Jump to content

ഇലപൊഴിയും വനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലപൊഴിയും വനങ്ങൾ ഇലകൾ പൊഴിഞ്ഞ ശേഷം
മറ്റു പല ഇലപൊഴിയും മരങ്ങളെപ്പോലെ, Forsythia പൂക്കുന്നത് ഇലപൊഴിഞ്ഞ ശേഷമാണ്

സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ്‌ ഇത്തരം വനങ്ങളിൽ ഉള്ളത്‌. നിത്യഹരിതവനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവയെ പരിഗണിക്കാം. വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ പടർ ചെടികളുടെ ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

ഇലപൊഴിയുന്ന വരണ്ട കാടുകൾ

[തിരുത്തുക]

വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം വൃക്ഷങ്ങളും സസ്യങ്ങളും താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകൾ ( deciduous forests) ആണു് ഇലപൊഴിയുന്ന വരണ്ട കാടുകൾ. ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകൾ ആണു്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് പല ഘടകങ്ങളാലും വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങൾ കാണാം. മണ്ണിന്റെ ഘടനയും സ്വഭാവവും, ഈർപ്പം, നീർവാർച്ച, ഉപതലങ്ങളിൽ പുലരുന്ന മറ്റു സസ്യജന്തുജാലങ്ങൾ, വർഷപാതം തുടങ്ങിയവയെല്ലാം ഇത്തരം വനങ്ങളുമായി പരസ്പരം ബന്ധപ്പെട്ടും സ്വാധീനിച്ചും നിലനിൽക്കുന്നു.

ഇലപൊഴിയുന്ന ശൈത്യമേഖലാവനങ്ങൾ

[തിരുത്തുക]

വേനൽച്ചൂടിൽ ഇല പൊഴിക്കുന്ന കാടുകൾ പോലെത്തന്നെ, ശൈത്യമേഖലാ പ്രദേശങ്ങളിലും സമാനമായ വനപ്രദേശങ്ങളുണ്ടു്. പക്ഷേ ജലലഭ്യതയ്ക്കും ഈർപ്പത്തിനും പകരം ഇവയുടെ ഇല പൊഴിക്കുന്ന സ്വഭാവത്തിനു കാരണം അന്തരീക്ഷോഷ്മാവിൽ വരുന്ന ഭീഷണമായ കുറവാണു്.

ഇല പൊഴിയ്ക്കുന്നതുകൊണ്ട് വൃക്ഷങ്ങൾക്കുണ്ടാവുന്ന പ്രയോജനം

[തിരുത്തുക]

മഴ കുറവുള്ള സമയങ്ങളിൽ ഇല പൊഴിക്കുന്നതുകൊണ്ട് ഇത്തരം സസ്യജാതികൾക്കു് പല പ്രയോജനങ്ങളുമുണ്ടു്. സ്വേദനത്തിലൂടെ വമ്പിച്ച തോതിൽ നഷ്ടമാവുന്ന ജലത്തിന്റെ അളവു കുറയ്ക്കാൻ ഇലകൾ പൊഴിഞ്ഞുപോവുന്നതു് സഹായിക്കുന്നു. മണ്ണിൽ വീണു ജീർണ്ണിക്കുന്ന പഴയ ഇലകൾ അടുത്ത മഴക്കാലത്തു് മണ്ണിൽ തന്നെ അടിഞ്ഞുതീരുകയും അതുവഴി, വൃക്ഷത്തിനു വീണ്ടും ഉപയോഗിക്കാനാവുന്ന സ്വാഭാവിക വളമായി മാറുകയും ചെയ്യുന്നു. അതേ സമയത്തുതന്നെ ആരോഗ്യമുള്ള പുതിയ ഇലകൾ രൂപം പ്രാപിക്കുകയും വൃക്ഷം അതിന്റെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യും.

ഇതിനും പുറമേ, ഇത്തരം മിക്ക വനങ്ങളിലേയും വൃക്ഷങ്ങൾ ഇല പൊഴിയുന്ന അവസരങ്ങളിലാണു് പുഷ്പിക്കുന്നതു്. വിവിധ നിറങ്ങളിലുള്ള അവയുടെ പൂക്കൾ ഇലകളില്ലാത്ത ചുറ്റുപാടിൽ കൂടുതൽ ദൃശ്യവും പ്രകടവുമാണു്. ഷഡ്പദങ്ങളിലൂടെ നടക്കുന്ന പരപരാഗണം വർദ്ധിക്കാൻ ഈ പ്രത്യേകത സഹായിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇലപൊഴിയും_വനങ്ങൾ&oldid=3366961" എന്ന താളിൽനിന്ന് ശേഖരിച്ചത്