മാനസികാസ്വാസ്ഥ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തിജീവിതത്തിലുണ്ടായേക്കാവുന്ന ആശയക്കുഴപ്പങ്ങളും, അസാധാരണമായ അവസ്ഥകളും പ്രകടമാക്കുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെ വൈദ്യശാസ്ത്ര രംഗത്തുള്ളവർ മാനസികാസ്വാസ്ഥ്യം എന്ന് വിശേഷിപ്പിക്കുന്നു.

മനോരോഗം എന്ന പദം വൈദ്യശാസ്ത്രം കൃത്യമായി നിർവ്വചിച്ചിട്ടുള്ള ഏതെങ്കിലും ഒരു നിശ്ചിത രോഗത്തെ സൂചിപ്പിക്കുന്നുവെങ്കിൽ, മാനസികാസ്വാസ്ഥ്യം അതിനേക്കാൾ വിപുലമായ കാര്യങ്ങളെ പരാമർശിക്കുന്ന പദമാണ്. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നയാൾ മനോരോഗപഠനങ്ങൾ അനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം. അമിതമായ ആകാംക്ഷ, ആശയക്കുഴപ്പം, മനോവിഭ്രമം, ഇല്ലാത്ത അനുഭവം ഉള്ളതായ തോന്നൽ, അമർഷം, വിഷാദം എന്നിവയാണ് ഈ ലക്ഷണങ്ങളിൽ ചിലത്.[1]

ഇരുട്ടത്ത് ഭയം പ്രകടിപ്പിക്കുന്ന കുട്ടി.

അപകടഭീഷണിയോട് മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ് ഭയം. ഇരുട്ടിനെ കൊച്ചു കുട്ടികൾ ഭയക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിപ്രവർത്തനമാണ്. ഇല്ലാത്ത അപകടഭീഷണി സ്വയം വിഭാവനം ചെയ്ത് ഭയപ്പെടുന്നതിനെ മാനസികാസ്വാസ്ഥ്യമായി കണക്കാക്കാം.

മരണവിയോഗം, മനക്ലേശം, ഉറക്കമില്ലായ്മ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഘാതമുണ്ടാക്കുന്ന അപകടങ്ങൾ, ചൂഷണം ചെയ്യപ്പെടൽ, ആക്രമണത്തിനിരയാകൽ തുടങ്ങിയ ജീവിത സാഹചര്യങ്ങൾ മാനസികാസ്വാസ്ഥ്യത്തിനു കാരണമായേക്കാം. പലരും ഇത്തരം അവസ്ഥകളിൽ നിന്നും കാലക്രമേണ മുക്തി പ്രാപിക്കുകയാണ് പതിവ്. അപൂർവ്വം ചിലരിൽ മാത്രം മാനസികാസ്വാസ്ഥ്യം തുടരുകയും പിന്നീട് അത് മനോരോഗമായി മാറാനും ഇടയാകുന്നു.

മനോരോഗം മാനസികാസ്വാസ്ഥ്യം എന്നീ രണ്ടു പദങ്ങളും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതല്ല. മനോരോഗം എന്ന പദം കൃത്യമായ രോഗത്തെ സൂചിപ്പിക്കുന്നതും, മാനസികാസ്വാസ്ഥ്യം എന്നത് വിവിധ ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതുമാണ്.

കുട്ടിക്കാലത്തെ ദുരനുഭവങ്ങളും, മാനസികാസ്വാസ്ഥ്യങ്ങളും മനോരോഗത്തിലേക്കു നയിക്കാനിടയുള്ള ഘടകങ്ങളാണ്. മാനസികാസ്വാസ്ഥ്യം എന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രോഗകാരണമാണെന്നും, ഏതാനും ദശകങ്ങൾക്കകം അത് ലോകത്തെ രണ്ടാമത്തെ വലിയ രോഗകാരണമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. [2]

മാനസികാസ്വാസ്ഥ്യത്തെ നിയന്ത്രിക്കുന്നതിൽ തൈരിന്റെ പങ്ക്[തിരുത്തുക]

തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതൽക്കേ ഭാരതീയ ഭിഷഗ്വരന്മാർ ബോധവാന്മാരായിരുന്നു. പാൽ പുളിച്ച് തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് 19-ാം ശതകത്തിൽ ലൂയി പാസ്ച്ചർ കണ്ടുപിടിച്ചു.

കട്ടിത്തൈരിൽ ഉള്ള സൂക്ഷ്മാണുക്കൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതായും, ഓട്ടിസം, അൽ ഷിമേഴ്‌സ്, മാനസികാസ്വാസ്ഥ്യം തുടങ്ങിയ രോഗങ്ങൾക്കും, രോഗലക്ഷണങ്ങൾക്കും ഉള്ള പുതിയ ചികിത്സാ രീതികൾക്ക രൂപം കൊടുക്കാൻ ഈ കണ്ടുപിടിത്തം സഹായകമാകുമെന്നും 2013-ൽ കാലിഫോർണിയാ സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന യു.സി.എൽ.എ. മെഡിക്കൽ സ്‌കൂളിലെ ഡോക്ടർ കിർസ്റ്റൻ ടിലിഷിന്റെ ( Dr. Kirsten Tillisch ) നേതൃത്വത്തിൽ നടന്ന ഗവേഷണം തെളിയിച്ചു. [3] [4]

അവലംബം[തിരുത്തുക]

  1. മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ
  2. "ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം". Archived from the original on 2016-03-05. Retrieved 2013-05-26.
  3. മാനസികാസ്വാസ്ഥ്യത്തെ നിയന്ത്രിക്കുന്നതിൽ തൈരിന്റെ പങ്ക്
  4. ഡോക്ടർ കിർസ്റ്റൻ ടിലിഷിന്റെ ഗവേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൈര് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാനസികാസ്വാസ്ഥ്യം&oldid=3640857" എന്ന താളിൽനിന്ന് ശേഖരിച്ചത്