ആറ്റുകാൽ ഭഗവതി ക്ഷേത്രം
| ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം | |
|---|---|
| ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
| നിർദ്ദേശാങ്കങ്ങൾ: | 9°46′4″N 76°19′1″E / 9.76778°N 76.31694°E |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
| ജില്ല: | തിരുവനന്തപുരം |
| പ്രദേശം: | ആറ്റുകാൽ (തിരുവനന്തപുരം) |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | ശ്രീഭദ്രകാളി, കണ്ണകി |
| പ്രധാന ഉത്സവങ്ങൾ: | ആറ്റുകാൽ പൊങ്കാല |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി കിളളിയാറിന്റെ തീരത്ത് നിലകൊള്ളുന്നു. ശ്രീ ഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ. എന്നാൽ കന്യാവ് (തോറ്റം പാട്ടിലെ ദൈവകന്യാവ്), അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് "പൊങ്കാല മഹോത്സവം". കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. [1][2] അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. [3] പൊങ്കാല കൂടാതെ കന്നിമാസത്തിൽ നവരാത്രിയും വൃശ്ചികമാസത്തിൽ തൃക്കാർത്തികയും ഈ ക്ഷേത്രത്തിൽ വിശേഷങ്ങളാണ്. ഉപദേവതകളായി ശിവൻ, ഗണപതി, നാഗദൈവങ്ങൾ, മാടൻ തമ്പുരാൻ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്.
പേരിനു പിന്നിൽ
[തിരുത്തുക]ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.
ഐതിഹ്യം
[തിരുത്തുക]ആറ്റുകാൽ പ്രദേശത്തെ പ്രമുഖ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോ എന്ന് ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും അല്പം കഴിഞ്ഞപ്പോൾ ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: "നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെ യെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും." പിറ്റേന്ന് രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. വൈകാതെ അവിടെ ഒരു കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി.
അങ്ങനെയാണ് അവിടെ ഭഗവതിയുടെ ചെറിയ ഒരു മുടിപ്പുര നിലവിൽ വന്നത്. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ "ശൂലം, അസി, ഫലകം, കങ്കാളം" എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്ത് ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. [4][2]
പൊങ്കാലയ്ക്ക് പല ഐതീഹ്യങ്ങളുണ്ട്. ദാരികവധത്തിന് ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ സ്‌ത്രീജനങ്ങൾ പൊങ്കാലനിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നതാണ് ഒരു ഐതിഹ്യം.
നിരപരാധിയായ സ്വന്തം ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുല പറിച്ചെറിഞ്ഞു തന്റെ കോപാഗ്നിയാൽ മധുരാനഗരത്തെ ചുട്ടെരിച്ച ചിലപ്പതികാരത്തിലെ വീരനായിക കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തുകയും കിള്ളിയാറിൻ്റെ കരയിൽ വിശ്രമിക്കുകയും ചെയ്തുവത്രെ.
സ്ത്രീകൾ മൺകലങ്ങളിൽ തിളച്ചു പൊങ്ങിയ പൊങ്കാല ദേവിയുടെ കാൽക്കൽ സമർപ്പിച്ചു. പാണ്ഡ്യരാജാവിനെതിരെ കണ്ണകി നേടിയ വിജയം ആഘോഷിക്കാനാണത്രെ പൊങ്കാല അർപ്പിക്കുന്നത്.
എന്നാൽ പൊങ്കാലയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന തോറ്റം പാട്ടിൽ വടക്കും കൊല്ലത്തെ കന്യാവ് അഥവാ കന്നിയെ ആണ് സ്തുതിക്കുന്നത്. ഭദ്രകാളിയുടെ അവതാരമായ കന്യാവ് പാലകനെ വിവാഹം ചെയ്യുന്നു.നിരപരാധിയായ തൻ്റെ ഭർത്താവിനെ വധിച്ചതിൽ കോപം കൊണ്ട കന്യാവ് കാളീരൂപം പൂണ്ട് പാണ്ഡ്യരാജാവിൻ്റെ തലയറുക്കുന്നു. അധർമ്മത്തിന് കൂട്ടു നിൽക്കാത്ത മഹാറാണി പെരുംദേവി ഭഗവതിയുടെ അനുഗ്രഹത്താൽ മുത്താരമ്മനായി മാറുന്നു.
തുടർന്ന് പാണ്ഡ്യ രാജാവിൻ്റെ ശിരസ്സും കയ്യിലേന്തി വിജയഭേരി മുഴക്കികൊണ്ട് കൈലാസത്തിലേക്ക് വരുന്ന ശ്രീഭദ്രകാളി പാണ്ഡ്യശിരസ്സ് മഹാദേവൻ്റെ തൃപ്പാദത്തിൽ സമർപ്പിച്ച് വണങ്ങുന്നു. ഈ സമയം ഭഗവതിയുടെ അനുഗ്രഹത്തിനായി പൊങ്കാല സമർപ്പണം നടക്കുന്നു.
അന്നപൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ പൊങ്കാല സമർപ്പിച്ചാൽ സർവ്വാഭീഷ്ടങ്ങളും നിറവേറും എന്നാണ് വിശ്വാസം.
ചരിത്രം
[തിരുത്തുക]ആറ്റുകാലമ്മ പുരാതന ദ്രാവിഡദൈവമായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്.
വാസ്തുശില്പരീതി
[തിരുത്തുക]തമിഴ്നാടൻ ശൈലിയും കേരള വാസ്തുശില്പശൈലിയും ചേർന്ന ഒരു രീതിയാണ് ഈ ക്ഷേത്രത്തിൽ കാണുന്നത്. മനോഹരമായ അലങ്കാരഗോപുരവും കമനീയമായ ധാരാളം ശില്പങ്ങളും ഇവിടെ കാണാം. വിവിധ കാളീരൂപങ്ങൾ മുതൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ വരെ ഇതിൽപ്പെടുന്നു. മഴ പെയ്താലും ക്ഷേത്രത്തിനുള്ളിൽ വെള്ളം വീഴാത്ത തരത്തിൽ സൗകര്യപ്രദമായ ആധുനിക രീതിയിലാണ് നിർമ്മാണം.
പ്രതിഷ്ഠ
[തിരുത്തുക]പ്രധാന പ്രതിഷ്ഠ " ഭദ്രകാളിയാണ്". വാഹനമായ വേതാളിയുടെ പുറത്തിരിക്കുന്ന ചതുർബാഹു രൂപം. . നാലു പൂജയും മൂന്നു ശീവേലിയുമുണ്ട്. "കന്യാവ്, അന്നപൂർണേശ്വരി" തുടങ്ങി ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളിലും ആരാധിക്കുന്നു.
- ഉപദേവതകൾ : ശിവൻ, ഗണപതി, നാഗർ, മാടൻതമ്പുരാൻ.
ക്ഷേത്രാചാരങ്ങൾ
[തിരുത്തുക]കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവകാലത്തിൽ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് വടക്കുംകൊല്ലത്തെ കന്യാവിന്റെ കഥ തോറ്റംപാടി ഭഗവതിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന ഭദ്രകാളിയുടെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെയാണ്. ഭർത്താവായ പാലകനെ മോഷണ കുറ്റം ചുമത്തി അന്യായമായി വിചാരണ കൂടാതെ വധിച്ചത്തിൽ പ്രതിഷേധിച്ച കന്യാവ് ഉഗ്രരൂപിയായ ഭദ്രകാളിയായി മാറി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീർക്കുന്നത്. (ഇതിന് തമിഴ് ഇതിഹാസമായ ചിലപ്പതികാരവുമായി സാമ്യം കാണുന്നു. എന്നാൽ തോറ്റം പാട്ടിൽ കണ്ണകിയെ പരാമർശിച്ചു കാണുന്നില്ല) അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. ദാരികനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത ദേവീ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ "നവരാത്രിയും" "വിദ്യാരംഭവും" വൃശ്ചികത്തിലെ "തൃക്കാർത്തികയുമാണ്" മറ്റു വിശേഷ ദിവസങ്ങൾ.
പൊങ്കാല
[തിരുത്തുക]ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നും വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ഒരു ദിവസമെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം ഉണ്ട്, പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്കുന്നു. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.[5]
ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കുകയുള്ളൂ.. പൊങ്കാല അടുപ്പിൽ തീ കത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയിൽ അടുപ്പും കൂട്ടി അതിൽ മൺകലം വെച്ച് ശുദ്ധജലത്തിൽ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. സാധാരണ വഴിപാടായ ശർക്കര പായസത്തിന് പുറമേ ഭദ്രകാളിക്ക് ഏറ്റവും പ്രധാനമായ കടുംപായസം (കഠിനപായസം), വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയിൽ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയ്യാറാക്കുന്ന നിവേദ്യങ്ങളാണ്. വിട്ടുമാറാത്ത തലവേദന, മാരക രോഗങ്ങൾ എന്നിവയുള്ളവർ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് മണ്ടപ്പുട്ട്. അഭീഷ്‌ടസിദ്ധിക്കുള്ളതാണ് വെള്ളച്ചോറ്. എന്നാൽ ഭഗവതിക്ക് ഏറ്റവും വിശേഷമായ കടുംപായസം കടുത്ത ദുരിതങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു എന്ന് വിശ്വാസം, അരി, ശർക്കര, തേൻ, പാൽ, പഴം, കൽക്കണ്ടം, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്ന നവരസപ്പായസം സർവൈശ്വര്യങ്ങൾക്കായി പ്രത്യേകം അർപ്പിക്കുന്ന പൊങ്കാലയാണ്. അരി, തേങ്ങ, നെയ്യ്, ശർക്കര, അണ്ടിപ്പരിപ്പ് എന്നിവ ചേർത്തു തയ്യാറാക്കുന്നതാണ് പഞ്ചസാരപ്പായസം കാര്യസിദ്ധിക്ക് വേണ്ടിയുള്ളതാണ്. [അവലംബം ആവശ്യമാണ്]
താലപ്പൊലി
[തിരുത്തുക]പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും, ഭാവിയിൽ നല്ലൊരു വിവാഹജീവിതത്തിനായുമാണ് പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.
കുത്തിയോട്ടം
[തിരുത്തുക]

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആൺകുട്ടികളുടെ കുത്തിയോട്ടം. ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണർന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മൽസ്യമാംസാദികൾ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാർക്ക് നൽകാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ വ്രതക്കാർക്ക് ഒന്നും തന്നെ നൽകില്ല. മാത്രവുമല്ല അവരെ തൊടാൻ പോലും ആർക്കും അവകാവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുൻപിൽ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരൽ കുത്തുന്നു. വെള്ളിയിൽ തീർത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.
അവലംബം
[തിരുത്തുക]- ↑ "Thats malayalam". Archived from the original on 2006-09-08. Retrieved 2007-12-26.
- 1 2 temple's kerala.com 2,3 ഖണ്ഡിക
- ↑ ഗിന്നസ് സാക്ഷ്യപത്രം.
- ↑ Thats malayalam[പ്രവർത്തിക്കാത്ത കണ്ണി] നാലാം ഖണ്ഡിക
- ↑ "Attukal Bhagavathi Temple".