ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:നീരേറ്റുപുറം, ആലപ്പുഴ ജില്ല, കേരളം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::വനദുർഗ്ഗ
വാസ്തുശൈലി:തെക്കേ ഇന്ത്യൻ, കേരളീയ രീതി

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങൾ, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.

വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേ ദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . [1] ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം "പന്ത്രണ്ടു നോയമ്പ് മഹോത്സവം" എന്ന് അറിയപ്പെടുന്നു.

ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.

പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്. നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ വിശേഷമാണ്.

ഐതിഹ്യം[തിരുത്തുക]

കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. പക്ഷേ, അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പക്ഷേ, ഇത്തവണ പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുർഗ്ഗയായി സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി.

അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തുകാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നുമുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് ദുർഗ്ഗാദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ഭഗവതിക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. അതിങ്ങനെയായിരുന്നു:

ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

നീരേറ്റുപുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

കാർത്തികസ്തംഭം[തിരുത്തുക]

അധർമ്മത്തിൻന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാർത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. പൊക്കമുള്ള തൂണിൽ വാഴക്കച്ചി, പഴയ ഓലകൾ, പടക്കം, ദേവിയ്ക്ക് ചാർത്തിയ ഒരു വർഷത്തെ ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേൽ നാടിൻറെ സർവ്വ തിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. നാടിൻറെ സർവ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.

നാരീപൂജ[തിരുത്തുക]

ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്[അവലംബം ആവശ്യമാണ്].

അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത്‌. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.

എത്തിച്ചേരുവാൻ[തിരുത്തുക]

MC റോഡിലെ തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തിരുവല്ല/ ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയും ഇവിടെയെത്താം.

അവലംബം[തിരുത്തുക]