വാർദ്ധക്യത്തിലെ ലൈംഗികത

വർദ്ധക്യത്തിലെത്തിയാൽ ലൈംഗിക താല്പര്യം കുറയുമെന്നോ ലൈംഗികശേഷി ഇല്ലാതാകുമെന്നോ ഉള്ള തെറ്റായധാരണ പലരിലും വ്യാപകമാണ്. വാർദ്ധക്യത്തിലെത്തിയ ആളുകളുടെ ലൈംഗികത (Sexuality in old age) വളരെയധികം അവഗണിക്കപ്പെട്ട ഒരു വിഷയം കൂടിയാണ്. എന്നാൽ ആയുർദൈർഖ്യം വർധിച്ചു വരുന്ന ആധുനിക ലോകത്തിൽ വൃദ്ധരുടെ സന്തോഷകരമായ ലൈംഗിക ജീവിതത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
അറുപത് അല്ലെങ്കിൽ അറുപത്തഞ്ചു വയസ് കഴിഞ്ഞാൽ സൗന്ദര്യവും ആകർഷകത്വവും ലൈംഗിക ശേഷിയും നശിക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ചെറുപ്പക്കാരുടെ ലൈംഗികത പോലെ തന്നെ പ്രധാനമാണ് മുതിർന്ന വ്യക്തികളുടെ ലൈംഗിക ജീവിതവും. സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന ധാരാളം മുതിർന്ന വ്യക്തികൾ ലോകമെമ്പാടും ഉണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ പ്രായമായി എന്നത് കൊണ്ടു മാത്രം ഒരു വ്യക്തിയുടെ ലൈംഗികതാല്പര്യം ഇല്ലാതാകണമെന്നില്ല. വാർദ്ധക്യത്തിലെത്തിയ ആരോഗ്യത്തിനും സന്തോഷത്തിനും ശരിയായ ലൈംഗികബന്ധം ഗുണകരമാണ്. എന്നാൽ ഇതേപ്പറ്റി ശാസ്ത്രീയമായ അറിവ് ഇന്നും പലർക്കുമില്ല.
45, 50 അല്ലെങ്കിൽ 55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമം അഥവാ മേനോപോസ് (Menopause), പുരുഷന്മാരിൽ ആൻഡ്രോപോസ് (Andropause) എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ ഉത്പാദനത്തിലെ കുറവ് ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. സ്ത്രീകളിൽ യോനീ വരൾച്ചയും യോനിയുടെ ഉൾതൊലിയുടെ കട്ടി കുറവും, പുരുഷന്മാരിൽ ലിംഗത്തിന്റെ ഉദ്ധാരണക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ പരിണിത ഫലങ്ങൾ. മറ്റൊന്ന്, പ്രായമായ ആളുകളിൽ ശരിയായ ഉത്തേജനം ഉണ്ടാകാൻ കൂടുതൽ സമയം ബാഹ്യകേളി അഥവാ ഫോർപ്ലേ ആവശ്യമായി വന്നേക്കാം.
കേവലം പ്രായമല്ല, മറിച്ചു ചില ഗുരുതരമായ രോഗാവസ്ഥകൾ വർദ്ധക്യത്തിലെത്തിയ ആളുകളുടെ ലൈംഗികശേഷിയെ മോശമായി ബാധിക്കാറുണ്ട് എന്ന് ഗവേഷണങ്ങൾ ചൂണ്ടി കാണിക്കുന്നു. ചെറുപ്പക്കാരിലും ഇത്തരം രോഗങ്ങൾ ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പ്രമേഹം (ഡയബറ്റിസ്), ഹൃദ്രോഗം, പക്ഷാഘാതം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, അസ്ഥി രോഗങ്ങൾ, വിഷാദരോഗം, ഉത്കണ്ഠ വൈകല്യം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതായിട്ടുണ്ട്. ഇത്തരം രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതോ, കൃത്യമായ ചികിത്സ സ്വീകരിക്കുന്നതോ ഏതു പ്രായത്തിലും ലൈംഗികശേഷി നിലനിർത്താൻ വളരെയധികം സഹായകരമാണ്.
എന്നാൽ വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് ലൈംഗിക പ്രശ്നങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാണ് എന്നതാണ് വാസ്തവം. ഒരു വിദഗ്ദ ഡോക്ടറുടെ അല്ലെങ്കിൽ സെക്സോളജിസ്റ്റിന്റെ (അല്ലെങ്കിൽ യൂറോളജിസ്റ്റിന്റെ) നേതൃത്വത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടാവുന്നതേയുള്ളൂ. സ്ത്രീകൾക്ക് ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ടു പോയിട്ടുണ്ട്. അവിടങ്ങളിൽ ആരോഗ്യ മേഖല ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാനും, ജനങ്ങളെ ബോധവൽക്കരിക്കാനും മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, വയാഗ്രയുടെ കണ്ടുപിടുത്തം ഇക്കാര്യത്തിൽ ഏറെ ഫലം ചെയ്തു. കൂടാതെ ഉദ്ധാരണശേഷിക്കുറവ്, ചുരുങ്ങിയ ലിംഗം തുടങ്ങിയവ അനുഭവപ്പെടുന്ന പുരുഷന്മാർ കൃത്രിമ ലിംഗ ഇമ്പ്ലാന്റ് ഉപയോഗിക്കുന്നത് വഴി ഉദ്ധാരണം ഇഷ്ടമുള്ളത്രയും സമയം നിലനിർത്താം.
സ്ത്രീകളുടെ ലൈംഗികതയിൽ ആർത്തവവിരാമം അല്ലെങ്കിൽ ഓവറി നീക്കം ചെയ്യുന്നത് ഒരു പ്രധാന ഘടകമാണ്. ഈ ഘട്ടത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് മൂലം യോനീ വരൾച്ച, യോനി ചർമ്മത്തിന്റെ കട്ടി കുറയുക എന്നിവ ഉണ്ടാകാം. ഇതുകാരണം ബന്ധപ്പെടുന്ന സമയത്ത് വേദനയും ബുദ്ധിമുട്ടും രതിമൂർച്ഛയില്ലായ്മയും അനുഭവപ്പെടാം, അതുമൂലം ലൈംഗിക വിരക്തി, പങ്കാളിയോട് അകൽച്ച തുടങ്ങിയവ അനുഭവപ്പെട്ടേയ്ക്കാം. ഇതിന് പരിഹാരമായി ഫാർമസിയിൽ ലഭിക്കുന്ന നനവ് നൽകുന്ന ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി (ഉദാ: കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ) യോനി ഭാഗത്ത് ഉപയോഗിക്കുന്നത് സ്ത്രീകളിൽ വരൾച്ചയും ബുദ്ധിമുട്ടും അകറ്റി ലൈംഗിക ആസ്വാദ്യത വർധിപ്പിക്കാൻ സഹായിക്കും. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഇത് യോനി ചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും ഇടയ്ക്ക് ഉണ്ടാകാനിടയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ലൈംഗിക താല്പര്യം മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ പല ആളുകളും ഇതെപ്പറ്റി ശരിയായ അറിവുള്ളവരല്ല. ഇവിടെ ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നം തന്നെയാണ്. ലൈംഗിക പ്രശ്നങ്ങൾ ആരോഗ്യ വിദഗ്ദരുമായി ചർച്ച ചെയ്തു ശാസ്ത്രീയമായ ചികിത്സ തേടാൻ പലർക്കും ലജ്ജയും മടിയുമാണ് എന്നതാണ് പ്രശ്നം.
പ്രായമായി എന്ന തോന്നൽ, ലൈംഗിക ജീവിതം ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നൊക്കെയുള്ള തെറ്റായ ധാരണകൾ ഈ ഘട്ടത്തിൽ പലർക്കും ഉണ്ടാവാറുണ്ട്. ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെ മരണം അല്ലെങ്കിൽ പങ്കാളിയുടെ ലഭ്യതക്കുറവ്, പുനർവിവാഹം ചെയ്യാനുള്ള സാഹചര്യമില്ലായ്മ, പങ്കാളിയുടെ ലൈംഗിക താല്പര്യക്കുറവ്, കുടുംബത്തിലെ സ്വകാര്യതയില്ലായ്മ, പങ്കാളിയിൽ നിന്നും മാറി കിടക്കേണ്ടി വരിക, ആവർത്തനവിരസത തുടങ്ങിയവ വർദ്ധക്യത്തിൽ എത്തിയവരുടെ ലൈംഗികജീവിതത്തിനും സ്നേഹം പങ്കുവെക്കലിനും തടസം സൃഷ്ടിക്കുന്നു. ഇത് പലരുടെയും മാനസിക ശാരീരിക ആരോഗ്യത്തെയും ബന്ധങ്ങളെയും തന്നെ ബാധിക്കുന്നു. ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്ക് പോലും ആമുഖലീലകൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ട് ലൈംഗിക ജീവിതം ആസ്വദിക്കാൻ സാധിക്കുന്നതാണ്.
കൃത്യമായ ശാരീരിക വ്യായാമം, ധാരാളം പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗങ്ങളും കടൽ മത്സ്യവും മുട്ടയും മറ്റുമടങ്ങിയ പോഷക സമൃദ്ധമായ ആഹാരം, പുകവലി അല്ലെങ്കിൽ അതിമദ്യാസക്തി തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, ശാസ്ത്രീയമായ ചികിത്സ, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ വർദ്ധക്യത്തിൽ എത്തിയാലും ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊതുവേ കുറവാണ്. പതിവായ വ്യായാമം ഊർജസ്വലതയും ആരോഗ്യവും മാത്രമല്ല ഹോർമോൺ സന്തുലിതാവസ്ഥയും, ലൈംഗികശേഷിയും, ശാരീരിക സൗന്ദര്യവും ഏറെക്കാലം നിലനിർത്താനും സഹായിക്കുന്നു. വർദ്ധക്യത്തിൽ തൃപ്തികരമായ ലൈംഗികബന്ധം ഉണ്ടാകുന്നത് മാനസികമായും ശാരീരികമായും നിരവധി ആരോഗ്യകരമായ ഗുണങ്ങൾ കൂടി പ്രദാനം ചെയ്യുന്ന ഒന്നാണ് എന്നും അതിൽ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ലെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഒരു രണ്ടാം ഹണിമൂണിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസിലാക്കാം.[1][2][3][4][5][6][7][8][9][10]
ഗുണങ്ങൾ
[തിരുത്തുക]1.ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം പ്രായമായ പുരുഷന്മാരിൽ പ്രൊസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. പ്രൊസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു[11].
2.പ്രായമായ സ്ത്രീകളിൽ ലൈംഗിക സജീവത യോനി ഭാഗത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, യോനിയുടെ ആരോഗ്യം, ഈർപ്പം, ഇലാസ്തികത, ആകൃതി തുടങ്ങിയവ നിലനിർത്താൻ സഹായിക്കുന്നു. മൂത്രാശയ പേശികളുടെ ആരോഗ്യം നിലനിർത്തുന്നു[12].
3.സന്തോഷകരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, അമിത രക്തസമ്മർദം കുറയുവാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), നല്ല ഉറക്കത്തിനും, മെച്ചപ്പെട്ട ആരോഗ്യത്തിനും, പൊതുവായ ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, രോഗ പ്രധിരോധശേഷിയും ഗുണകരമാണ്[13].
അവലംബം
[തിരുത്തുക]- ↑ "Sex and aging: Overview, stats, and maintaining satisfaction". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sexual health Sex and aging - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sexuality and Intimacy in Older Adults". www.nia.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Love and intimacy in later life". www.manchester.ac.uk.
- ↑ "Visual Guide To Sex After 60 - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sexual Aging: A Systematic Review of Qualitative Research". journals.sagepub.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Menopause and sexuality | Office on Women's Health". www.womenshealth.gov.
- ↑ "Sex and Menopause | The North American Menopause Society". www.menopause.org.
- ↑ "Aging, sexual intimacy, and challenges in contemporary India". www.frontiersin.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sex lives of Indians: How India makes love". economictimes.indiatimes.com.
- ↑ "Sex and prostate health - Harvard Health". www.health.harvard.edu.
- ↑ "Great Sex After 50: Expert Tips for People in Postmenopause". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Health Benefits of Sex | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]