Jump to content

വർണ്ണാന്ധത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർണ്ണാന്ധത
ഇഷിഹാര കളർ ടെസ്റ്റ് പ്ലേറ്റിന്റെ ഉദാഹരണം. ശരിയായി ക്രമീകരിച്ച കമ്പ്യൂട്ടർ ഡിസ്പ്ലേകൾക്കൊപ്പം, സാധാരണ കാഴ്ചയുള്ള ആളുകൾ "74" എന്ന നമ്പർ കാണും. വർണ്ണാന്ധരായ പലർക്കും ഇത് "21" ആയി കാണും, അക്രോമാറ്റോപ്സിയ ഉള്ളവർ അക്കങ്ങളൊന്നും കാണാനിടയില്ല.
സ്പെഷ്യാലിറ്റിനേത്ര വിജ്ഞാനം
ലക്ഷണങ്ങൾനിറം കാണാനുള്ള കഴിവ് കുറയുന്നു
കാലാവധിദീർഘകാലം
കാരണങ്ങൾപാരമ്പര്യമായി -സാധാരണയായി എക്സ്-ലിങ്ക്ഡ്
ഡയഗ്നോസ്റ്റിക് രീതിഇഷിഹാര ടെസ്റ്റ്
ആവൃത്തിചുവപ്പ്-പച്ച: 8% പുരുഷന്മാർ, 0.5% സ്ത്രീകൾ (വടക്കൻ യൂറോപ്യൻ വംശജർ)

തന്റെ ജനുസ്സിലെ മറ്റ് ജീവികളെപ്പോലെ ചില നിറങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് വർണ്ണാന്ധത എന്ന് വിളിക്കുന്നത്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും കണ്ണ്, ഞരമ്പ്, തലച്ചോറ് എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. ജോൺ ഡാൾട്ടൺ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്. 1798-ൽ ആയിരുന്നു വർണ്ണങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ എന്ന ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. [1]. തന്റെ തന്നെ വർണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ പ്രേരണയായത്. ഈ അസുഖത്തെ ഡാൾട്ടനിസം എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്, പക്ഷേ ഡ്യൂട്ടെറാനോപ്പിയ എന്ന ചുവപ്പിന്റേയും പച്ചയുടേയും വർണ്ണാന്ധതയെയാണ് ഇന്ന് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്.

വർണ്ണാന്ധത എന്നത് ഒരു അസുഖം എന്നല്ലാതെ ഒരു വൈകല്യം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും വർണ്ണാന്ധത ബാധിച്ചവർക്ക്, നിറങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് വച്ച ചില വസ്തുക്കളെ സാധാ‍രണ കാഴ്ചശക്തി ഉള്ളവരേക്കാൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയും എന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. [2] പൂർണ്ണമായ വർണ്ണാന്ധത ബാധിച്ചവർക്ക് രാത്രിക്കാഴ്ചയിൽ സാധാരണ കാഴ്ച ഉള്ളവരേക്കാളും ചെറിയ ഒരു മേന്മ അവകാശപ്പെടാമെങ്കിലും ഇത് വർണ്ണാന്ധതയുള്ള ആളുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ എടുക്കുന്ന ആദ്യ അഞ്ചര മിനുട്ട് നേരത്തേയ്ക്ക് മാത്രമേ ഉണ്ടാകുന്നുള്ളൂ.

പശ്ചാത്തലം[തിരുത്തുക]

പ്രകാശത്തെ തിരിച്ചറിയുന്ന മൂന്ന് തരം കോശങ്ങളാണ് മനുഷ്യരുടെ റെറ്റിനയിൽ ഉണ്ടാകുക. റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ, ഫോട്ടോസെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയൺ കോശങ്ങൾ എന്നിവയാണ് അവ. റോഡ് കോശങ്ങൾ, സ്കോട്ടോപിക് കാഴ്ച അഥവാ വെളിച്ചം കുറവുള്ള സാഹചര്യങ്ങളിലെ കാഴ്ചയ്ക്ക് പ്രഥാനമായും സഹായിക്കുന്നു. കോൺ കോശങ്ങൾ പകൽ വെളിച്ചത്തിലെ കാഴ്ച അഥവാ ഫോട്ടോപിക് കാഴ്ചയ്ക്കും വർണ്ണ ദർശനത്തിനും സഹായിക്കുന്നു. കാഴ്ചയുമായി നേരിട്ട് ബന്ധമില്ലാത്തതും, എന്നാൽ പ്യൂപ്പിളറി ലൈറ്റ് റിഫ്ലെക്സ് പോലെയുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമായും സഹായിക്കുന്നവയാണ് ഫോട്ടോസെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയൺ കോശങ്ങൾ. തങ്ങളിലുള്ള പിഗ്‌മെന്റുകളനുസരിച്ച് റോഡ് കോശങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

പിഗ്‌മെന്റുകളിൽ വീഴുന്ന പ്രകാശം അവ ആഗിരണം ചെയ്യുന്നതോടുകൂടി കോൺ കോശങ്ങൾ പ്രവർത്തനമാരംഭിക്കും. ചില കോണുകൾ കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശത്തെ ആഗിരണം ചെയ്യുമ്പോൾ, രണ്ടാമത്തേത് മധ്യമതരംഗദൈർഘ്യത്തേയും മൂന്നാമത്തേത് കൂടിയ തരംഗദൈർഘ്യത്തേയുമാണ് ആഗിരണം ചെയ്യുക. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആദ്യത്തേത് പ്രകാശത്തിലെ നീല ഭാഗവും രണ്ടാമത്തേത് മഞ്ഞയും നീലയും ഇടകലർന്ന ഭാഗവും മൂന്നാമത്തേത് മഞ്ഞ നിറമുള്ള ഭാഗവും ആണ് ആഗിരണം ചെയ്യുക. മനുഷ്യർക്ക് കാണാവുന്ന എല്ലാ നിറങ്ങളും ഈ മൂന്ന് തരം കോശങ്ങൾ ചേർന്ന് സ്വീകരിക്കുന്നു. പ്രാദമിക നിറങ്ങളായ "നീല", "പച്ച", "ചുവപ്പ്" എന്നിവയെയാണ് ഈ കോണുകൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെങ്കിലും ഇതിലെ ചുവപ്പ് കോണുകൾ പ്രകാശത്തിലെ മഞ്ഞയുടെ ഭാഗത്തെയാണ് ആഗിരണം ചെയ്യുന്നത് എന്നതുകൊണ്ട് കൃത്യമായ ഒരു വേർതിരിവല്ല. മനുഷ്യന്റെ ശരിയായ ദൃഷ്ടി എന്ന് പറയുന്നത് പ്രകാശത്തിന്റെ എല്ലാ തരംഗദൈർഘ്യത്തിനേയും ഈ മൂന്ന് കോണുകൾ ചേർന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്. ഓരോ നിറവും ഓരോ കോണിനേയും ഓരോ തരത്തിലാണ് ഉത്തേജിപ്പിക്കുക. അതുകൊണ്ട് ഓരോ നിറത്തിനേയും, ഈ മൂന്ന് കോണുകളുടെ ഉത്തേജനത്തിന്റെ അളവ് മനസ്സിലാക്കി തലച്ചോറ് തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ചുവപ്പ് പ്രകാശം നീണ്ട തരംഗദൈർഘ്യം മനസ്സിലാക്കുന്ന കോണുകളെ വളരെ കൂടുതലായും മറ്റ് കോണുകളെ വളരെക്കുറച്ചും ഉത്തേജിപ്പിക്കുന്നു. ഈ തരംഗദൈർഘ്യം അൽപ്പാല്പമായി കുറച്ചാൽ, അത് മേൽപ്പറഞ്ഞ ആദ്യത്തെ കോണിലുള്ള ഉത്തേജനം കുറയ്ക്കുകയും മറ്റു രണ്ടിലുള്ള ഉത്തേജനം കൂട്ടുകയും ചെയ്യും. നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ കോണുകൾ പൂർണ്ണമായും X-ക്രോമസോമുകളിൽ നിന്നുള്ളവയാകയാൽ ആണുങ്ങളിൽ മാത്രമേ വർണ്ണാന്ധത ഉണ്ടാകാറുള്ളൂ. (ആ‍ണുങ്ങൾക്ക് ഒരു X-ക്രോമസോമും ഒരു Y-ക്രോമസോമും ആണ് ഉള്ളത്. പെണ്ണുങ്ങൾക്ക് രണ്ട് X-ക്രോമസോമുകളാണ് ഉണ്ടാകുക)

അഞ്ചിൽ കൂടുതൽ ശതമാനം ആളുകൾക്ക് എല്ലാക്കാലവും ഉണ്ടായിവരുന്ന എല്ലാ ജനിതകതകരാറുകൾക്കും എന്തെങ്കിലും തരം പ്രയോജനം കുറേ കാലങ്ങൾക്ക് ശേഷം ഉണ്ടായേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്ര കൂടിയ അളവിൽ വർണ്ണാന്ധത വരുന്നത് മനുഷ്യർക്ക് മാത്രമാണ്. ഒരു ടീമിലെ ഒരാളെങ്കിലും വർണ്ണാന്ധത ബാധിച്ച ആൾ ആണെങ്കിൽ ആ ടീമിന് മറ്റ് ടീമുകളെ അപേക്ഷിച്ച് ആകാശത്ത് നിന്നെടുത്ത ചിത്രങ്ങൾ അപഗ്രധിക്കാൻ കഴിയും എന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടിരുന്നു.

ചില സ്ത്രീകൾക്ക് മൂന്നിനു പകരം നാല് തരം കോൺ കോശങ്ങൾ ഉണ്ടാകാറുണ്ട്. ഇവർക്ക് മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായി കൂടുതൽ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകും. രണ്ട് കോണുകൾ കാണപ്പെടുന്ന ചില കുരങ്ങന്മാരിലും ഇങ്ങനെ അപൂര്വ്വമായി മൂന്ന് കോണുകൾ ഉള്ളവർ ഉണ്ടാകാറുണ്ട്.

അവലംബം[തിരുത്തുക]

  1. Dalton J, 1798 "Extraordinary facts relating to the vision of colours: with observations" Memoirs of the Literary and Philosophical Society of Manchester 5 28-45
  2. Morgan MJ, Adam A, Mollon JD. "Dichromats detect colour-camouflaged objects that are not detected by trichromats." Proc Biol Sci. 1992 Jun 22;248(1323):291-5. PMID 1354367.
"https://ml.wikipedia.org/w/index.php?title=വർണ്ണാന്ധത&oldid=3413859" എന്ന താളിൽനിന്ന് ശേഖരിച്ചത്