കണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണ്
Eye nerves diagram.svg
കണ്ണൂം ഞരമ്പുകളൂം.
Eye iris.jpg
മനുഷ്യന്റെ കണ്ണ്.
കണ്ണികൾ ഒപ്താലം
Dorlands/Elsevier c_16/12220513

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്[1]. ജീവികളിലെ ഏറ്റവും ലളിതമായ കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ മാത്രമുള്ള കഴിവു മാത്രമേയുള്ളൂ. കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക്‌‍ നിറം, ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട്‌ കണ്ണുകളാണുള്ളത്‌, ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോകുലർ) ശക്തിയുള്ളവയാണ്‌. മീൻ, പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റേതുപോലെ ത്രിമാനമായ‌ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല.

മനുഷ്യശരീരത്തിൽ ഏതൊരു സമയത്തും 100% കഴിവോടെ, ക്ഷീണമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഏക അവയവം കണ്ണാണ്. [2]

കണ്ണുകളുടെ പരിണാമം[തിരുത്തുക]

വിവിധ ഇനം ജീവികളുടെ കണ്ണുകൾ തമ്മിൽ‍ സാദൃശ്യം ഉള്ളതു കൊണ്ട്‌ കണ്ണുകളെ കുറിച്ച്‌ വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട്‌. ഒന്നിൽനിന്നു തന്നെ ഉല്പത്തി എന്ന സിദ്ധാന്തം ആണ് ഇന്ന് ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജീവജാലങ്ങളുടെ കണ്ണുകളുടെ ഘടനയുടെ ജനിതകമായ സാദൃശ്യവും ഇതിനു ഉപോൽഫലകമായിരിയ്ക്കുന്നു. അതായതു ഇന്നു കാണപ്പെടുന്ന എല്ലാത്തരം കണ്ണുകളും 540 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു കണ്ണിന്റെ പൂർവ്വിക രൂപത്തിൽ നിന്നുണ്ടായി എന്നാണ്‌ വിശ്വസിക്കുന്നത്‌. [3]

ആദ്യത്തെ കണ്ണുകൾ[തിരുത്തുക]

യൂഗ്ലീന പോലുള്ള സൂക്ഷ്മജീവികളിലാണ്‌ ആദ്യത്തെ കണ്ണുകൾ ഉണ്ടായിരുന്നത്‌. ഇവ ഒറ്റക്കോശമുള്ള അണു സമാനമായതും, വെള്ളത്തിൽ മാത്രം ജീവിക്കുന്നതുമായ ജീവികളാണ്‌. ഫ്ലാജെല്ലും (അഥവാ ഫ്ലാഗെല്ലം) എന്ന വാൽ പോലുള്ള അവയവം ഇളക്കിയാണ്‌ ഇവ നീങ്ങുന്നത്‌. ഈ അവയവത്തിന്റെ ഉദയ ഭാഗത്ത്‌ കാണുന്ന സ്റ്റിഗ്മ (stigma) എന്ന ചുവപ്പുരാശിയുള്ള ബിന്ദുവിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവുണ്ട്‌. പ്രകാശം തിരിച്ചറിഞ്ഞ്‌ ആ ഭാഗത്തേയ്ക്കു നീങ്ങാൻ ഈ ജീവിയെ സഹായിക്കുന്നതിതാണ്‌. ഇതാണ്‌ ആദ്യത്തെ കണ്ണുകൾ.

ഘടന[തിരുത്തുക]

ഓരോ ജീവിയ്ക്കും അവയുടെ ജീവിതരീതിക്കനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിണമിച്ചുണ്ടായിട്ടുള്ളത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു ദൃഷ്ടിപടലവും ഉള്ള ലളിതനേത്രങ്ങളാണ് ഉള്ളത്. ഷഡ്പദങ്ങളിലും അതുപോലുള്ള മറ്റുജീവികൾക്കും സം‌യുക്തനേത്രങ്ങളാണുള്ളത്.

ലളിത നേത്രങ്ങൾ[തിരുത്തുക]

മനുഷ്യനെ പോലെ ഉയർന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ്‌ സ്ഥിതിചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു. കണ്ണിനെ നേത്രകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്, മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോഡി പേശികളുണ്ട്. കൺപോളദ്വയവും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നൽകുന്നു. കൺപോളകൾക്കുൾവശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം (Conjunctiva) എന്ന സുതാര്യമായ ഒരു നേർത്ത പാട ആവരണം ചെയ്തിരിക്കുന്നു. ഓരോ കണ്ണിലും രണ്ട് കണ്ണുനീർഗ്രന്ഥികൾ വീതമുണ്ട്. അവ സ്രവിക്കുന്ന കണ്ണുനീർ കണ്ണിനെ ഈർപ്പമുള്ളതായി നിർത്തുകയും, കണ്ണിൽ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു. കണ്ണുനീരിലെ ലൈസോസൈം (Lysozyme) എന്ന ജീവാഗ്നിയ്ക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കഴിവുണ്ട്. കൺപോളകളുടെ ചലനത്തിലൂടെ കണ്ണുനീർ കണ്ണിലുടനീളം വ്യാപിക്കുന്നു. അധികമുള്ള കണ്ണുനീർ കണ്ണിന്റെ കോണിലെ ചെറിയ നാളം വഴി മൂക്കിലെത്തുന്നു.

സംയുക്ത നേത്രങ്ങൾ[തിരുത്തുക]

പ്രകാശം തിരിച്ചറിയാനുള്ള നിരവധി സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തനേത്രം. ഈ സ്വതന്ത്രഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക. സാധാരണയായി ഈച്ച, തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ്. ലളിതനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കോണിലുള്ള കാഴ്ച, ചലനങ്ങളുടെ എളുപ്പത്തിലുള്ള തിരിച്ചറിയൽ തുടങ്ങിയവ സംയുക്തനേത്രങ്ങളുടെ പ്രത്യേകതയാണ്.

വ്യത്യസ്തജീവികളിൽ സംയുക്തനേത്രത്തിന്റെ പ്രവർത്തനം വ്യത്യസ്തമായ തരത്തിലായിരിക്കും.

കൺപടലങ്ങൾ[തിരുത്തുക]

നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്.

ദൃഢപടലം[തിരുത്തുക]

ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നു പറയുന്നു. അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു. തന്തുകലകളാൽ നിർമ്മിതമായ ഈ ഭാഗം അതാര്യമാണ്. എന്നാൽ ദൃഢപടലത്തിൽ ഉന്തിനിൽക്കുന്ന സുതാര്യമായ് ഒരു ഭാഗവുമുണ്ട്. ഈ ഭാഗത്തെ കോർണിയ എന്നു വിളിക്കുന്നു. കോർണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു.

രക്തപടലം[തിരുത്തുക]

കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.

കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് (Convex Lens). ഈ കാചത്തെ സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട്. സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു.

ദൃഷ്ടിപടലം[തിരുത്തുക]

കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് - റോഡ് കോശങ്ങളും (Rod) കോൺ കോശങ്ങളും (Con). റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. നിറങ്ങൾ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോൺകോശങ്ങൾ. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു. ഇവിടെ റോഡ് കോശങ്ങൾ സാധാരണ ഉണ്ടാവാറില്ല. പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത്.

നേത്രനാഡി[തിരുത്തുക]

പ്രകാശഗ്രാഹികളിൽ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിപടലത്തിൽ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു. അനേകം ന്യൂറോണുകളുടെ കൂട്ടമാണ് നേത്രനാഡി.

കണ്ണിലെ ദ്രവങ്ങൾ[തിരുത്തുക]

കണ്ണിൽ കോർണിയയ്ക്കും കാചത്തിനുമിടയിൽ ജലീയദ്രവം (Aquous humor) എന്ന ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്തെ ജലീയ അറ (Aquous chamber) എന്നു വിളിക്കുകയും ചെയ്യുന്നു. കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക (Vitreous Chamber) അറ എന്നു വിളിക്കുന്നു, ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം (Vitreous humor) നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ്. ഇവ ചെലുത്തുന്ന മർദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിർത്താൻ സഹായമാവുന്നത്.

കാഴ്ച[തിരുത്തുക]

ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു. പക്ഷേ കുറഞ്ഞ പ്രകാശത്തിൽ പോലും ഉത്തേജിക്കപ്പെടുന്നു. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമായേക്കാം.

രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല.

കോർണിയ[തിരുത്തുക]

കണ്ണിന്റെ മുൻഭാഗത്തുള്നതാൺള സുതാര്യമായ ഭാഗമാണ്കോർണിയ. ആറുപാളികൾ ചേർന്നതാണ്കോർണിയ. ബൊമാൻസ് പാളി, കോർണിയൽ സ്ട്രോമ, ദുവപാളി, ഡെസിമെന്റ്സ് പാളി, എൻഡോതീലിയം എന്നിവയാണ് ആ പാളികൾ. 2013ൽ ഇന്ത്യൻ ബ്രിട്ടീഷ് ഡോക്ടർറും ഗവേഷകനും ആയ സർ ഹർമീന്ദർസിങ്ങ് ദുവ ആണ് ദുവപാളികണ്ടുപിടിച്ചത്.

ദൃഷ്ടിപടലത്തിലെ പ്രതിബിംബം[തിരുത്തുക]

ഒരു വസ്തുവിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുകയും കണ്ണിലെ കോർണിയയിലൂടെ കടന്ന കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു. കാചം പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു. തത്ഫലമായി ദൃഷ്ടിപടലത്തിൽ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു. പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങൾ തലച്ചോറിലെത്തുകയും, തലച്ചോറ് രണ്ട് കണ്ണിൽ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവർന്ന രീതിയിൽ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

ഫോക്കസിങ്[തിരുത്തുക]

സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട്. കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്ക് അപ്പപ്പോൾ മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത്. കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു.

ദ്വിനേത്ര ദർശനം[തിരുത്തുക]

രണ്ട് കണ്ണുകളിലും വീഴുന്ന ഒരേ വസ്തുവിന്റെ വെവ്വേറെ പ്രതിബിംബങ്ങളെ തലച്ചോറ് പരിചരിച്ച് ഒരൊറ്റ ദൃശ്യമായി സ്വയം മനസ്സിലാക്കുന്നു. ഇതിനെ ദ്വിനേത്ര ദർശനം എന്നു വിളിക്കുന്നു. ദ്വിനേത്ര ദർശനം മൂലം വസ്തുക്കൾ സ്ഥിതി ചെയ്യുന്ന ദൂരം, അതിന്റെ കനം, ഉയരം, വിസ്തൃതി തുടങ്ങിയവ കണക്കാക്കാൻ കഴിയും. ദ്വിനേത്ര ദർശനം സാധ്യമല്ലാത്ത ജീവികളുമുണ്ട്.

കണ്ണിനുണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ[തിരുത്തുക]

കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തിൽ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തിൽ വീഴത്തക്ക വിധത്തിലുള്ളതാണ്. ഇത് ദൃഢപടലം, കണ്ണിലെ ദ്രവങ്ങൾ എന്നിവ കൊണ്ട് നിലനിർത്തപ്പെട്ടിരിക്കുന്നു. എന്തെങ്കിലും കാരണത്താൽ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാൽ ദൃഷ്ടിവൈകല്യമുണ്ടാകുന്നു. നിശാന്ധത, വർണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ്.

ദീർഘദൃഷ്ടി[തിരുത്തുക]

ദീർഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവർക്ക് അകലെയുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നിൽ കേന്ദ്രീകരിക്കുന്നതാണ് ദീർഘദൃഷ്ടിയ്ക്കു കാരണം. നേത്രഗോളത്തിന്റെ ദൈർഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത്. വക്രതയിൽ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താൻ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീർഘദൃഷ്ടിയ്ക്ക് കാരണമാകുന്നു.

അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം (Convex lens) ഉള്ള കണ്ണട ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാവുന്നതാണ്. കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴാൻ സഹായിക്കുന്നു.

ഹ്രസ്വദൃഷ്ടി[തിരുത്തുക]

അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി. അകലെയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു. കൺഗോളത്തിന്റെ ദൈർഘ്യം കൂടുതലായിരിക്കുന്നതോ, കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്.

അവതല കാചം (Concave Lens) ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴത്തക്ക വിധത്തിൽ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

വിഷമദൃഷ്ടി[തിരുത്തുക]

ഒരു വസ്തുവിൽ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി (Astigmatism). ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു. കണ്ണിലെ ലെൻസിന്റെയോ കോർണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം. പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കൽ ലെൻസുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത്.

തിമിരം[തിരുത്തുക]

നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം. സാധാ‍രണ വാർദ്ധക്യത്തിലാണ് തിമിരം ബാധിക്കുക. അതാര്യത വർദ്ധിക്കുകയും ഒടുവിൽ പൂർണ്ണ അന്ധതയിൽ കലാശിക്കുകയും ചെയ്യുന്നു. ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിച്ചോ, ശക്തിയേറിയ കണ്ണട ഉപയോഗിച്ചോ തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ശരിയാക്കുന്നു.

ഗ്ലോക്കോമ[തിരുത്തുക]

കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണിൽ അസാധാരണ മർദ്ദമുളവാകുന്ന രോഗമാണ്‌ ഗ്ലോക്കോമ. ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു. ദീപങ്ങൾക്കു ചുറ്റും വലയങ്ങൾ കാണുക, രാത്രിയിൽ കാഴ്ചക്കുറവുണ്ടാവുക, കണ്ണിനുചുറ്റും വേദനയുണ്ടാവുക, കണ്ണിനു മങ്ങൽ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്

വർണ്ണാന്ധത[തിരുത്തുക]

നിറം തിരിച്ചറിയാൻ പറ്റാതിരിക്കുന്ന , പ്രത്യേകിച്ച് ചുവപ്പും പച്ചയും, ഒരു രോഗമാണ് വർണ്ണാന്ധത. സ്റ്റ്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത്കൂടുതലായി കാണുന്നു.[2]

കോങ്കണ്ണ്[തിരുത്തുക]

രണ്ടു കണ്ണുകൾക്കും ഒരേ ബിന്ദുവിലേക്ക് കാഴ്ച കേന്ദ്രീകരിക്കാൻ പറ്റത്ത അവസ്ഥയാണ് കോങ്കണ്ണ്. കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത്, നെരെയുള്ള നാലു പേശികളും രൺടു ചെരിഞ്ഞ പേശികളുമാണ്. അവയുടെ പ്രവർത്തന തകരാറാണ് ഇതിനു കാരണം.[2]

കണ്ണ് മാറ്റിവെയ്ക്കൽ[തിരുത്തുക]

കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്.

ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു.

ചിലയാളുകളിൽ അപകടം മൂലമോ, രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാൽ അത് കാഴ്ചയെ ബാധിക്കുന്നതാണ്. ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്.

കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവിൽ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട്.

നേത്രദാനം[തിരുത്തുക]

ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 6 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "നഗ്നപുരുഷൻ" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഏപ്രിൽ 27. ശേഖരിച്ചത് 2013 ഫെബ്രുവരി 27. 
  2. 2.0 2.1 2.2 page 121, All about human body, Addone Publishing Group ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "vns2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "vns2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. http://library.thinkquest.org/28030/eyeevo.htm

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കണ്ണ്&oldid=2798344" എന്ന താളിൽനിന്നു ശേഖരിച്ചത്