Jump to content

ടാനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാനിക് ആസിഡ്

ചിലയിനം മരങ്ങളുടെ പുറംതൊലി, ഇല, തടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു രാസവസ്തുവാണ് ടാനിൻ. അനവധി രാസസംയുക്തങ്ങളുടെ ഒരു സങ്കീർണ മിശ്രിതമാണിത്. ടാനിക് അമ്ലം, ഗാലോടാനിക് അമ്ലം, ഗാലോടാനിൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൃഗചർമം ഊറയ്ക്കിടുന്നതിന് (tanning) ഉപയോഗിക്കുന്നതിനാലാണ് ഈ സംയുക്തങ്ങൾക്കു ടാനിൻ എന്നു പേരുണ്ടായത്.

കുമിളുകളുടെയോ (fungi) ചിലയിനം പ്രാണികളുടെയോ ആക്രമണം മൂലം ഓക്ക് മരങ്ങളിൽ ഉണ്ടാകുന്ന മുഴകളാണ് (galls) ടാനിന്റെ പ്രധാന സ്രോതസ്സ്. പുറംതൊലിയും മുഴഭാഗങ്ങളും ചതച്ചെടുത്ത് കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിക്കുകയാണ് ടാനിൻ വേർതിരിക്കുന്നതിന്റെ ആദ്യപടി. അലേയ മാലിന്യങ്ങൾ നീക്കം ചെയ്തശേഷം ബാക്കിയാവുന്ന ചുവപ്പു നിറമുള്ള കൊഴുത്ത ദ്രാവകം ബാഷ്പീകരിക്കുമ്പോൾ കറുത്ത പിണ്ഡത്തിന്റെ രൂപത്തിൽ ടാനിൻ ലഭിക്കുന്നു. ആൽക്കഹോൾ, ഈഥർ എന്നിവയുപയോഗിച്ചു നിഷ്കർഷണം ചെയ്യുമ്പോൾ, വെള്ളയോ ഇളംമഞ്ഞയോ നിറമാർന്ന പൊടിയായി ശുദ്ധമായ ടാനിൻ ലഭിക്കും. വിവിധ ടാനിനുകൾ വ്യത്യസ്തങ്ങളായ രാസസംയോഗവും ഘടനയും പ്രദർശിപ്പിക്കുന്നു.

ടാനിനുകൾ പ്രധാനമായും രണ്ടു വിധം.

  1. ജലവിശ്ലേഷണ വിധേയമായ ടാനിനുകൾ (hydrolysable tannins) ഗാലിക് അമ്ലത്തിന്റെയും ഗ്ലൂക്കോസിന്റെയും എസ്റ്ററുകളാണ്.
  2. സംയോജിത ടാനിനുകൾ (condensed tannins) ആകട്ടെ ഫ്ളേവനോളുകളുടെ പോളിമറുകളാണ്. ഇവ ജലവിശ്ലേഷണ വിധേയമല്ല.

ടാനിൻ അടങ്ങുന്ന ലായനികളിൽ കുതിർത്തു പതം വരുത്തിയാണ് മൃഗചർമം സംസ്കരിക്കുന്നത്. തോലിലെ മാംസ്യവുമായി ടാനിൻ പ്രതിപ്രവർത്തിക്കുമ്പോൾ അലേയവും ചീയാത്തതും വഴങ്ങുന്നതുമായ പദാർഥമായി അതു മാറുന്നു. ലായനികളിൽ നിന്നു മാംസ്യവും ആൽക്കലോയിഡുകളും വേർതിരിക്കുവാനും ടാനിനുകൾ ഉപകരിക്കുന്നു. ഫെറിക് (ഇരുമ്പ്) ലവണങ്ങളുമായി ചേരുമ്പോൾ നീല കലർന്ന കറുപ്പു നിറം ലഭിക്കുന്നതിനാൽ മഷി നിർമ്മാണത്തിനും ടാനിൻ ഉപയോഗിക്കുന്നുണ്ട്. കടലാസിലും തുണിയിലും പശപിടിപ്പിക്കുന്നതിനുള്ള ഉപാധിയായും തുണികൾ ചായം പിടിപ്പിക്കുമ്പോൾ വർണബന്ധകമായും ഇതിനുപയോഗമുണ്ട്. ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള (astringent) കഴിവുള്ളതിനാൽ രക്തസ്രാവം തടയുന്ന ലേപനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. ടാനിൻ തീപ്പൊള്ളലിനും ഔഷധമാണ്. പൊള്ളലേറ്റ ചർമത്തിലെ മാംസ്യത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി മാറ്റുന്നതിനാൽ ചർമത്തിനടിയിലായി പുതിയ ശരീരകലകൾക്കു വളരുവാൻ സാധിക്കും.

ബീച്ച്, ബർച്ച്, കണ്ടൽ വൃക്ഷങ്ങൾ (Rhizophora), അക്കേഷ്യ (Wattle), ഹെംലോക്ക് (Tsuga), ചെസ്നട്ട്, താന്നി, കടുക്കമരം, ചേരുമരം, തേയില എന്നിവയിലെല്ലാം ടാനിൻ അടങ്ങിയിട്ടുണ്ട്. ഊറയ്ക്കിടുന്നതിന് ചില സംശ്ലേഷിത രാസവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയതോടെ വൃക്ഷങ്ങളിൽ നിന്നുള്ള ടാനിൻ ശേഖരണം വളരെ കുറഞ്ഞിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാനിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാനിൻ&oldid=2282775" എന്ന താളിൽനിന്ന് ശേഖരിച്ചത്