പനമറ്റം ശ്രീ ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panamattom Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പനമറ്റം ദേശചരിത്രം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലുള്ള സ്ഥലമാണ് പനമറ്റം. പുനലൂർ - മൂവ്വാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ഒന്നാം മൈൽ മുതൽ അഞ്ചാം മൈൽ വരെയുള്ള പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തുള്ള പ്രദേശമാണ് ഇത്. ക്രിസ്തുവർഷം 1103 മുതൽ 1749 വരെ തെക്കുംകൂർ രാജ്യത്തിന്റെ ഭാഗവും 1749 മുതൽ 1949 ന് തിരുവിതാംകൂറിന്റെ ഭാഗവും. തിരുവിതാംകൂർ കൊച്ചി രാജ്യങ്ങൾ യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ച രണ്ടു വർഷക്കാലം തിരു-കൊച്ചിയുടേയും ഭാഗമായിരുന്നു പനമറ്റം. പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയെ തിരു-കൊച്ചി സംസ്ഥാനവുമായി കൂട്ടിച്ചേർത്ത് 1951 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടു.

1103 മുതൽ തെക്കുംകൂർ രാജാധിപത്യത്തിൽ ആനിക്കാട് അമ്പഴത്തുങ്കൽ കർത്താക്കന്മാർ എന്ന നായന്മാരായ നാടുവാഴികളുടെ ഭരണനിർവ്വഹണത്തിൽ ഇരുന്ന പ്രദേശമായിരുന്നു ഇത്. പത്താം നൂറ്റാണ്ടിന്റെ അവസാന പാദത്തോടെയാണ് ഇവിടെ കുടിയേറ്റം ആരംഭിക്കുന്നത്. വെളിയന്നൂർ ഭാഗത്താണ് പനമറ്റം കരയിൽ ആദ്യം ജനവാസം തുടങ്ങിയത്. കേരളത്തിൽ ആദ്യം ജനവാസമുണ്ടായിരുന്ന സ്ഥലനാമങ്ങളിലെ തമിഴ് സാമീപ്യം ശ്രദ്ധിച്ചാൽ അത് ബോദ്ധ്യപ്പെടുന്നതാണ്. കൊടുങ്ങൂർ, കിടങ്ങൂർ, ഏറ്റുമാനൂർ, പുലിയന്നൂർ, കടപ്പാട്ടൂർ മുതലായവ ഉദാഹരണങ്ങൾ. തമിഴ്നാട്ടിലെ മധുരക്കും കോട്ടയത്തെ താഴത്തങ്ങാടിക്കും ഇടയിലുള്ള ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു കാഞ്ഞിരപ്പള്ളി. കോട്ടയം മുതൽ കുമളിവരെ നീണ്ടുകിടക്കുന്ന ഒരു നടപ്പാത പുരാതനകാലം മുതൽ നിലനിന്നിരുന്നു. ക്രിസ്തുമത പ്രചരണാർത്ഥം 1845 ൽ മുണ്ടക്കയത്തെത്തിയ ഇംഗ്ലീഷ് മിഷനറി റവ.ഹെന്റി ബേക്കർ ഈ കാട്ടുവഴിയേക്കുറച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം താഴത്തങ്ങാടി തെക്കുംകൂറിലെ ഒരു പ്രധാനവ്യാപാര കേന്ദ്രമായിരുന്നു അവിടെ നിന്നും കിഴക്കൻ മലയോരപ്രദേശമായ മുണ്ടക്കയത്തേക്കും കുമളിയിലേക്കും ചരക്കുകൾ എത്തിച്ചിരുന്നത് പ്രധാനമായും രണ്ടു മാർഗങ്ങളിലൂടെയായിരുന്നു. മീനച്ചിലാർ വഴി കെട്ടുവള്ളത്തിലൂടെ ഭരണങ്ങാനം വരെയും അവിടെ നിന്നും മീനച്ചിലാറിന്റെ കൈവഴികളായ ചിറ്റാർ, പൊന്നൊഴുകും തോടുകളിലൂടെ കാഞ്ഞിരപ്പള്ളി വരെ നീളുന്ന ജലപാത വഴിയും.

താഴത്തങ്ങാടിയിൽ നിന്നും പാമ്പാടി വരെ കാളവണ്ടിയിലും തുടർന്ന് വാഴൂർ- പൊൻകുന്നം- കാഞ്ഞിരപ്പള്ളി- മുണ്ടക്കയം- പീരുമേട് വഴി നടപ്പാതയിലൂടെ തലച്ചുമട് ആയിട്ടുമാണ് ചരക്കുകൾ കൊണ്ടുവന്നിരുന്നത്. 1870 ൽ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ആയില്ല്യം തിരുനാൾ ബാലരാമവർമ്മയുടെ ദിവാൻ സർ. മാധവറാവു തഞ്ചാവൂർക്കർ ആണ്. ഈ നടപ്പാത കാളവണ്ടിക്ക് പോവാൻ പറ്റും വിധം വിപുലീകരിച്ചത് എ.ഡി1863 ൽ തുടങ്ങിയ റോഡ് പണി തീരാൻ ഏഴുവർഷമെടുത്തു. നൂറുകണക്കിനു തൊഴിലാളികൾ പണിയെടുത്തു.

പലരും മലമ്പനി എന്ന തുള്ളൽപനി പിടിച്ചു മരിച്ചു. അവരെ കൂട്ടത്തോടെ സംസ്ക്കരിച്ച സ്ഥലമാണ്. പാമ്പാടിയിലെ കാളച്ചന്തക്കു സമീപമുള്ള തെള്ളിച്ചുവട്.

ആനത്താര(ആനകളുടെ നടപ്പുവഴി) വികസിപ്പിച്ചാണ് പലസ്ഥലത്തും റോഡ് നിർമ്മിച്ചത്. പൊൻകുന്നത്തെ മുൾക്കാടുകൾ വെട്ടിത്തെളിക്കാൻ തൊഴിലാളികൾ വിസമ്മതിച്ചപ്പോൾ അവർക്കുത്തേജനം നൽകി പണിമുന്നോട്ടു കൊണ്ടുപോകാൻ റോഡുവെട്ട് നിർവ്വഹിച്ചിരുന്ന മണ്ട്രോ സായിപ്പ് പൊൻ നാണയങ്ങൾ വാരി മുൾപ്പടർപ്പിലേക്ക് എറഞ്ഞത്രേ. അതുകൊണ്ടാണ് പൊൻകുന്നത്തിന് പ്രസ്തുത പേരു കിട്ടിയതെന്നു പഴമക്കാർ പറയുന്നു.

കാളവണ്ടികൾ പോകാൻ തുടങ്ങിയതോടെ കിഴക്കൻ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റമുണ്ടായി പാമ്പാടി, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, പ്രദേശങ്ങൾ വികസിച്ചു.

ഇപ്പോൾ പുനലൂർ-മുവ്വാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊൻകുന്നത്തു നിന്നും പാലായിലേക്ക് ഇളങ്ങുളം, എലിക്കുളം, മീനച്ചിൽ വഴി കടന്നുപോയിരുന്ന നടപ്പാത വെട്ടിത്തെളിച്ച് പൊൻകുന്നം-പാലാ കാളവണ്ടിപ്പാത ആക്കി മാറ്റിയത് 1898 ൽ ആയിരുന്നു.
സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് ആയിരത്തി നാനൂറ് അടി ഉയരത്തിൽ തലഉയർത്തി നിൽക്കുന്ന വഞ്ചിമലയുടെ പടിഞ്ഞാറുഭാഗം പനമറ്റവും കിഴക്കുഭഗം തമ്പലക്കാടുമാണ്. ഇവിടെ  നിന്നും നോക്കുമ്പോൾ രണ്ടു കിലോമീറ്റർ വടക്കു ഭാഗത്തായി ആകാശം മുട്ടെ സ്തൂപാകൃതിയിൽ തല ഉയർത്തി നിൽക്കുന്ന ഒരു മലകാണാം അതാണ് അയ്യമലങ്കോട്ട. അയ്യമലങ്കോട്ടയുടെ ചരിത്ര പ്രാധാന്യത്തെപ്പറ്റി പിറകെ പറയുന്നുണ്ട്. ആദ്യകാലത്ത് ഇവിടമെല്ലാം വനപ്രദേശമായിരുന്നു. കരിമ്പനക്കൂട്ടങ്ങൾ നിറഞ്ഞുനിന്ന മറ്റമായിരുന്നതിനാൽ (സമതലം) ഈ പ്രദേശത്തിന് പനമറ്റം എന്നു പേരുവന്നു.

പനമറ്റം ഭഗവതീക്ഷേത്രം

ഈ ക്ഷേത്രത്തിന് ഏതാണ്ട് ആയിരം വർഷത്തെ

പഴക്കമുണ്ട്. പണ്ട് ഇവിടെ  വനത്തിൽ ഘോരരൂപിണിയായ ഒരു രക്തയക്ഷി പാർത്തിരുന്നു. അവളെ പേടിച്ച് പകൽ സമയത്തു പോലും ഇതിലെ യാത്രചെയ്യാൻ ആളുകൾക്ക് ഭയമായിരുന്നു. അനേകം പേരെ അവൾ രക്തം കുടിച്ച് കൊന്നിട്ടുണ്ട് എന്നാണ് ഐതിഹ്യം. അങ്ങനെയിരിക്കെ ഒരുനാൾ ചെങ്ങന്നൂർ ഊരുമഠത്തിൽ തമ്പുരാൻ ഈ വഴിയെ വരികയുണ്ടായി. ഭയപ്പെടുത്താൻ ശ്രമിച്ച യക്ഷിയെ മഹാമാന്ത്രികനായ അദ്ദേഹം പാലമരത്തിൽ ബന്ധിച്ച് കുടിയിരുത്തി. അനന്തരം ഊരുമഠത്തിൽ ഉപാസിച്ചു വന്നിരുന്ന ദുർഗ്ഗാദേവിയെ  ആവാഹിച്ച് വടക്കു വശത്തായി ക്ഷേത്രത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു. അതോടുകൂടി നാട്ടിൽ യക്ഷിയെക്കൊണ്ടുള്ള ശല്ല്യവും ഭയപ്പാടും മാറി. ശിവപാർവ്വതീക്ഷേത്രം പിന്നീടുണ്ടായതാണ്.

വനവാസകാലത്ത് വ്യാസമഹർഷിയുടേയും ശ്രീകൃഷ്ണന്റെയും നിർദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനു വേണ്ടി അർജ്ജുനൻ ശിവനെ ഘോരമായ തപസ്സുചെയ്തു. അർജ്ജുനനെ പരീക്ഷിക്കാനും ഗർവ്വശമനം വരുത്താനുമായി ശിവപാർവ്വതിമാർ വേടരൂപം പൂണ്ടു. ഈ സമയം മൂകൻ എന്നു പേരായ അസുരൻ വലിയൊരുകാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ പാഞ്ഞടുത്തു ഇതുകണ്ട അദ്ദേഹം ശക്തമായ ഒരസ്ത്രം അസുരനുനേരെ പ്രയോഗിച്ചു. അതേസമയംതന്നെ കിരാതനും ഒരസ്ത്രം പ്രയോഗിച്ചു. രണ്ടസ്ത്രങ്ങളും ഒരേസമയം ഏറ്റ് പന്നി ചത്തു. പിന്നീട് കാട്ടുപന്നിയെ കൊന്നത് താനാണെന്നു പറഞ്ഞ് ഇരുവരും തമ്മിൽ ശണ്ഠകൂടി. വഴക്ക് അവസാനം യുദ്ധത്തിൽ കലാശിച്ചു. ഏറെനേരം അസ്‌ത്രമയച്ചിട്ടും അർജ്ജുനന് വേടനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. തന്നെയുമല്ല അസ്ത്രമൊഴിയാത്ത പാർത്ഥന്റെ ആവനാഴി കലിയാവുകയും ചെയ്തു. കിരാതൻ ഗാണ്ഡീവം എന്ന വില്ല് പിടിച്ചെടുത്ത് അടിക്കുകയും ആ വീല്ലാളിവീരനെ പൊക്കിയെടുത്ത് ഭൂമിയിലേക്ക് എറിയുകയും ചെയ്തു. ബോധരഹിതനായി കിടന്ന അർജ്ജുനന് കണ്ണുതുറന്നപ്പോൾ മനസിലായി തന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ കൈലാസനാഥൻ തന്നെയാണെന്ന്. ക്ഷമാപണം നടത്തിയ അർജ്ജുനനെ പാശുപതാസ്ത്രമെന്ന ദിവ്യാസ്ത്രം കൊടുത്ത് ശിവൻ അനുഗ്രഹിച്ചു. പാർവതീദേവിയുടെ ആഗ്രഹപ്രകാരം ശിവപാർവതിമാർ ഏറെനാൾ കാട്ടാളവേഷധാരികളായി ഭൂമിയിൽ സഞ്ചരിച്ചു. വേടരൂപിണിയായ ശ്രീപാർവതിയിൽ കിരാതമൂർത്തിക്ക് ജനിച്ച പുത്രനാണ് വേട്ടക്കൊരുമകൻ. ശ്രീ ധർമ്മശാസ്താവിന്റെ അവതാരമായിട്ടാണ് വേട്ടക്കൊരുമകനെ കരുതുന്നത്. ഒരിക്കൽ കാട്ടാളവേഷധാരികളായി വനത്തിലൂടെ സഞ്ചരിച്ച ശിവപാർവതിമാരെ പുത്രിയായ ഭദ്രകാളി തന്റെ സങ്കേതത്തിൽ കുറെനാൾ താമസിക്കുവാൻ ആദരപൂർവ്വം ക്ഷണിച്ച് ദക്ഷിണഭാഗത്ത് സ്വീകരിച്ചിരുത്തി. ക്ഷേത്രത്തിലെ പാർവതീ പരമേശ്വരന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദേവജ്ഞർ പ്രശ്നവശാൽ ദേവഹിതം മനസിലാക്കി ദേവീക്ഷേത്രത്തിനു തെക്കുഭാഗത്തായി ക്ഷേത്രം പണിത് മുഖ്യമൂർത്തിയായി ഒറ്റപീഠത്തിൽ ശിവപാർവതീ പ്രതിഷ്ട നടത്തി. അർജ്ജുനന് വരദാനം നൽകാൻ പ്രത്യക്ഷപ്പെട്ട അമ്പും വില്ലും ധരിച്ച കിരാതമൂർത്തിയായ ശിവന്റെ രൂപത്തിലുള്ളതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ ഗണപതി പ്രതിഷ്ടയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഈ രണ്ട് ഗണപതിമാരുടേയും തുമ്പികൈ വലതു വശത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നത് മറ്റൊരു പ്രത്യേകതയാണ്.

    മുടിയേറ്റ്

ഈ ക്ഷേത്രത്തിൽ അരങ്ങേറിയിരുന്ന ഒരു പ്രാചീന കലാ രൂപമായിരുന്നു മുടിയേറ്റ്. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. ക്രിസ്തുവർഷം 1895 നോടടുത്ത വർഷം വരെ ഇത് ഇവിടെ അവതരിപ്പിച്ചിരുന്നു. മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ ചൈതന്യ വർദ്ധനവിനും പ്രീതിക്കുവേണ്ടിയും നടത്തുന്നു. മുടിയെടുപ്പ് എന്നും പേരുണ്ട്. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഇതിവൃത്തം. ശിവൻ, നാരദൻ, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ് കഥാപാത്രങ്ങൾ. പിൻപാട്ടുകാരുടെ ഗാനങ്ങൾക്കനുസരിച്ച് നടന്മാർ കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യർക്കുള്ള ബുദ്ധിമുട്ടുകൾ നാരദൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടർന്ന് ദാരികൻ പ്രവേശിക്കുന്നു. അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകൽ, കലി ശമിപ്പിക്കൽ, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങൾ, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങൾ. പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ് മുടിയേറ്റ് അരങ്ങേറിയിരുന്നത്. കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേർത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതു തന്നെ.

കൃത്യമായ വർഷം ലഭ്യമല്ല എങ്കിലും 1895 നോടടുത്ത് ക്ഷേത്രത്തിൽ നടന്ന ഒരു ദാരുണ സംഭവത്തോടെ മുടിയേറ്റ് നിന്നു പോവുകയാണ് ഉണ്ടായത്. സംഭവം ഇങ്ങനെയാണ്. കാളിക്ക് ചുട്ടികുത്തുമ്പോൾ അത് ഒരിക്കലും പൂർത്തീകരിക്കാറില്ല. പൂർത്തീകരിച്ചാൽ കാളിയുടെ വേഷംകെട്ടുന്ന കലാകാരന്റെ ദേഹത്ത് കാളീദേവി പ്രവേശിക്കും എന്നാണ് വിശ്വാസം. അത് പരീക്ഷിക്കുന്നതിനു വേണ്ടിത്തന്നെയാവണം മേൽപ്പറഞ്ഞ സംഭവം അരങ്ങേറിയ ദിവസം കാളിക്ക് പൂർണ്ണമായ ചുട്ടികുത്തൽ നടത്തിയത്.

കാളിയുടെ പുറപ്പാട് ക്ഷേത്രത്തിനു മുൻഭാഗത്തു നിന്നും, ദാരികന്റെ പുറപ്പൊട് ക്ഷേത്രത്തിനു തെക്ക് ഭാഗത്തുനിന്നും ആയിരുന്നു. കാളിയേയും ദാരികനേയും പ്രത്യേകം കെട്ടിയുണ്ടാക്കിയ തേരിൽ (തട്ടിൽ) ആളുകൾ ചുമന്നുകൊണ്ടാണ് പുറപ്പാട്. ഇതിനു വേണ്ടി ഉണ്ടാക്കിയ തേർ ചുമക്കുന്നവർ കാളി-ദാരികന്മാർ തമ്മിൽ മുഖാമുഖം കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ വാദ്യമേളങ്ങളും ആർപ്പും, കുരവയും ഉച്ചസ്ഥായിയിൽ ആയപ്പോൾ കാളിയുടേയും ദാരികന്റേയും കോലംകെട്ടിയ കലാകാരന്മാർ ആവേശഭരിതരായി. യുദ്ധത്തിനുള്ള പുറപ്പാട് തുടങ്ങേണ്ട സമയത്ത് തേരുകൾ തമ്മിൽ അടുത്തെത്തിയപ്പോൾ കാളിയുടെ വേഷംകെട്ടിയ കലാകാരനിൽ ഭദ്രകാളി പ്രവേശിക്കുകയും സംഹാരരുദ്രയായി മാറുകയും ചെയ്തു. തേരിൽ നിന്നും ചാടിയിറങ്ങിയ കാളി ദാരികന്റെ നേരെ ഓടിയടുത്തു. ഇതുകണ്ട് ദാരികനും ഭയന്ന് ഇറങ്ങിയോടി. ക്ഷേത്രത്തിനു വലംവച്ച് വടക്കു ഭാഗത്തെത്തിയപ്പോൾ കാളി പിൻതുടരന്നതു കണ്ടു ഭയപ്പെട്ട അയാൾ ക്ഷേത്രത്തിനു മതിലിനോടു ചേർന്ന് മീനംരാശിയിലുള്ള കിണറ്റിലേക്ക് എടുത്തു ചാടി. പിന്നാലെ കാളിയും. അവടെവച്ച് ദാരികന്റെ തല പറിച്ചടുത്തു എന്നാണ് ഐതിഹ്യം.

ഈ സംഭത്തിനുശേഷം പനമറ്റം ദേവീക്ഷേത്രത്തിൽ പിന്നീട് മുടിയേറ്റ് നടന്നിട്ടില്ല.

ദേവിയുടെ ചൈതന്യ വർദ്ധനവിന് ഏറെ പ്രയോജനപ്പെട്ടതും മൺമറഞ്ഞ് പോയേക്കാവുന്നതുമായ ഈ കലാരൂപം പനമറ്റം ക്ഷേത്രത്തിൽ പുനരാരംഭിക്കേണ്ടതുണ്ട്. അതിനുവേണ്ടി ദേവഹിതം നോക്കേണ്ടത് അത്യാവശ്യമാണ്.

വിശദീകരിക്കാനാവാത്ത സംഭവം

നന്നേ ചെറുപ്പത്തിലേ എന്റെ അമ്മയുടെ അച്ഛനും തെക്കുംകൂർ സൈന്യത്തിലെ പണിക്കർ സ്ഥാനീയനുമായിരുന്ന ഉരുളികുന്നം ഇരട്ടാനാൽ ഇരവി നാരായണ പണിക്കർ പറഞ്ഞ് ഈ സംഭവകഥ ഞാൻ കേട്ടിട്ടുണ്ട്. പിന്നീട് എൺപതുകളിൽ പനമറ്റത്ത് സംഘപ്രവർത്തനത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുമ്പോൾ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ആ കിണർ കാണാൻ എനിക്കു കഴിഞ്ഞില്ല. എൻറ വിവാഹം കഴിഞ്ഞ 1990 ൽ എന്റെ ഭാര്യ പനമറ്റം പാലംപുരയിടത്തിൽ പുഷ്പയുമൊത്ത് ആദ്യമായി പനമറ്റം ക്ഷേത്രത്തിൽ ദർശനം നടത്തിയ ദിവസം ഒരിക്കലും മറക്കാൻ വയ്യാത്ത ഒരനുഭവം ഉണ്ടായി. ആ പഴയ സംഭവം കേട്ടറിഞ്ഞപ്പോൾ മുതൽ ഒരു ആകാംഷയായിരുന്നു. ആ കിണറിന്റെ സമീപം ഒന്നു പോവണമെന്നും ഉള്ളിലേയ്ക്ക് ഒന്നു നോക്കണമെന്നുള്ളതും. എന്റെ ആഗ്രഹം അറിയിച്ചപ്പോൾ ഭാര്യ തടസ്സം പറയുകയാണുണ്ടായത് എങ്കിലും എന്റെ നിർബ്ബന്ധത്തിനു വഴങ്ങി കൂടെ വന്നു. പക്ഷേ കാളി-ദാരിക വേഷംകെട്ടിയ മുടിയേറ്റ് കലാകാരന്മാർ ചാടിയ കിണറെന്നു പറഞ്ഞ് അവൾ പരിചയപ്പെടുത്തിയതും തെറ്റിദ്ധരിച്ച് കാണാൻ പോയതും തീർത്ഥക്കിണർ എന്ന് പറയപ്പെടുന്ന ക്ഷേത്രത്തിനു പിറകുവശത്തുള്ള ശ്രീമൂലസ്ഥാനത്തെ കിണറിന്റെ സമീപത്തേക്കാണ്. അവൾ കുറച്ചകലെ മാറി നിന്നതേയുള്ളു. അത് ഒരു ചെറിയ കാവിന്റെ ഉള്ളിലായിരുന്നു. അവിടെയെങ്ങും ഭയപ്പെടുത്തുന്ന ഒരു നിശബ്ധത തളം കെട്ടി നിൽക്കുന്നതുപോലെ എനിക്കു തോന്നി. എന്റെ ശരിരം വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ഞാൻ ധൈര്യം സംഭരിച്ച് കിണറിന്റെ തറയിൽ കയറി അകത്തേയ്ക്ക് ഒന്നു നോക്കിയതുമാത്രം ഓർമ്മയുണ്ട്. പെട്ടെന്ന് കിണറിന്റെ തറ വിളക്കുകാൽ ഉൾപ്പെടെ ഒരു ഹുംങ്കാര ശബ്ധത്തോടെ അതി ശക്തമായി ആടിയുലഞ്ഞ് വിറകൊള്ളാൻ തുടങ്ങി കിണർ ഇപ്പോൾ ഇടിഞ്ഞു താണു പോകുമെന്നു തോന്നി. അപ്പോൾ എവിടെ നിന്നെന്നറിയില്ല കുറെയേറെ പട്ടികൾ കുരച്ചുകൊണ്ട് ഓടിവരുന്നതായി ഞങ്ങൾക്കു തോന്നി. ഭയപ്പെട്ടുപോയ ഞങ്ങൾ അതിവേഗം മതിൽക്കകത്തേക്ക് ഓടിക്കയറി. മതിൽക്കകത്തുനിന്നും അവിടേക്ക് നോക്കിയ ഞങ്ങൾ കണ്ടത് എല്ലാം സാധാരണ നിലയിൽ കിടക്കുന്നതാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് ഇന്നും വിശദീകരിക്കാനാവാത്ത ഒരു സംഭവമായി ബാക്കിയാണ്. അഞ്ചു വർഷങ്ങൾക്കു ശേഷം മൂത്ത മകന്റെ ആഗ്രഹപ്രകാരം ഒരിക്കൽ കൂടി കിണറിന്റെ സമീപം ചെല്ലാൻ ഒരു വിഫലശ്രമം കൂടി നടത്തി. അപ്പോഴും പഴയതു പോലെ കുറെയധികം നായ്ക്കൾ കുരച്ചുകൊണ്ട് ഓടി വന്നതിനാൽ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഭൂമികുലുക്കം പോലെയുള്ള പ്രതിഭാസം അവിടെമാത്രം എങ്ങനെ ഉണ്ടായി, ഇത്രയേറെ നായ്ക്കൾ പെട്ടെന്ന് എവിടെ നിന്നും പ്രത്യക്ഷപ്പട്ടു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവ ഇന്നും അവശേഷിക്കുന്നു.

     ഐവർ കളി

പനമറ്റം ദേവീക്ഷേത്രത്തിൽ നടന്നു വന്നിരുന്ന മറ്റൊരു പ്രചീന കേരളകലാരൂപമായിരുന്നു ഐവർ കളി. പനമറ്റം, പനമറ്റം വടക്ക് ഭാഗങ്ങളിലുള്ള കലാകാരന്മാർക്കു വേണ്ടി ക്ഷേത്രത്തിനു മുൻപിൽ തെക്കും വടക്കും ഓരോ കളിത്തട്ടും അതിനുവേണ്ടി ഉണ്ടാെയിരുന്നു. 1970 കാലഘട്ടം മുൻപ് വരെ ഈ കലാരൂപം ഇവിടെ അവതരിപ്പിച്ചിരുന്നു. നാലു തൂണുകളിൽ സമചതുരാകൃതിയിൽ തീർത്ത ഈ തട്ടിന് 28 കഴുക്കോലുകൾ കാണാം. മുകളിൽ ഓലമേഞ്ഞിരുന്നു. അരക്കില്ലത്തിൽ നിന്നു രക്ഷപെട്ട പഞ്ചപാണ്ഡവന്മാർ ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ ദേവീസ്തുതികളോടെ നൃത്തം ചവിട്ടിയതിനെ അനുസ്മരിക്കുന്ന കളി ആയതുകൊണ്ടാണ് ഇതിന് ഐവർ കളി എന്നു പേരുവന്നത്. ഒരുവർഷം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ടാനത്തോടെയാണ് ഇത് നടത്തപ്പെട്ടിരുന്നത്. തറ്റുടുത്ത്, തലപ്പാവു കെട്ടി അഞ്ചുപേർ തട്ടിലെത്തുന്നു.

എന്റെ അച്ഛൻ ഉരുളികുന്നം മൂക്കിലിക്കാട്ട് പടിഞ്ഞാറേൽ ശിവരാമൻനായർ ഒരു ഐവർ കളി കലാകാരൻ ആയിരുന്നു. എലിക്കുളം ഭഗവതീക്ഷേത്രത്തിലെ വടക്കേ കളിത്തട്ടിൽ 1968 ൽ അച്ഛൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ഐവർ കളി അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

മീനപ്പൂര ഉത്സവത്തിന്റെ ഭാഗമായാണ് ഭദ്രകാളിക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയായ ഐവർകളിക്ക് അരങ്ങൊരുക്കിയത്. 'ഈശൻ കനൽക്കണ്ണിൽ പിറന്തമ്മ കാളിക്ക്, ഈരേഴുലകിലും നിറന്തമ്മ കാളിക്ക്, ഇച്ഛയിലെ ഐവർ കളി തരുവൻ ഞാൻ' എന്ന് പ്രാചീനമലയാളത്തിൽ ഐവർകലാകാരന്മാർ ചൊല്ലിയാടിയപ്പോൾ ഭദ്രകാളീഭക്തിയുടെ പൂർണതയാണ് ആസ്വാദകരിലേക്ക് പകർന്നത്. ഭദ്രകാളിയെ തൃപ്തിപ്പെടുത്തുവാൻ പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ചു കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. പാണ്ഡവർ അഞ്ചു പേരെയാണ് ഐവർ എന്ന് വിശേഷിപ്പിക്കുന്നത്. പാണ്ഡവരോട് ദേവിയെ സ്തുതിച്ച് നൃത്തംചെയ്ത് ദേവീപ്രീതി നേടണമെന്ന് നിർദ്ദേശിച്ചു. ശ്രീകൃഷ്ണൻതന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്ത് പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചുവെന്ന ഐതിഹ്യത്തിൽ നിന്നാണ് ഈ കല രൂപപ്പെട്ടത്. പാണ്ഡവരെന്ന സങ്കൽപ്പത്തിലാണ് നൃത്തമാടുന്നത്. വായ്‌മൊഴിയായി പകർന്നുകിട്ടിയ കീർത്തനങ്ങളിലുടനീളം ഭദ്രകാളീചരിതമാണ്. ദേവിയുടെ നിഗ്രഹാനുഗ്രഹശക്തികൾ ചൊല്ലി പ്രീതി നേടുക എന്ന പ്രാചീനരീതിയിൽനിന്ന് വ്യത്യാസമില്ലാതെയാണ് കളിയരങ്ങേറിയത്.

ചൂട്ടു പടയണി

മലബാറിന് തെയ്യം പോലെ മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ നടത്തിയിരുന്ന പ്രാചീനവും അനുഷ്ടാനപരവുമായ മറ്റോരു കലാരൂപമായിരുന്നു പടയണി. കമുകിൻ പാളയിൽ പ്രകൃതിദത്തമായ ചായങ്ങളുപയോഗിച്ച് കോലങ്ങൾ തയ്യാറാക്കുന്നു. തുടർന്ന് ഉണങ്ങിയ തെങ്ങോലകൾ ചേർത്ത് മെടഞ്ഞുണ്ടാക്കിയ ചൂട്ട് ആണ് ചൂട്ടുപടയണിയുടെ പ്രധാന വസ്തു. ദാരികാസുരവധം കഴിഞ്ഞുവരുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനാണ് ചൂട്ടുപടയണി നടത്തുന്നത് എന്നാണ് വിശ്വാസം. ചൂട്ടുകറ്റകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ പാട്ടും തപ്പുതുടി വാദ്യങ്ങളുടേയും അകമ്പടിയോടെ കാലൻ, പിശാച്, മറുത, മാടൻ, കാലാരി, യക്ഷി, ഭൈരവി, കോലങ്ങൾ തുള്ളിയാടുന്നു.

ഐതിഹ്യം യുദ്ധവിന്യാസത്തെ കുറിക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ് പടയണി എന്ന പടേനി. ദാരികാസുര നിഗ്രഹത്തിനു ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്റെ ഭൂതഗണങ്ങളും പരിവാരങ്ങളും വാദ്യമേളങ്ങളുടേയും ഹാസ്യസംവാദ ഗാനങ്ങളുടേയും അകമ്പടിയോടെ നൃത്തം വച്ചതിനെ അനുസ്മരിക്കുന്ന കലാരൂപമാണ് ഇത്. കാളി ശാന്തയായതോടെ നാശത്തിന്റെ നടുക്കം നീങ്ങി സമൂഹത്തിൽ നന്മയുടെ പ്രകാശം പരന്നു. നല്ലകാലം നിലനിന്നു കാണാൻ ആഗ്രഹിച്ച ഭക്തജനങ്ങൾ ദേവിയുടെ അനുഗ്രഹത്തിനായി കോലംകെട്ടി നൃത്തമാടി എന്നാണ് ഐതിഹ്യം. കരയോഗങ്ങളുടെ നേതൃത്വത്തിൽ പടയണി എന്ന അനുഷ്ടനകല അങ്ങനെ രൂപംകൊണ്ടു.

പനമറ്റം ദേവീക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചൂട്ടുപടയണി 1935 നോടടുത്ത കാലത്ത് നടന്ന ഒരു പടയണി ദിവസത്തെ വഴക്കിനേതുടർന്നാണ് മുടങ്ങിപ്പോയത്. പടയണി കാണാൻ വരുന്നവരുടെ കൈവശം ആയുധങ്ങളോ ഊന്നുവടിയോ ഉണ്ടെങ്കിൽ അത് ജോനകപ്പിള്ളേർ (വാളണ്ടിയേഴ്സ് ആണെന്നു തോന്നുന്നു) ബലമായി പിടിച്ചു വാങ്ങിക്കുക പതിവായിരുന്നു. ഇത് ജനങ്ങളുടെ കോപത്തിനു കാരണമായിരുന്നു. ഭക്തജനങ്ങൾ തമ്മിൽ വഴക്കുണ്ടായ വർഷം വടി തട്ടിയെടുക്കുന്നവർക്ക് ഒരു പണികൊടുക്കാൻ നിശ്ചയിച്ച് പനമറ്റം കാരാങ്കൽ കുഞ്ഞൂട്ടൻനായർ എന്നയാൾ കരിമുരിക്കിന്റെ മുള്ളു നിറഞ്ഞ കുത്തുവടിയുമായി നിന്നു. പടയണിയുടെ അരണ്ട വെളിച്ചത്തിൽ വടി പിടിച്ചു വാങ്ങി. മുള്ളുകൊണ്ട് ക്രൂദ്ധരായ യുവാക്കൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അദ്ദേഹം കോടതിയിൽ കേസ് കൊടുത്തു. കോടതി നടപടികൾ നടക്കുന്നതിനാൽ ആദ്യം മാറ്റിവച്ച പടയണി പിന്നീട് നിന്നു പോവുകയായിരുന്നു. കേസിന്റെ വിധിയാണ് രസകരം മർദ്ദനമേറ്റ കുഞ്ഞൂട്ടൻ നായർക്ക് പ്രതികൾ ശരീര രക്ഷക്കുവേണ്ട പണവും ഒരു മുട്ടനാടിനേയും കൊടുക്കണമെന്നായിരുന്നു കോടതിവിധി. ദേവഹിതം അനുസരിച്ച് നിലച്ചുപോയ ചൂട്ടുപടയണി അല്പം ചില ഭേദഗതികളോടെ അടുത്തകാലത്ത് പുനരാരംഭിച്ചിട്ടുണ്ട്.

ദാരികാസുരന്റെ പത്നിയായ മനോദരിയാണ് വസൂരിമാല എന്നായിരുന്നു പഴമക്കാരുടെ വിശ്വാസം. ദാരികാസുരനെ വധിച്ചതിൽ കോപാകുലയായ അവൾ ജനങ്ങളുടെ മേൽ വസൂരിക്കുരുക്കൾ വർഷിക്കുന്നു എന്നും ദേവിയെ പ്രീതിപ്പെടുത്തിയാൽ മഹാമാരികളെ ഭേദപ്പെടുത്തും എന്നു വിശ്വസിച്ചിരുന്ന ജനങ്ങൾ ദേവീകോപം ശമിപ്പിക്കുന്നതിനും ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനുമാണ് മുടിയേറ്റ്, പടയണി തുടങ്ങിയ കലകൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരുന്നത്. നമ്മുടെ ക്ഷേത്രത്തിൽ തട്ടുപടയണിയും ചൂട്ടുപടയണിയിയും പണ്ട് നടന്നിരുന്നു എന്ന് ഉത്സവത്തിന്റെ നോട്ടീസിൽ പരാമർശിച്ചു കണ്ടു. അതുമുഴുവൻ ശരിയല്ല തട്ടിൽ നടന്നിരുന്നത് മുടിയേറ്റ് ആയിരുന്നു. മുടിയേറ്റ് ദാരികവധം പ്രമേയമാക്കിയും പടയണി ദാരിക വധം കഴിഞ്ഞ ദേവിയുടെ കോപം ശമിപ്പിക്കുന്നതിന് ശിവന്റെ ഭൂതഗണങ്ങൾ കാളിയെ പ്രീതിപ്പെടുത്താൻ നടത്തിയ പരിശ്രമങ്ങൾ പ്രമേയമാക്കിയും നടത്തുന്ന കലാരൂപങ്ങളാണ്. ചുരുക്കത്തിൽ പറഞ്ഞാൽ മുടിയേറ്റ് ദേവിയുടെ ശക്തിവർദ്ധനവിനും പടയണി ദേവിയുടെ അനുഗ്രഹം നേടുന്നതിനുമുള്ളതാണ്.

പണ്ടുകാലത്ത് വസുരിയും, മലമ്പനിയും മൂലം ജനങ്ങൾ മരിച്ചുവീണപ്പോൾ ദൈവകോപത്തിന്റെ പരിവേഷം കൊടുത്ത് കാളീദേവിയുടെ അനുഗ്രഹത്തിനായി ക്ഷേത്രങ്ങളിൽ ഒത്തുകൂടി. ചൂട്ടുപടയണിയും, ആഴിപൂജയും, ഹോമവും നടത്തിയിരുന്നത് രോഗവ്യാപനം തടയുന്നതിനുള്ള അന്നു ലഭ്യമായ ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്നനിലക്കു കൂടിയായിരുന്നു എന്നറിയുക. നെയ്യും, ചന്ദനവും അനേകം ഔഷധ വസ്തുക്കളും കത്തുമ്പോൾ ഉണ്ടാവുന്ന പുകയിൽ അന്തരീക്ഷവായു ശുദ്ധീകരിക്കപ്പെടുകയും രോഗാണുക്കളും രോഗവ്യാപകരായ കൊതുകും നശിക്കപ്പെടുകയും ചെയ്യും എന്നതാണ് അതിന്റെ ശാസ്ത്രീയതത്വം. താൻ പാതി ദൈവം പാതി എന്ന പഴച്ചൊല്ല്. ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നു. ഇന്നും രോഗശമനത്തിൽ ഔഷധത്തിനും വിശ്വാസത്തിനും തുല്യ പ്രധാന്യമാണുള്ളത്. ഈ ആധുനിക യുഗത്തിലും മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണയെന്ന ശ്വാസകോശ രോഗം മൂലം ലക്ഷക്കണക്കിന് ജനങ്ങൾ ലോകമെമ്പാടും ഈയ്യാംപാറ്റകളേപ്പോലെ മരിച്ചുവീഴുമ്പോഴും ജീവിത രീതിയുടേയും സംസ്ക്കാരത്തിന്റേയും സവിശേഷത കാരണം ഹൈന്ദവരുടെ ഇടയിൽ രോഗവ്യാപനം ഏറ്റവും കുറവുള്ളതായി കണാം. മഹാമാരിയിൽ നിന്നും എക്കാലവും ഭക്തരെ കാത്തുരക്ഷിച്ച പനമറ്റം കാവിലമ്മ എല്ലാവരേയും കാത്തുരക്ഷിക്കുമാറാകട്ടെ.. ക്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]