രതിലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈംഗിക ബന്ധം നടത്തുന്നതിനുമുമ്പായി അതിനുള്ള തയ്യാറെടുപ്പിനായും അതിന് ശേഷവും സ്ത്രീപുരുഷന്മാർ ഏർ‍പ്പെടുന്ന ലീലകൾ. ഇണയിൽ പരമാവധി വികാരം ഉണർത്തുന്നതിനും അവരുടെ സംതൃപ്തിക്കും വേണ്ടിയാണിത്. വാത്സ്യായന മഹർഷിയുടെ കാമസൂത്രം വളരെയധികം രതിലീലകൾ അഥവാ സംഭോഗപൂർവരതിലീലകൾ വിശദീകരിക്കുന്നുണ്ട്. ഫോർപ്ലേ, ആഫ്റ്റർ പ്ലേ എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകൾ ഇതിനെ കുറിക്കാൻ ഇന്ന് സാർവത്രികമായി ഉപയോഗിച്ച് കാണുന്നു. ദാമ്പത്യ വിജയത്തിനായി ഇണകൾ അറുപത്തിനാലുകലകളും അറിഞ്ഞിരിക്കണമെന്നാണ‍്‍ വാത്സ്യായന മഹർഷിയുടെ അഭിപ്രായം.

രതിലീലകളുടെ പ്രാധാന്യം[തിരുത്തുക]

രതിമൂർച്ഛയിലേക്കുള്ള കവാടമാണ് രതിലീലകൾ എന്ന് പറയാം. ലൈംഗികജീവിതം സജീവമായി നിലനിർത്താനും അതിന്റെ ആസ്വാദ്യത വർധിപ്പിക്കാനും രതിലീലകൾ അത്യാവശ്യമാണ്. സാധാരണ നിലയിലുള്ള പുരുഷ ലിംഗം സ്ത്രീ യോനിയിൽ പ്രവേശിപ്പിക്കണമെങ്കിൽ അത് ഉദ്ധരിച്ച് ദൃഢമാകണം. സാധാരണ ഗതിയിൽ സ്ത്രീ യോനി ചുരുങ്ങിയും [അവലംബം ആവശ്യമാണ്] ഉണങ്ങിയും മുറുകിയും ഇരിക്കുന്നതിനാൽ ലിംഗപ്രവേശം വേദനയും ചിലപ്പോൾ ചെറിയ മുറിവുകളും ബുദ്ധിമുട്ടുമുണ്ടാക്കും. എന്നാൽ രതിപൂർവലാളനകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ലൈംഗിക ഉത്തേജനത്താൽ പുരുഷ ലിംഗം രക്തം നിറഞ്ഞ് വിജൃംഭിച്ച് നന്നായി ദൃഢമാവുകയും, സ്ത്രീയ്ക്ക് യോനി വികസിതവും രതിസലിലം അഥവാ സ്നേഹദ്രവം നിറഞ്ഞ് വഴുവഴുപ്പുള്ളത് ആവുകയും, ഭഗശിശ്നിക ഉദ്ധരിച്ചു ദൃഢമാവുകയും മാറിടം അല്പം ഉയരുകയും ചെയ്യുന്നു. അതോടെ ലിംഗവും യോനിയും സുഗമവും സുഖകരവുമായ സംഭോഗത്തിന്‌ തയ്യാറാവുന്നു. പങ്കാളികൾ കൂടുതൽ ആസ്വദിക്കുന്നതും ഈ രതിലീലകൾ തന്നെയാണ്.

ആവശ്യത്തിന് സമയം സന്തോഷകരമായ രതിലീലക്ക് ചിലവഴിക്കാതെ ധൃതിപിടിച്ചുള്ള ലൈംഗികബന്ധം പലപ്പോഴും സ്ത്രീക്ക് ബുദ്ധിമുട്ടുള്ളതും വേദനാജനകവുമാവുകയും, പുരുഷനിൽ ശീഘ്രസ്ഖലനം സംഭവിക്കുകയും, ലൈംഗികസംതൃപ്തി ഇരുവർക്കും വേണ്ടപോലെ കിട്ടാതാകുകയും ചെയ്തേക്കാം. ഇത് ലൈംഗിക വിരക്തിയിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. സ്ത്രീകളിലെ വികാരം പുരുഷനെ അപേക്ഷിച്ചു പതിയെ ഉണരുകയും പതുക്കെ ഇല്ലാതാവുകയും ചെയ്യുന്നതും ഇതിന് ഒരു കാരണമായി പറയപ്പെടുന്നു.

വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷത്തിൽ ഇഷ്ടമോ അടുപ്പവുമുള്ള പങ്കാളിയുമായുള്ള രതിലീല ഇണകൾക്ക് മികച്ച സംതൃപ്തി നൽകുന്നു.

സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാൽ ബാഹ്യകേളിയിൽ ഏർപ്പെടുന്നത് ലൈംഗിക ആസ്വാദനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും, പുരുഷന്മാരിലെ 'സമയക്കുറവ്' പരിഹരിക്കുവാനും സഹായിക്കുന്നു. ആർത്തവവിരാമം കഴിഞ്ഞ മധ്യവയസ്ക്കരായ സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവുമൂലം ഉത്തേജനത്തിനും യോനിയിൽ നനവുണ്ടാകുവാനും ദീർഘനേരം രതിലീലകൾ ആവശ്യമായേക്കാം. ഒരു പരിധിവരെ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഉപയോഗിക്കാതെ തന്നെ യോനീവരൾച്ച പരിഹരിക്കുവാനുള്ള സ്വാഭാവിക മാർഗ്ഗം കൂടിയാണിത്. അതുപോലെ മധ്യവയസ് പിന്നിട്ട പുരുഷന്മാർക്ക് ദൃഢമായ ഉദ്ധാരണം ലഭിക്കാൻ ചിലപ്പോൾ നേരിട്ടുള്ള സ്പർശനവും ഉത്തേജനവും ആവശ്യമായി വരാറുണ്ട്. അതിനാൽ മധ്യവയസ്‌ക്കരുടെ ലൈംഗികാസ്വാദനത്തിന് രതിലീലകൾ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം ഇവിടെ അതിപ്രധാനമാണ്. എന്താണ് തനിക്ക് വേണ്ടതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും ഇണയോട് തുറന്നു പറയാൻ അഥവാ ചോദിച്ചറിയാൻ സാധിക്കണം.

ലൈംഗികബന്ധത്തിന് ശേഷമുള്ള തലോടലും ചുംബനവും ആലിംഗനങ്ങളും സംഭോഗത്തിന് ശേഷമുള്ള രതിലീലകളിൽപ്പെടുന്നു. സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം രതിപൂർവലീലകളെ പോലെ പ്രധാനമാണ്. അതുവഴി പങ്കാളിക്ക് താൻ കൂടുതൽ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവ് നൽകാനും ഉപകരിക്കുന്നു. എന്നാൽ പലപ്പോഴും ഇക്കാര്യങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടാറില്ല. രതിലീലകൾക്ക് വേണ്ട ശ്രദ്ധ കൊടുക്കുന്ന ഇണകൾ തമ്മിലുള്ള അടുപ്പവും സംതൃപ്തിയും പൊതുവേ കുറേക്കൂടി മെച്ചപ്പെട്ടിരിക്കും. സ്ഥിരമായി ഒരേ കിടക്കറയിലുള്ള ബന്ധങ്ങൾ മടുപ്പുളവാക്കുന്നുണ്ടെകിൽ ഇടയ്ക്ക് സ്ഥലവും രീതിയും മാറ്റാവുന്നതാണ്. കിടക്കയുടെ സ്ഥാനം മാറ്റുന്നത് പോലും മാറ്റങ്ങൾ കൊണ്ടുവരും എന്ന് വിദഗ്ദർ പറയുന്നു.

രതിലീലകൾ[തിരുത്തുക]

കാഴ്ച, സ്പർശനം, ഗന്ധം, രുചി, ശ്രവണം എല്ലാം ലൈംഗികവികാരത്തെ ജനിപ്പിക്കുന്നതാണെങ്കിലും സ്പർശനമാണ്‌ രതിസുഖത്തിന്റെ കേന്ദ്രബിന്ദു. സ്പര്ശനങ്ങൾ സുഖകരവും രസകരവുമാക്കേണ്ടതിന്റെ ആവശ്യകത ഇതിലൂടെ മനസിലാക്കാം. മൃദുവായ സ്പര്ശനങ്ങൾ ആവും തുടക്കക്കാർക്ക് അഭികാമ്യം. രതിപൂർവലാളനകളിൽ പരസ്പരമുള്ള നഗ്നതാസ്വാദനം, ആലിംഗനം (വാത്സ്യായനൻ അനേക പ്രകാരത്തിലുള്ളത് വിവരിക്കുന്നുണ്ട്), ചുംബനം,നഖക്ഷതങ്ങൾ, മസ്തനത്തിന്റെ ലാളനയും പാനവും, നുകരലും പല വിധ ചുംബനങ്ങളും, പരസ്പരമുള്ള ജനനേന്ദ്രിയ ചുംബനവും നുകരലും, ലിംഗത്തിലുള്ള സ്ത്രീയുടെ അംഗുലീലീലകൾ, മൃദുവായ തടവൽ തുടങ്ങി സ്ത്രീ പുരുഷന്മാർക്ക് രസം പ്രദാനം ചെയ്യുന്ന എന്തും മനോധർ‌മ്മം. എന്നാൽ പങ്കാളിക്ക് വേദന, ബുദ്ധിമുട്ട്, താൽപര്യക്കുറവ് എന്നിവയൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മധുരസംസാരം, രതിഭാവനകൾ, ശൃംഗാരം, ചുംബനം, ആലിംഗനം, സ്പർശനം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത്, കക്ഷം, മാറിടം, പൊക്കിൾച്ചുഴി, നിതംബം, തുട, പാദം, ഭഗശിശ്നിക (കൃസരി), ലിംഗം തുടങ്ങിയ നാഡീ ഞരമ്പുകൾ കൂടുതലുള്ള ഉയർന്ന സംവേദനമുള്ള ഭാഗങ്ങളിൽ സ്പർശ്ശിക്കുന്നതും ലാളിക്കുന്നതും രതിലീല തന്നെ. സ്ത്രീയും പുരുഷനും എല്ലാം ഇതാഗ്രഹിക്കുന്നു. എന്നാൽ പങ്കാളിക്ക് ഇഷ്ടമില്ലാത്ത രതിരീതികൾ ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. പരസ്പരമുള്ള ആശയവിനിമയം ഇവിടെ പ്രധാനമാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പറയുന്നത് രതിലീലകളുടെ ആസ്വാദ്യത മികച്ച രീതിയിൽ വർധിപ്പിക്കുന്നു. എന്നാൽ നാണം കൊണ്ടോ ഇണ എന്ത് കരുതുമെന്നു വിചാരിച്ചോ പാപബോധം കൊണ്ടോ ഇക്കാര്യങ്ങൾ തുറന്നു പറയാത്ത ആളുകളുമുണ്ട്.

വാസ്തവത്തിൽ കിടപ്പറയിൽ മാത്രം ഒതുക്കി നിർത്തേണ്ട ഒന്നല്ല രതിലീലകൾ. പങ്കാളികൾ ഒരുമിച്ചുള്ള യാത്ര, ഭക്ഷണം, ഒരുമിച്ചുള്ള കുളി, സ്നേഹപ്രകടനങ്ങൾ, സംസാരം, വിനോദങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. കിടപ്പറയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ അനാവശ്യ ആകുലതകൾ ഒഴിവാക്കുന്നതാവും അഭിലഷണീയം. വൃത്തിയുള്ള കിടപ്പറ, പങ്കാളിയുടെ വ്യക്തി ശുചിത്വം പ്രത്യേകിച്ച് വായയുടെ വൃത്തി, ശരീരത്തിന്റെ ഗന്ധം, ആകർഷകമായ വസ്ത്രധാരണം എന്നിവയെല്ലാം രതിലീലകളിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. പങ്കാളിക്ക് താല്പര്യമുള്ള രതിലീലകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും താല്പര്യമില്ലാത്തവ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. അത് രതിമൂർച്ഛയിലേക്ക് എത്തിച്ചേരാൻ ഏറ്റവും പ്രയോജനപ്രദമാണ്.

"https://ml.wikipedia.org/w/index.php?title=രതിലീല&oldid=3627754" എന്ന താളിൽനിന്ന് ശേഖരിച്ചത്