ഹണിമൂൺ
വിവാഹത്തിന് തൊട്ടുപിന്നാലെ വധൂവരന്മാർ ഒരുമിച്ച് ചിലവഴിക്കുന്ന കാലയളവാണ് ഹണിമൂൺ അല്ലെങ്കിൽ മധുവിധു എന്ന് സാധാരണയായി പറയാറുള്ളത്. വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികൾ ഒരുമിച്ച് നടത്തുന്ന യാത്രയ്ക്ക് ഹണിമൂണിൽ വലിയ പ്രാധാന്യം നൽകപ്പെടുന്നു. ഇന്ന്, ഹണിമൂൺ പലപ്പോഴും വിദേശ രാജ്യങ്ങൾ അല്ലെങ്കിൽ റൊമാന്റിക് ആയി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
പദോൽപത്തി
[തിരുത്തുക]ചാന്ദ്ര കലണ്ടർ പ്രചാരത്തിലുണ്ടായിരുന്ന അഞ്ചാം നൂറ്റാണ്ടിൽ വിവാഹശേഷം ചന്ദ്രനെ ആദ്യമായി കണ്ടുകഴിഞ്ഞാൽ വധൂവരന്മാർ ചേർന്ന് കാമാസാക്ത ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന തേൻ നിർമ്മിതമായ മീഡ് എന്ന മദ്യം കഴിക്കുന്ന പതിവ് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്നു.[1] റോമൻ ബഹു വിഷയപണ്ഡിതൻ പ്ലീനി രേഖപ്പെടുത്തിയത് അനുസരിച്ച് തേനിന്റെ ഒരു ഭാഗവും മൂന്ന് ഭാഗം വെള്ളവും ചേർത്ത് 40 ദിവസം സൂര്യപ്രകാശത്തിൽ വെച്ച് തയ്യാറാക്കുന്ന ലഹരിപാനീയമാണ് മീഡ്.[2] മധുവിധു കാലഘട്ടത്തിൽ ദിവസേന മീഡ് കഴിക്കുന്നത് വഴി പുത്രന്മാരെ ലഭിക്കുമെന്നൊരു വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു.[2] ഇതിൽ നിന്നാണ് ഹണിമൂൺ എന്ന വാക്കുണ്ടായതെന്നാണ് ചരിത്രകാരൻ മാർഗുലിവിൻ അഭിപ്രായപ്പെടുന്നത്.[3] വിവാഹശേഷമുള്ള ആദ്യ ദിനങ്ങളിലെ സന്തോഷത്തെ സൂചിപ്പിക്കാനാണ് ഹണിമൂൺ എന്ന വാക്കുപയോഗിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.[3]
ഹണിമൂൺ എന്ന പദത്തിന്റെ രേഖപ്പെടുത്തിയ ആദ്യകാല ഉപയോഗങ്ങളിലൊന്ന് 1552-ലെ ഒരു പുസ്തകം വിശദീകരിക്കുന്ന ഹണി മോൺ (Honey mone) എന്ന പദം ആണ്. പക്ഷെ അത് ഇന്നത്തെ അർഥത്തിലല്ല ഉപയോഗിച്ചത്.[4]
ചരിത്രം
[തിരുത്തുക]1800 കളുടെ അവസാനം വരെ, ഹണിമൂൺ എന്ന വാക്ക് വാസ്തവത്തിൽ വിവാഹാനന്തര ഉല്ലാസയാത്രയ്ക്ക് പകരം വിവാഹത്തിന്റെ ആദ്യ മാസത്തെയാണ് സൂചിപ്പിച്ചിരുന്നത്.[4]
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പദം വിവാഹത്തിന് ശേഷമുള്ള യാത്രയുമായി ബന്ധപ്പെട്ട് പ്രയോഗിച്ചു തുടങ്ങി.[4]
ഇന്നത്തെ അർഥത്തിലുള്ള ഹണിമൂണിൻ്റെ ചരിത്രം തുടങ്ങുന്നത് പാശ്ചാത്യ സംസ്കാരത്തിലാണ്. നവദമ്പതികൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്ന പതിവ് 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് ഉത്ഭവിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദൂരദേശങ്ങളിലെ ബന്ധുക്കളെ കാണാൻ സമൂഹത്തിൽ ഉയർന്ന നിലയിലുള്ള ദമ്പതികൾ, ചിലപ്പോൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളോടൊപ്പമോ ചിലപ്പോൾ "ബ്രൈഡൽ ടൂർ" നടത്താറുണ്ടായിരുന്നു.[5] ഈ രീതി താമസിയാതെ യൂറോപ്യൻ ഭൂഖണ്ഡം മുഴുവൻ വ്യാപിക്കുകയും ചെയ്തു. 1820 മുതൽ ഫ്രാൻസിൽ ഇത് voyage à la façon anglaise (വിവർത്തനം: ഇംഗ്ലീഷ് ശൈലിയിലുള്ള യാത്ര) എന്നറിയപ്പെട്ടു. റൊമാന്റിക് നഗരങ്ങളായ റോം, വെറോണ, വെനീസ് എന്നിവയായിരുന്നു അക്കാലത്തെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങൾ. സാധാരണഗതിയിൽ വിവാഹ രാത്രി മുതൽ മധുവിധു ആരംഭിക്കും, അതിനാൽ വൈകി ട്രെയിനോ കപ്പലോ പിടിക്കാനായി ദമ്പതികൾ സ്വീകരണങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് യാത്ര പോകും. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ചടങ്ങിനും സ്വീകരണത്തിനുമെല്ലാം ശേഷമാണ് ദമ്പതികൾ ഹണിമൂൺ ആഘോഷിക്കാൻ പോകുന്നത്.
യഹൂദ പാരമ്പര്യങ്ങളിൽ പലപ്പോഴും, മധുവിധു ആഘോഷത്തിനായി ഏഴ് ദിവസം അവധി നൽകാറുണ്ട്. പക്ഷെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈ യാത്രയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
ഫലങ്ങൾ
[തിരുത്തുക]2015 ലെ ഒരു പഠനം പറയുന്നത്, മധുവിധുവിനായി എത്ര കുറച്ച് ചെലവഴിച്ചാലും ശരി, ഹണിമൂൺ യാത്ര പോകുന്നത് വിവാഹമോചനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ്.[6] എന്നാൽ, വിവാഹനിശ്ചയം, വിവാഹ ചടങ്ങുകൾ, വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവ ഉയർന്ന് വലിയ കടങ്ങൾ ഉണ്ടാകുന്നത് വിവാഹമോചനത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.[6]
സോളൊമൂൺ അല്ലെങ്കിൽ യൂണിമൂൺ
[തിരുത്തുക]21-ാം നൂറ്റാണ്ടിലെ വളർന്നുവരുന്ന മറ്റൊരു യാത്രാ പ്രവണതയാണ് "സോളൊമൂൺ" അല്ലെങ്കിൽ "യൂണിമൂൺ". ഇത് നവദമ്പതികൾ അവരുടെ പങ്കാളിയ്ക്കൊപ്പമല്ലാതെ നടത്തുന്ന അവധി യാത്രയാണ്.[7][8]
അവലംബം
[തിരുത്തുക]- ↑ "Where Does the Term "Honeymoon" Come From?". www.mentalfloss.com (in ഇംഗ്ലീഷ്). 2014-01-14. Retrieved 2021-01-09.
- ↑ 2.0 2.1 "History Of Honeymoon - Interesting & Amazing Information On Origin & Background Of Honeymoon" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-01-10. Retrieved 2021-01-09.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 "honeymoon origin: ഹണിമൂൺ എന്ന സമ്പ്രദായം ഉണ്ടായത് ഇങ്ങനെയാണ്? - here's a look at the history of the word honeymoon | Samayam Malayalam". 2021-01-08. Archived from the original on 2021-01-08. Retrieved 2021-01-08.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 4.0 4.1 4.2 "Wedding History: Where Does The Word 'Honeymoon' Come From? - HistoryExtra". 2020-09-22. Archived from the original on 2020-09-22. Retrieved 2021-01-09.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Strand, Ginger (January 2008). "Selling Sex in Honeymoon Heaven". The Believer. Archived from the original on 2008-01-21. Retrieved 2021-01-10.
- ↑ 6.0 6.1 Francis-Tan, Andrew; Mialon, Hugo M. (2014-09-15). "'A Diamond is Forever' and Other Fairy Tales: The Relationship between Wedding Expenses and Marriage Duration" (in ഇംഗ്ലീഷ്). Rochester, NY. doi:10.2139/ssrn.2501480. S2CID 44741655. SSRN 2501480.
{{cite journal}}
: Cite journal requires|journal=
(help) - ↑ Leasca, Stacey (15 March 2019). "The 'unimoon' — a honeymoon without your new spouse — is a 'travel trend' we just can't get behind". Travel & Leisure.
- ↑ Laneri, Raquel (March 14, 2019). "Newlyweds are now going on separate honeymoons". New York Post.