നിത്യഹരിതവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിൽ ഗവിയിലെ നിത്യഹരിതവനം
ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാഡിലെ ഡെയിൻട്രീ നിത്യഹരിതവനം

വർഷം മുഴുവൻ പച്ചിലകൾ‌ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ വനങ്ങളാണ് നിത്യഹരിതവനങ്ങൾ. നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങൾ സാവധാനം ഇലപൊഴിക്കുന്നതിനാലും ഇലപൊഴിയുന്നതിനോടൊപ്പം പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചിൽ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിർത്താൻ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു.

വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയർന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളിൽ ദുർലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള വൻമരങ്ങളെ ഇവിടെ കാണാൻ കഴിയും. വലിപ്പമേറിയ ഇലകൾ, ഭൂരിഭാഗവും മിനുസമേറിയതും നേർത്തതുമായ (1-2 മി.മീ.) വൃക്ഷചർമം, മാംസളമായ ഫലങ്ങൾ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു.

ഇന്ത്യയിൽ അസമും പശ്ചിമഘട്ട വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.

തരങ്ങൾ[തിരുത്തുക]

കാലാവസ്ഥ, വൃക്ഷങ്ങളിലെ ഇലകളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിത്യഹരിതവനങ്ങളെ വർഗീകരിക്കുന്നത്. ഉഷ്ണമേഖല (tropical), മധ്യ(middle), ബോറിയൽ (boreal) അക്ഷാംശങ്ങളിലായാണ് നിത്യഹരിതവനങ്ങൾ വ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിതവനങ്ങളാണ് മഴക്കാടുകൾ (Rainforests). സൂച്യാകാര ഇലകളോട് (needle leaf) കൂടിയവ, വീതിയേറിയ ഇലകളോടു (broad leaf) കൂടിയവ എന്നീ രണ്ട് തരം നിത്യഹരിത വനങ്ങളാണ് മിതോഷ്ണമേഖലയിലും ബോറിയൽ മേഖലയിലുമായി കാണപ്പെടുന്നത്.

ഉഷ്ണമേഖലാ മഴക്കാടുകൾ[തിരുത്തുക]

ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. (Tropical Rainforests).മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താൽ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങൾ. മിക്കപ്പോഴും ഒരു ഹെക്ടർ സ്ഥലത്ത് 150-ഓളം വൃക്ഷയിനങ്ങൾ വളരുന്നുണ്ടാകും. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളിൽ 75 ശതമാനത്തിൽ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാർഷിക വർഷപാതവും 15-30ബ്ബര ശരാശരി താപനിലയുമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്.

ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വൈവിധ്യമാർന്ന സസ്യ-ജന്തു ജാതികൾ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വർഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതൽ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങൾ പ്രരോഹങ്ങൾ (emergents) എന്ന പേരിൽ അറിയപ്പെടുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളിൽ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാൻ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങൾ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികൾ (lianas) ഈ തട്ടിലെ വൃക്ഷങ്ങളിൽ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റർ ശരാശരി ഉയരമുള്ളതും ഇടതൂർന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങൾ. ഉയർന്ന ആർദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങൾ 20-30 മീറ്റർ വരെ ഉയരത്തിൽ വളരും. കുറ്റിച്ചെടികൾ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികൾക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങൾക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടിൽ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുൽവർഗങ്ങൾ-വളരുന്നുള്ളൂ. ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അർനോൾഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്.

താരതമ്യേന പോഷകമൂല്യം കുറഞ്ഞ മണ്ണാണ് ഉഷ്ണമേഖലാ മഴക്കാടുകളിലേത്. അതിനാൽ മണ്ണിലെ പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാൻ ശേഷിയുള്ള സവിശേഷതരം വേരുപടലം ഇവിടുത്തെ വൃക്ഷങ്ങളിൽ കാണാം. വൃക്ഷങ്ങളിൽ അധിപാദപമായി വളരുന്ന സസ്യങ്ങളിൽനിന്ന് പ്രത്യേകതരം വേരുകൾ ഉപയോഗിച്ചും വേരുകളിലുള്ള മൈകോറൈസ പോലുള്ള ഫംഗസുകളുമായി ചേർന്നും നിത്യഹരിതവൃക്ഷങ്ങൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. ചില വൃക്ഷങ്ങളിൽ തടിയുടെ ചുവടുഭാഗമോ വേരിന്റെ ഭാഗമോ ക്രമാധികം വലിപ്പമാർന്ന് താങ്ങ് (ബട്രസ്) ആയി മാറിയിരിക്കുന്നു. ഈ താങ്ങ് വലിപ്പം കൂടിയ വൃക്ഷങ്ങളെ താങ്ങി നിർത്താൻ സഹായിക്കുന്നു.

വൈവിധ്യമേറിയ ജന്തുസമ്പത്തിനാൽ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. ഇവിടെ കാണുന്ന മിക്ക ഉരഗങ്ങളും ഉഭയജീവികളും മരത്തിൽ ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ആർജിച്ചവയാണ്. ശരീരത്തിൽ തിളക്കമേറിയ നിറങ്ങൾ, അടയാളങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. മരത്തവളകൾ, പുലി, ഷഡ്പദങ്ങൾ, ഉറുമ്പുതീനികൾ തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളിൽ സുലഭമാണ്.

ബോറിയൽ വനങ്ങൾ.[തിരുത്തുക]

വടക്കേ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ, ഏഷ്യയുടെ ചില പ്രദേശങ്ങൾ യൂറോപ്പിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലാണ് ബോറിയൽ വനങ്ങൾ വ്യാപിച്ചിരിക്കുന്നത്. തൈഗ (taiga) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വനകമാനത്തിൽ 20 മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളെ കാണാം. ഇവിടുത്തെ വൃക്ഷങ്ങളിൽ അധികവും സ്പ്രൂസ്, ഫിർ, പൈൻ തുടങ്ങിയ സൂചി ഇലകളോടു കൂടിയ നിത്യഹരിത വൃക്ഷങ്ങളാണ്. ചെറു സസ്തനികൾക്കു പുറമേ കരടി, ബീവർ തുടങ്ങിയ ജന്തുക്കളും കഴുകൻ, വാർബിൾ, മരംകൊത്തി തുടങ്ങിയ പക്ഷികളും ഉൾപ്പെടുന്നതാണ് ബോറിയൽ വനങ്ങളിലെ ജന്തുജാലം.

മിതോഷ്ണ മേഖലാ നിത്യഹരിതവനങ്ങൾ[തിരുത്തുക]

വടക്കേ അമേരിക്കയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങൾ, പടിഞ്ഞാറൻ ചിലി, തെക്കുകിഴക്കൻ ആസ്റ്റ്രേലിയ, ടാസ്മാനിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് മിതോഷ്ണ മേഖലാ നിത്യഹരിതവനങ്ങൾ (Temperate evergreen forests)കാണപ്പെടുന്നത്. കുത്തനെയുള്ള ചരിവുകളിൽ സ്ഥിതിചെയ്യുന്ന ഈ വനങ്ങളിൽ പടിഞ്ഞാറൻ കാറ്റ് യഥേഷ്ടം ലഭിക്കും. ഉയർന്നതോതിലുള്ള മഴ ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.

ഏറ്റവും ഉയരംകൂടിയ വൃക്ഷമായ സെക്വോയ വടക്കേ അമേരിക്കയിലെ നിത്യഹരിതവനങ്ങളിലാണ് കാണപ്പെടുന്നത്. ഇവിടെ 75 ശതമാനത്തോളവും ഫിർ, സ്പ്രൂസ്, ഹെംലോക്ക്, റെഡ് സെഡാർ തുടങ്ങിയ സൂചി ഇല വൃക്ഷങ്ങളാണ് ഉള്ളത്. ചിലിയിൽ ആന്റിസ് പർവതത്തിന്റെ വശങ്ങളിലാണ് ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. നിത്യഹരിത വൃക്ഷങ്ങളോടൊപ്പം ചില ഇലപൊഴിയും വൃക്ഷങ്ങളെയും ഇവിടെ കാണാം. നിത്യഹരിത കുറ്റിച്ചെടികൾ കൊണ്ട് അടിക്കാട് (understorey) സമ്പന്നമായിരിക്കുന്നു. പറക്കാൻ കഴിവില്ലാത്ത കിവി പക്ഷികൾ ന്യൂസിലൻഡിലെ നിത്യഹരിത വനങ്ങളിൽ സാധാരണമാണ്.

ലെബനൻ, മൊറോക്കോ തുടങ്ങിയ മെഡിറ്ററേനിയൻ രാജ്യങ്ങളിലാണ് വീതിയുള്ള ഇലകളോടുകൂടിയ നിത്യഹരിതവനങ്ങൾ സ്ഥിതിചെയ്യുന്നത്. കാഠിന്യമേറിയ തടി ഇവിടുത്തെ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്. മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽ വളരുന്ന ഈ വൃക്ഷങ്ങൾക്ക് കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള കഴിവുണ്ട്. ഓക്ക് മരങ്ങളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കയുടെ തെക്കുഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ ആസ്റ്റ്രേലിയ തുടങ്ങിയ ഇടങ്ങളിലും ഇത്തരം വനങ്ങൾ കാണാൻ കഴിയും. കാനറി ദ്വീപുകളിൽ ഉള്ള നിത്യഹരിതവനങ്ങളിൽ ലോറൽ വൃക്ഷങ്ങളാണ് കൂടുതൽ. ഷഡ്പദങ്ങളുടെ, പ്രത്യേകിച്ചു ചിത്രശലഭങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ് ഈ വനങ്ങൾ. കൂടാതെ നിരവധി ഇനം പാമ്പുകളും പല്ലികളും ഇവിടെ കാണപ്പെടുന്നുണ്ട്.

പൂർണമായും നിത്യഹരിതവനങ്ങൾ എന്നു പറയാൻ കഴിയില്ലെങ്കിലും നിത്യഹരിതവൃക്ഷങ്ങൾ ധാരാളമുള്ള ഒരു വനവിഭാഗമാണ് അർധനിത്യഹരിതവനങ്ങൾ (Semi evergreen forests). നിത്യഹരിത വനങ്ങൾക്കും നനവാർന്ന ഇലപൊഴിയും കാടുകൾക്കും മധ്യേ സംക്രമണ ഘട്ടത്തിലുള്ള (transitional stage) വനങ്ങളാണിവ. ഒന്നാംതട്ടിൽ നിത്യഹരിതവൃക്ഷങ്ങൾക്കൊപ്പം ഇലപൊഴിയും (deciduous) വൃക്ഷങ്ങളെയും കാണാൻ കഴിയും. താഴെത്തട്ടിലുള്ള വൃക്ഷങ്ങളെല്ലാം നിത്യഹരിത വനങ്ങൾക്ക് സമാനമായവയാണ്. ഇവിടെയുള്ളതിൽ 50-70 ശതമാനവും നിത്യഹരിത വൃക്ഷങ്ങൾ ആയിരിക്കും. പുഷ്പിക്കുന്നതിനും കായ് ഉണ്ടാകുന്നതിനും പ്രത്യേകകാലം (season) ഉണ്ടായിരിക്കും എന്നതാണ് ഇവയ്ക്ക് നിത്യഹരിത വനങ്ങളിൽനിന്നുള്ള വ്യത്യാസം. താരതമ്യേന ദൈർഘ്യമേറിയ വരണ്ടകാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ നിത്യഹരിതവനങ്ങൾ പ്രധാനമായും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പശ്ചിമഘട്ടം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. സ്പീഷീസ് വൈവിധ്യം കൊണ്ട് (200-ലധികം സ്പീഷീസ്) ശ്രദ്ധേയമായതാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ഇവിടെ നിത്യഹരിത- അർദ്ധ നിത്യഹരിത വൃക്ഷങ്ങൾ ഇടതൂർന്ന് കാണപ്പെടുന്നു.

നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം. 45 മീറ്ററിൽ അധികം ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകൾ, പന്നൽച്ചെടികൾ, ഓർക്കിഡുകൾ തുടങ്ങിയവയുടെ നിരവധി വന്യ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. ചൂരൽ, മുള എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്.[അവലംബം ആവശ്യമാണ്] സമുദ്രനിരപ്പിൽ നിന്നും 250-1700 മീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന നിത്യഹരിതവനങ്ങളിലെ വാർഷിക വർഷപാതം 1500-5000 മില്ലീമീറ്ററിനു മധ്യേയാണ്. പാലി, നാങ്ക്, കലോഫിലം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സാധാരണമാണ്.

വടക്കുകിഴൻ സംസ്ഥാനങ്ങളിൽ, അസം താഴ്വരകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാടുകളാണുള്ളത്. ഇവിടെ 2300 മി.മീ.-ൽ അധികമാണ് വാർഷിക വർഷപാതം. അസം താഴ്വരയിൽ 50 മീറ്ററിൽ അധികം ഉയരത്തിലും ഏഴു മീറ്ററോളം വണ്ണത്തിലും വളരുന്ന ഷോറിയ അസമിക്ക എന്ന വൃക്ഷം വ്യാപകമായി കാണപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിത്യഹരിതവനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിത്യഹരിതവനം&oldid=2283821" എന്ന താളിൽനിന്ന് ശേഖരിച്ചത്