പൂങ്കുന്നം സീതാരാമസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ തൃശ്ശൂർ നഗരത്തിനടുത്ത് പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ സീതാരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജൻ ലക്ഷ്മണനോടും ദാസനായ ഹനുമാനോടും ചേർന്നിരിയ്ക്കുന്ന ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരളത്തിൽ സ്വർണ്ണരഥമുള്ള ഏക ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളോട് സമാനമായ രീതിയിലുള്ള പൂജകളും ആചാരങ്ങളും കൊണ്ട് വ്യത്യസ്തമായ ഈ ക്ഷേത്രത്തിലെ വസന്തോത്സവം, രാമനവമി ആഘോഷങ്ങൾ ശ്രദ്ധേയമാണ്. ക്ഷേത്രത്തിനുചുറ്റും തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ കല്യാൺ ഗ്രൂപ്പിന്റെ കുടുംബക്ഷേത്രം കൂടിയാണിത്.

ചരിത്രം[തിരുത്തുക]

കൊച്ചി രാജ്യത്തെ കോടതിയിലെ ജഡ്ജിയായിരുന്ന ദിവാൻ ബഹാദൂർ ടി.ആർ. രാമചന്ദ്ര അയ്യരാണ് ഈ ക്ഷേത്രം പണിത് ഇവിടെ പ്രതിഷ്ഠ നടത്തിയത്. തമിഴ്നാട്ടിലെ കുംഭകോണത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കുടിയേറിപ്പാർത്ത ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ കുടുംബ ഉപാസനാമൂർത്തിയായിരുന്നു ശ്രീരാമൻ. 1895 ജൂൺ 13-ന് ശ്രീരാമന്റെ ജന്മനക്ഷത്രമായ പുണർതം നാളിലാണ് പ്രതിഷ്ഠ നടത്തിയത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ രൂപഘടനകളുടെ മിശ്രിതമായ സീതാരാമസ്വാമിക്ഷേത്രം, തൃശ്ശൂർ നഗരത്തിൽ നിന്ന് മൂന്നുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്നു. പൂങ്കുന്നത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രം. നഗരപ്രാന്തമായിട്ടും നഗരത്തനിമ ഏശാതെ ഒരു തമിഴ് ഗ്രാമത്തിന്റെ പ്രൗഢിയോടെ പൂങ്കുന്നം ഗ്രാമം നിലകൊള്ളുന്നത് ശ്രദ്ധേയമാണ്. അരിപ്പൊടികൊണ്ട് കോലങ്ങളെഴുതിയ വീടുകളും കർണ്ണാടകസംഗീതം നിറയുന്ന ഗ്രാമവീഥികളും മനസ്സിന് ഒരു കുളിർക്കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തമിഴ് ശൈലിയിൽ നിർമ്മിച്ചതാണ്. എന്നാൽ, ഇതിന് അത്ര വലിപ്പമില്ല. പ്രവേശനകവാടത്തിന്റെ തൊട്ടുമുകളിൽ ശ്രീരാമ പട്ടാഭിഷേകരൂപം കൊത്തിവച്ചിട്ടുണ്ട്. അതിന്റെ മുകളിൽ വൈഷ്ണവചിഹ്നങ്ങളായ ശംഖും സുദർശനചക്രവും ഗോപിക്കുറിയും കാണാം. ശ്രീരാമപട്ടാഭിഷേകരൂപത്തിന്റെ വലതുവശത്ത് മാർക്കണ്ഡേയനെ രക്ഷിയ്ക്കാനായി കാലനെ വധിയ്ക്കുന്ന ശിവഭഗവാന്റെയും, ഇടതുവശത്ത് രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തുന്ന ശ്രീരാമഭഗവാന്റെയും സീതാദേവിയുടെയും രൂപങ്ങൾ കാണാം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ വലിയ കുളമുണ്ട്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്. ക്ഷേത്രത്തോടനുബന്ധിച്ച് രണ്ട് ഓഡിറ്റോറിയങ്ങളുണ്ട് - സീതാരാമ കല്യാണമണ്ഡപവും ജാനകീനാഥ് ഹാളും. രണ്ടിലും വിശേഷദിവസങ്ങളിൽ പരിപാടികൾ നടക്കാറുണ്ട്. ക്ഷേത്രമതിലകത്തുതന്നെ വടക്കുഭാഗത്ത് ചെറിയൊരു ശിവക്ഷേത്രമുണ്ട്. ഇവിടെ പാർവ്വതീസമേതനായ ശിവഭഗവാനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഒപ്പം ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ തുടങ്ങിയ മൂർത്തികളും പുറത്ത് സർപ്പക്കാവുമുണ്ട്. ഇവിടെ പൂജ കേരളീയക്ഷേത്രങ്ങളിലേതുപോലെയാണ്. എന്നാൽ, രാമനവമി ഉത്സവത്തിന് ഇവിടെയുള്ള മൂർത്തികളും ശ്രീരാമഭഗവാനോടൊപ്പം ഉണ്ടാകും.