കണ്ണിന്റെ ലെൻസ് (ശരീരവിജ്ഞാനീയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെൻസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലെൻസ് (വിവക്ഷകൾ) എന്ന താൾ കാണുക. ലെൻസ് (വിവക്ഷകൾ)
കണ്ണിന്റെ ലെൻസ്
Focus in an eye.svg
ലെൻസിന്റെ വക്രത മാറ്റിക്കൊണ്ട് ഒരു വിദൂര വസ്തുവിൽ നിന്നുള്ള പ്രകാശവും അടുത്തുള്ള ഒരു വസ്തുവിൽ നിന്നുള്ള പ്രകാശവും റെറ്റിനയിൽ ഫോക്കസ് ചെയ്യുന്നു.
Schematic diagram of the human eye en-edit.png
കണ്ണിന്റെ ഘടനകൾ അടയാളപ്പെടുത്തിയിരിക്കുന്ന രേഖാചിത്രം
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinlens crystallin
MeSHD007908
TAA15.2.05.001
FMA58241
Anatomical terminology

കണ്ണിന്റെ ലെൻസ് ഒരു സുതാര്യമായ ഇരട്ട ഉത്തല ലെൻസ് ആണ്. കോർണിയയുമായി ചേർന്ന് പ്രകാശത്തെ അപവർത്തനം ചെയ്ത് റെറ്റിനയിലേയ്ക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു. ഈ ലെൻസ് അതിന്റെ രൂപം മാറ്റി കണ്ണിന്റെ ഫോക്കസ് ദൂരം മാറ്റി പല ദൂരത്തിലുള്ള വസ്തുക്കളെ ഫോക്കസു ചെയ്യുവാനും അങ്ങനെ റെറ്റിനയിൽ വളരെ വ്യക്തമായ യഥാർത്ഥ ചിത്രം ലഭ്യമാക്കാനും അനുവദിക്കുന്നു. ലെൻസിന്റെ ഇത്തരം പൊരുത്തപ്പെടൽ അക്കൊമഡേഷൻ എന്നു പറയുന്നു. ഒരു ഫൊട്ടൊഗ്രഫിക് ക്യാമറ അതിന്റെ ലെൻസ് ചലിപ്പിച്ച് എങ്ങനെയാണ് ഒരു വസ്തുവിൽ ഫോക്കസു ചെയ്യുന്നത് അതുപോലെയാണ് ലെൻസ് പൊരുത്തപ്പെടൽ നടത്തുന്നത്.

കണ്ണിന്റെ ലെൻസിനെ  aquula (Latin, a little stream, dim. of aqua, water) എന്നും  crystalline lens എന്നും പറയാറുണ്ട്. മനുഷ്യരിൽ, ഈ ലെൻസിന്റെ റിഫ്രാക്ടീവ് ശക്തി ഏകദേശം 18 ഡയോപ്റ്റർ ആണ്. കണ്ണിന്റെ ആകെ പവറിന്റെ മൂന്നിലൊന്ന് വരുമിത്.

കണ്ണിലെ ലെൻസിന്റെ ഘടന[തിരുത്തുക]

മനുഷ്യന്റെ കണ്ണിന്റെ മുൻ‌ഭാഗത്തുള്ള ഒരു ഘടനയാണ് ലെൻസ്. ലെൻസിന് മുന്നിൽ ഐറിസ് ഉണ്ട്, ഇത് കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു. ലെൻസിനെ അതിന്റെ മധ്യരേഖയിൽ നിലനിർത്തിയിരിക്കുന്നത് സസ്പെൻസറി ലിഗമെന്റുകളാണ്,[1][2] ഇവ സീലിയറി ബോഡിയുമായി ബന്ധിപ്പിക്കുന്ന നാരുകളുള്ള ടിഷ്യുവിന്റെ വലയമാണ്. ലെൻസിന്റെ പിൻ‌വശം വിട്രിയസ് ബോഡിയാണ്, ഇത് മുൻ‌ഭാഗത്തെ അക്വസ് ഹ്യൂമറിനൊപ്പം ലെൻസിന് പോഷകങ്ങൾ നൽകുന്നതിൽ പങ്ക് വഹിക്കുന്നു. ലെൻസിന് എലിപ്‌സോയിഡ്, ബൈകോൺവെക്‌സ് ആകൃതിയാണ് ഉള്ളത്. മുൻവശത്തെ ഉപരിതലം പിൻഭാഗത്തേക്കാൾ വക്രത കൂടിയതാണ്. മുതിർന്നവരിൽ, ലെൻസിന് സാധാരണയായി 10 മില്ലീമീറ്റർ വ്യാസമുണ്ട്, ഏകദേശം 4 മില്ലീമീറ്റർ അക്ഷീയ നീളവുമുണ്ട്, എന്നിരുന്നാലും അക്കൊമഡേഷനിൽ വലുപ്പവും രൂപവും മാറാമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ ലെൻസ് വളരുന്നത് തുടരുന്നു.[3]

മൈക്രോ അനാറ്റമി[തിരുത്തുക]

ലെൻസിന് ലെൻസ് കാപ്സ്യൂൾ, ലെൻസ് എപിത്തീലിയം, ലെൻസ് നാരുകൾ എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങൾ ഉണ്ട്. ലെൻസ് കാപ്സ്യൂൾ ലെൻസിന്റെ ഏറ്റവും പുറം പാളിയാണ്. ലെൻസിൻരെ ഉള്ളിലെ ഭൂരിഭാഗവും ലെൻസ് നാരുകളാണ്. ലെൻസ് കാപ്സ്യൂളിനും ലെൻസ് നാരുകളുടെ ഏറ്റവും പുറം പാളിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ലെൻസ് എപിത്തീലിയത്തിന്റെ കോശങ്ങൾ ലെൻസിന്റെ മുൻവശത്ത് മാത്രം കാണപ്പെടുന്നു. ലെൻസിന് ഞരമ്പുകളോ രക്തക്കുഴലുകളോ ബന്ധിത ടിഷ്യൂകളോ ഇല്ല.[4]

ലെൻസ് കാപ്സ്യൂൾ[തിരുത്തുക]

ലെൻസിനെ പൂർണ്ണമായും ചുറ്റുന്ന സുഗമവും സുതാര്യവുമായ ബേസ്മെൻറ് മെംബ്രേനാണ് ലെൻസ് കാപ്സ്യൂൾ. ഇത് കൊളാജൻ അടങ്ങിയ ഇലാസ്റ്റിക് ഘടന ആണ്. ഇതിന്റെ പ്രധാന ഘടകങ്ങൾ ടൈപ്പ് IV കൊളാജൻ, സൾഫേറ്റഡ് ഗ്ലൈക്കോസാമിനോഗ്ലൈകാൻസ് (ജി‌എജി) എന്നിവയാണ്.[3] ക്യാപ്‌സ്യൂൾ വളരെ ഇലാസ്റ്റിക് ആണ്, അതിനാൽ ലെൻസ് കാപ്‌സ്യൂളിനെ സിലിയറി ബോഡിയുമായി ബന്ധിപ്പിക്കുന്ന സോണുലാർ നാരുകളുടെ പിരിമുറുക്കത്തിന് വിധേയമാകാത്തപ്പോൾ ലെൻസിനെ കൂടുതൽ ഗോളീയ രൂപം നേടാൻ അനുവദിക്കുന്നു. കാപ്സ്യൂളിന് 2 മുതൽ 28 മൈക്രോമീറ്റർ വരെ കനം വരെ വ്യത്യാസപ്പെടുന്നു, ഇത് മധ്യരേഖയ്ക്ക് സമീപം കട്ടിയുള്ളതും പിൻ‌വശം ധ്രുവത്തിനടുത്തായി കനംകുറഞ്ഞതുമാണ്.[3]

ലെൻസ് എപിത്തീലിയം[തിരുത്തുക]

ലെൻസ് കാപ്സ്യൂളിനും ലെൻസ് നാരുകൾക്കുമിടയിലുള്ള ലെൻസിന്റെ മുൻഭാഗത്ത് സ്ഥിതിചെയ്യുന്ന ലെൻസ് എപിത്തീലിയം ലളിതമായ ഒരു ക്യൂബോയിഡൽ എപിത്തീലിയമാണ്.[3] ലെൻസിന്റെ എപ്പിത്തീലിയത്തിന്റെ കോശങ്ങൾ ലെൻസിന്റെ ഹോമിയോസ്റ്റാറ്റിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.[5] അക്വസ് ഹ്യൂമറിൽ നിന്ന് അയോണുകൾ, പോഷകങ്ങൾ, ദ്രാവകം എന്നിവ ലെൻസിലേക്ക് പ്രവേശിക്കുമ്പോൾ, ലെൻസിലെ Na + / K + -ATPase പമ്പുകൾ ലെൻസിൽ നിന്ന് അയോണുകളെ പമ്പ് ചെയ്യുന്നു. Na + / K + -ATPases ന്റെ പ്രവർത്തനം ലെൻസിലൂടെയുള്ള ദ്രാവകത്തിന്റെ പ്രവാഹം നിലനിർത്തുന്നു.

ലെൻസ് എപിത്തീലിയത്തിന്റെ കോശങ്ങൾ പുതിയ ലെൻസ് നാരുകൾ ഉൽപ്പാദിപ്പിക്കുന്നു. ഇത് ഭ്രൂണാവസ്ഥയിൽ തുടങ്ങി ആജീവനാന്തം തുടരുന്ന പ്രക്രീയയാണ്.[6]

ലെൻസ് നാരുകൾ[തിരുത്തുക]

ലെൻസ് നാരുകളുടെ പാറ്റേൺ

ലെൻസിന്റെ ഘടനയുടെ ഭൂരിഭാഗവും ലെൻസ് നാരുകൾ ആണ്. അവ ചിട്ടയായി അടുക്കിവെച്ച നീളമുള്ളതും നേർത്തതും സുതാര്യവുമായ കോശങ്ങളാണ് അവയുടെ, വ്യാസം4-7 മൈക്രോമീറ്ററും, നീളം 12 മില്ലീമീറ്റർ വരെയുമാണ്.[3] തിരശ്ചീനമായി മുറിക്കുമ്പോൾ അവ, ഉള്ളിയുടെ പാളികൾ പോലെ ഏകാഗ്ര പാളികളായി ക്രമീകരിച്ചിരിക്കുന്നു. മധ്യരേഖയോട് ചേർന്ന് മുറിച്ചാൽ അത് ഒരു തേനീച്ചക്കൂട് പോലെ കാണപ്പെടുന്നു. ഓരോ നാരുകളുടെയും മധ്യഭാഗം മധ്യരേഖയിലാണ്.[6] ലെൻസ് നാരുകളുടെ കർശനമായി പായ്ക്ക് ചെയ്ത ഈ പാളികളെ ലാമിന എന്നാണ് വിളിക്കുന്നത്.

ലെൻസ് നാരുകളുടെ പ്രായം അനുസരിച്ച് ലെൻസിനെ വിവിധ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള ഏറ്റവും പഴയ പാളിയാണ് ഭ്രൂണ ന്യൂക്ലിയസ്, അവിടുന്ന് പുറത്തേക്ക് ഗര്ഭപിണ്ഡത്തിന്റെ ന്യൂക്ലിയസ്, മുതിർന്നവരുടെ ന്യൂക്ലിയസ്, ബാഹ്യ കോർട്ടെക്സ് എന്നിങ്ങനെ വിഭജിക്കപ്പെടുന്നു. ലെൻസ് എപിത്തീലിയത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട പുതിയ ലെൻസ് നാരുകൾ ബാഹ്യ കോർട്ടക്സിൽ ആണ് ചേരുന്നത്.

ക്ലിനിക്കൽ പ്രാധാന്യം[തിരുത്തുക]

  • തിമിരം: ലെൻസിന്റെ അതാര്യതയാണ് തിമിരം. തുടക്കത്തിലുള്ള കാഴ്ചയെ ബാധിക്കാത്ത തിമിരത്തിന് ചികിത്സ ആവശ്യമായി വരുന്നില്ല. പ്രായമാകുന്നതിന് അനുസരിച്ച് ലെൻസ് കൂടുതൽ അതാര്യമാകുമ്പോൾ തിമിരം ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. പ്രായവുമായി ബന്ധപ്പെട്ട ഒരു തരം തിമിരമാണ് ന്യൂക്ലിയർ സ്ക്ലിറോസിസ്. തിമിരത്തിനുള്ള മറ്റൊരു അപകട ഘടകമാണ് പ്രമേഹം. തിമിര ശസ്ത്രക്രിയയിൽ ലെൻസ് നീക്കം ചെയ്യുകയും കൃത്രിമ ഇൻട്രാഒക്യുലർ ലെൻസ് കണ്ണിനുള്ളിൽ ഘടിപ്പിക്കുകയും ചെയ്യുന്നു.
  • വെള്ളെഴുത്ത്: സമീപത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാഴിയാതെ വരുന്ന പ്രശ്നമാണ് വെള്ളെഴുത്ത് എന്ന് അറിയപ്പെടുന്നത്. ഇത് പ്രായവുമായി ബന്ധപ്പെട്ട അക്കൊമഡേഷൻ നഷ്ടം മൂലം സംഭവിക്കുന്നതാണ്. വെള്ളെഴുത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്, പക്ഷേ ലെൻസിന്റെ കാഠിന്യം, ആകൃതി, വലുപ്പം എന്നിവയിലെ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എല്ലാം വെള്ളെഴുത്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നു.
  • അഫേകിയ: കണ്ണിനുള്ളിൽ ലെൻസിന്റെ അഭാവമാണ് അഫേകിയ. ശസ്ത്രക്രിയയുടെയോ പരിക്കിന്റെയോ ഫലമായി അഫേകിയ സംഭവിക്കാം. അപൂർവ്വമായി ജന്മനാ തന്നെ കണ്ണുകൾക്ക് അഫേകിയ ഉണ്ടാകാറുണ്ട്.
  • എക്ടോപ്പിയ ലെന്റിസ്: ലെൻസിന്റെ സ്ഥാനചലനം ആണ് എക്ടോപ്പിയ ലെന്റിസ് എന്ന് അറിയപ്പെടുന്നത്.

അധിക ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Equator of lens - definition from". Biology-Online.org. ശേഖരിച്ചത് 2012-11-25.
  2. "equator of the crystalline lens - definition of equator of the crystalline lens in the Medical dictionary - by the Free Online Medical Dictionary, Thesaurus and Encyclopedia". Medical-dictionary.thefreedictionary.com. ശേഖരിച്ചത് 2012-11-25.
  3. 3.0 3.1 3.2 3.3 3.4 John Forrester, Andrew Dick, Paul McMenamin, William Lee (1996). The Eye: Basic Sciences in Practice. London: W. B. Saunders Company Ltd. p. 28 ISBN 0-7020-1790-6
  4. Duker, Myron Yanoff, Jay S. (2008). Ophthalmology (3rd പതിപ്പ്.). Edinburgh: Mosby. പുറം. 382. ISBN 978-0323057516.
  5. Candia, Oscar A. (2004). "Electrolyte and fluid transport across corneal, conjunctival and lens epithelia". Experimental Eye Research. 78 (3): 527–535. doi:10.1016/j.exer.2003.08.015.
  6. 6.0 6.1 "eye, human". Encyclopædia Britannica from Encyclopædia Britannica 2006 Ultimate Reference Suite DVD 2009