ലൈസോസോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന ഗോളാകൃതിയുള്ളതോ നിയതമായ ആകൃതിയില്ലാത്തതോ ആയ കോശാംഗങ്ങളാണ് ലൈസോസോമുകൾ. ഗോൾഗി വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ് എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഇവ ലൈസോസോമുകളുടെ മേക്കർ രാസാഗ്നികളായി അറിയപ്പെടുന്നു. ഈ രാസാഗ്നികളുപയോഗിച്ച് കോശത്തിലെത്തുന്ന വിനാശകാരികളായ സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ഇവ നശിപ്പിക്കുന്നു. പലപ്പോഴും ഇവ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു. പിനോസൈറ്റോസിസ്, ഫാഗോസൈറ്റോസിസ് എന്നിവ വഴി പ്രവേശിക്കുന്ന ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുന്ന ജോലിയും ഇവ നിർവ്വഹിക്കുന്നു. പട്ടിണി കിടക്കുന്ന സമയത്ത് കോശങ്ങളിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളെ ഇവ ദഹിപ്പിക്കുന്നു.[1]

ചരിത്രം[തിരുത്തുക]

തുടക്കത്തിൽ പെരിന്യൂക്ലിയാർ ഡെൻസ് ബോഡികൾ എന്ന പേരിലറിയപ്പെട്ടിരുന്ന ഇവയെ 1955 ൽ സി. ഡീ. ഡ്യൂവാണ് ലൈസോസോം എന്ന പേരിട്ടത്. ഇവയുടെ ബാഹ്യപാളിയക്ക് വിള്ളലുണ്ടായി ദഹനരാസാഗ്നികൾ പുറത്തുവന്നാലേ ഇവ പ്രവർത്തനക്ഷമമാകൂ എന്ന കണ്ടുപിടുത്തത്തെത്തുടർന്നാണിത്. 1974 ൽ അദ്ദേഹവും പലേഡ്, ക്ലൗഡ് എന്നിവരും നോബൽ സമ്മാനം പങ്കിട്ടു.

സ്ഥാനം[തിരുത്തുക]

സസ്തനികളിൽ പൂർണ്ണവളർച്ചയെത്തിയ ചുവന്ന രക്താണുക്കളിലും ബാക്ടീരിയങ്ങളിലുമൊഴിച്ച് എല്ലാ കോശങ്ങളിലും ലൈസോസോമുകൾ കാണപ്പെടുന്നു. പാൻക്രിയാസിലും പേശികളിലും വലരെക്കുറച്ചുമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. എന്നാൽ വെളുത്ത രക്തകോശങ്ങളിലെ ഗ്രാനുലോസൈറ്റുകളിൽ വലുതും വ്യക്തവുമായ ലൈസോസോമുകളുണ്ട്.ആഗിരണ, സ്രവണ, വിർജ്ജന പ്രതലങ്ങളായി പ്രവർത്തിക്കുന്ന എപ്പിത്തീലീയകലകളിലും ഇവ വളരെയേറെയുണ്ട്.

ഘടന[തിരുത്തുക]

250 മുതൽ 750 വരെ നാനോ മീറ്റർ വലിപ്പമുള്ള ലൈസോസോമുകൾക്ക് പുറത്ത് കൊഴുപ്പിന്റെ ഇരുപാളി സ്തരമുണ്ട്. 5 മുതൽ 8 വരെ നാനോമീറ്റർ വലിപ്പമുള്ള ചെറിയ ഗ്രാന്യൂളുകൾക്കുള്ളിൽ നാൽപ്പതോളം വൈവിധ്യമാർന്ന ഹൈഡ്രൊലേയ്സ് വിഭാഗത്തിൽപ്പെട്ട രാസാഗ്നികളുണ്ട്. [2]

ധർമ്മം[തിരുത്തുക]

ജീർണ്ണാവസ്ഥയിലെത്തിയ കോശങ്ങളെ നശിപ്പിക്കുക(ഓട്ടോഫാജി), (പ്രോഗ്രാമ്ഡ് ഡിസ്ട്രക്ഷൻ), കോശം ഉള്ളിലേയ്ക്കെടുക്കുന്ന ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുക, ബാക്ടീരിയ പോലുള്ള അനാവശ്യജീവികളെ നശിപ്പിക്കുക എന്നിവയാണ് ഇവയുടെ പൊതുധർമ്മം. [3]

ജീവികളിലെ വിതരണം[തിരുത്തുക]

ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബം[തിരുത്തുക]

  1. Invertebrate Zoology, E L Jordan, P S Verma, Page: 38
  2. Textbook of Medical Physiology, Guyton and Hall, Elsevier, 2006, Page 18
  3. Textbook of Medical Physiology, Guyton and Hall, Elsevier, 2006, Page 18

This is a gibberish language.

"https://ml.wikipedia.org/w/index.php?title=ലൈസോസോം&oldid=2336675" എന്ന താളിൽനിന്നു ശേഖരിച്ചത്