ഉള്ളടക്കത്തിലേക്ക് പോവുക

യാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പെയിനിലെ ഒവീഡോയിൽ സഞ്ചാരികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രതിമ

വിദൂരസ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ സഞ്ചാരമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. കാൽനടയായോ സൈക്കിൾ, ഓട്ടോമൊബൈൽ, ട്രെയിൻ, ബോട്ട്, ബസ്, വിമാനം, കപ്പൽ എന്നിവയോ മറ്റു മാർഗ്ഗങ്ങളോ ഉപയോഗിച്ചോ യാത്ര ചെയ്യാം. ലഗേജോടുകൂടിയോ അല്ലാതെയോ യാത്ര ചെയ്യാം; ഒരു വഴിക്ക് മാത്രമായോ പോയി തിരിച്ചുവരുന്ന രീതിയിലോ യാത്ര ചെയ്യാം.[1][2] വിനോദസഞ്ചാരത്തിന്റെ കാര്യത്തിലെന്നപോലെ, ഹ്രസ്വകാല താമസങ്ങളും യാത്രയിൽ ഉൾപ്പെടാം.

ഉദ്ദേശ്യവും പ്രചോദനവും

[തിരുത്തുക]

വിനോദം, അവധിക്കാലം, ഗവേഷണം, വിവരശേഖരണം, ആളുകളെ സന്ദർശിക്കൽ, ജീവകാരുണ്യപ്രവർത്തനങ്ങൾ, മറ്റെവിടെയെങ്കിലും ജീവിതം ആരംഭിക്കാനുള്ള കുടിയേറ്റം, മതപരമായ തീർത്ഥാടനങ്ങൾ, മിഷൻ യാത്രകൾ, ബിസിനസ് യാത്രകൾ, വ്യാപാരം, ആരോഗ്യസംരക്ഷണം, യുദ്ധത്തിൽ നിന്നുള്ള പലായനം, മറ്റു കാരണങ്ങൾ എന്നിങ്ങനെ യാത്രയ്ക്ക് കാരണങ്ങൾ ഒരുപാടുണ്ട്.[3] യാത്രയ്ക്കായി നടത്തം, സൈക്ലിംഗ് തുടങ്ങിയ മനുഷ്യശക്തി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളോ പൊതുഗതാഗതം, കാർ, തീവണ്ടി, വിമാനങ്ങൾ തുടങ്ങിയ വാഹനങ്ങളോ ഉപയോഗിക്കാം.

യാത്രയുടെ ചരിത്രം

[തിരുത്തുക]

സമ്പന്നരായ ഗ്രീക്കുകാരും റോമാക്കാരും അവരുടെ വേനൽക്കാല വസതികളിലേക്കും പോംപൈ, ബയേ തുടങ്ങിയ നഗരങ്ങളിലെ വില്ലകളിലേക്കും വിനോദത്തിനായി യാത്ര ചെയ്യുമായിരുന്നു.[4] ആദ്യകാല യാത്രകൾ മന്ദഗതിയിലുള്ളതും കൂടുതൽ അപകടകരവുമായിരുന്നു; അവ പ്രധാനമായും വ്യാപാരത്തിനും കുടിയേറ്റത്തിനും വേണ്ടിയുള്ളവയായിരുന്നു. ആധുനിക കാലത്തെ സാംസ്കാരികവും സാങ്കേതികവുമായ മുന്നേറ്റങ്ങൾ യാത്രയെ എളുപ്പമുള്ളതും എല്ലാവർക്കും പ്രാപ്യവുമാക്കി മാറ്റി.[5] 1492-ൽ ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിൽ നിന്ന് പുതിയ ലോകത്തേക്ക് കപ്പൽ കയറിയതിനുശേഷം മനുഷ്യവർഗ്ഗം ഗതാഗതരംഗത്ത് വളരെയധികം മുന്നേറി. കൊളംബസിന്റെ പര്യവേഷണത്തിന് അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ 10 ആഴ്ചയെടുത്തു; എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു വിമാനത്തിന് സ്പെയിനിൽ നിന്ന് അമേരിക്കയിലെത്താൻ ഒറ്റരാത്രി മതിയാകും.

മധ്യകാലഘട്ടത്തിലെ യാത്ര ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു; എന്നിരുന്നാലും അത് അന്നത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രധാനമായിരുന്നു. വലിയ യാത്രകൾ പ്രധാനമായും വ്യാപാര ആവശ്യങ്ങൾക്കുള്ളവയായിരുന്നു.[4] യൂറോപ്യൻ ലോകത്തും ഇസ്ലാമിക ലോകത്തും മതപരമായ തീർത്ഥാടനങ്ങൾ സാധാരണമായിരുന്നു; പ്രാദേശികമായും (കാന്റർബറി കഥകളിലേതുപോലെ) അന്താരാഷ്ട്രതലത്തിലുമുള്ള തീർത്ഥാടകസഞ്ചാരങ്ങളും ഉണ്ടായിരുന്നു.[6]

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യൂറോപ്യൻ യുവപ്രഭുക്കന്മാർക്കും സമ്പന്നരായ ഉപരിവർഗ്ഗക്കാർക്കുമിടയിൽ, കലയിലും സാഹിത്യത്തിലുമുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി യൂറോപ്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒരു ഫാഷനായി മാറി. ഇത് ഗ്രാൻഡ് ടൂർ എന്നറിയപ്പെട്ടു; ലണ്ടൻ, പാരീസ്, വെനീസ്, ഫ്ലോറൻസ് , റോം തുടങ്ങിയ നഗരങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഫ്രഞ്ച് വിപ്ലവം ഗ്രാൻഡ് ടൂറിന് അന്ത്യം കുറിച്ചു.[4]

പത്തൊൻപതാം നൂറ്റാണ്ടിൽ റെയിൽ‌വേ ശൃംഖല വരുന്നതുവരെ ജലമാർഗ്ഗമുള്ള യാത്ര കരയാത്രയേക്കാൾ സുഗമവും വേഗമേറിയതുമായിരുന്നു. വിനോദസഞ്ചാരത്തിനായുള്ള യാത്രകൾ ആരംഭിച്ചത് ഈ സമയത്താണ്. യാത്രയിലെ വെല്ലുവിളികൾ കുറഞ്ഞതോടെ ആളുകൾ വിനോദത്തിനായി യാത്ര ചെയ്യാൻ തുടങ്ങി. ട്രെയിനുകളും ഹോട്ടലുകളും ഒരുമിച്ച് ബുക്ക് ചെയ്യുന്ന ടൂറിസം പാക്കേജുകൾ വിറ്റ തോമസ് കുക്കിനെപ്പോലുള്ളവർ ഇത് മുതലെടുത്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകയുദ്ധത്തിന്റെ അവസാനത്തോടെ ദീർഘദൂരയാത്രകൾ എയർഷിപ്പുകളും വിമാനങ്ങളും ഏറ്റെടുത്തു.[4] 21-ാം നൂറ്റാണ്ടിൽ വിമാനയാത്ര അത്രമേൽ സർവ്വസാധാരണമായിത്തീർന്നതിനാൽ, അലക്സിസ് ആൽഫോർഡ് എന്ന വനിതയ്ക്ക് 21 വയസ്സിനു മുമ്പുതന്നെ 196 രാജ്യങ്ങളും സന്ദർശിക്കാൻ കഴിഞ്ഞു.[7]

ഭൂമിശാസ്ത്രപരമായ തരങ്ങൾ

[തിരുത്തുക]

യാത്ര പ്രാദേശികമോ ദേശീയമോ (ആഭ്യന്തരം) അന്താരാഷ്ട്രമോ ആകാം. ചില രാജ്യങ്ങളിൽ, രാജ്യത്തിനകത്തുതന്നെയുള്ള ദൂരയാത്രകൾക്ക് ആഭ്യന്തര പാസ്‌പോർട്ട് ആവശ്യമായി വന്നേക്കാം; അതേസമയം അന്താരാഷ്ട്ര യാത്രകൾക്ക് സാധാരണയായി പാസ്‌പോർട്ടും വിസയും ആവശ്യമാണ്.[8]

യാത്രാ സുരക്ഷ

[തിരുത്തുക]

യാത്രകളിൽ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറയുന്നുണ്ട്.[9] വിദേശയാത്ര നടത്തുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളും കുറ്റകൃത്യങ്ങളും അക്രമങ്ങളും നേരിടേണ്ടിവന്നേക്കാം.[10] ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നത് ഒഴിവാക്കുക, പാസ്‌പോർട്ട് വിവരങ്ങളും യാത്രാവിവരങ്ങളും വിശ്വസ്തരായ ആളുകളുമായി മാത്രം പങ്കുവെക്കുക, സന്ദർശിക്കുന്ന രാജ്യത്ത് സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് എടുക്കുക, ഒരു വിദേശരാജ്യത്ത് എത്തുമ്പോൾ സ്വന്തം രാജ്യത്തിന്റെ എംബസിയിൽ രജിസ്റ്റർ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ സുരക്ഷാ പരിഗണനകളിൽ ഉൾപ്പെടുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുകൾ പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല; എന്നിരുന്നാലും മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ സ്വീകരിക്കുന്നുണ്ട്.[11] സ്വന്തം രാജ്യത്ത് നൽകുന്ന വാഹന ഇൻഷുറൻസ് പോളിസികൾ പലപ്പോഴും വിദേശരാജ്യങ്ങളിൽ സാധുവല്ല; അതിനാൽ സന്ദർശിക്കുന്ന രാജ്യത്ത് സാധുതയുള്ള താൽക്കാലിക വാഹന ഇൻഷുറൻസ് എടുക്കേണ്ടത് പലപ്പോഴും ആവശ്യമാണ്. പോകുന്ന രാജ്യങ്ങളിലെ ഡ്രൈവിംഗ് നിയമങ്ങളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കുന്നതും നല്ലതാണ്. സുരക്ഷാകാരണങ്ങളാൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഏറെ ഉചിതമാണ്; സീറ്റ് ബെൽറ്റ് നിയമങ്ങൾ ലംഘിച്ചാൽ പല രാജ്യങ്ങളിലും വലിയ പിഴയുണ്ട്.

വിവിധതരം യാത്രകളുടെ സുരക്ഷ താരതമ്യം ചെയ്യാൻ മൂന്ന് പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കാം (2000 ഒക്ടോബറിലെ ഒരു DETR സർവേയെ അടിസ്ഥാനമാക്കി):[12]

യാത്രാമാർഗ്ഗം ഓരോ ബില്യണിലുമുള്ള മരണങ്ങൾ
യാത്രകൾ മണിക്കൂർ കിലോമീറ്റർ
ബസ് 4.3 11.1 0.4
റെയിൽ 20 30 0.6
വിമാനം 117 30.8 0.05
കപ്പൽ 90 50 2.6
വാൻ 20 60 1.2
കാർ 40 130 3.1
നടത്തം 40 220 54
സൈക്കിൾ 170 550 45
മോട്ടോർ സൈക്കിൾ 1640 4840 109

അവലംബം

[തിരുത്തുക]
  1. ↑ "Travel." (definition). Thefreedictionary.com. Accessed July 2011.
  2. ↑ "Travel." (definition). Merriam-webster.com. Accessed July 2011.
  3. ↑ "The Road to Travel: Purpose of Travel." Archived 2018-06-06 at the Wayback Machine University of Florida, College of Liberal Arts and Sciences. (Compilation for History 3931/REL 3938 course.) Accessed July 2011.
  4. 1 2 3 4 "A History Of Why People Travel". Matador Network.
  5. ↑ "A Brief Visual History of Travel" Archived 2019-03-31 at the Wayback Machine. Accessed May 2017.
  6. ↑ Peters, F. E. (1994). The Hajj: The Muslim Pilgrimage to Mecca and the Holy Places. Princeton University Press. p. 164. ISBN 9780691026190.
  7. ↑ Shauna Beni (July 29, 2019). "This Gen Zer Just Became the Youngest Person to Travel to Every Country: Alexis Alford—or Lexie Limitless, as she's known on Instagram—has set the record at just 21 years old". Conde Nast Traveler. Retrieved March 6, 2020. ... By age 12, Alexis Alford ... Alford, now 21, has accomplished her goal...
  8. ↑ "Round-trip — Definition and More from the Free Merriam-Webster Dictionary". Merriam-Webster. Retrieved 2 March 2013.
  9. ↑ "Tips for Traveling Abroad." Archived 2013-10-22 at the Wayback Machine Bureau of Consular Affairs, U.S. Department of State Archived 2025-01-15 at the Wayback Machine. Accessed July 2011.
  10. ↑ "A Safe Trip Abroad." Archived 2013-12-07 at the Wayback Machine Bureau of Consular Affairs, U.S. Department of State Archived 2025-01-15 at the Wayback Machine. Accessed July 2011.
  11. ↑ "Road Safety Overseas." Archived 2013-10-16 at the Wayback Machine Bureau of Consular Affairs, U.S. Department of State Archived 2025-01-15 at the Wayback Machine. Accessed July 2011.
  12. ↑ The risks of travel "ആർക്കൈവ് പകർപ്പ്". Archived from the original on 2001-09-07. Retrieved 2020-12-27.{{cite web}}: CS1 maint: bot: original URL status unknown (link)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാത്ര&oldid=4681676" എന്ന താളിൽനിന്ന് ശേഖരിച്ചത്