട്രത്തിന് ഐശ്വര്യമാണ്.

ഭാര്യാഭർത്ത്രുബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്. അറിയിക്കുക എന്നുള്ളത് അതിന്റെ ധർമ്മമാണ്. സ്ത്രീപുരുഷബന്ധവും കുടുംബതത്വവും അടിമത്തവും അധീശത്വവും തമ്മിലുള്ള മത്സരമല്ല. മറിച്ചു് ഒരേ തത്വത്തിന്റെ ഭാവങ്ങൾ മാത്രം. തത്വം അറിഞ്ഞുള്ള കുടുംബജീവിതം. "ലോകം ഒരു കുടുംബം" എന്ന വിശ്വവിശാലമായ സങ്കൽപ്പം വരെ വളർന്നെത്തണമെന്നാണ് ഭാരതീയ ദർശനം.

ഭർത്ത്രുധർമ്മം:-

ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.

"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത് ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത് സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത് ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത് വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)

ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം. ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം, പരിചരണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. ഭാര്യയുടെ നേർക്ക് യുക്തമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കലഹിക്കുന്നതും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക്‌ ഒരിക്കലും ശൗര്യം പാടില്ല. ഭാര്യക്ക് മാനസികവും ശാരീരികവുമായ സുഖാവസ്ഥപ്രദാനം ചെയ്യാൻ ഭർത്താവിന് സാധിക്കണം. പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.

"യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത് തഥാ ച്ഛൈലിനിരബ്രവീത്" (ബ്രുഹദാരണ്യകോപനിഷത്ത് )

എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്.

ഗൃഹസ്ഥ ബ്രഹ്മചര്യം

[തിരുത്തുക]

ഹൈന്ദവ വിശ്വാസപ്രകാരം നിഷിദ്ധ ദിനങ്ങളിൽ ബ്രഹ്മചര്യവും, ശുഭ ദിനങ്ങളിൽ ദാമ്പത്യവേഴ്ചയും പരിപാലിക്കലാണ് ഗൃഹസ്ഥബ്രഹ്മചര്യം അഥവാ ഗൃഹസ്ഥ ദാമ്പത്യവേഴ്ച. ഹിന്ദുമതത്തിലെ മഹർഷീശ്വരന്മാർ വിവാഹിതരായിരുന്നുവെങ്കിലും ഗൃഹസ്ഥ ബ്രഹ്മചര്യമനുഷ്ടിക്കുന്നവരായിരുന്നു. ശ്രേഷ്ഠ സന്താനലബ്ധിക്ക്, രോഹിണി, ചോതി, ഉത്രാടം നക്ഷത്രവും, ആര്ത്തവത്തിന്റെ 14-15-16 പക്കവും ഒക്കുന്ന സ്ത്രീയുടെ അണ്ഡോത്‌പാദന സുദിനത്തിൽ ദമ്പതികൾ മൈഥുനം നടത്തണം. ആര്ത്തവത്തിന്റെ 1-2-3-4-9-11-12-13 പക്കങ്ങളിൽ യാതൊരു കാരണവശാലും പുത്രോത്പാദനത്തിന് മൈഥുനം നടത്തരുത്. പാതിര 12 മണി മുതൽ, പകലും പിന്നെ അന്ന് രാത്രി 12 മണിവരെയും വരുന്ന 24 മണിക്കൂർ ആണ് ഒരു ദിനാചരണം. ഇതുമായി ബന്ധപെട്ടു ശാന്തിമുഹൂർത്തം എന്നൊരു രീതിയും ചില ഹൈന്ദവ വിഭാഗങ്ങളിൽ കാണാം.

നിശ്ചിത നക്ഷത്രത്തിലും വിഹിത തിഥിയിലും ബീജാവാപം ചെയ്താലാണ് ശ്രേഷ്ഠ സന്തതി പിറപ്പതും, സല്ഗതിപ്പെടുവതും. ചോതി-ഉത്രാടം, രോഹിണി നക്ഷത്രങ്ങളും വിഹിതതിഥികളും ഒന്നിക്കുന്ന സുദിനത്തിലെ മൈഥുനം മൂലം ഗര്ഭിണിയായാൽ ശ്രേഷ്ഠ സന്തതിപിറക്കും. സല്ഗതിയും ഉറപ്പായിരിക്കും. ഇത് വേദസത്തയുമാണ്. ഇതോടൊപ്പം മൈഥുനത്തിന് നിഷിദ്ധങ്ങളായ തിഥികളിൽ ബ്രഹ്മചര്യവും, വിഹിത ദിനങ്ങളിൽ സന്തോഷകരമായ മൈഥുനവും പരിപാലിച്ചുകൊള്ളണം. ഇതിൽ സ്ത്രീക്ക് മാനസികമായ സന്തോഷം നിർബന്ധം. ഇത്തരം ഗൃഹസ്ഥ ദാമ്പത്യവേഴ്ച യജ്ഞത്തിന് തുല്യം പുണ്യകരവും ഐശ്വര്യദായകവുമാണ് എന്നാണ് വേദങ്ങൾ പറയുന്നത്. പകൽ പൂർണമായും സ്ത്രീ-പുരുഷന്മാർ, വിശിഷ്യാ ദമ്പതികൾ, തമ്മിൽ സംഭോഗം ഒഴിവാക്കണം. മക്കൾ പിറന്ന ശേഷം ഗൃഹസ്ഥ ദാമ്പത്യവേഴ്ച പരിപാലിച്ചാലും മക്കള്ക്ക് അതിശയ വിദ്യാവിജയം സിദ്ധിക്കും. എന്നാൽ വിഹിതദിനങ്ങളിൽ സ്ഥിരമായി ദമ്പതികൾ മൈഥുനം ഒഴിവാക്കുന്നതും ഭാവിയിൽ ഐശ്വര്യഹാനി ഉണ്ടാക്കുമെന്നാണ് ആചാര്യമതം.

ഇത് കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. രമണമഹർഷിയുടെ ജീവചരിത്രം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗാർഹസ്ഥ്യം&oldid=3630516" എന്ന താളിൽനിന്ന് ശേഖരിച്ചത്