യോനീസങ്കോചം
ലൈംഗികബന്ധമോ, ആർത്തവ ടാമ്പൂണ് പോലെയുള്ളവ ഉപയോഗിക്കുന്നതോ, മെൻസ്ട്രൽ കപ്പോ, ചിലപ്പോൾ യോനിപരിശോധനയോ പോലും ദുഷ്ക്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം. ഇംഗ്ലീഷിൽ വാജിനിസ്‍മസ് അഥവാ വജൈനിസ്മസ് (Vaginismus). സ്ത്രീകൾക്ക് ഉണ്ടാകുന്ന സാധാരണമായ ഒരു രോഗാവസ്ഥ തന്നെയാണ് ഇത്.
ബോധപൂർവ്വമല്ലാത്ത യോനിപേശിയുടെ സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. യോനിയുടെ സങ്കോചവികാസങ്ങളെ നിയന്ത്രിക്കുന്ന മസിലുകൾ വലിഞ്ഞു മുറുകി ബന്ധപ്പെടാൻ സാധിക്കാതെ വരുന്നതും അസ്സഹനീയമായ വേദനയും ഇതിന്റെ പ്രധാന ലക്ഷണമാണ്. സ്ത്രീ പങ്കാളിക്ക് യോനിയിൽ ലൈംഗിക ബന്ധത്തിന് ആവശ്യമായ വികാസമോ, നനവോ(ലൂബ്രിക്കേഷൻ) ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. പുരുഷ പങ്കാളിക്ക് ലിംഗ പ്രവേശനം സാധിക്കാതെ വരികയും, ചിലപ്പോൾ ഉദ്ധാരണക്കുറവും അനുഭവപ്പെടാം. ഇത്തരം അവസ്ഥമൂലം വന്ധ്യത പോലെയുള്ള പ്രശ്നങ്ങളും, ബന്ധങ്ങളുടെ തകർച്ചയും ഉണ്ടായി കാണാറുണ്ട്. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ പോലും പലർക്കും സാധിക്കുന്നില്ല എന്നതാണ് വസ്തുത [1].
യോനിസങ്കോചത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം മാനസികമായ പ്രശ്നം തന്നെയാണ്. പ്രധാനമായും ലൈംഗികബന്ധത്തോടുള്ള ഭയം, ലൈംഗികബന്ധം വേദന ഉളവാക്കുമോയെന്ന ഭയം എന്നിവയാണ് അടിസ്ഥാന കാരണം. ലൈംഗികബന്ധത്തോടുള്ള വെറുപ്പ്, ലൈംഗികതയെ പറ്റിയുള്ള തെറ്റായ ധാരണകൾ, ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലായ്മ, പാപചിന്ത, നേരത്തേ അനുഭവിക്കേണ്ടി വന്നിട്ടുള്ള ലൈംഗികപീഡനത്തിന്റെ ഓർമ്മകൾ, വൈവാഹിക ബലാത്സംഗം, പങ്കാളിയോടുള്ള അടുപ്പക്കുറവ്, ലൈംഗിക താല്പര്യക്കുറവ് തുടങ്ങിയവ വജൈനിസ്മസിന് കാരണമാകുന്ന ഘടകങ്ങൾ ആണ്. മനസിന്റെ ആഴങ്ങളിൽ അറിയാതെ കിടക്കുന്ന ഇത്തരം കാര്യങ്ങൾ ഒരുപക്ഷെ വ്യക്തി ബോധപൂർവം ശ്രമിച്ചാലും മാറിക്കൊള്ളണമെന്നില്ല.
ശാരീരികമായ കാരണങ്ങളിൽ യോനിയിലെ അണുബാധ, വൾവോഡയനിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, എപ്പിസിയോട്ടമി ശാസ്ത്രക്രിയയുടെ മുറിവ്, മലബന്ധം, ബാഹ്യകേളിയുടെ കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, ലൂബ്രിക്കേഷന്റെ കുറവ് അഥവാ യോനീ വരൾച്ച, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. വേദനാജനകമായ ലൈംഗികബന്ധം ഭയത്തിലേക്കും, ലൈംഗിക താല്പര്യക്കുറവിലേക്കും പിന്നീട് വജൈനിസ്മസ് എന്ന അവസ്ഥയിലേക്കും നയിക്കാറുണ്ട്.
മുമ്പ് വേദനയില്ലാതെ യോനിയിലെ ലൈംഗികബന്ധം ആസ്വദിച്ചിട്ടുള്ളവരെപോലും പിന്നീട് വജൈനിസ്മസ് ബാധിച്ചേക്കാം. ഉദാഹരണത്തിന് 45-55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമം (Menopause), യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധംതുടങ്ങിയവ ഇതിനുള്ള കാരണമാകാം. പുരുഷ പങ്കാളിക്ക് പലപ്പോഴും ലിംഗ പ്രവേശനം സാധിക്കാതെ വരികയും, ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടാൻ ഇടയാകുകയും ചെയ്യും. ഇതെപ്പറ്റി ശാസ്ത്രീയമായി അറിവില്ലാത്ത പങ്കാളികൾ പരസ്പരം കുറ്റപ്പെടുത്തുന്നതും പതിവായേക്കാം.
എന്നാൽ വിദഗ്ധ ചികിത്സ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ പലപ്പോഴും നാണക്കേട്, ലജ്ജ തുടങ്ങിയവ കാരണം പലരും ഇത്തരം പ്രശ്നങ്ങൾക്ക് ശരിയായ ചികിത്സ തേടാൻ മടിക്കാറുണ്ട്. ടോപ്പിക്കൽ തെറാപ്പി, പെൽവിക് ഫ്ലോർ വ്യായാമം അഥവാ കെഗൽ വ്യായാമം, ഡയലേറ്റർ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഈസ്ട്രജൻ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ മാർഗങ്ങൾ ഇന്ന് വികസിച്ചു വന്നിട്ടുണ്ട്. പ്രാഥമികമായ രീതികളിൽ ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഫാർമസിയിലും മറ്റും ലഭ്യമായ ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി അഥവാ കൃത്രിമ സ്നേഹകങ്ങൾ ഉപയോഗിക്കുന്നത് ഗുണം ചെയ്തേക്കാം. വിദഗ്ദ പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റ്, സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ദരുടെ സേവനം ഇവിടെ പ്രയോജനപ്പെടുത്താം. കൗൺസിലിംഗ് കൊണ്ട് മാത്രം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാറില്ല.
വജൈനിസ്മസ് അഥവാ യോനിസങ്കോചം എന്ന പ്രശ്നത്തിന്റെ പരിഹാരമായുള്ള ചില ചികിത്സാ രീതികൾ താഴെ കൊടുക്കുന്നു.
1. പെൽവിക് ഫ്ലോർ ഫിസിക്കൽ തെറാപ്പി (Pelvic Floor Therapy):
പേശികളെ അയവുവരുത്താൻ പഠിപ്പിക്കുന്നു. ശ്വാസമെടുക്കുന്ന രീതികളും, സ്വയം ചെയ്യാനുള്ള ലളിതമായ കെഗൽ വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പേശികളുടെ മുറുകൽ കുറയ്ക്കാൻ ഇത് സഹായിക്കും.
2. യോനി ഡൈലേറ്ററുകളും പരിശീലനവും (Vaginal Dilators):
വിരലിന്റെ വലുപ്പത്തിൽ തുടങ്ങി, ക്രമേണ വലുപ്പം കൂട്ടിയ സിലിക്കൺ ഉപകരണങ്ങൾ (ഡൈലേറ്ററുകൾ) സ്വയം യോനിയിൽ കയറ്റി പരിശീലിക്കുന്നു. ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിച്ച് പേശികളെ പതിയെ അയവുവരുത്താൻ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
3. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT):
'സെക്സ് വേദനയുള്ളതാണ്' എന്നതുപോലെയുള്ള തെറ്റായ ഭയങ്ങളും ചിന്തകളും ഡോക്ടറുമായി സംസാരിച്ച് മാറ്റിയെടുക്കുന്ന രീതിയാണിത്. പേടി കുറയ്ക്കാൻ ഇത് സഹായിക്കും.
4. മറ്റ് സഹായങ്ങൾ (Pharmacological Aids):
ചില കടുത്ത കേസുകളിൽ, വേദന കുറയ്ക്കാൻ ലേപനങ്ങളും (Lidocaine cream) അല്ലെങ്കിൽ പേശികളുടെ മുറുക്കം താൽക്കാലികമായി കുറയ്ക്കാൻ ബോട്ടോക്സ് ഇഞ്ചക്ഷനുകളും പോലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്.
5. ലൂബ്രിക്കന്റ് ജെല്ലി: യോനീ വരൾച്ച, ലൂബ്രിക്കേഷൻ കുറവ് എന്നിവ മൂലം യോനി മുറുകി കാണപ്പെടുകയും, ബന്ധപ്പെടുമ്പോൾ വേദനയും ഉള്ളവർക്ക് മാർക്കറ്റിൽ ലഭ്യമായ മികച്ച ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കാവുന്നതാണ്. ഇത് വരൾച്ചയും വേദനയും അകറ്റി ലൈംഗികത സുഖകരമാക്കുന്നു. കെ വൈ ജെല്ലി, ഡ്യുറക്സ് പ്ലേ, സിൽക്ക്, മൂഡ്സ് മുതലായ ലൂബ്രിക്കന്റ് ബ്രാൻന്ഡുകൾ ഇന്ന് ഫാർമസി, ഓൺലൈൻ മാർഗങ്ങളിൽ ലഭ്യമാണ്.
6. ഈസ്ട്രജൻ തെറാപ്പി:
ആർത്തവവിരാമം എത്തിയവർ (പൊതുവേ 45-55 വയസ് കഴിഞ്ഞവർ), ഓവറി നീക്കം ചെയ്തവർ തുടങ്ങിയവർക്ക് യോനി വരൾച്ച, യോനി ചർമ്മത്തിന്റെ കട്ടി കുറവ് എന്നിവ മൂലം ബന്ധപ്പെടുമ്പോൾ വേദന, വാജിനിസ്മസ് എന്നിവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ബന്ധപ്പെടുമ്പോൾ ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി(കൃത്രിമ സ്നേഹകങ്ങൾ) അല്ലെങ്കിൽ വജൈനൽ മൊയിസ്ച്ചറൈസറുകൾ തുടങ്ങിയവ ഉപയോഗിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം യോനിയിൽ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ ചികിത്സ ആണ്. ഇതിനെ 'വാജിനൽ ഈസ്ട്രജൻ തെറാപ്പി' എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ യോനിഭാഗത്ത് ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പം നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും, രതിമൂർച്ഛ അനുഭവപ്പെടാനും ഗുണകരമാണ്. ഇത് ലൈംഗിക താല്പര്യക്കുറവ് പരിഹരിക്കുകയും യോനിയുടെ ആരോഗ്യം പഴയതുപോലെ നിലനിർത്തുകയും ചെയ്യുന്നു. [2][3]
അവലംബം
[തിരുത്തുക]- ↑ "www.webmd.com › women › vaginismus-causes-symptomsVaginismus: Types, Causes, Symptoms, and Treatment - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vaginismus: Symptoms, Causes, Treatments, and More - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "www.mayoclinic.org". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]