കൺപോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eyelid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൺപോള
മുകളിലും താഴെയുമുള്ള കൺപോളകൾ
Details
Arterylacrimal, superior palpebral, inferior palpebral
Nerveupper: infratrochlear, supratrochlear, supraorbital, lacrimal
lower: infratrochlear, branches of infraorbital
Identifiers
LatinPalpebra
(palpebra inferior, palpebra superior)
MeSHD005143
TAA15.2.07.024
FMA54437
Anatomical terminology

കണ്ണുകളെ മൂടുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചർമ്മത്തിന്റെ നേർത്ത മടക്കാണ് കൺപോള. കൺപോളകളെ വലിച്ച് കണ്ണ് തുറക്കുന്നതിന് സഹായിക്കുന്ന പേശിയാണ് ലെവേറ്റർ പാൽപെബ്രെ സുപ്പീരിയോറിസ് പേശി. കണ്ണടച്ച്‌ തുറക്കുന്നത് സ്വമേധയായോ അല്ലാതെയോ ആകാം. മനുഷ്യ കൺപോളയിൽ കൺപോളകളുടെ അരികിൽ, കൺപീലികളുടെ ഒരു നിരയുണ്ട്, ഇത് പൊടിയിൽ നിന്നും, പുറത്തുനിന്നുള്ള വസ്തുക്കളിൽ നിന്നും, വിയർപ്പിൽ നിന്നും ഒക്കെ കണ്ണിന് സംരക്ഷണം നൽകുന്നു. "പാൽപെബ്രൽ" അല്ലെങ്കിൽ "ബ്ലെഫറൽ" എന്നീ വാക്കുകൾ കൺപോളകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അടച്ചു തുറക്കുന്നതിലൂടെ കണ്ണിലെ ഉപരിതലത്തിൽ കണ്ണുനീരും മറ്റ് സ്രവങ്ങളും പരത്തുക, കണ്ണിനെ നനവുള്ളതായി നിലനിർത്തുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന പ്രവർത്തനം. കോർണിയ തുടർച്ചയായി നനവുള്ളതായിരിക്കണം എന്നത് കണ്ണിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. കണ്ണ് തുറന്നിരിക്കുമ്പോൾ കോർണിയ വരണ്ടുപോകാതിരിക്കാൻ കണ്ണടച്ച് തുറക്കുന്നത് സഹായിക്കുന്നു. മാത്രമല്ല, ബ്ലിങ്ക് റിഫ്ലെക്സ് പുറമേയുള്ള വസ്തുക്കളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു.

മനുഷ്യന്റെ മുകളിലെ കൺപോളയുടെ രൂപം പലപ്പോഴും വ്യത്യസ്ത ജന വിഭാഗങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു. കണ്ണിന്റെ ആന്തരിക മൂലയെ മൂടുന്ന എപികാന്തിക് ഫോൾഡിൻ്റെ വ്യാപനം കിഴക്കൻ ഏഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ ജനസംഖ്യയിൽ 90% വരെ എത്താം, മറ്റുള്ള ജനസംഖ്യയിൽ ഇത് വ്യത്യസ്ത അളവിൽ കാണപ്പെടുന്നു. എപികാന്തൽ ഫോൾഡിന് സമാനമായി വിവിധ ജനസംഖ്യയിൽ കൺപോളയിലെ ചർമ്മത്തിൻ്റെ മടക്കും വ്യത്യസ്ഥമായി കാണപ്പെടുന്നു. കൺപോളകളുടെ ഈ മടക്കുകൾക്ക് "ഒറ്റ കൺപോള", "ഇരട്ട കൺപോള" അല്ലെങ്കിൽ ഒരു ഇന്റർമീഡിയറ്റ് രൂപം ഉണ്ടാകാം.

മനുഷ്യരെ കൂടാതെ മറ്റ് മൃഗങ്ങളിലും കൺപോളകൾ കാണാം, അവയിൽ ചിലതിന് മൂന്നാമത്തെ കൺപോള, അല്ലെങ്കിൽ നിക്റ്റിറ്റേറ്റിങ്ങ് മെംബറേൻ ഉണ്ടാകാം. മനുഷ്യരിൽ ഇതിന്റെ ഒരു ഭാഗം കൺജങ്റ്റൈവയിൽ പ്ലിക്ക സെമിലുനാരിസ് ആയി നിലനിൽക്കുന്നു.

ഘടന[തിരുത്തുക]

പാളികൾ[തിരുത്തുക]

കൺപോള പല പാളികളാൽ നിർമ്മിതമാണ്; ഏറ്റവും പുറമേ ഉള്ളത് മുതൽ ഉള്ളിൽ വരെ ആ പാളികൾ ചർമ്മം, സബ്ക്യൂട്ടേനസ് ടിഷ്യു, ഓർബികുലാരിസ് ഒകുലൈ, ഓർബിറ്റൽ സെപ്തം, ടാർസൽ പ്ലേറ്റുകൾ, പാൽപെബ്രൽ കൺജങ്റ്റൈവ എന്നിവയാണ്. മൈബോമിയൻ ഗ്രന്ഥികൾ കൺപോളയ്ക്കുള്ളിൽ സ്ഥിതിചെയ്യുകയും കണ്ണുനീരിൻ്റെ ലിപിഡ് ഭാഗം സ്രവിക്കുകയും ചെയ്യുന്നു.

ചർമ്മം[തിരുത്തുക]

ചർമ്മം മറ്റെവിടെയെങ്കിലും ഉള്ളതിന് സമാനമാണ്, പക്ഷേ താരതമ്യേന നേർത്തതാണ് കൂടാതെ കൺപോളയിൽ കൂടുതൽ പിഗ്മെന്റ് കോശങ്ങളുമുണ്ട്. രോഗബാധിതരിൽ ഇവ നഷ്ടപ്പെട്ട് പോളയുടെ നിറം മാറുകയും ചെയ്യും. കൺപോളയിൽ വിയർപ്പ് ഗ്രന്ഥികളും രോമങ്ങളും അടങ്ങിയിരിക്കുന്നു, രോമങ്ങൾ കൺപോളകളുടെ അതിർത്തിയിൽ കൺപീലികളായി മാറുന്നു.[1] കൺപോളകളുടെ ചർമ്മത്തിൽ ശരീരത്തിൽ എവിടെയും കാണപ്പെടുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഏറ്റവും വലിയ സാന്ദ്രത അടങ്ങിയിരിക്കുന്നു.[2]

നാഡി വിതരണം[തിരുത്തുക]

മനുഷ്യരിൽ, മുകളിലെ കൺപോളകളിലേക്കുള്ള സെൻസറി നാഡി വിതരണം ട്രൈജമിനൽ നാഡിയുടെ (സിഎൻ-V) നേത്ര ശാഖയിൽ (V1) നിന്നുള്ള ഇൻഫ്രാട്രോക്ലിയർ, സുപ്രാട്രോക്ലിയർ, സുപ്രാ ഓർബിറ്റൽ, ലാക്രിമൽ ഞരമ്പുകൾ എന്നിവയിൽ നിന്നാണ്. താഴത്തെ കൺപോളയുടെ തൊലിയിലെ നാഡി വിതരണം മധ്യ കോണിലുള്ള ഇൻഫ്രാട്രോക്ലിയറിന്റെ ശാഖകളാണ് നൽകുന്നത്, ബാക്കിയുള്ള ഭാഗങ്ങളിൽ ട്രൈജമിനൽ നാഡിയുടെ മാക്സില്ലറി ബ്രാഞ്ചിന്റെ (V2) ഇൻഫ്രാ ഓർബിറ്റൽ നാഡിയുടെ ശാഖകളാണ് നാഡി വിതരണം നൽകുന്നത്.

രക്ത വിതരണം[തിരുത്തുക]

മനുഷ്യരിൽ, മുകളിലും താഴെയുമുള്ള കൺപോളകളിലെ രണ്ട് കമാനങ്ങൾ വഴി രക്തം ലഭിക്കുന്നു. ലാറ്ററൽ പാൽപെബ്രൽ ധമനികളുടെയും മധ്യ പാൽപെബ്രൽ ധമനികളുടെയും അനാസ്റ്റോമോസുകളാണ് കമാനങ്ങൾ ആയി രൂപപ്പെടുന്നത്, ഇവ യഥാക്രമം ലാക്രിമൽ ധമനികളിൽ നിന്നും നേത്ര ധമനികളിൽ നിന്നും ബ്രാഞ്ച് ചെയ്യുന്നവയാണ്.

പ്രവർത്തനം[തിരുത്തുക]

മനുഷ്യ കൺപോളയിൽ കൺപോളകളുടെ അരികിൽ കൺപീലികളുടെ ഒരു നിരയുണ്ട്, ഇത് പൊടിയിൽ നിന്നും വിദേശ അവശിഷ്ടങ്ങളിൽ നിന്നും കണ്ണിന് സംരക്ഷണം നൽകുന്നു.

ക്ലിനിക്കൽ പ്രാധാന്യം[തിരുത്തുക]

കൺപോളകളെ ബാധിക്കുന്ന ഏത് അവസ്ഥയെയും ഐലിഡ് ഡിസോർഡർ എന്ന് വിളിക്കുന്നു. ഏറ്റവും സാധാരണമായ കൺപോളകളുടെ തകരാറുകൾ, അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സകൾ എന്നിവ ഇനിപ്പറയുന്നവയാണ്:

കൺപോളകളെ ബാധിച്ച സ്റ്റൈ
 • ഹോർഡിയോളം (കൺകുരു) സെയ്സ് ഗ്രന്ഥിയിലെ, സീബ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു സ്റ്റഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയ അണുബാധ ആണ് ഹോർഡിയോളം. രോഗലക്ഷണങ്ങളുടെ രൂക്ഷമായ തുടക്കമാണ് ഇതിന്റെ സവിശേഷത, ഇത് കൺപോളയുടെ അടിയിൽ കാണപ്പെടുന്ന ചുവന്ന ബമ്പിന് സമാനമാണ്. വേദന, കൺപോളകളുടെ ചുവപ്പ്, ചിലപ്പോൾ വീർത്ത കൺപോളകൾ എന്നിവയാണ് സ്റ്റൈയുടെ പ്രധാന ലക്ഷണങ്ങൾ. ചികിത്സയില്ലാതെ ഒരാഴ്ചയ്ക്കുള്ളിൽ ഇവ അപ്രത്യക്ഷമാകും. അല്ലെങ്കിൽ, ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുകയും വേഗത്തിലുള്ള രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിന് ചൂടുവെള്ള കംപ്രസ്സുകൾ പോലുള്ള വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. സ്റ്റൈ സാധാരണയായി നിരുപദ്രവകരമാണ്, അവ ദീർഘകാലം നാശമുണ്ടാക്കില്ല.
 • കലേസിയോൺ (ബഹുവചനം: കലേസിയ) ഓയിൽ ഗ്രന്ഥികളുടെ തടസ്സം മൂലമാണ് ഉണ്ടാകുന്നത്, ഇത് മുകളിലും താഴെയുമുള്ള കണ്പോളകളിലും സംഭവിക്കാം. സമാന ലക്ഷണങ്ങൾ കാരണം കലേസിയയെ ഹോർഡിയോളവുമായി തെറ്റിദ്ധരിക്കാം. എന്നിരുന്നാലും കൺകുരുവിൽ നിന്ന് വിഭിന്നമായി ഈ അവസ്ഥ വേദനയില്ലാത്തതാണ്. ചികിത്സ നൽകിയാൽ ഏതാനും മാസങ്ങൾക്കുള്ളിൽ കലേസിയ സുഖപ്പെടും, അല്ലാത്തപക്ഷം രണ്ട് വർഷത്തിനുള്ളിൽ അവ റിസോർബ് ചെയ്യും. മരുന്നുകളോട് പ്രതികരിക്കാത്ത കലേസിയയെ സാധാരണയായി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം.
 • കൺപീലികൾ കൺപോളകളിൽ ചേരുന്ന ഭാഗമായ ലിഡ് മാർജിന്റെ പ്രകോപിപ്പിക്കലാണ് ബ്ലിഫറൈറ്റിസ്. ഇത് കണ്പോളകളുടെ വീക്കം ഉണ്ടാക്കുന്ന ഒരു സാധാരണ അവസ്ഥയാണ്, ഇത് ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.[3] ഈ അവസ്ഥ പ്രധാനമായും സ്റ്റാഫൈലോകോക്കസ് അണുബാധയോ, തലയോട്ടിയിലെ താരൻ മൂലമോ ആണ്. കത്തുന്ന വേദന, കണ്ണിൽ എന്തെങ്കിലുമുണ്ടെന്ന തോന്നൽ, അമിതമായ വെള്ളം വരൽ, മങ്ങിയ കാഴ്ച, കണ്ണിന്റെ ചുവപ്പ്, നേരിയ സംവേദനക്ഷമത, ചുവപ്പ്, വീർത്ത കൺപോളകൾ, വരണ്ട കണ്ണ് എന്നിവ ബ്ലെഫറിറ്റിസ് ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കണ്ണിന്റെ നല്ല ശുചിത്വം പാലിക്കുന്നതും സ്കാൾപ് നീക്കം ചെയ്യുന്നതിനായി കൺപോളകളിൽ ഊഷ്മള കംപ്രസ്സുകൾ ചെയ്യുന്നതും ചികിത്സയിൽ ഉൾപ്പെടുന്നു. രോഗശാന്തി പ്രക്രിയയെ സുഗമമാക്കുന്നതിനാൽ കൺപോളയെ ഊഷ്മള കംപ്രസ് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുന്നത് ശുപാർശ ചെയ്യുന്നു. കൂടുതൽ ഗുരുതരമായ കേസുകളിൽ, ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടാം.
 • മനുഷ്യർ, പൂച്ചകൾ, നായ്ക്കൾ എന്നിവയുൾപ്പെടെ നിരവധി സസ്തനികളുടെ രോമകൂപങ്ങളിലും പരിസരത്തും കാണുന്ന ചെറിയ ജീവികളാണ് ഡെമോഡെക്സ് മൈറ്റുകൾ. മനുഷ്യ ഡെമോഡെക്സ് മൈറ്റ് സാധാരണയായി പുരികങ്ങളുടെയും കൺപീലികളുടെയും ഫോളിക്കിളുകളിൽ വസിക്കുന്നു. സാധാരണഗതിയിൽ നിരുപദ്രവകാരിയാണെങ്കിലും, മനുഷ്യരിലെ ഡെമോഡെക്സ് മൈറ്റ് ചിലപ്പോൾ രോഗപ്രതിരോധ ശേഷി ദുർബലമായ വ്യക്തികളിൽ ചർമ്മത്തെ പ്രകോപിപ്പിക്കും (ഡെമോഡിക്കോസിസ്).
 • എൻട്രോപിയോൺ സാധാരണയായി വാർദ്ധക്യത്തിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ്, പക്ഷേ ചിലപ്പോൾ ശസ്ത്രക്രിയ, പരിക്ക് എന്നിവ മൂലവും ഇത് ഉണ്ടാകാം.[4] ഇത് ഒരു ലക്ഷണമല്ലാത്ത അവസ്ഥയാണ്, ഇത് അപൂർവ്വമായി, ട്രിക്കിയാസിസിലേക്ക് നയിക്കും, ഇതിന് ശസ്ത്രക്രിയ ആവശ്യമാണ്.
 • വിട്ടുമാറാത്ത കണ്ണിന്റെ പ്രകോപിപ്പിക്കലിനും വടുക്കൾക്കും കാരണമായേക്കാവുന്ന വാർദ്ധക്യവുമായി ബന്ധപ്പെട്ട മറ്റൊരു കണ്പോളകളുടെ അവസ്ഥയാണ് എക്ട്രോപിയോൺ. ഇത് അലർജിയുടെ ഫലമായും വരാം. ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ വേദന, അമിതമായി വെള്ളം വരിക, കൺപോളകളുടെ കൺജങ്ക്റ്റിവയുടെ കാഠിന്യം എന്നിവയാണ്.
 • വരൾച്ചയ്ക്കും പ്രകോപിപ്പിക്കലിനും കാരണമാകുന്ന വാർദ്ധക്യവുമായി ബന്ധപ്പെട്ട കണ്പോളകളുടെ മറ്റൊരു അവസ്ഥയാണ് ലാക്സിറ്റി. ഇതിൽ കൺപോള അതിൻ്റെ സ്വാഭാവിക സ്ഥാനത്തേക്ക് ക്രമീകരിക്കാൻ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ചില സന്ദർഭങ്ങളിൽ, അമിതമായ താഴ്ന്ന ലിഡ് ലാക്സിറ്റി, ഫോർ‌നിക്സ് ഓഫ് റെയിസ് സൃഷ്ടിക്കുന്നു (താഴത്തെ കണ്പോളയ്ക്കും ഗ്ലോബിനുമിടയിലുള്ള ഒരു പോക്കറ്റ് ആണ് ഫോർണിക്സ്, കണ്ണ് തുള്ളി മരുന്നുകൾ ഒഴിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണിത്).
 • കൺപോളകളുടെ എഡീമ ടിഷൂവിൽ അധിക ദ്രാവകം ഉൾക്കൊള്ളുന്ന ഒരു അവസ്ഥ ആണ്. ഇത് ഇൻട്രാക്യുലർ മർദ്ദം വർദ്ധിപ്പിച്ച് കണ്ണിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. അലർജി, ട്രിക്കിയാസിസ് അല്ലെങ്കിൽ അണുബാധ മൂലമാണ് കൺപോളകളുടെ നീർവീക്കം ഉണ്ടാകുന്നത്.[5] വീർത്ത ചുവന്ന കൺപോളകൾ, വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വിട്ടുമാറാത്ത കൺപോള എഡീമ ബ്ലിഫറോചലാസിസിന് കാരണമായേക്കാം.
 • കൺപോളകളെ ബാധിക്കുന്ന ക്യാൻസറാണ് ബാസൽ സെൽ കാർസിനോമകൾ, മാരകമായ കണ്പോളകളുടെ ക്യാൻസറുകളിൽ 85% മുതൽ 95% വരെ ഇത് മൂലമാണ്.[6] ക്യാൻസറുകൾ ചിലപ്പോൾ മാരകമാകാം. ക്യാൻ‌സർ‌ ഭീഷണിയാകുന്നതിന്‌ മുമ്പും കാഴ്ചശക്തി തകരാറിലാകുന്നതിന്‌ മുമ്പും അവ നീക്കംചെയ്യേണ്ടി വരും. മാരകമായ ക്യാൻസർ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും കലകളിലേക്കും വ്യാപിക്കുന്നു.
 • കൺപോളകളുടെ പേശിയുടെ അനിയന്ത്രിതമായ പേശീസങ്കോചമാണ് ബ്ലിഫറോസ്പാസം. ക്ഷീണം, സമ്മർദ്ദം, കഫീൻ ഉപയോഗം എന്നിവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണ ഘടകങ്ങൾ.[7] കൺപോളകളുടെ വലിച്ചിൽ ദോഷകരമായ അവസ്ഥയായി കണക്കാക്കില്ല, അതിനാൽ ഇതിന് ചികിത്സ ലഭ്യമല്ല. എന്നിരുന്നാലും രോഗികളോട് കൂടുതൽ ഉറങ്ങാനും കഫീൻ ഉപയോഗം കുറക്കാനും നിർദ്ദേശിക്കുന്നു.
 • കൺപോളകളുടെ ചർമ്മത്തിന്റെ വീക്കം ആണ് കൺപോളകളുടെ ഡെർമറ്റൈറ്റിസ്. ഇത് കൂടുതലും അലർജി അല്ലെങ്കിൽ കണ്പോളകളുടെ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്നിവയുടെ ഫലമാണ്. കൺപോളകളിലെ വരണ്ടതും തൊലി അടർന്ന പോലുള്ള ചർമ്മവും വീർത്ത കൺപോളകളും ലക്ഷണങ്ങളാണ്. ബാധിച്ച കൺപോളകൾക്ക് ചൊറിച്ചിൽ ഉണ്ടാകാം. ശരിയായ കണ്ണ് ശുചിത്വവും ഇതിനെ പ്രേരിപ്പിക്കുന്ന അലർജികൾ ഒഴിവാക്കുന്നതും ചികിത്സയിൽ അടങ്ങിയിരിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, ടോപ്പിക്കൽ ക്രീമുകൾ ഉപയോഗിക്കാമെങ്കിലും ഇത് ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക.
 • ലെവേറ്റർ പേശിയുടെ (കൺപോള ഉയർത്താൻ ഉത്തരവാദിയായത്) ബലഹീനതയോ ആഘാതമോ , അല്ലെങ്കിൽ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾക്ക് ഉണ്ടാവുന്ന കേടുപാടുകൾ എന്നിവ കാരണം മുകളിലെ കണ്പോള താഴേക്ക് തൂങ്ങിക്കിടക്കുന്നതാണ് റ്റോസിസ് എന്നറിയപ്പെടുന്നത്. ഇത് സാധാരണ വാർദ്ധക്യ സഹജമായി ഉണ്ടാകുന്നതാണ്, അത് കൂടാതെ ജന്മനാ അല്ലെങ്കിൽ പരിക്ക് അല്ലെങ്കിൽ രോഗം മൂലമോ ഇത് സംഭവിക്കാം. പ്രമേഹം, ഹൃദയാഘാതം, ഹോർണർ സിൻഡ്രോം, ബെൽസ് പാൾസി (ഫേഷ്യൽ നാഡിക്ക് കംപ്രഷൻ/കേടുപാടുകൾ), മയസ്തീനിയ ഗ്രാവിസ്, ബ്രെയിൻ ട്യൂമർ അല്ലെങ്കിൽ നാഡികളെയോ പേശികളുടെയോ പ്രവർത്തനത്തെ ബാധിക്കുന്ന മറ്റ് അർബുദങ്ങൾ എന്നിവയാണ് റ്റോസിസുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ.
 • ജന്മനാ ഉള്ള കൺപോളകളുടെ അഭാവം, അല്ലെങ്കിൽ കൺപോളകളുടെ വലുപ്പം കുറയുക മൂലം ഉണ്ടാകുന്ന അവസ്ഥയാണ് അബ്ലിഫെറിയ.[8]

ശസ്ത്രക്രിയ[തിരുത്തുക]

കൺപോളകളുടെ ശസ്ത്രക്രിയകളെ ബ്ലിഫറോപ്ലാസ്റ്റി എന്ന് വിളിക്കുന്നു, അവ മെഡിക്കൽ കാരണങ്ങളാലോ അല്ലെങ്കിൽ സൗന്ദര്യവർദ്ധക കാരണങ്ങളാലോ ആണ് നടത്തുന്നത്.

സൗന്ദര്യവർദ്ധക കൺപോള ശസ്ത്രക്രിയകളിൽ ഭൂരിഭാഗവും മുഖത്തിന്റെ രൂപം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഒരു നിശ്ചിത പ്രായത്തിന് ശേഷം കൺപോളകളിൽ കാണപ്പെടുന്ന കൊഴുപ്പും അധിക ചർമ്മവും നീക്കം ചെയ്യുന്നതിനാണ് ഇത് സാധാരണയായി ചെയ്യുന്നത്.

കൺപോള ശസ്ത്രക്രിയകൾ പെരിഫെറൽ കാഴ്ച മെച്ചപ്പെടുത്താൻ അല്ലെങ്കിൽ കലേസിയോൺ, റ്റോസിസ്, ട്രിക്കിയാസിസ് പോലെയുള്ള രോഗാവസ്ഥകൾ ചികിൽസിക്കാനും ചെയ്യാറുണ്ട്.

കൺപോളകളുടെ ശസ്ത്രക്രിയകൾ സാധാരണയായി സുരക്ഷിതമായ നടപടിക്രമങ്ങളാണ്, പക്ഷെ ശസ്ത്രക്രിയ നടത്തുന്ന പ്രദേശം കണ്ണിന് വളരെ അടുത്തായതിനാൽ ഉള്ള അപകടസാധ്യതകൾ ആണ് പ്രധാനം.

ശരീരഘടന വ്യതിയാനം[തിരുത്തുക]

ഒരു ദക്ഷിണ കൊറിയൻ സ്ത്രീ, ഇരട്ട കൺപോള ശസ്ത്രക്രിയയ്ക്ക് മുമ്പും (ഇടത്ത്) ശേഷവും (വലത്). രണ്ട് ഫോട്ടോഗ്രാഫുകളിലും എപികാന്തിക് മടക്കിന്റെ സാന്നിധ്യം ശ്രദ്ധിക്കുക.

മുകളിലെ കൺപോളയുടെ ക്രീസുകളും മടക്കുകളും മൂലം മനുഷ്യരിൽ അനാട്ടമിക്കൽ വേരിയേഷൻ സംഭവിക്കുന്നു.

കണ്ണിന്റെ ആന്തരിക മൂലയെ (മീഡിയൽ കാന്തസ്) മൂടുന്ന മുകളിലെ കൺപോളയുടെ തൊലിയുടെ മടക്കായ എപികാന്തിക് ഫോൾഡ്, വംശപരമ്പര, പ്രായം, ചില മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാകാം. ചില ജനസംഖ്യയിൽ ഈ സ്വഭാവം ഏറെക്കുറെ സാർവത്രികമാണ്. കിഴക്കൻ ഏഷ്യക്കാരിലും തെക്കുകിഴക്കൻ ഏഷ്യക്കാരിലും, ചില കണക്കുകൾ പ്രകാരം 90% വരെ മുതിർന്നവർക്ക് ഈ സവിശേഷതയുണ്ട്.[9]

കൊക്കേഷ്യൻ, കിഴക്കൻ ഏഷ്യൻ (അല്ലെങ്കിൽ മംഗോളോയിഡ്) വംശങ്ങൾ തമ്മിലുള്ള ഒരു സാധാരണ വ്യതിയാനമാണ് മുകളിലെ കൺപോള ക്രീസ്. കിഴക്കൻ ഏഷ്യൻ ആളുകളിലെ മുകളിലെ കൺപോളകളെ "ഒറ്റ കൺപോള" എന്നാണ് പാശ്ചാത്യർ സാധാരണയായി കാണുന്നത്.[10] എന്നിരുന്നാലും, ലിഡ് ക്രീസിന്റെ സാന്നിധ്യം അല്ലെങ്കിൽ സ്ഥാനം അടിസ്ഥാനമാക്കി കിഴക്കൻ ഏഷ്യൻ കൺപോളകളെ ഒറ്റ, താഴ്ന്ന, ഇരട്ട എന്നിങ്ങനെ മൂന്ന് തരം ആയി തിരിച്ചിരിക്കുന്നു.[11] കൊറിയയിലെ ക്വാങ്‌ജുവിലെ ചോന്നം യൂണിവേഴ്‌സിറ്റിയിലെ ജിയോംഗ് സാങ്-കി തുടങ്ങിയവർ, ഏഷ്യൻ, കൊക്കേഷ്യൻ ശവശരീരവും ആരോഗ്യമുള്ള നാല് കൊറിയൻ യുവാക്കളെയും ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, "ഏഷ്യൻ കൺപോളകളിൽ" കൊക്കേഷ്യക്കാരേക്കാൾ കൊഴുപ്പ് കൂടുതലുണ്ടെന്ന് കണ്ടെത്തി.

സമൂഹവും സംസ്കാരവും[തിരുത്തുക]

കോസ്മെറ്റിക് ശസ്ത്രക്രിയ[തിരുത്തുക]

കൺപോള വൈകല്യങ്ങൾ പരിഹരിക്കുന്നതിനും, കൺപോളകളുടെ രൂപം മെച്ചപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ചെയ്യുന്ന ഒരു കോസ്മെറ്റിക് സർജിക്കൽ പ്രക്രിയയാണ് ബ്ലിഫറോപ്ലാസ്റ്റി.[12] 2014 ൽ 1.43 ദശലക്ഷം ആളുകൾ ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്, [13] ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സൗന്ദര്യവർദ്ധക പ്രക്രിയയാണ് ബ്ലെഫറോപ്ലാസ്റ്റി (ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ്പ് ആണ് ഇതിൽ ഒന്നാമത്). ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ചെയ്യുന്ന കോസ്മെറ്റിക് സർജിക്കൽ നടപടിക്രമം ബ്ലിഫറീപ്ലാസ്റ്റിയാണ്.[14]

കിഴക്കൻ ഏഷ്യൻ ബ്ലിഫറോപ്ലാസ്റ്റി അഥവാ "ഇരട്ട കൺപോളകളുടെ ശസ്ത്രക്രിയ" തായ്‌വാനിലെയും ദക്ഷിണ കൊറിയയിലെയും ഏറ്റവും സാധാരണമായ സൗന്ദര്യാത്മക പ്രക്രിയയാണെന്ന് റിപ്പോർട്ടുചെയ്യുന്നു.[15] കണ്ണിന് ചുറ്റുമുള്ള പേശി, ടെൻഡോൺ ടിഷ്യുകൾ ശക്തിപ്പെടുത്തുന്നതിനും ഈ നടപടിക്രമം ഉപയോഗിക്കുന്നുണ്ടെങ്കിലും, കൺപോളകളുടെ അടിഭാഗത്തും ചുറ്റിലും അഡിപ്പോസ്, ലീനിയർ ടിഷ്യുകൾ നീക്കം ചെയ്യുക എന്നതാണ് കിഴക്കൻ ഏഷ്യൻ ബ്ലിഫറോപ്ലാസ്റ്റി യുടെ പ്രവർത്തന ലക്ഷ്യം.[16] കിഴക്കൻ ഏഷ്യൻ ബ്ലിഫറോപ്ലാസ്റ്റിയുമായി ചേർന്ന് എപികാന്തൽ മടക്ക് (അതായത് ഒരു എപികാന്തോപ്ലാസ്റ്റി) നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം പലപ്പോഴും നടത്താറുണ്ട്.[17]

ക്രീസഡ് അല്ലെങ്കിൽ "ഇരട്ട" കൺപോളകളുടെ മിഥ്യ സൃഷ്ടിക്കാൻ ഇരട്ട വശങ്ങളുള്ള ടേപ്പ് അല്ലെങ്കിൽ കൺപോള പശ ഉപയോഗിക്കുന്നത് ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഒരു പ്രധാന രീതിയായി മാറിയിരിക്കുന്നു. സ്ത്രീകൾക്ക് ഈ ശസ്ത്രക്രിയ, അല്ലെങ്കിൽ ബദൽരീതി (ടാപ്പിങ്) നടത്തുന്നതിന് ഒരു സാമൂഹിക സമ്മർദ്ദമുണ്ട്.[18] ചൈനീസ് സംസ്കാരത്തിൽ മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് സർജറി സജീവമായി നിരുത്സാഹപ്പെടുത്തുമ്പോൾ ബ്ലിഫറോപ്ലാസ്റ്റി ഒരു സാധാരണ ശസ്ത്രക്രിയാ പ്രവർത്തനമായി സജീവമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു.[19]

മരണം[തിരുത്തുക]

മരണശേഷം, കണ്ണുകൾ അടയ്ക്കുന്നതിന് മരണപ്പെട്ടയാളുടെ കൺപോളകൾ താഴേക്ക് വലിക്കുന്നത് പല സംസ്കാരങ്ങളിലും സാധാരണമാണ്.

അധിക ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

 1. "eye, human." Encyclopædia Britannica. Encyclopædia Britannica Ultimate Reference Suite. Chicago: Encyclopædia Britannica, 2010.
 2. Goldman, Lee. Goldman's Cecil Medicine (24th ed.). Philadelphia: Elsevier Saunders. p. 2426. ISBN 1437727883.
 3. "Facts About Blepharitis". Archived from the original on 2010-04-14. Retrieved 2010-03-30.
 4. "Eyelid Disorders". Archived from the original on 2013-06-17. Retrieved 2010-03-30.
 5. "Upper Eyelid Edema Treatment and Symptoms". Archived from the original on 15 March 2010. Retrieved 2010-03-30.
 6. "Eyelid and Orbital Tumors". Retrieved 2010-03-30. "Eyelid and Orbital Tumours". Archived from the original on 2014-08-26. Retrieved 2014-08-22.
 7. "Eyelid twitch". Retrieved 2010-03-30.
 8. Taber's Cyclopedic Medical Dictionary, Edition 21, Page-6.
 9. Lee, Y., Lee, E. and, Park, W.J. (2000) Anchor epicanthoplasty combined with outfold type double eyelidplasty for Asians: do we have to make an additional scar to correct the Asian epicanthal fold? Plast. Reconstr. Surg. 105:1872–1880
 10. "The Asian upper eyelid: an anatomical study with comparison to the Caucasian eyelid". Archives of Ophthalmology. 117 (7): 907–12. July 1999. doi:10.1001/archopht.117.7.907. PMID 10408455.
 11. Han, M. H., & Kwon, S. T. (1992). A statistical study of upper eyelids of Korean young women. Journal of the Korean Society of Plastic and Reconstructive Surgeons, 19(6), 930-935.
 12. American Society of Plastic Surgeons. Web. http://www.plasticsurgery.org/cosmetic-procedures/eyelid-surgery.html
 13. Taylor, Rosie. "July 2015 ISAPS Global Statistics Release." International Society of Aesthetic Plastic Surgery (2015): n. pag. Web. 8 Jul 2015. http://www.isaps.org/Media/Default/global-statistics/July%202015%20ISAPS%20Global%20Statistics%20Release%20-%20Final.pdf Archived 2015-08-24 at the Wayback Machine.
 14. "Quick Facts: Highlights of the ISAPS 2014 Statistics on Cosmetic Surgery." International Society of Aesthetic Plastic Surgery (2015). Web. http://www.isaps.org/Media/Default/global-statistics/Quick%20Facts%202015v2.pdf Archived 2016-03-22 at the Wayback Machine.
 15. "Celebrity arcade suture blepharoplasty for double eyelid". Aesthetic Plastic Surgery. 29 (6): 540–5. 2005. doi:10.1007/s00266-005-0012-5. PMID 16237581.
 16. Mayo Clinic Staff. "Blepharoplasty." Mayo Clinic (2016). Web. 27 Apr 2016. http://www.mayoclinic.org/tests-procedures/blepharoplasty/basics/definition/prc-20020042
 17. "No-scar Asian epicanthoplasty: a subcutaneous approach". Ophthalmic Plastic and Reconstructive Surgery. 18 (1): 40–4. January 2002. doi:10.1097/00002341-200201000-00006. PMID 11910323.
 18. Levinovitz, Alan (22 October 2013). "Chairman Mao Invented Traditional Chinese Medicine". Slate (magazine). Retrieved 2 July 2016
 19. Cornell, Joanna. "In the Eyelids of the Beholder." Yale Globalist (2010): n. pag. Web. 2 Mar 2011. http://tyglobalist.org/perspectives/in-the-eyelids-of-the-beholder/ Archived 2017-10-03 at the Wayback Machine.

ഉറവിടങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൺപോള&oldid=3834897" എന്ന താളിൽനിന്ന് ശേഖരിച്ചത്