സദ്യ


അരി കൊണ്ടുള്ള വിഭവ സമൃദ്ധമായ ഊണിനെയാണ് സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു [1], ഉത്സവങ്ങൾ, വിവാഹം, വിവാഹ വാർഷികം, പിറന്നാൾ, നാമകരണം, ശ്രാദ്ധം തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക. തെക്കൻ കേരളത്തിൽ ഇത് സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും. എന്നാൽ വടക്കൻ കേരളത്തിൽ (മലബാർ ഭാഗങ്ങളിൽ) മത്സ്യമാംസ വിഭവങ്ങൾ സദ്യയുടെ അഭിവാജ്യ ഘടകം ആണ്.
നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. ആറന്മുള വള്ളസദ്യ ഇത്തരത്തിൽ ഇന്നും നടത്തപ്പെടുന്നുണ്ട്. ഇക്കാലത്ത് വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേൽ ഇലയിട്ട് വിളമ്പാറുമുണ്ട്. 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ കേരളീയ സദ്യയാണ് വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിവായി ഉണ്ടായിരുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങൾ സാധാരണയായി ചോറ്, കറികൾ, പായസം, പഴം, മോര്, തൈര്, പപ്പടം, ഉപ്പേരി തുടങ്ങിയവയും മറ്റുമാണ്. വിവിധ ഇനം കറികൾ ഉള്ളതിനാൽ ഊണുകഴിക്കുന്നവരുടെ വൈവിധ്യമാർന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്നു എന്നത് സദ്യയുടെ പ്രത്യേകതയാണ്.
ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി സദ്യയിൽ ഉപയോഗിക്കാറില്ല, എന്നാൽ പണ്ട് സദ്യയിൽ പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്.
കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും സദ്യ പൊതുവേ ആരോഗ്യകരമല്ല. അന്നജം ഏറെയുള്ളതും പോഷകങ്ങൾ കുറഞ്ഞതുമായ ചോറ്, അച്ചാർ, പായസം, പപ്പടം, കൊഴുപ്പ് കൂടുതൽ അടങ്ങിയ മാംസം, വറുത്തതും പൊരിച്ചതും, നെയ്യ് തുടങ്ങിയവ അമിതമായി ഉപയോഗിച്ചാൽ അത് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ സദ്യയിലെ ചോറ്, അച്ചാർ, പായസം, വറുത്തതും പൊരിച്ചതും മറ്റും മിതമായി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഇത് നിത്യേനയോ അമിതമായോ ഉപയോഗിക്കുന്നത് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ സദ്യ മിതമായ അളവിലൊ അല്ലെങ്കിൽ ചെറിയ അളവിലൊ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രമേഹം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, രക്താതിമർദ്ദം, അമിതവണ്ണം, കുടവയർ, ഉദ്ധാരണശേഷിക്കുറവ് മുതലായ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ സദ്യ കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കേണ്ടതാണ് എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.[2]
നിരുക്തം
[തിരുത്തുക]'ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം' എന്ന് അർഥമുള്ള 'സഗ്ധിഃ' (सग्धिः) എന്ന സംസ്കൃതശബ്ദത്തിൽനിന്നാണ് 'സദ്യ' എന്ന മലയാളവാക്കിന്റെ ഉദ്ഭവം. ലളിതമായി 'സഹഭോജനം' എന്ന് അർഥം. സമാനാ മഹ വാ ജഗ്ധിഃ സഗ്ധിഃ (समाना मह वा जग्धिः सग्धिः।) എന്ന് നിരുക്തം.
ചരിത്രം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങൾ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെൽവേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്ന സദ്യ ആയുർവേദത്തിലും പരാമർശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും പറയുന്നു.
സദ്യ വിളമ്പുന്നവിധം
[തിരുത്തുക]
സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടൽ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ (അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികൾ ചോറിൽ (നെയ് ചേർത്ത പയർപരിപ്പ് കറി, പുളിശ്ശേരി, സാമ്പാർ) (തിരുവന്തപുരത്ത് സാമ്പാർ കഴിഞ്ഞ് പുളിശ്ശേരി) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.
സദ്യ ഉണ്ണുന്ന വിധം
[തിരുത്തുക]വലത്തു കൈ കൊണ്ടാണ് സദ്യ കഴിക്കുക. ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, അതിനു ശേഷം സാമ്പാർ കൂട്ടി ചോറുണ്ണുന്നു.അടപ്രഥമൻ വിളമ്പുന്നു (ചിലർ പഴവും പപ്പടവുംചേർത്ത് ആണ് കഴിക്കുക) . പിന്നീട് പുളിശ്ശേരി ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. ഒടുവിൽ തൈർ/രസം ചേർത്ത് ഉണ്ണുന്നു.പ്രദേശങ്ങൾ മാറുന്നതിനനുസരിച് ഇതിൽ വ്യത്യാസങ്ങൾ വരാറുണ്ട്.
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
സദ്യക്കുശേഷം ചുണ്ണാമ്പു ചേർത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.
പാചകം, തയ്യാറെടുപ്പ്
[തിരുത്തുക]സാധാരണയായി ഉച്ചസമയത്താണ് സദ്യയുണ്ണുക. സദ്യക്കുള്ള തയ്യാറെടുപ്പുകൾ തലേദിവസം രാത്രിയിൽ തുടങ്ങുന്നു. ദേഹണ്ഡക്കാർ രാത്രിമുഴുവനും അദ്ധ്വാനിച്ചാണ് സദ്യ തയ്യാറാക്കുക. രാവിലെ പത്തുമണിക്കു മുൻപേ വിഭവങ്ങൾ തയ്യാറായിരിക്കും. ഇന്ന് ആൾക്കാർക്ക് നിലത്ത് ഇരുന്നുണ്ണുവാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും പരിഗണിച്ച് മേശപ്പുറത്ത് ഇലവിരിച്ചാണ് സദ്യവിളമ്പുക.
പണ്ടുകാലത്ത് അയൽപക്കത്തുള്ളവരുടെ സഹായത്തോടെ വീടുകളിൽ തന്നെയാണ് സദ്യ തയ്യാറാക്കിയിരുന്നത്. രാത്രിമുഴുവൻ വീട്ടുകാരും അയൽക്കാരും തേങ്ങതിരുവാനും പച്ചക്കറികൾ അരിയുവാനും പാചകം ചെയ്യുവാനും കൂടിയിരുന്നു. സദ്യവിളമ്പുന്നതും വീട്ടുകാരും അയൽക്കാരും കൂടിയായിരുന്നു. ഇന്ന് കാലത്തിന്റെ മാറ്റത്തിനൊപ്പം സദ്യ ഒരുക്കുവാൻ ദേഹണ്ഡക്കാരെ വിളിക്കാറാണ് പതിവ്. ധാരാളം കാറ്ററിംഗ് കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഹോട്ടലുകളിൽ നിന്ന് ഇന്ന് സദ്യ വരുത്തി കഴിക്കാനും സാധിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സദ്യ
[തിരുത്തുക]കേരള സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യ വിളമ്പുക[അവലംബം ആവശ്യമാണ്]. 25,000ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദേഹണ്ഡക്കാർ യുവജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലുകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സദ്യവിളമ്പുന്നു.പിന്നെ ആറൻമുള വളളസദൃ
സദ്യയിലെ സാധാരണ വിഭവങ്ങൾ
[തിരുത്തുക]
കേമമായ സദ്യക്ക് നാലു കറി, നാലു ഉപ്പിലിട്ടത് (അച്ചാർ),നാലു വറവ്, നാലു ഉപദംശം (തൊടുകറി),നാലു മധുരം എന്നാണ്. തെക്കൻ കേരളത്തിൽ സദ്യ പൊതുവേ വെജിറ്റേറിയൻ ആണ് എന്നാൽ വടക്കൻ കേരളത്തിൽ (മലബാർ ഭാഗങ്ങളിൽ) മത്സ്യമാംസ വിഭവങ്ങളും സദ്യയുടെ ഭാഗം ആണ്. അവിടങ്ങളിൽ മത്സ്യം, ചിക്കൻ, മട്ടൻ തുടങ്ങിയവ സദ്യയിൽ നിർബന്ധമാണ്. [3]
നാലു കറി
[തിരുത്തുക]- കാളൻ
- ഓലൻ
- എരിശ്ശേരി
- പുളിശ്ശേരി
നാലു ഉപ്പിലിട്ടത്
[തിരുത്തുക]- ഇഞ്ചിത്തയിര്
- പുളിയിഞ്ചി
- മാങ്ങ
- നാരങ്ങ
നാലു വറവ്
[തിരുത്തുക]- കായ
- ചേന
- മുളക്
- ശർക്കര ഉപ്പേരി
നാലു ഉപദംശം(തൊടുകറി)
[തിരുത്തുക]- പാലട പ്രഥമൻ (അട പ്രഥമൻ)
- പഴം പ്രഥമൻ
- ഗോതമ്പ് പ്രഥമൻ
- ചക്ക പ്രഥമൻ
- കടലപരിപ്പ് പ്രഥമൻ
- പയർ പായസം
- അരിപ്പായസം
- കടും പായസം
- പാൽ പായസം
- എള്ള് പായസം
- പിസ്ത പായസം
- പപ്പായ പായസം
പോഷകങ്ങൾ, ആരോഗ്യം
[തിരുത്തുക]കറികളിൽ ധാരാളം പോഷകങ്ങൾ ഉണ്ടെങ്കിലും സദ്യയിലെ പ്രധാന വിഭവമായ അന്നജം ഏറെയുള്ള ചോറ്, പ്രത്യേകിച്ച് വെളുത്ത അരിയുടെ ചോറ്, ഉപ്പ് കൂടുതൽ അടങ്ങിയ അച്ചാർ, മധുരം കൂടുതൽ അടങ്ങിയ പായസം, എണ്ണയിൽ പൊള്ളിച്ച പപ്പടം, കൊഴുപ്പേറിയ ചുവന്ന മാംസം തുടങ്ങിയവ അമിതമായി ഉപയോഗിച്ചാൽ അത് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ സദ്യയിലെ ചോറ്, അച്ചാർ, പായസം മുതലായവ മിതമായി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഇത് നിത്യേനയോ അമിതമായോ ഉപയോഗിക്കുന്നത് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ സദ്യ മിതമായ അളവിലൊ അല്ലെങ്കിൽ ചെറിയ അളവിലൊ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് പ്രമേഹം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, രക്താതിമർദ്ദം, അമിതവണ്ണം, കുടവയർ, ഉദ്ധാരണശേഷിക്കുറവ് മുതലായ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ സദ്യ കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കേണ്ടതാണ് എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വെളുത്ത അരിയേക്കാൾ പോഷക സമൃദ്ധമായ തവിട് അടങ്ങിയ അരി കൊണ്ടുള്ള ചോറാണ് ആരോഗ്യകരം. എന്നിരുന്നാലും ചോറ് കുറച്ചു മാത്രം ഉപയോഗിക്കുക. ഒന്നിലധികം തവണ ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
സദ്യയുടെ ഭാഗമായി പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ, പരിപ്പ് എന്നിവ അടങ്ങിയ വിഭവങ്ങൾ പോഷക സമൃദ്ധവും ആരോഗ്യകരവുമാണെന്ന് പറയാം. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ അഥവാ മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട എന്നിവ ചേർന്നുള്ള സദ്യ കൂടുതൽ പ്രോട്ടീൻ സമ്പുഷ്ടമാണ് എന്ന് പറയാം. പൊതുവേ അത് ആരോഗ്യത്തിന് ഗുണകരവുമാണ്.
സദ്യ തയ്യാറാക്കുമ്പോൾ എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മധുരവും ഉപ്പും കൊഴുപ്പും മറ്റും കുറയ്ക്കുകയും പകരം പോഷക സമൃദ്ധമായ കറികൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. പായസം മധുരം കുറച്ചു തയ്യാറാക്കുന്നതാണ് ഗുണകരം. ഇക്കാര്യത്തിൽ പഞ്ചസാരയെക്കാൾ ശർക്കര ഗുണകരമാണ്. അരി കൊണ്ടുള്ള പായസത്തിന് പകരം കടല, പയർ, പരിപ്പ്, എള്ള്, പിസ്ത, നിലക്കടല, ഓട്സ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുള്ള പായസം അല്ലെങ്കിൽ ചക്ക, പപ്പായ തുടങ്ങിയവ കൊണ്ടുള്ള പോഷക സമൃദ്ധമായ പായസം ആകും ഗുണകരം. വെളുത്ത അരിയും പഞ്ചസാരയും ചേർന്ന പായസം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. [അവലംബം ആവശ്യമാണ്]
സദ്യ അല്ലെങ്കിൽ ഊണ് കഴിക്കുമ്പോൾ ചോറ് കുറച്ചു മാത്രം ഉപയോഗിക്കുകയും പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പ്, പയർ വർഗ്ഗങ്ങൾ, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയവ കൊണ്ടുള്ള കറികൾ എന്നിവ നിശ്ചിത അളവിൽ ഉപയോഗിക്കുന്നതുമാണ് ആരോഗ്യത്തിന് ഉത്തമം. അച്ചാർ, വറുത്തതും പൊരിച്ചതും, മധുരം, പഞ്ചസാര, എണ്ണ, നെയ്യ്, ഉപ്പ് തുടങ്ങിയവ കുറയ്ക്കേണ്ടതാണ്.
മാതൃകാ പ്ലേറ്റ് (ഹെൽത്തി പ്ലേറ്റ് മോഡൽ)
[തിരുത്തുക]ആരോഗ്യം ശ്രദ്ധിക്കുന്നവർ ഉപയോഗിക്കുന്ന ഒരു ആഹാര രീതിയാണ് ഇത്. ഒരു പാത്രം അഥവാ പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറി വിഭവങ്ങൾ അല്ലെങ്കിൽ പച്ചക്കറി സാലഡുകൾ, മൂന്നിലൊന്ന് ഭാഗം ചോറ് (രണ്ട് സ്പൂൺ)/ ഗോതമ്പ്/ അന്നജം അടങ്ങിയ വിഭവം, ബാക്കി മൂന്നിലൊന്ന് ഭാഗം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ഉദാഹരണത്തിന് മത്സ്യം/കൊഴുപ്പ് കുറഞ്ഞ മാംസം/ മുട്ട/ പയർ വർഗ്ഗങ്ങൾ/ കടല തുടങ്ങിയവ ഏതെങ്കിലും ഉപയോഗിക്കാനും ആരോഗ്യ വിദഗ്ദർ ശുപാർശ ചെയ്യുന്നു. ഇത്തരം പോഷകങ്ങൾ നിറഞ്ഞ ആഹാര രീതിയെ ആരോഗ്യകരമായ മാതൃകാ പ്ലേറ്റ് എന്നറിയപ്പെടുന്നു. ഇതിൽ ചോറ് പോലെയുള്ള അന്നജത്തിന്റെ അളവ് കുറവും പോഷകങ്ങൾ അടങ്ങിയ കറികൾ കൂടുതലാണെന്നതും കാണാം.
ഓണ സദ്യ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Vishu Sadya Recipes". Archived from the original on 2019-04-11.
- ↑ ഡെസ്ക്, വെബ് (2020-08-29). "അറിഞ്ഞുണ്ടോണം സദ്യ | Madhyamam". Retrieved 2022-08-23.
- ↑ വേണു, രേണുക. "ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീൻ വറുത്തതും ചിക്കൻ കറിയും; വിഷു സദ്യ കെങ്കേമം". Retrieved 2022-08-23.