ബിസിനസ് ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിവ് വിനോദസഞ്ചാരത്തിന്റെ കൂടുതൽ പരിമിതവും കേന്ദ്രീകൃതവുമായ ഉപവിഭാഗമാണ് ബിസിനസ് ടൂറിസം അല്ലെങ്കിൽ ബിസിനസ് യാത്ര.[1][2] ജോലിയുടെ ഭാഗമായി നടത്തുന്ന ബിസിനസ്സ് ടൂറിസം സമയത്ത്, വ്യക്തികൾ ജോലിചെയ്യുന്നതായി തന്നെ പരിഗണിക്കുകയും ശമ്പളം വാങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അവരുടെ ജോലിസ്ഥലത്തുനിന്നും അതുപോലെ വീട്ടിൽ നിന്നും അകന്നുനിൽക്കുകയാണ്.[2]

ടൂറിസത്തിന്റെ ചില നിർവചനങ്ങൾ ബിസിനസ്സ് ടൂറിസത്തെ വിനോദയാത്രയിൽ നിന്ന് ഒഴിവാക്കുന്നു.[3] പക്ഷെ, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു‌എൻ‌ഡബ്ല്യുടിഒ) വിനോദസഞ്ചാരികളെ നിർവചിക്കുന്നത് “വിനോദത്തിനും ബിസിനസിനും മറ്റ് ആവശ്യങ്ങൾക്കുമായി തുടർച്ചയായി ഒരു വർഷത്തിൽ അധികം സമയം വരാതെ, അവരുടെ സാധാരണ പരിതസ്ഥിതിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവർ” എന്നാണ്.[4]

ബിസിനസ് ടൂറിസം പ്രവർത്തനങ്ങൾ പ്രാഥമികമായി മീറ്റിംഗുകളും സമ്മേളനങ്ങളിലും എക്സിബിഷനുകളിലും പങ്കെടുക്കുന്നതുമാണ്.[2] ബിസിനസ് ടൂറിസത്തിൽ ബിസിനസ്സ് എന്ന പദം ഉണ്ടെങ്കിലും, ഗവൺമെന്റിൽ നിന്നോ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ആളുകൾ സമാന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, അതിനെയും ബിസിനസ് ടൂറിസം എന്ന് തന്നെ വിളിക്കുന്നു.[2]

പ്രാധാന്യം[തിരുത്തുക]

ചരിത്രപരമായി, ബിസിനസ്സ് ടൂറിസത്തിന് അന്താരാഷ്ട്ര വ്യാപാരത്തിന്റെ കാലത്തോളം ചരിത്രമുണ്ട്.[5] ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ബിസിനസ് ടൂറിസം ഒരു പ്രധാന വ്യവസായമായി മാറി.[6]

ബ്രിട്ടീഷ് ടൂറിസ്റ്റ് അതോറിറ്റിയുടെയും ലണ്ടൻ ടൂറിസ്റ്റ് ബോർഡിന്റെയും 1998 ലെ ഡാറ്റ അനുസരിച്ച്, യുകെയിലേക്കുള്ള എല്ലാ യാത്രകളുടെയും ഏകദേശം 14% ഉം യുകെയിലെ ടൂറിസ്റ്റ് മാർക്കറ്റിന്റെ 15% ഉം ബിസിനസ് ടൂറിസം ആണ്.[7] 2005 ലെ ഒരു കണക്ക് പ്രകാരം യുകെയിലെ കണക്ക് 30% വരെ വർദ്ധിച്ചിട്ടുണ്ടെന്ന് പറയുന്നു.[8] അന്താരാഷ്ട്ര ടൂറിസത്തിന്റെ 30% ബിസിനസ് ടൂറിസത്തിലാണെന്ന് ആണ് യുഎൻ‌ഡബ്ല്യുടിഒ കണക്കാക്കിയത്, എന്നാൽ വിവിധ രാജ്യങ്ങൾക്കിടയിൽ ഇതിൽ കാര്യമായ വ്യത്യാസമുണ്ട്.[5]

സവിശേഷതകൾ[തിരുത്തുക]

പതിവ് ടൂറിസവുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിസിനസ് ടൂറിസത്തിൽ ഒരു ചെറിയ വിഭാഗം മാത്രമേ ഉൾപ്പെടുന്നുള്ളൂ.[1] ബിസിനസ്സ് ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനങ്ങൾ ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള നഗരങ്ങൾ, വ്യാവസായിക മേഖലകൾ മുതലായവ പോലുള്ള മേഖലകളായിരിക്കാം.[1] ഒരു ശരാശരി ബിസിനസ്സ് ടൂറിസ്റ്റ് ഒരു ശരാശരി വിനോദ സഞ്ചാരിയേക്കാൾ കൂടുതൽ സമ്പന്നനാണ്, അതിനാൽ അയാൾ കൂടുതൽ പണം ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു.[5]

ബിസിനസ് ടൂറിസത്തെ പ്രാഥമിക, ദ്വിതീയ പ്രവർത്തനങ്ങളായി തിരിക്കാം. ബിസിനസുമായി (ജോലി) - ബന്ധപ്പെട്ട കൺസൾട്ടൻസി, പരിശോധന, മീറ്റിംഗുകളിൽ പങ്കെടുക്കുക എന്നിവ പോലുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് പ്രാഥമിക പ്രവർത്തനങ്ങൾ. ദ്വിതീയ പ്രവർത്തനങ്ങൾ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടവയാണ്, ഇതിൽ ഡൈനിംഗ്, വിനോദം, ഷോപ്പിംഗ്, കാഴ്ചകൾ, ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി മറ്റുള്ളവരെ കണ്ടുമുട്ടൽ തുടങ്ങിവ ഉൾപ്പെടുന്നു.[3] പ്രാഥമികമായവയാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നവ.[9]

ബിസിനസ്സ് ടൂറിസത്തിൽ വ്യക്തിഗത യാത്രകളും ചെറിയ ഗ്രൂപ്പ് യാത്രകളും ഉൾപ്പെടാം, കൂടാതെ ലക്ഷ്യസ്ഥാനങ്ങളിൽ കൺവെൻഷനുകളും കോൺഫറൻസുകളും ട്രേഡ് മേളകളും എക്സിബിഷനുകളും ഉൾപ്പെടെ ചെറുതും വലുതുമായ മീറ്റിംഗുകൾ ഉൾപ്പെടാം.[1][9] യു‌എസിൽ‌, ബിസിനസ് ടൂറിസത്തിന്റെ പകുതിയോളം ഏതെങ്കിലും തരത്തിലുള്ള ഒരു വലിയ മീറ്റിംഗിൽ‌ പങ്കെടുക്കുന്നത് ആണ്.[9]

വിനോദസഞ്ചാര സൌ കര്യങ്ങളായ എയർപോർട്ടുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ബിസിനസ് ടൂറിസ്റ്റുകൾക്കും വിനോദ സഞ്ചാരികൾക്കുമിടയിൽ പങ്കിടുന്നു, ഇതിൽ കാലാനുസൃതമായ വ്യത്യാസം പലപ്പോഴും പ്രകടമാണ് (ഉദാഹരണത്തിന്, വിനോദ സഞ്ചാരികൾക്ക് ആകർഷകമല്ലാത്ത സമയങ്ങളിൽ ബിസിനസ് ടൂറിസ്റ്റുകൾ അത്തരം സൗകര്യങ്ങൾ ഉപയോഗിച്ചേക്കാം).[2][8]

ബിസിനസ് ടൂറിസത്തെ ഇനിപ്പറയുന്നവയായി തിരിക്കാം:

 • പരമ്പരാഗത ബിസിനസ്സ് യാത്ര, അല്ലെങ്കിൽ മീറ്റിംഗുകൾ - ഇത് വിവിധ സ്ഥലങ്ങളിലെ ബിസിനസ്സ് പങ്കാളികളുമായി മുഖാമുഖ മീറ്റിംഗുകൾക്കായി ഉദ്ദേശിച്ചിട്ടുള്ളതാണ്[2][10]
 • പ്രോത്സാഹന യാത്രകൾ - ജീവനക്കാരെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യാത്രകൾ[2][6]
 • കോൺഫറൻസും എക്സിബിഷൻ യാത്രയും - വലിയ തോതിലുള്ള മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ലോകമെമ്പാടുമുള്ള 14,000 സമ്മേളനങ്ങളിൽ (1994-ൽ) പ്രാഥമിക ലക്ഷ്യസ്ഥാനങ്ങൾ പാരീസ്, ലണ്ടൻ, മാഡ്രിഡ്, ജനീവ, ബ്രസ്സൽസ്, വാഷിംഗ്ടൺ, ന്യൂയോർക്ക്, സിഡ്നി, സിംഗപ്പൂർ എന്നിവയാണ്[2][11]

ബിസിനസ് ടൂറിസത്തിന്റെ പശ്ചാത്തലത്തിൽ മീറ്റിംഗുകൾ, ഇൻസെന്റീവ്, കോൺഫറൻസുകൾ, എക്സിബിഷൻ എന്നീ വാക്കുകൾ ചേർത്ത് MICE എന്ന് ചുരുക്കിപ്പറയുന്നു.[2]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 John Lennon (2003). Tourism statistics: international perspectives and current issues. Cengage Learning EMEA. പുറം. 106. ISBN 978-0-8264-6501-6. ശേഖരിച്ചത് 1 May 2013.
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Brian Garrod (12 October 2012). "Business tourism". എന്നതിൽ Peter Robinson (സംശോധാവ്.). Tourism: The Key Concepts. Routledge. പുറങ്ങൾ. 18–22. ISBN 978-0-415-67792-9. ശേഖരിച്ചത് 1 May 2013.
 3. 3.0 3.1 John Lennon (2003). Tourism statistics: international perspectives and current issues. Cengage Learning EMEA. പുറം. 118. ISBN 978-0-8264-6501-6. ശേഖരിച്ചത് 1 May 2013.
 4. "UNWTO technical manual: Collection of Tourism Expenditure Statistics" (PDF). World Tourism Organization. 1995. പുറം. 10. മൂലതാളിൽ (PDF) നിന്നും 22 September 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2009.
 5. 5.0 5.1 5.2 Kishan Kumar Sharma (1 January 2004). World Tourism Today. Sarup & Sons. പുറം. 253. ISBN 978-81-7625-512-7. ശേഖരിച്ചത് 1 May 2013.
 6. 6.0 6.1 Kishan Kumar Sharma (1 January 2004). World Tourism Today. Sarup & Sons. പുറം. 254. ISBN 978-81-7625-512-7. ശേഖരിച്ചത് 1 May 2013.
 7. John Lennon (2003). Tourism statistics: international perspectives and current issues. Cengage Learning EMEA. പുറം. 107. ISBN 978-0-8264-6501-6. ശേഖരിച്ചത് 1 May 2013.
 8. 8.0 8.1 Peter Robinson; Sine Heitmann; Peter U. C. Dieke (2011). Research Themes for Tourism. CABI. പുറം. 132. ISBN 978-1-84593-698-3. ശേഖരിച്ചത് 1 May 2013.
 9. 9.0 9.1 9.2 karin Weber; K. S. Chon (2002). Convention Tourism: International Research and Industry Perspectives. Psychology Press. പുറം. 20. ISBN 978-0-7890-1284-5. ശേഖരിച്ചത് 1 May 2013.
 10. Kishan Kumar Sharma (1 January 2004). World Tourism Today. Sarup & Sons. പുറം. 256. ISBN 978-81-7625-512-7. ശേഖരിച്ചത് 1 May 2013.
 11. Kishan Kumar Sharma (1 January 2004). World Tourism Today. Sarup & Sons. പുറം. 255. ISBN 978-81-7625-512-7. ശേഖരിച്ചത് 1 May 2013.
"https://ml.wikipedia.org/w/index.php?title=ബിസിനസ്_ടൂറിസം&oldid=3516512" എന്ന താളിൽനിന്ന് ശേഖരിച്ചത്