മമ്മിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മമ്മിയൂർ മഹാദേവക്ഷേത്രം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ മഹാദേവക്ഷേത്രം is located in Kerala
മമ്മിയൂർ മഹാദേവക്ഷേത്രം
മമ്മിയൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: കേരളം
ജില്ല: തൃശ്ശൂർ
പ്രദേശം: ഗുരുവായൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: പരമശിവൻ
പ്രധാന ഉത്സവങ്ങൾ: ശിവരാത്രി

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (ശിവൻ) സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം[2]. ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം.

മമ്മിയൂർ മഹാദേവക്ഷേത്രം

ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ശിവൻറെ ശ്രീകോവിലിൻറെ പിന്നിൽ പാർവതി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്. സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അതൊഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയത്. ശിവൻ ഇവിടെ ഗൃഹസ്ഥനായി വാഴുന്നു. വാമാംഗത്തിൽ പാർവതിയും ചുറ്റും പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

ഉപദേവതകൾ[തിരുത്തുക]

ക്ഷേത്രത്തിലെ ഉപദേവതകൾ- ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.

വിശേഷങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിൽ മൂന്ന്‌ പൂജയുണ്ട്‌. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ്‌ ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാൽ പൂജയും ആഘോഷങ്ങളും ഉണ്ട്‌. ക്ഷേത്രം മുമ്പ്‌ 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവർ അന്യം വന്നപ്പോൾ സാമൂതിരിയുടേതായിത്തീർന്നു എന്നും പറയുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്‌.

ഐതിഹ്യങ്ങൾ[തിരുത്തുക]

നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ