രാസാഗ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Ribbon diagram of the enzyme TIM, surrounded by the space-filling model of the protein. TIM is an extremely efficient enzyme involved in the process that converts sugars to energy in the body.

ജീവികളുടെ ശരീരത്തിലുള്ള ഉൽ‌പ്രേരകങ്ങളെയാണ്‌ രാസാഗ്നികൾ (ഇംഗ്ലീഷ്:Enzyme) എന്നു പറയുന്നത്. രാസപ്രവർതനങ്ങളിൽ അവയുടെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുകയും രാസമാറ്റത്തിനു വിധേയമാവാതിരിക്കുകയും ചെയ്യുന്ന രാസവസ്തുക്കളെയാണു ഉത്പ്രേരകങ്ങളെന്നു പറയുന്നത്. ദഹനം, കോശശ്വസനം, മാംസ്യസംശ്ലേഷണം മുതലായ ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇത്തരം രാസാഗ്നികളാണ്‌. ഡബ്ല്യൂ. കുനെയാണു എൻസൈം എന്ന പേർ ഇവക്കു നൽകിയത്. ഗ്രീക്ക് ഭാഷയിൽ യീസ്റ്റ് എന്നാണ്‌ ഈ പദത്തിനു അർത്ഥം. കിണ്വനത്തിനു (ഫെർമെന്റേഷൻ) കാരണമായ രാസവസ്തുക്കൾ യീസ്റ്റിലുണ്ട് എന്ന ആദ്യകാല അറിവാണു ഈ പേരിടലിനാധാരം.

പ്രത്യേകതകൾ[തിരുത്തുക]

വളരെക്കുറഞ്ഞ അളവിൽ മാത്രം പ്രവർത്തനം നടത്തുന്ന ഇവയ്ക്ക് സ്വയം പരിവർത്തനം സംഭവിക്കാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. സാധാരണയായി ഒരു രാസാഗ്നി ഒറ്റ രാസപ്രവർത്തനത്തെ മാത്രമേ സ്വാധീനിക്കുന്നുള്ളൂ. രാസപ്രവർത്തനത്തിനാവശ്യമായ ആക്ടിവേഷൻ ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുകയാണ് ഇവ ചെയ്യുന്നത്.[1] എല്ലാ രാസാഗ്നികളും ഊഷ്മാവിനാൽ സ്വാധീനിക്കപ്പെടുന്നവയാണ്. പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നതിനാൽ ഇവയ്ക്ക് രാസപ്രവർത്തനത്തിനൊടുവിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. 25ഡിഗ്രി സെൽഷ്യസിനും 45ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കാണ് ഇവയുടെ പ്രവർത്തനശേഷി കൂടിയിരിക്കുന്നത്.

പൊതുരാസഘടന[തിരുത്തുക]

രാസപരമായി എൻസൈമുകളെ സരളം (simple) എന്നും സങ്കീർണം (complex) എന്നും രണ്ടായി തിരിക്കാറുണ്ട്. സരള-എൻസൈമുകൾ[2] പ്രോട്ടീനുകൾ മാത്രമാണ്; അവ താരതമ്യേന സരളവുമായിരിക്കും. എന്നാൽ സങ്കീർണ-എൻസൈമുകളിൽ[3] പ്രോട്ടീൻ അംശത്തിനു പുറമേ പ്രോട്ടീനല്ലാത്ത ഒരു അംശം കൂടി ഉണ്ടായിരിക്കും. പ്രോട്ടീനല്ലാത്ത അംശത്തെ പ്രോസ്തെറ്റിക് ഗ്രൂപ്പ് [4] എന്നാണ് പറയാറുള്ളത്; പ്രോട്ടീനംശത്തെ അപ്പൊ എൻസൈം എന്നും. പ്രോസ്തെറ്റിക് ഗ്രൂപ്പുകൾ സാധാരണഘതിയിൽ അകാർബണിക തന്മാത്രകളായിരിക്കും. ഒരു അപ്പോഎൻസൈമും ഒരു പ്രോസ്തെറ്റിക് ഗ്രൂപ്പും ചേർന്നതാണ് ഒരു ഹോളോഎൻസൈം. ഹോളോഎൻസൈമാണ് രാസഘടനയിൽ പരിപൂർ‌ണ്ണമായ രാസാഗ്നി.

ഒരു സങ്കീർണ എൻസൈം വിഘടിക്കുമ്പോൾ ഈ രണ്ടു ഘടകങ്ങളും ലഭ്യമാകുന്നു. ഉദാഹരണമായി കരിംതവിട്ടുനിറത്തിലുള്ള കാറ്റലേസ് എന്ന സങ്കീർണ-എൻസൈം (അമ്ലാമാധ്യമത്തിൽ) വിഘടിക്കുമ്പോൾ നിറമില്ലാത്ത ഒരു പ്രോട്ടീനും അതായത് അപ്പൊ എൻസൈമും ഫെറി പ്രോട്ടോ പോർഫൈറിൻ (ferri protoporphyrin)[5] എന്ന പ്രോസ്ഥറ്റിക് ഗ്രൂപ്പും കിട്ടുന്നു. അതുപോലെ കാർബോക്സിലേസ് എന്ന സങ്കീർണ-എൻസൈം വിഘടിച്ചാൽ ഒരു അപ്പൊ എൻസൈമും തയാമിൻ പൈറൊഫോസ്ഫേറ്റ് (thiamine pyrophosphate)[6] എന്ന പ്രോസ്ഥറ്റിക് ഗ്രൂപ്പും ലഭിക്കുന്നതാണ്. അപ്പൊ എൻസൈമുകൾക്ക് ഒറ്റയ്ക്ക് എൻസൈമുകളുടെ പ്രവർത്തനം നടത്തുവാൻ സാധ്യമല്ല; പ്രോസ്ഥറ്റിക് ഗ്രൂപ്പിനോടു ചേർന്നു മാത്രമേ സാധ്യമാവുകയുള്ളു.

വർഗ്ഗീകരണം[തിരുത്തുക]

ഉത്പാദിപ്പിക്കപ്പെടുന്ന കോശത്തിനുള്ളിൽത്തന്നെ പ്രവർത്തിക്കുന്ന തരം രാസാഗ്നികളെ എൻഡോഎൻസൈമുകൾ എന്നും കോശത്തിനുപുറത്തേയ്ക്ക് സ്രവിക്കപ്പെടുകയും കോശബാഹ്യസ്ഥാനത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന രാസാഗ്നികളെ എക്സോഎൻസൈമുകൾ എന്നും വിളിക്കുന്നു. ഒരു സാധാരണ കോശത്തിൽ 3000 ത്തോളം രാസാഗ്നികൾ കാണപ്പെടാം. പതിനായിരം മുതൽ ഒരുലക്ഷം വരെ കിലോ ഡാൾട്ടണാണ് ഇവയുടെ തൻമാത്രാഭാരം.

നാമകരണം[തിരുത്തുക]

പ്രവർത്തിക്കുന്നത് ഏത് രാസവസ്തുവിന് പുറത്താണോ എന്നതിനെ അടിസ്ഥാനപ്പെടുത്തി ആ വസ്തുവിന്റെ പേരിനു മുന്നിൽ ase എന്ന് കൂട്ടിച്ചേർത്ത് രാസാഗ്നികൾക്ക് പേരുനൽകാം. ഉദാഹരണത്തിന് ലിപ്പിഡ് എന്ന കൊഴുപ്പുകളിൽ പ്രവർത്തിക്കുന്ന രാസാഗ്നികളാണ് ലിപ്പേയ്സുകൾ. ഉറവിടത്തെ അടിസ്ഥാനമാക്കിയും പേരുനൽകുന്നു. കപ്പയ്ക്കയിൽ നിന്നെടുക്കുന്ന രാസാഗ്നിയാണ് പപ്പായിൻ.അടിസ്ഥാനഘടനയിൽ മാംസ്യങ്ങളാണെന്ന് കാണിക്കാൻ രാസാഗ്നിയുടെ പേരിനൊപ്പം in ചേർക്കുന്ന രീതിയുമുണ്ട്.(trypsin, pepsin) പോളിമെറൈസേഷനു സഹായിക്കുന്ന രാസാഗ്നികളെ പോളിമെറേയ്സുകൾ എന്നുവിളിക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. Objective Biology. Arihant Publications, 2009 Ed. Page- 109
  2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-20.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-20.
  4. http://encyclopedia2.thefreedictionary.com/Prosthetic+Group
  5. http://www.jci.org/articles/view/110302
  6. http://www.uic.edu/classes/phar/phar332/Clinical_Cases/vitamin%20cases/thiamin/thiamin_pyrophosphate.htm
  7. Objective Biology. Arihant Publications, 2009 Ed. Page- 109

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പൊഎൻസൈമുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=രാസാഗ്നി&oldid=3807955" എന്ന താളിൽനിന്ന് ശേഖരിച്ചത്