കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോശങ്ങളുടെ കൂട്ടം, നിറവസ്തുക്കൾ കൊണ്ട് നിറം നൽകിയിരിക്കുന്നു. കോശസ്തരം (ചുവപ്പ്), DNA (പച്ച)
Wiktionary
Wiktionary
കോശം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ജന്തുകോശത്തിന്റെ ഘടന

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. [1] ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്നു. കോശത്തെക്കുറിച്ചുള്ള പഠനം 'സെൽ ബയോളജി' (കോശവിജ്ഞാനീയം) അഥവാ 'സൈറ്റോളജി' എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ജീവികളെ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവയെ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) വിളിക്കുന്നു. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.

1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, 'ചെറിയ മുറി' എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, ഓക്ക് മരത്തിലെ കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നി. അതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ ജേകബ് സ്ക്ലീഡനും തിയോഡോർ ഷ്വാനും ചേർന്ന് കോശസിദ്ധാന്തം രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.

  • എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
  • എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
  • ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.
  • കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.

3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്. [2] ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കല (ടിഷ്യൂ) എന്നറിയപ്പെടുന്നു. രക്തം, അസ്ഥികല, പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ള്യൂറോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).

കോശങ്ങളുടെ വർഗ്ഗീകരണം[തിരുത്തുക]

കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ മർമ്മം ഉള്ള യൂക്കാരിയോട്ടിക് കോശങ്ങളും. പ്രോകാരിയോട്ടുകൾ ഏകകോശജീവികളാണ്. യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.

പ്രോകാരിയോട്ടുകളുടേയും യൂക്കാരിയോട്ടുകളുടേയും താരതമ്യം
പ്രോകാരിയോട്ടുകൾ യൂക്കാരിയോട്ടുകൾ
സാധാരണയായി കാണപ്പെടുന്ന ജീവികൾ ബാക്ടീരിയ, ആർക്കിയ പ്രോട്ടിസ്റ്റകൾ, ഫംഗസുകൾ, സസ്യങ്ങൾ, ജന്തുക്കൾ
സാധാരണ വലിപ്പം ~ 1–5 µm[3] ~ 10–100 µm[3]
മർമ്മത്തിന്റെ സവിശേഷത nucleoid region; നിയതമായ ന്യൂക്ലിയസ് ഇല്ല ഇരട്ട സ്തരമുള്ള മർമ്മാവരണമുള്ള നിയതമായ മർമ്മം
ഡി.എൻ‍.എ പൊതുവെ വൃത്താകൃതി രേഖാകൃതിയിലുള്ള ക്രോമസോമുകളും അവയിൽ ഹിസ്റ്റോൺ മാംസ്യങ്ങളും
RNA/മാംസ്യസംശ്ലേഷണം കോശദ്രവ്യത്തിൽകാണപ്പെടുന്നു [മർമ്മത്തിൽ ആർ.എൻ.എ ഉണ്ടാകുന്ന ട്രാൻസ്ക്രിപ്ഷൻ പ്രക്രിയ
കോശദ്രവ്യത്തിൽ ആർ.എൻ.എ ഉണ്ടാകുന്ന ട്രാൻസ്ക്രിപ്ഷൻ പ്രക്രിയ
റൈബോസോമുകൾ 50S ഉം 30S 60S ഉം 40S
കോശദ്രവ്യ ഘടന വളരെക്കുറച്ച് ഘടനകൾ ഘടനാപരമാ സങ്കീർണ്ണതയുള്ള ആന്തരസ്തരജാലങ്ങളും സൈറ്റോസ്കെലിട്ടണും
കോശചലനം ഫ്ലാജെല്ലിൻ കൊണ്ടുനിർമ്മിച്ച ഫ്ളജെല്ലം മൈക്രോട്യൂബ്യൂളുകളുള്ള ഫ്ലജെല്ലവും സീലിയവും; ആക്ടിൻ അടങ്ങിയ ലാമെല്ലിപോഡിയയും (lamellipodia)ഫിലോപോഡിയായും (filopodia).
മൈറ്റോകോൺഡ്രിയ[4] ഇല്ല ഒന്നുമുതൽ അനേകായിരം (ചിലപ്പോൾ കാണില്ല)
ഹരിതകണങ്ങൾ ഇല്ല പായലുകളിലും സസ്യങ്ങളിലും
സംഘാടനം ഏകകോശം ഏകകോശമോ, കോളനികളോ, പ്രത്യേകം രൂപപ്പെട്ട ബഹുകോശങ്ങളോ‌.
കോശവിഭജനം ദ്വിവിഭജനം (Binary fission)(ലഘുവിഭജനം) ക്രമഭംഗം (Mitosis), ദ്വിവിഭജനം, മുകുളനം
ഊനഭംഗം
ക്രോമസോമുകൾ ഒറ്റ ക്രോമസോം ഒന്നിൽക്കൂടുതൽ ക്രോമസോമുകൾ
സ്തരങ്ങൾ ഇല്ല സ്തരങ്ങൾ കൊണ്ട് പൊതിഞ്ഞ കോശാംഗങ്ങൾ ഉണ്ട്.


പ്രോകാരിയോട്ടിക് കോശം[തിരുത്തുക]

Diagram of a typical prokaryotic cell

കോശമർമ്മത്തിന്റെയും മറ്റു പല യൂക്കാരിയോട്ടിക് കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത പ്രോകാരിയോട്ടിക് കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതഘടനയുള്ളതും വലിപ്പം കുറഞ്ഞതുമാണ്. ഒരു പ്രോകാരിയോട്ടിക് കോശത്തിന് മൂന്ന് ഘടനാമേഖലകളാണുള്ളത്.

  • എല്ലാ പ്രോകാരിയോട്ടുകളിലുമില്ലെങ്കിലും കോശോപരിതലത്തിൽ നിന്നും ഫ്ലജെല്ലയോ പിലിയോ പുറത്തേയ്ക്ക് നിൽക്കുന്നു. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പദാർത്ഥവിനിമയത്തിനും ഇവ സഹായിക്കുന്നു.
  • കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം നൽകുകയും ഒരു സംരക്ഷക അരിപ്പയായി പുറത്തെ ചുറ്റുപാടിൽ നിന്നും അതിനെ വേർതിരിച്ച് നിർത്തുകയും ചെയ്യുന്നു. ഏകദേശം എല്ലാ പ്രോകാരിയോട്ടുകൾക്കും കോശഭിത്തിയുണ്ട് എങ്കിലും മൈകോപ്ലാസ്മ (ബാക്ടീരിയ) തെർമോപ്ലാസ്മ (ആർക്കിയ) എന്നിവയിൽ കോശഭിത്തിയുടെ സാന്നിദ്ധ്യമില്ല. ബാക്ടീരിയകളിൽ പെപ്റ്റിഡോഗ്ലൈക്കൻ എന്ന രാസപദാർത്ഥം കൊണ്ടുള്ള കോശഭിത്തിയുണ്ട്.[5] ബാഹ്യബലങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഭാഗമായി ഇത് പ്രവർത്തിക്കുന്നു. കോശവികാസത്തിൽ നിന്നും സൈറ്റോളിസിസ് എന്ന കോശനശീകരണത്തിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. സസ്യകോശങ്ങൾ, ഫംഗസുകൾ തുടങ്ങിയ ചില യൂക്കാരിയോട്ടിക് കോശങ്ങൾക്കും കോശഭിത്തി ഉണ്ട്.
  • കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്. ക്രോമസോമിന് സാധാരണയായി വൃത്താകാരമാണ്. മർമ്മം ഇല്ല എങ്കിലും ജനിതക വസ്തുക്കൾ ന്യൂക്ലിയോയ്ഡിൽ സാന്ദ്രമായി നില കൊള്ളുന്നു. പ്രോകാരിയോട്ടുകളിൽ സാധാരണയായി വൃത്താകാരത്തിൽ കാണപ്പെടുന്ന, ക്രോമസോമിന്റെ ഭാഗമല്ലാത്ത ചില ജനിതക വസ്തുക്കൾ കാണപ്പെടുന്നു. അവ പ്ലാസ്മിഡുകൾ എന്ന് അറിയപ്പെടുന്നു. പ്ലാസ്മിഡുകൾ ആന്റിബയോട്ടിക് പ്രതിരോധം മുതലായ വിശേഷധർമ്മങ്ങൾ സാധ്യമാക്കുന്നു.

പ്രോകാരിയോട്ടുകളുടെ വിഭജനം[തിരുത്തുക]

ബാക്ടീരിയയും ആർക്കിയയും ആണ് പ്രോകാരിയോട്ടുകളിലുൾപ്പെടുന്നവ. അവയ്ക്ക് ഏകദേശം സമാനമായ ഘടനയാണ് ഉള്ളത്. പ്രോകാരിയോട്ടിക് കോശത്തിന്റെ മർമ്മദ്രവ്യം കോശദ്രവ്യമായി നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരൊറ്റ ക്രോമസോമിനാൽ നിലകൊള്ളുന്നു. ഇവിടെ കോശദ്രവ്യത്തിലെ നിർവചിക്കപ്പെട്ടിട്ടില്ലാത്ത മർമ്മമേഖല ന്യൂക്ലിയോയ്ഡ് എന്ന് അറിയപ്പെടുന്നു. പ്രോകാരിയോട്ടുകളെ ബാക്ടീരിയ, ആർക്കിയ എന്നിങ്ങനെ തരംതിരിച്ച് വർഗീകരിച്ചത് കാൾവൗസ് എന്ന ശാസ്ത്രജ്ഞനാണ്.

യൂക്കാരിയോട്ടിക് കോശം[തിരുത്തുക]

ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശഘടന[തിരുത്തുക]

പ്ലാസ്മാസ്തരം[തിരുത്തുക]

യൂക്കാരിയോട്ടിക് കോശം പ്ലാസ്മാസ്തരം അഥവാ കോശസ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.[6] ലിപ്പിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ അയോണിനേയോ ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. ഹോർമോണുകൾ പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.

കോശദ്രവ്യം[തിരുത്തുക]

കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും കോശാംഗങ്ങളെ ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം എ.ടി.പി തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് പ്രോട്ടോപ്ലാസം എന്നറിയപ്പെടുന്നത്.

കോശാംഗങ്ങൾ[തിരുത്തുക]

കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. റൈബോസോം, മൈറ്റോകോൺട്രിയ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), ലൈസോസോം, ഗോൾഗി വസ്തുക്കൾ, ഫേനങ്ങൾ, എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.

റൈബോസോം[തിരുത്തുക]

മാംസ്യനിർമ്മാണത്തിനു സഹായിക്കുന്ന കോശാംഗങ്ങളാണിവ. മർമ്മത്തിൽ നിന്ന് കോശദ്രവ്യത്തിലൂടെയെത്തുന്ന മെസഞ്ചർ ആർ.എൻ.എ റൈബോസോമിന്റെ സബ്യൂണിറ്റുമായി ചേരുന്നു. തുടർന്ന് സവിശേഷ അമിനോ അമ്ലങ്ങളുമായി എത്തുന്ന ട്രാൻസ്ഫർ ആർ.എൻ.എ റൈബോസോമിലെത്തുന്നു. നിയതമായ കോഡുകൾ (കോഡോണുകൾ) ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. എത്തിച്ചേരുന്ന അമിനോഅമ്ലങ്ങൾക്കിടയിൽ പെപ്റ്റൈഡ് ബോണ്ടുകൾ രൂപപ്പെട്ട് അവ മാംസ്യതൻമാത്രകളായി മാറുന്നു. ഇങ്ങനെ രൂപപ്പെടുന്ന മാംസ്യതൻമാത്രകൾക്ക് ഉദാഹരണങ്ങളാണ് ചിലയിനം ഹോർമോണുകൾ, എൻസൈമുകൾ എന്നിവ. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.

മൈറ്റോകോൺഡ്രിയ[തിരുത്തുക]

കോശത്തിലെ ഊർജ്ജനിർമ്മാണപ്രക്രിയ നടക്കുന്ന ഭാഗമാണിത്. ഇവയുടെ ബാഹ്യഭാഗത്തും ആന്തരഭാഗത്തും ഉള്ള ഇരുസ്തരങ്ങൾക്കുള്ളിലായി മാട്രിക്സ് എന്ന ഭാഗമുണ്ട്. കോശത്തിനാവശ്യമായ ഊർജ്ജനിർമ്മാണപ്രക്രിയയിൽ കോശശ്വസനം അഥവാ ക്രെബ്സ് പരിവ‍ൃത്തി നടക്കുന്ന ഭാഗമാണിത്. ഈ പ്രക്രിയയിൽ പൈറൂവിക് അമ്ലങ്ങൾ വിഘടിച്ച് കാർബൺ ഡൈഓക്സൈഡും ജലവും എ.ടി.പി തൻമാത്രയിലെ ഊർജ്ജവുമായി മാറുന്നു.

എൻഡോപ്ലാസ്മിക് റെട്ടിക്കുലം[തിരുത്തുക]

അന്തർദ്രവ്യജാലിക എന്നും ഇവ അറിയപ്പെടുന്നു. കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പദാർത്ഥസംവഹനം നടത്തുന്ന പാതകളാണിവ. മർമ്മസ്തരത്തിൽ നിന്നും ആരംഭിച്ച് കോശസ്തരത്തിൽ അവസാനിക്കുന്ന സഞ്ചാരപാതകളായി ഇവ വർത്തിക്കുന്നു. ഇവയ്ക്ക് പുറത്ത് റൈബോസോമുകൾ പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ അവ റഫ് (പരുക്കൻ) എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (RER) ഇല്ലാത്തവ സ്മൂത്ത് എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (SER) അറിയപ്പെടുന്നു.കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു.

ജൈവകണങ്ങൾ[തിരുത്തുക]

സസ്യകോശത്തിലെ നിറമുള്ളതോ ഇല്ലാത്തതോ ആയ കണങ്ങളാണിവ. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന ഹരിതകണം ഉദാഹരണം. ഇതിനുതകത്തക്ക വിധത്തിൽ ഇവയിൽ നിശ്ചിതമായ വർണ്ണകങ്ങളുണ്ട്. ഹരിതകം എ, ഹരിതകം ബി, സാന്തോഫിൽ, കരോട്ടിൻ, ആന്തോസയാനിൻ എന്നിവ ഉദാഹരണം.

ലൈസോസോം[തിരുത്തുക]

കോശത്തിനുള്ളിലുള്ള രാസാഗ്നി വാഹികളായ ഘടനകളാണിവ. കോശത്തിനുള്ളിലെത്തുന്ന അന്യപദാർത്ഥങ്ങളായ വൈറസുകൾ, ബാക്ടീരിയ, ഭക്ഷ്യതൻമാത്രകൾ, നശിപ്പിക്കപ്പെടേണ്ട കോശങ്ങൾ എന്നിവയെ ശിഥിലീകരിക്കുന്നതിനുള്ള രാസാഗ്നികളാണ് ഇവയ്ക്കുള്ളത്. സസ്യകോശങ്ങളിൽ ഇവയില്ല. പകരം ഫേനങ്ങളാണ് സസ്യകോശങ്ങളിൽ ലൈസോസോമിനുതുല്യമായ പ്രവർത്തനം നടത്തുന്നത്.

ഗോൾഗിവസ്തുക്കൾ[തിരുത്തുക]

കോശദ്രവ്യത്തിലെ സ്തരപാളികളായോ ബലൂൺ രൂപത്തിലോ കാണപ്പെടുന്ന ഇവ സ്രവണസശേഷിയുള്ള കോശാംഗമാണ്. മാംസ്യങ്ങളേയും കൊഴുപ്പുകളേയും പാക്കേജുകളിലാക്കുന്ന ഭാഗമാണിത്.

സെൻട്രോസോം[തിരുത്തുക]

കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഈ സെൻട്രിയോളുകളിൽ നിന്നാണ് കോശവിഭജന സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്. സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്. ഫംഗസ് കോശങ്ങളിലും ആൽഗ കോശങ്ങളിലും ഇവ കാണപ്പെടുന്നു.

ഫേനങ്ങൾ[തിരുത്തുക]

സസ്യകോശത്തിൽ ആഹാരപദാർത്ഥങ്ങളേയും വിസർജ്യവസ്തുക്കളേയും ശേഖരിക്കുന്ന ഭാഗമാണിത്. ജലത്തെ ശേഖരിക്കുന്നതിനും ഇവ സഹായിക്കുന്നു. സസ്യകോശങ്ങളിൽ വളരെ വലിപ്പമേറിയ ഫേനങ്ങളുണ്ട്. ജന്തുകോശങ്ങളിൽ ഇവ ചെറുതായിരിക്കും, ചിലപ്പോൾ കാണപ്പെടുകയുമില്ല.

ക്രോമസോം[തിരുത്തുക]

ഡി.എൻ.എ[തിരുത്തുക]

പ്രധാന ലേഖനം: ഡി.എൻ.എ.

ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ് ന്യൂക്ളിക് അമ്ലങ്ങൾ. ഇവ രണ്ട് തരമുണ്ട്, ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും റൈബോന്യൂക്ളിക് ആസിഡും. ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ വാട്സൻ ആന്റ് ക്രീക്ക് മോഡൽ എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്.

മർമ്മം[തിരുത്തുക]

യൂകാരിയോട്ടിക് കോശങ്ങൾക്ക് മാത്രമുള്ള ജനിതകവിവരകേന്ദ്രമാണ് കോശമർമ്മം. യൂകാരിയോട്ടിക് കോശങ്ങളിലെ ഏറ്റവും സ്പഷ്ടമായ കോശാംഗമാണ് ഇത്. കോശത്തിൽ ക്രോമസോമുകൾ സ്ഥിതി ചെയ്യുന്ന മർമ്മത്തിനകത്ത് വച്ചാണ് ഡി.എൻ.എ വിഭജനം (DNA replication), ആർ.എൻ.എ നിർമ്മാണം (RNA synthesis) അഥവാ ട്രാൻസ്ക്രിപ്ഷൻ (transcription) എന്നീ ധർമ്മങ്ങൾ നടക്കുന്നത്. മർമ്മദ്രവ്യത്തിനുള്ളിൽ ക്രോമസോമുകൾ ക്രൊമാറ്റിൻ ജാലികയായി നീണ്ടുചുരുണ്ട് കാണപ്പെടുന്നു. കോശവിഭജനത്തിനുമുമ്പ് ഇവ കുറുകിത്തടിച്ച് ക്രോമസോമുകളായിമാറുന്നു. മർമദ്രവ്യത്തിനകത്താണ് മർമ്മകം എന്ന ഭാഗമുള്ളത്. ഇത് ആർ.എൻ.എ ഉൾപ്പെട്ട ഭാഗമാണ്. ഗോളാകൃതിയിലുള്ള മർമ്മം, കോശദ്രവ്യത്തിൽ നിന്നും മർമ്മാവരണത്താൽ വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മർമ്മാവരണം, ഡി.എൻ.എ യുടെ ഘടനയ്ക്കും അതിന്റെ സംസ്കരണത്തിനും ഹാനികരമായ തന്മാത്രകളിൽ നിന്നും അതിനെ അകറ്റിനിർത്തി സംരക്ഷിയ്ക്കുന്നു. പ്രോകാരിയോട്ടിക് കോശങ്ങളിൽ ഡി.എൻ.എ സംസ്കരണം നടക്കുന്നത് കോശദ്രവ്യത്തിനകത്ത് തന്നെ വച്ചാണ്.

സസ്യകോശം[തിരുത്തുക]

സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. ഇതുകൂടാതെ സസ്യകോശത്തിൽപ്രകാശസംശ്ലേഷണത്തിന് ആവശ്യമായ ഹരിതകണവും‍ ഫേനരസവും നിറഞ്ഞ ഫേനവും കാണുന്നു..

ജന്തുകോശം[തിരുത്തുക]

ഏകകോശ, ബഹുകോശരൂപങ്ങളുള്ള ജന്തുകോശത്തിൽ ഹരിതകണങ്ങളോ വലിയ ഫേനങ്ങളോ കേശഭിത്തിയോ ഇല്ല. എന്നാൽ കോശ വിഭജനത്തിന് ഉതകുന്ന സെൻട്രോസോം, ദഹനരസങ്ങൾ അടങ്ങിയ ലൈസോസോം എന്നിവ ഇവയിലുണ്ട്.

കോശവിഭജനം[തിരുത്തുക]

ഒരു കോശം രണ്ടായി വിഭജിക്കുന്ന പ്രക്രിയയാണ് കോശവിഭജനം. ഇത് രണ്ടുതരത്തിലുണ്ട്, ക്രമഭംഗവും ഊനഭംഗവും. ഒരു കോശത്തിൽ നിന്ന് അതിലുള്ളത്ര ക്രോമസോം സംഖ്യയോടുകൂടി പുതിയ രണ്ട് പുത്രികാ കോശങ്ങളുണ്ടാകുന്നു എങ്കിൽ അത്തരം കോശവിഭജനമാണ് ക്രമഭംഗം. എന്നാൽ മാതൃകോശത്തിലുള്ളതിന്റെ പകുതി ക്രോമസോം എണ്ണം മാത്രമുള്ള പുത്രികാകോശങ്ങളെ രൂപപ്പെടുത്തുന്ന കോശവിഭജനമാണ് ഊനഭംഗം. ഊനഭംഗം വഴിയാണ് ബീജകോശങ്ങൾ രൂപപ്പെടുന്നത്. ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷകോശങ്ങളാണ് വിത്തുകോശങ്ങൾ . ഇവ മൂലകോശങ്ങളെന്നും അറിയപ്പെടുന്നു . ദീർഘ മായ വൈവിധ്യവൽക്കരണ പ്രക്രിയയിലൂടെയാണ് വിത്തുകോശങ്ങൾ മറ്റു കോശങ്ങളായി രൂപാന്തരപ്പെടുന്നത് . വിത്തുകോശങ്ങൾക്കു വിഭജനത്തിലൂടെ മറ്റു കോശങ്ങളായി മാറാനോ വിത്തുകോശങ്ങൾ തന്നെയായി തുടരാനോ ഉള്ള കഴിവുണ്ട് . കലക ളിലെ കോശങ്ങൾ നശിക്കുമ്പോൾ അവയ്ക്കു പകരം പുതിയ കോശ ങ്ങൾ രൂപപ്പെടുന്നത് ഇവയിൽനിന്നാണ് . മജ്ജ , ത്വക്ക് , അന്നപഥം മുതലായ ശരീരഭാഗങ്ങളിലെല്ലാം വിത്തുകോശങ്ങളുണ്ട് . ഗവേഷണശാലകളിലെ സവിശേഷ സാഹചര്യങ്ങളിൽ വിത്തുകോശ ങ്ങളിൽനിന്ന് അഭിലഷണീയ കോശങ്ങൾ രൂപപ്പെടുത്താൻ ഇന്ന് ശാസ്ത്ര ലോ ക ത്തിനു കഴിയും . രക്താർബു ദം , പ്രമേ ഹം , പാർക്കിൻസൺസ് രോഗം എന്നിവയുടെ ചികിത്സയിലും കൃത്രിമാ വയവങ്ങൾ രൂപപ്പെടുത്തുന്നതിലും വിത്തുകോശ ഗവേഷണം വൻമുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു.

കോശത്തിന്റെ ഉത്പത്തി[തിരുത്തുക]

നിരവധി സിദ്ധാന്തങ്ങൾ ഭൂമുഖത്തെ ജീവോൽപത്തിയെക്കുറിച്ച് വിശദീകരിക്കുന്നു. എ.ഐ. ഒപാരിൻ, ജെ.ബി.എസ്. ഹാൽഡേൻ എന്നിവർ ആവിഷ്കരിച്ച 'ജീവന്റെ രാസപരിണാമസിദ്ധാന്തം' സമുദ്രജലത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് നിരവധി രാസപ്രവർത്തനങ്ങളിലൂടെ ആദിമജീവകോശം ആവിർഭവിച്ചു എന്ന് വിശദീകരിക്കുന്നു. ഹാരോൾഡ് യൂറേ, സ്റ്റാൻലി മില്ലർ എന്നിവരുടെ പരീക്ഷണങ്ങളിലൂടെ ഈ സിദ്ധാന്തം കൂടുതൽ വിശ്വാസയോഗ്യമായിട്ടുണ്ട്. അന്യഗ്രഹങ്ങളിൽ രൂപപ്പെട്ട ജീവൻ ഭൂമിയിലേയ്ക്കെത്തി എന്ന് വിശദീകരിക്കുന്ന പാൻസ്പേർമിയ സിദ്ധാന്തം ഉൽക്കകളിൽ ജൈവാംശം കണ്ടെത്തിയതിലൂടെയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആദിമകോശങ്ങളുടെ രൂപവൽക്കരണത്തിലേയ്ക്ക് നയിച്ച രാസപ്രവർത്തനങ്ങളിൽ രാസത്വരകമായത് ആർ.എൻ.എ തൻമാത്രകൾ (റൈബോസൈമുകൾ) ആയിരുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ആർ.എൻ.എ വേൾഡ് പരികല്പന.[7]

കോശപരിണാമം[തിരുത്തുക]

3.5 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ആദിമകോശങ്ങൾ പരപോഷണം പ്രകടിപ്പിച്ചവയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആദിമകോശങ്ങളിൽ നിന്ന് പ്രോകാരിയോേട്ടുകളും യൂകാരിയോട്ടുകളും വികസിച്ചുവന്നു. യൂകാരിയോട്ടുകൾ വികസിച്ചുവന്ന ജീവപരിണാമം വിശദീകരിക്കുന്നത് ലിൻ മാർഗുലിസ് മുന്നോട്ടുവച്ച 'എൻഡോസിംബയോണ്ട് സിദ്ധാന്തം' വഴിയാണ്.

ജീവപരിണാമം[തിരുത്തുക]

കോശപരിണാമത്തിന്റെ തുടർച്ചയാണ് ജീവപരിണാമവും. ഏകകോശജീവികളിൽ നിന്ന് ബഹുകോശജീവികൾ രൂപപ്പെടുന്ന വ്യക്തമായ ചിത്രം നൽകുന്നത് വർഗീകരണശാസ്ത്രപഠനങ്ങളാണ്. ആധുനിക വർഗീകരണശാസ്ത്രം ജീവികളെ മൂന്ന് ഡൊമെയ്നുകളായി, അല്ലെങ്കിൽ ആറുകിങ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. കിങ്ഡം ബാക്ടീരിയ, ആർക്കിയ, പ്രോട്ടിസ്റ്റ, ഫംജൈ, പ്ലാൻറേ, ആനിമേലിയ എന്നിവയാണ് ആ വർഗീകരണ വിഭാഗങ്ങൾ.


അവലംബം[തിരുത്തുക]

  1. Cell Movements and the Shaping of the Vertebrate Body in Chapter 21 of Molecular Biology of the Cell fourth edition, edited by Bruce Alberts (2002) published by Garland Science.
  2. Schopf, JW, Kudryavtsev, AB, Czaja, AD, and Tripathi, AB. (2007). Evidence of Archean life: Stromatolites and microfossils. Precambrian Research 158:141-155
  3. 3.0 3.1 Campbell Biology—Concepts and Connections. Pearson Education. 2009. p. 320.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-21. Retrieved 2015-03-22.
  5. Prokaryotes. Newnes. Apr 11, 1996. ISBN 9780080984735.
  6. http://www.bbc.co.uk/schools/gcsebitesize/science/add_edexcel/cells/cells1.shtml
  7. "What is evolution and how does it work?". Welcome to Evolution 101!. https://evolution.berkeley.edu/. Retrieved 01/10/2020. {{cite web}}: Check date values in: |access-date= (help); External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോശം&oldid=3930143" എന്ന താളിൽനിന്ന് ശേഖരിച്ചത്