Jump to content

അമിത കൊളസ്ട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും ലൈംഗിക പ്രശ്നങ്ങൾക്കും അത് കാരണമാകാറുണ്ട്. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം, അമിതവണ്ണം, ഉദ്ധാരണശേഷിക്കുറവ് എന്നിവക്ക് കാരണമാകാറുണ്ട്. അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, മരണം, അമിതമായ ചികിത്സ ചിലവ്, ബന്ധങ്ങളുടെ തകർച്ച എന്നിവയിലേക്ക് നയിക്കാം. ഇന്ന് തെറ്റായ ജീവിതശൈലി നിമിത്തം മധ്യവയസ്ക്കരിലും ചെറുപ്പക്കാരിൽ പോലും അമിത കൊളെസ്ട്രോൾ മൂലമുള്ള രോഗങ്ങൾ വ്യാപകമാണ്.

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശരീരത്തിന്റെ ആകാരഭംഗി കുറയ്ക്കുന്നു എന്നത് മാത്രമല്ല പ്രമേഹം അഥവാ ഡയബറ്റിസ് പോലെയുള്ള ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അമിതവണ്ണം കാൻസർ അടക്കമുള്ള പല മാരക രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.

അമിത കൊളെസ്ട്രോൾ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇക്കൂട്ടരിൽ വന്ധ്യത, പി.സി.ഓ.ഡി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനനേന്ദ്രിയ ഭാഗത്തുള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് നിമിത്തം പുരുഷന്മാരിൽ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുകയും അക്കാരണത്താൽ ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകുകയും ചിലപ്പോൾ ചുരുങ്ങിയ ലിംഗം ഉണ്ടാവുകയും ചെയ്യുന്നു. സമാനമായി സ്ത്രീകളിൽ ലൈംഗിക ഉത്തേജനക്കുറവ്, യോനീ വരൾച്ച, താല്പര്യക്കുറവ് എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗിക പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു എന്ന് പറയാനുള്ള കാരണവും കൊളെസ്ട്രോൾ തന്നെ.[1][2][3][4][5][6][7]

കാരണങ്ങൾ

[തിരുത്തുക]

ശാരീരിക വ്യായാമക്കുറവ് അമിത കൊളെസ്ട്രോൾ ഉണ്ടാകാൻ പ്രധാന കാരണമാണ്. അമിതമായി എണ്ണ, നെയ്യ്, കൊഴുപ്പ്, പഞ്ചസാര, അന്നജം എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതും ആഹാരങ്ങൾ, ബിരിയാണി, ചോറ് മുതലായ അന്നജം അടങ്ങിയ ആഹാരം, കൊഴുപ്പ് കൂടുതൽ അടങ്ങിയ ചുവന്ന മാംസം, പലഹാരങ്ങൾ തുടങ്ങിയവരുടെ അമിതമായ ഉപയോഗം, പുകവലി എന്നിവ അമിതമായ കൊളെസ്ട്രോൾ ഉണ്ടാകാൻ കാരണമാണ്. ജനതികവും പാരമ്പര്യവുമായി ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു.[8][9][10]

നിയന്ത്രണം

[തിരുത്തുക]

ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുക എന്നതാണ് അമിത കൊളെസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം. അതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും സ്വീകരിക്കേണ്ടതുണ്ട്. കൃത്യമായി ശാരീരിക വ്യായാമം ചെയ്യുക എന്നതാണ് അമിത കൊളെസ്ട്രോൾ കുറയാൻ ഏറ്റവും പ്രധാന മാർഗം. നടക്കുക, സൈക്കിൾ ചവിട്ടുക, ശാരീരിക അധ്വാനത്തിൽ ഏർപ്പെടുക, ജിം പരിശീലനം, നൃത്തം, കളികൾ, അയോധന കലകൾ തുടങ്ങിയവ ഏറെ ഗുണം ചെയ്യും. ഭക്ഷണത്തിൽ എണ്ണയും കൊഴുപ്പും അന്നജവും കുറയ്ക്കുക. നിത്യേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കൂടാതെ നട്ട്സും കടൽ മത്സ്യവും കൊഴുപ്പ് കുറഞ്ഞ മാംസവും, കൊഴുപ്പ് നീക്കിയ പാലും മറ്റുമടങ്ങിയ പോഷക സമൃദ്ധമായ ആഹാരശൈലി സ്വീകരിക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയവ ശീലമാക്കിയ ആളുകളിൽ മേല്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളും കുറവാണ്.[11]

റഫറന്സുകള്

[തിരുത്തുക]
  1. "High cholesterol - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "What is high cholesterol? - HEART UK - The Cholesterol Charity". www.heartuk.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  3. "5 Ways Cholesterol Can Affect Your Sex Life | HowStuffWorks". health.howstuffworks.com.
  4. "Erectile dysfunction and high cholesterol: What's the link?". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "High cholesterol in women: Causes, risk factors, and more". www.medicalnewstoday.com.
  6. "Erectile dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.
  7. "Female sexual dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  8. "What Can Cause a Sudden Increase in Cholesterol?". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  9. "High cholesterol - symptoms, causes & levels - BHF". www.bhf.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  10. "High cholesterol - NHS". www.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Top 5 lifestyle changes to improve your cholesterol - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അമിത_കൊളസ്ട്രോൾ&oldid=4082377" എന്ന താളിൽനിന്ന് ശേഖരിച്ചത്