അന്നമനട മഹാദേവക്ഷേത്രം
| അന്നമനട (കൊരട്ടി) മഹാദേവക്ഷേത്രം | |
|---|---|
കിഴക്കേ ഗോപുരം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
| നിർദ്ദേശാങ്കങ്ങൾ: | 10°14′4″N 76°19′51″E / 10.23444°N 76.33083°E |
| പേരുകൾ | |
| മറ്റു പേരുകൾ: | Kuratti Temple |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം: | കേരളം |
| ജില്ല: | തൃശ്ശൂർ |
| പ്രദേശം: | മാള |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
| പ്രധാന ഉത്സവങ്ങൾ: | കൊടിയേറ്റുത്സവം, ശിവരാത്രി, അഷ്ടമിരോഹിണി |
| ചരിത്രം | |
| ക്ഷേത്രഭരണസമിതി: | കൊച്ചിൻ ദേവസ്വം ബോർഡ് |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ അന്നമനടയിൽ ചാലക്കുടിപ്പുഴയുടെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം. കിരാതമൂർത്തീസങ്കല്പത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.[1] അന്നമനടത്തേവർ എന്നറിയപ്പെടുന്ന ഈ ശിവഭഗവാനെക്കൂടാതെ തുല്യപ്രാധാന്യത്തിൽ പാർവ്വതി, മഹാവിഷ്ണു എന്നിവരും ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ശ്രീകൃഷ്ണൻ, നരസിംഹം, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പരശുരാമപ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് എന്ന് ഐതിഹ്യമുണ്ട്.[2] കേരളത്തിലെ പഞ്ചവാദ്യരംഗത്തിലെ മുടിചൂടാമന്നന്മാരായിരുന്ന അന്നമനട ത്രയത്തിലെ അംഗങ്ങളും അനന്തരവനായിരുന്ന ചെറിയ പരമേശ്വര മാരാരും ഈ ക്ഷേത്രത്തിലെ അടിയന്തിരക്കാരായിരുന്നു. ഇവരെക്കൂടാതെ വേറെയും നിരവധി കലാകാരന്മാർ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. ചാക്യാർക്കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകളെയും ഈ ക്ഷേത്രം ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധമായ മന്ത്രാങ്കം കൂത്തിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും പ്രസിദ്ധമാണ് ഈ ക്ഷേത്രം. കുംഭമാസത്തിൽ തിരുവാതിരനാളിൽ ആറാട്ട് വരുന്ന രീതിയിൽ ആഘോഷിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പ്രസിദ്ധമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് ഇവിടെയും ഉത്സവം. ഇതുകൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, ധനു തിരുവാതിര, നരസിംഹ ജയന്തി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും ഇവിടെ പ്രധാനമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം
[തിരുത്തുക]സ്ഥലനാമം
[തിരുത്തുക]ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുകൂടിയാണ് ഒരുകാലത്ത് ചാലക്കുടിപ്പുഴ ഒഴുകിയിരുന്നത്. ഇവിടെത്തന്നെ ഒരു വലിയ തടാകമുണ്ടായിരുന്നു. ചാലക്കുടിപ്പുഴ ഇതിൽ വന്നുചേർന്നശേഷം പുറത്തേയ്ക്ക് പോകുകയായിരുന്നു. ആ തടാകത്തിൽ അങ്ങിങ്ങായി ധാരാളം അരയന്നങ്ങളെ കാണാൻ സാധിയ്ക്കുമായിരുന്നു. അവരുടെ നടത്തം കാണുന്നത് അതിമനോഹരമായ കാഴ്ചയായിരുന്നു. അങ്ങനെ, അവരുടെ ആവാസകേന്ദ്രമെന്ന നിലയിൽ ഈ ഗ്രാമം അന്നമനട എന്നറിയപ്പെടാൻ തുടങ്ങി. സംസ്കൃതത്തിൽ ഹംസയാനപുരം എന്നൊരു അപരനാമവും അന്നമനടയ്ക്ക് ലഭിച്ചു.
ക്ഷേത്രസ്ഥാപനം
[തിരുത്തുക]ഈ ക്ഷേത്രത്തിൽ ആദ്യമുണ്ടായിരുന്നത്, യഥാർത്ഥത്തിൽ ഇന്ന് പ്രധാന ശ്രീകോവിലിന്റെ വടക്കുഭാഗത്ത്, പ്രത്യേകമായി തീർത്ത വട്ടശ്രീകോവിലിൽ കുടികൊള്ളുന്ന മഹാവിഷ്ണുഭഗവാനാണ്. വടക്കുംതേവർ എന്നറിയപ്പെടുന്ന ഈ ഭഗവാന്റെ ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സ്വയംഭൂവായി അവതരിച്ചതാണത്രേ, നാലടി ഉയരം വരുന്ന ഇവിടത്തെ ശിവലിംഗം. അതിനുപിന്നിലുള്ള കഥ ഇപ്രകാരമാണ്:
ഒരുകാലത്ത്, ഇന്നത്തെ അന്നമനടയും സമീപപ്രദേശങ്ങളും ഉൾപ്പെട്ടിരുന്ന ആളൂർ ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമായിരുന്നു അന്നമനട മഹാവിഷ്ണുക്ഷേത്രം. 32 നമ്പൂതിരി കുടുംബക്കാർക്ക് ഈ ക്ഷേത്രത്തിന്റെ ഊരായ്മയുണ്ടായിരുന്നു. ഇന്ന് ശിവന്റെ ശ്രീകോവിൽ നിൽക്കുന്ന സ്ഥലം, അക്കാലത്ത് കാടുപിടിച്ചുകിടക്കുകയായിരുന്നു. ഒരിയ്ക്കൽ ഇവിടെ പുല്ലുചെത്താൻ വന്ന ഒരു സ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ചകൂട്ടാനായി അടുത്തുകണ്ട ഒരു ശിലയിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും പരിഭ്രാന്തയായ അവർ, സ്ഥലത്തെ ഒരു പ്രധാന നമ്പൂതിരി കുടുംബമായ പുറക്കാട്ടുപിള്ളി മനയിലെ വലിയ നമ്പൂതിരിയെ വിവരം ധരിപ്പിച്ചു. സംഭവമറിഞ്ഞ നമ്പൂതിരി, ഏതാനും സഹായികളോടുകൂടി സംഭവസ്ഥലത്തെത്തുകയും, ഒരു ജ്യോത്സ്യൻ കൂടിയായിരുന്ന അദ്ദേഹം, സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ശിവന്ന് ആദ്യ നിവേദ്യമായി അല്പം ശർക്കര സമർപ്പിയ്ക്കുകയും മറ്റുള്ള ഇല്ലക്കാരുമായി ചേർന്ന് ഇവിടെ ക്ഷേത്രം പണിയാൻ തീരുമാനിയ്ക്കുകയും ചെയ്തു. അതിനുശേഷം, പേരുകേട്ട തച്ചുശാസ്ത്രവിദഗ്ദ്ധന്മാരെ വിളിച്ചുവരുത്തി അവരെക്കൊണ്ട് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയ്ക്കുകയും, മാസങ്ങൾക്കുള്ളിൽ തന്നെ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ നാലമ്പലത്തിന് തെക്കുഭാഗത്ത് പ്രത്യേകമായി എടുപ്പും ചതുരാകൃതിയിൽ വലിയ ശ്രീകോവിലും കൊടിമരവും ബലിക്കല്ലുമെല്ലാം മഹാദേവന്നുണ്ടാക്കി. അതേ ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയെയും തെക്കോട്ട് ദർശനമായി ഗണപതി, ദക്ഷിണാമൂർത്തി എന്നിവരെയും പ്രതിഷ്ഠിച്ചു. പ്രധാന പൂജകളും ഉത്സവങ്ങളും ദേശദേവന്റെ സ്ഥാനവുമെല്ലാം മഹാദേവൻ തന്നെ സ്വന്തമാക്കി. അങ്ങനെയാണ് അന്നമനടയിൽ മഹാദേവസാന്നിദ്ധ്യം ഉയർന്നുവന്നത്. മുമ്പുണ്ടായിരുന്ന മഹാവിഷ്ണുവിനെ, പക്ഷേ ഇന്നും തുല്യപ്രാധാന്യത്തോടെ കണക്കാക്കിവരുന്നു. ആദ്യനിവേദ്യമായ ശർക്കരയാണ് അന്നമനടത്തേവർക്ക് ഇന്നും പ്രധാന നിവേദ്യം.
മുങ്ങുന്ന വലിയ ബലിക്കല്ല്
[തിരുത്തുക]കേരളീയ ക്ഷേത്രനിർമ്മാണരീതിയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ബലിക്കല്ലുകൾ. ക്ഷേത്രത്തിലെ പ്രധാന ദേവന്റെ/ദേവിയുടെ ഭൂതഗണങ്ങളുടെ സങ്കല്പമായാണ് ഇവയെ കണ്ടുവരുന്നത്. എന്നാൽ, അതിനൊപ്പം ക്ഷേത്രത്തിന് വ്യക്തമായ ഒരു ഘടന നൽകുന്നതിലും വലിയൊരു പങ്ക് ഇവയ്ക്കുണ്ട്. ഓരോ ക്ഷേത്രത്തിലും പ്രധാനശ്രീകോവിലിന് മുന്നിലായി വലിയ ബലിക്കല്ലും, പുറത്ത് ഓരോ ദിക്കിലുമായി ചെറിയ ബലിക്കല്ലുകളും കാണാം. ഇവ യഥാക്രമം അതാത് ദേവന്റെ/ദേവിയുടെ പ്രധാന സൈന്യാധിപനെ(യെ)യും ഉപസൈന്യാധിപന്മാ(മാ)രെയും പ്രതിനിധീകരിയ്ക്കുന്നു. കൂടാതെ നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായും ധാരാളം ബലിക്കല്ലുകൾ കാണാം. ഇവ ദേവന്റെ/ദേവിയുടെ പാർഷദഗണങ്ങളെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ശീവേലിസമയത്ത് ബലിതൂകുന്ന കല്ലുകൾ എന്ന അർത്ഥത്തിലാണ് ഇവയ്ക്ക് ബലിക്കല്ലുകൾ എന്ന പേരുവന്നത്. ഇവയ്ക്ക് ബലിതൂകുന്ന ചടങ്ങാണ് ശ്രീബലി അഥവാ ശീവേലി. എന്നാൽ, ശീവേലികളില്ലാത്ത ക്ഷേത്രങ്ങളിലും ഇവ കാണാറുണ്ട്. അവിടങ്ങളിൽ അവ പ്രതീകാത്മകമാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ബലിക്കല്ലുകൾക്ക് പ്രത്യേകതകൾ പറയപ്പെടുന്ന ക്ഷേത്രങ്ങൾ വളരെ കുറവാണ്. അന്നമനട മഹാദേവക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല്, സാധാരണയായി കാണേണ്ടതിൽ നിന്ന് വളരെ ഉയരം കുറഞ്ഞ്, ഭൂമിയോട് ചേർന്നാണ് കാണപ്പെടുന്നത്. അസാമാന്യ വലുപ്പമുള്ള ശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ ഇങ്ങനെയൊരു ബലിക്കല്ല് വന്നതിനുപിന്നിൽ പറയപ്പെടുന്ന കഥ ഇങ്ങനെയാണ്:
ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പുനടന്ന സംഭവമാണിത്. അന്ന് ഒട്ടുമിയ്ക്ക ക്ഷേത്രങ്ങളിലേതും പോലെ അന്നമനട ക്ഷേത്രത്തിലും അവർണ്ണർ എന്ന് മുദ്രകുത്തപ്പെട്ട ഒരു വിഭാഗത്തിന് പ്രവേശനം അനുവദിച്ചിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടിയുള്ള സഞ്ചാരം പോലും അവർക്ക് നിഷേധിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ പരിതഃസ്ഥിതി തുടർന്നുവന്നു. എന്നാൽ, മനുഷ്യനിർമ്മിതമായ ഇത്തരം വേലിക്കെട്ടുകൾ ഭഗവാനെ ബാധിയ്ക്കുന്നില്ല എന്ന് കാണിയ്ക്കാൻ ഈ കഥ ഉദാഹരണമായി എടുത്തുപറയാറുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ പ്രസിദ്ധനായ പാക്കനാർ തന്റെ ദേശാടനത്തിനിടയിൽ ഒരിയ്ക്കൽ അന്നമനട ക്ഷേത്രത്തിൽ വരാനിടയായി. അവർണ്ണനായതിനാൽ ക്ഷേത്രത്തിനകത്ത് കയറാൻ ക്ഷേത്രാധികാരികൾ പാക്കനാരെ അനുവദിച്ചില്ല. അന്നാണെങ്കിൽ ശ്രീകോവിലിനനുസരിച്ചുള്ള ഉയരമായിരുന്നു ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനും. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കുമായിരുന്നുമില്ല. ഇതെല്ലാം മനസ്സിലാക്കിയ പാക്കനാർ, സങ്കടത്തോടെ ഭഗവാനെ വിളിച്ചുകരഞ്ഞു. അദ്ദേഹത്തിന്റെ സങ്കടം മനസ്സിലാക്കിയ ഭഗവാൻ, തുടർന്ന് അദ്ദേഹത്തിന് കാണാനായി വലിയ ബലിക്കല്ലിന്റെ ഉയരം താഴ്ത്തിക്കൊടുത്തു. സന്തുഷ്ടനായ പാക്കനാർ, തുടർന്ന് ഭഗവാനെ തൊഴുതുവണങ്ങി തിരിച്ച് യാത്രചെയ്തു. അന്നുമുതൽ, അവർണ്ണർക്കും ഭഗവാനെ വ്യക്തമായി ദർശിയ്ക്കാനുള്ള അവസരം കിട്ടി. സംഭവങ്ങൾ മനസ്സിലാക്കിയ അധികാരികൾ, അവർണ്ണർക്കും ചില അവകാശങ്ങൾ ക്ഷേത്രത്തിൽ അനുവദിച്ചുകൊടുത്തു.
ചരിത്രം
[തിരുത്തുക]കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടു.[അവലംബം ആവശ്യമാണ്]

ഈ അമ്പലം അന്ന് കൊച്ചിയുടെ അതിരിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഈ അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി. പക്ഷേ, ചില അവകാശങ്ങൾ തിരുവിതാംകൂർ ഭരണത്തിനും നിലവിൽ നിന്നും പോന്നു. പക്ഷേ, മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു.[അവലംബം ആവശ്യമാണ്] ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.[അവലംബം ആവശ്യമാണ്] കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]അന്നമനട ഗ്രാമത്തിന്റെ ഒത്ത നടുക്ക്, ചാലക്കുടിപ്പുഴയുടെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, പടിഞ്ഞാറുഭാഗത്തുനിന്നാണ് കൂടുതൽ തിരക്കുള്ളത്. കിഴക്കുഭാഗത്തുകൂടി പുഴയൊഴുകുന്നതും ചാലക്കുടിയിൽ നിന്ന് മാളയിലേയ്ക്കുള്ള ബസ് റൂട്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ കടന്നുപോകുന്നതുമാണ് ഇതിന്റെ കാരണം. പുഴയ്ക്കുമുകളിലൂടെയുള്ള പാലം ഇവിടെ നിന്ന് അല്പം മാറിയാണ് സ്ഥിതിചെയ്യുന്നത്. അന്നമനടയിലെ പുഴക്കടവിലെ കാഴ്ചകൾ അതിമനോഹരമാണ്. പുഴയുടെ മറുകരയിൽ കാണപ്പെടുന്ന മരങ്ങളും പുഴയിൽ തെളിഞ്ഞുകാണുന്ന നീലാകാശവും ആരുടെയും മനം നിറയ്ക്കും. ഇവിടെ വച്ച് ചെറിയൊരു തോട് ചാലക്കുടിപ്പുഴയിൽ ചേരുന്നുണ്ട്. നാട്ടിലെ ആളുകൾ കുളിയ്ക്കുന്നതിനും നീന്തൽ പഠിയ്ക്കുന്നതിനും ഉപയോഗിച്ചുവരുന്നത് ഈ കടവാണ്. കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസി ദിവസം ഇവിടെ പിതൃതർപ്പണം നടത്തുന്നതും പതിവാണ്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഇവിടെത്തന്നെയാണ്. പുഴയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ നടക്കണം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താം. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ക്ഷേത്രത്തിന്റെ പ്രൗഢി എടുത്തുയർത്തിനിൽക്കുന്നു. ഗോപുരകവാടത്തിന് മുകളിലായി നവഗ്രഹങ്ങരൂപങ്ങളും ഗജലക്ഷ്മീരൂപവും അടക്കമുള്ള നിരവധി രൂപങ്ങൾ തടിയിൽ കൊത്തിയിരിയ്ക്കുന്നത് കാണാം. ഗോപുരത്തിന് പുറത്തായി തെക്കുകിഴക്കേമൂലയിൽ ദുർഗ്ഗയുടെയും വടക്കുകിഴക്കേമൂലയിൽ ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകളും കാണാം. വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ഇരുഭഗവതിമാരുടെയും പ്രതിഷ്ഠകളുള്ളത്. പ്രധാന ക്ഷേത്രത്തെക്കാൾ പഴക്കം ഇരുസാന്നിദ്ധ്യങ്ങൾക്കും കല്പിച്ചുവരുന്നു. മീനമാസത്തിൽ ഇവർക്ക് വിശേഷാൽ താലപ്പൊലിയും ഗുരുതിപൂജയും നടത്തിവരാറുണ്ട്. നാഗദൈവങ്ങളുടെ പ്രതിഷ്ഠ പതിവുപോലെ മേൽക്കൂരയില്ലാത്ത ഒരു തറയിലാണ്. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഇവിടെ, സമീപം നാഗയക്ഷിയുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളുണ്ട്. ഈ പ്രതിഷ്ഠകൾക്ക് തൊട്ടടുത്തായാണ് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. സാമാന്യം വലുപ്പമുള്ള കുളമാണ് ഇവിടെയുള്ളത്. ഇത്, മുമ്പ് ചാലക്കുടിപ്പുഴ കടന്നുപോയിരുന്ന തടാകത്തിന്റെ അവശിഷ്ടമാണെന്ന് വിശ്വസിച്ചുവരുന്നു. പുഴയിലും ഈ കുളത്തിലും കുളിച്ചശേഷമാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. കുളത്തിന്റെ വടക്കേക്കരയിൽ നരസിംഹമൂർത്തിയ്ക്ക് പ്രത്യേകം ക്ഷേത്രവുമുണ്ട്. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയുടെ ക്ഷേത്രം, വളരെ ചെറുതെങ്കിലും ആകർഷകമാണ്. ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ചുനിൽക്കുന്ന ശാന്തഭാവത്തിലുള്ള നരസിംഹമൂർത്തിയാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. പാൽപ്പായസം, പാനകം, തുളസിമാല തുടങ്ങിയവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. സമീപം തന്നെ, ചെറിയൊരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. 2024-ൽ നവീകരിച്ച ഈ ക്ഷേത്രം, പാർത്ഥസാരഥീഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാന്റേതാണ്. തൃക്കൈവെണ്ണയാണ് ഇവിടെ പ്രധാന വഴിപാട്. ഇവരെയൊക്കെ തൊഴുത് അനുഗ്രഹം വാങ്ങിവേണം ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കാൻ എന്നാണ് ചിട്ട.
ക്ഷേത്രത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ വിശേഷിച്ച് കാണേണ്ടതായി ഒന്നുമില്ല. പാർവ്വതീസാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന പടിഞ്ഞാറേ നടയിലും അതിമനോഹരമായ ഒരു ഇരുനിലഗോപുരമുണ്ട്. ഇവിടെയും ധാരാളം ശില്പങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നത് കാണാൻ സാധിയ്ക്കും. പടിഞ്ഞാറേ നടയിൽ വടക്കേ വരിയിലാണ് ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് അന്നമനട ദേവസ്വം. ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിലുള്ള മറ്റുക്ഷേത്രങ്ങളെപ്പോലെ ഇതും തിരുവഞ്ചിക്കുളം ഗ്രൂപ്പിന്റെ കീഴിലാണ് വരുന്നത്. ഇതുകൂടാതെ ഏതാനും ഹോട്ടലുകളും പെട്ടിക്കടകളും വായനശാലയും അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കിഴക്കേ നടയിലെ പുഴക്കടവിൽ നിന്നെന്ന പോലെ പടിഞ്ഞാറേ നടയിലെ ബസ് സ്റ്റോപ്പിൽ നിന്നും അഞ്ഞൂറുമീറ്ററാണ് ദൂരം. അന്നമനട ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേയ്ക്ക് ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ എടുക്കും. ഇവ ഗ്രാമത്തിന്റെ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
മതിലകം
[തിരുത്തുക]കിഴക്കേ നടയിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ നടപ്പുരയിലാണ്. ഓടുമേഞ്ഞ ഈ നടപ്പുരയിൽ വച്ചാണ് ക്ഷേത്രത്തിലെ ചോറൂൺ, വിവാഹം, തുലാഭാരം, പറ നിറയ്ക്കൽ, ഭജന തുടങ്ങിയ പല പ്രധാന ചടങ്ങുകളും നടക്കുന്നത്. ഉത്സവക്കാലത്ത് അഞ്ചോളം ആനകളെ അണിനിരത്തി എഴുന്നള്ളിപ്പ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. നടപ്പുരയിലെ എല്ലാ തൂണുകളിലും വിവിധ ദേവീദേവന്മാരുടെ രൂപങ്ങൾ വരച്ചുചേർത്തിട്ടുണ്ട്. ഇതിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ നന്ദികേശനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരം കാണാൻ കഴിയുന്നത്. ഏകദേശം അറുപതടി ഉയരം വരുന്ന ഈ കൊടിമരം, ലക്ഷണമൊത്ത തേക്കുമരത്തിന്റെ തടികൊണ്ട് നിർമ്മിച്ചതും പത്തിലധികം ചെമ്പുപറകൾ ഇറക്കിവച്ചതുമാണ്. ഇതിന് ചുവട്ടിൽ അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. കൊടിമരത്തിനപ്പുറമാണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ ഐതിഹ്യപ്രസിദ്ധമായ പ്രധാന ബലിക്കല്ല് ഇവിടെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. പാക്കനാർക്ക് കാണാനായി ഭഗവാൻ താഴ്ത്തി എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ് ഇന്നും ഇതിന്റെ കിടപ്പ്. ഭഗവാന്റെ മുഖ്യസൈന്യാധിപനായ ഹരസേനനെ പ്രതിനിധീകരിയ്ക്കുന്ന ഈ ബലിക്കല്ല് കൂടാതെ ഓരോ മൂലയിലായി ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്ന വേറെയും ബലിക്കല്ലുകളുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. ഇവിടെത്തന്നെയാണ് ക്ഷേത്രം വക വഴിപാട് കൗണ്ടറും പണിതിട്ടുള്ളത്. 1001 കുടം ജലധാരയാണ് അന്നമനടത്തേവർക്കുള്ള പ്രധാന വഴിപാട്. ഇത് ഇവിടെയില്ലാത്ത ദിവസങ്ങൾ അത്യപൂർവ്വമാണ്. ഇതുകൂടാതെ സാധാരണ ധാര, ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ശർക്കര നിവേദ്യം എന്നിവയും അതിപ്രധാനമാണ്. ശിവൻ പാർവ്വതീസമേതനായതിനാൽ ഉമാമഹേശ്വരപൂജയും അതിവിശേഷമാണ്.
ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ ഒരു മതിലകമാണ് അന്നമനട ക്ഷേത്രത്തിന്റേത്. ഇതിനകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. അത്തി, ഇത്തി, അരയാൽ, പേരാൽ, ഇലഞ്ഞി, കൂവളം തുടങ്ങി കേരളത്തിൽ കാണുന്ന ഒട്ടുമിയ്ക്ക സസ്യലതാദികളും ഇവിടെ കാണാം. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി പൂർണ്ണമായും കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിനകത്ത് തെക്കുകിഴക്കേമൂലയിലാണ് ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന്റെ ശ്രീകോവിൽ. മുഖപ്പോടുകൂടിയ ഈ ശ്രീകോവിലിൽ, വലതുകയ്യിൽ അമൃതകലശം ധരിച്ചുനിൽക്കുന്ന, ധന്വന്തരീഭാവം കൂടിയുള്ള ശാസ്താവാണ് പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനമായ ശാസ്താവിന്റെ മുന്നിലാണ് അന്നമനടയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, എള്ളുതിരി, നെയ്യഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് ശാസ്താവിന് പ്രധാന വഴിപാടുകൾ. ഇവിടെ നിന്ന് പ്രദക്ഷിണം തുടർന്നുവരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ഗോശാലകൃഷ്ണനായാണ് സങ്കല്പം. തന്മൂലം ചുറ്റുമുള്ള പ്രദക്ഷിണവഴി ഗോശാലയായി സങ്കല്പിച്ചുവരുന്നു. വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന് പാൽപ്പായസം, തൃക്കൈവെണ്ണ, തിരുമുടിമാല എന്നിവയാണ് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിനാളിൽ ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്.
പാർവ്വതീസാന്നിദ്ധ്യമുള്ള പടിഞ്ഞാറേ നടയിലും സാമാന്യം നീളത്തിൽ ഒരു നടപ്പുര പണിതിട്ടുണ്ട്. കിഴക്കേ നടയിലെ നടപ്പുരയുടെ ഏകദേശം അത്രതന്നെ വലുപ്പമുള്ള ഈ നടപ്പുരയിലും ഉത്സവക്കാലത്തും മറ്റും എഴുന്നള്ളത്തുണ്ടാകാറുണ്ട്. ഇവിടെ, ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന ചെറിയൊരു ദീപസ്തംഭവും കാണാം. എട്ടുതട്ടുകളോടുകൂടിയ ഈ ദീപസ്തംഭം ഇവിടെ വന്നിട്ട് അധികകാലമായിട്ടില്ല. ദേവീനടയിൽ വിളക്കുവയ്ക്കുന്നത് ഇവിടെ പ്രധാന വഴിപാടാണ്. ധനുമാസത്തിൽ തിരുവാതിരയോടനുബന്ധിച്ച് തിരുവാതിരക്കളി നടക്കുന്നതും ഇവിടെയാണ്. ഇതിനടുത്തുതന്നെയാണ് ഉത്സവക്കാലത്ത് ആനകളെ കെട്ടുന്ന സ്ഥലവും. ആനകൾക്ക് കുടിയ്ക്കാനായി ഇവിടെയൊരു കൽത്തൊട്ടിയും കാണാം. വടക്കുകിഴക്കുഭാഗത്തായി ക്ഷേത്രം വക ഊട്ടുപുരയുണ്ട്. വളരെ ചെറിയൊരു ഊട്ടുപുരയാണിത്. ഒരു നിലയേ ഇതിനുള്ളൂ. അകത്ത് നൂറുപേർക്ക് ഇരിയ്ക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. പണ്ട് എല്ലാ ദിവസവും ഊട്ടുണ്ടായിരുന്ന ഇവിടെ, ഇപ്പോൾ വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുണ്ടാകാറുള്ളൂ. ഇതിന് സമീപമായി വലിയൊരു കിണർ കാണാം. ഇത് ഊട്ടുപുരയ്ക്ക് മാത്രമായി പണികഴിപ്പിച്ചതാണ്.
ശ്രീകോവിൽ
[തിരുത്തുക]അസാമാന്യ വലുപ്പമുള്ള ചതുരശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. അടിഭാഗം കരിങ്കല്ലിലും മുകൾഭാഗം ചെങ്കല്ലിലും തീർത്ത് കുമ്മായം പൂശിയ ഈ ശ്രീകോവിൽ ആരെയും ആകർഷിയ്ക്കുന്നതാണ്. ഒറ്റനോട്ടത്തിൽ മൂന്നുനിലകളുണ്ടെന്ന് തോന്നിയ്ക്കുമെങ്കിലും രണ്ടുനിലകളേ ഈ ശ്രീകോവിലിനുള്ളൂ. രണ്ടും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. മുഖമണ്ഡപത്തോടുകൂടിയ പ്രത്യേകം ശ്രീകോവിലാണിത്. തന്മൂലം, നേരെനിന്നും വശങ്ങളിൽ നിന്നും അകത്തേയ്ക്ക് കയറാവുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്. അയൽഗ്രാമമായ കുഴൂരിൽ സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിലുമാണ് ഇതുകൂടാതെ ഇതുപോലെയുള്ള ശ്രീകോവിലുകളുള്ളത്. മൂന്നും കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണെന്നത് മറ്റൊരു പ്രത്യേകത. മുഖമണ്ഡപത്തോടുകൂടിയ ശ്രീകോവിലായതിനാൽ ഇവിടെ പ്രത്യേകം നമസ്കാരമണ്ഡപം പണിതിട്ടില്ല. അതിന്റെ കൂടി ഫലം ഈ മുഖമണ്ഡപം നിറവേറ്റുന്നുണ്ട്. കലശപൂജയും മറ്റുള്ള ക്രിയകളും നടക്കുന്നത് ഇവിടെ വച്ചാണ്. സാധാരണയായി നമസ്കാരമണ്ഡപത്തിൽ വരാറുള്ള നന്ദിപ്രതിഷ്ഠ, ഇവിടെ ബലിക്കൽപ്പുരയിലാണ്.
ശ്രീകോവിലിനകത്ത് നാലുമുറികളാണുള്ളത്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന, സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി അന്നമനടത്തേവർ കുടികൊള്ളുന്നു. തന്റെ ഭക്തനായ അർജ്ജുനനെ പരീക്ഷിച്ച്, അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകി പ്രസന്നഭാവത്തിലിരിയ്ക്കുന്ന മഹാദേവനായാണ് അന്നമനടത്തേവരെ സങ്കല്പിച്ചുവരുന്നത്. വളരെയധികം പ്രത്യേകതകളുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഇതിന്റെ മുകൾഭാഗം ഏതാണ്ടൊരു സർപ്പത്തിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. ഇത് സർപ്പഭൂഷണനായ മഹാദേവന്റെ സങ്കല്പവുമാണ്. സ്വയംഭൂലിംഗമായതിനാൽ ഇവിടെ കാര്യമായ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. പീഠം ശിവലിംഗത്തിലൂടെ ഇറക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. വിശേഷദിവസങ്ങളിൽ അലങ്കാരത്തിനായി സ്വർണ്ണത്തിൽ തിരുമുഖവും ചന്ദ്രക്കലകളുമുണ്ടാകാറുണ്ട്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീമഹാദേവൻ, അന്നമനടത്തേവരായി ശ്രീലകത്ത് വിരാജിയ്ക്കുന്നു.
അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ് ഈ ശ്രീകോവിൽ. പ്രധാനപ്രതിഷ്ഠ കിരാതമൂർത്തിയായതിനാൽ കിരാതം കഥ മുഴുവൻ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ഉപദേശമനുസരിച്ച് അർജ്ജുനൻ തപസ്സനുഷ്ഠിയ്ക്കാൻ തുടങ്ങുന്നതുമുതൽ അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകുന്നതുവരെ ഇവിടെ ശില്പരൂപത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വളരെ നീളം കൂടിയ ശില്പങ്ങളാണ് ഇവിടെയുള്ളത്. ഇവയ്ക്കെല്ലാം മനോഹരമായി നിറം നൽകിയിട്ടുമുണ്ട്. കിരാതം കഥ കൂടാതെ സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ദ്വാരപാലകരൂപങ്ങൾ, തൊഴുതുനിൽക്കുന്ന മഹർഷിമാരുടെ രൂപങ്ങൾ, വ്യാളീരൂപം, മൃഗമാല, പക്ഷിമാല, ഭൂതമാല തുടങ്ങിയവയും കാണാം. കിഴക്കുഭാഗത്ത് മുകളിൽ ബ്രഹ്മാവിന്റെയും തെക്കുഭാഗത്ത് ദക്ഷിണാമൂർത്തിയുടെയും പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തിയുടെയും വടക്കുഭാഗത്ത് കുബേരന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കേരളീയ ശില്പകലയുടെ മകുടോദാഹരമാണ് ഈ ശില്പങ്ങൾ. ഇവ കൂടുതൽ ശ്രദ്ധിയ്ക്കപ്പെടേണ്ടതും സംരക്ഷിയ്ക്കപ്പെടേണ്ടതുമാണ്. ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള ഇടനാഴിയിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയെയും ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തിയുടെ വിഗ്രഹം ശിവലിംഗരൂപത്തിൽ തന്നെയാണ്. ഏകദേശം രണ്ടടി ഉയരമേ വരൂ. ഗണപതിവിഗ്രഹത്തിനും ഏകദേശം അതേ ഉയരമാണ്. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന സിദ്ധിവിനായകന്റെ പ്രതിഷ്ഠയാണിവിടെ. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ ധരിച്ച ഗണപതിഭഗവാൻ, മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്നു. ദക്ഷിണാമൂർത്തിയ്ക്ക് നെയ്വിളക്കും ഗണപതിയ്ക്ക് ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല, ഗണപതിഹോമം എന്നിവയും പ്രധാന വഴിപാടുകളിൽ പെടുന്നു.
ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിലെ ഇടനാഴിയിൽ പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിരാതപാർവ്വതിയുടെ സങ്കല്പത്തിലാണ്. പഞ്ചലോഹത്തിൽ തീർത്ത വിഗ്രഹത്തിന് രണ്ടുകൈകൈളേയുള്ളൂ. അവയിൽ വലതുകയ്യിൽ വരദമുദ്രയും (അനുഗ്രഹിയ്ക്കുന്ന മുദ്ര) ഇടതുകയ്യിൽ അഭയമുദ്രയും (ഹൃദയം സ്വീകരിയ്ക്കുന്ന മുദ്ര) കാണാം. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ദേവി ശിവസാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ സർവ്വമംഗളസ്വരൂപിണിയായി കണക്കാക്കിവരുന്നു. സ്വയംവര പുഷ്പാഞ്ജലി, ഉമാമഹേശ്വരപൂജ, പട്ടും താലിയും ചാർത്തൽ, മഞ്ഞൾ-കുങ്കുമ അർച്ചനകൾ, വേളിയോത്ത് ചൊല്ലൽ എന്നിവയാണ് പാർവ്വതീദേവിയുടെ പ്രധാന വഴിപാടുകൾ. അനഭിമുഖമായ ശിവ-പാർവ്വതീപ്രതിഷ്ഠകൾ മൂലം പ്രതിഷ്ഠയ്ക്ക് അർദ്ധനാരീശ്വരഭാവം കൈവന്നു. വടക്കുവശത്ത് അഭിഷേകജലം ഒഴുക്കിവിടാൻ ഓവ് പണിതിട്ടുണ്ട്. ഇതും അതിമനോഹരമായ ഒരു നിർമ്മിതിയാണ്. വ്യാളീമുഖത്തോടുകൂടി നിർമ്മിച്ചിട്ടുള്ള ഓവ് താങ്ങിനിർത്തുന്നത് ഒരു ഭൂതത്താനാണ്. കുടവയറോടും ഭീകരമായ ദംഷ്ട്രകളോടും കൂടിയ ഈ രൂപം, നിത്യേനയുള്ള അഭിഷേകജലം മുഴുവൻ ഏറ്റുവാങ്ങിനിൽക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനെ മുറിച്ചുള്ള പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. അതിവിശാലമായ ഒരു നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. ഇതിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. പത്തുനിലകളോടും മൂവായിരത്തിലധികം വിളക്കുകളോടും കൂടിയ ഈ വിളക്കുമാടത്തിലെ തിരികൾ ദീപാരാധനയ്ക്ക് തെളിയിയ്ക്കുന്നു. അതിമനോഹരമായ ഒരു കാഴ്ചയാണ്. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെപ്പോലെ ഇവിടെയും നാലമ്പലത്തിന് പുറത്തായി വലിയമ്പലം പണിതിട്ടുണ്ട്. തന്മൂലം പുറത്തുണ്ടാകുന്ന അശുദ്ധികൾ നാലമ്പലത്തെ ബാധിയ്ക്കുന്നില്ല. വലിയമ്പലത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം ഉയർത്തിയ പീഠത്തിലാണ് ക്ഷേത്രത്തിലെ കൂത്തമ്പലം പണിതിരിയ്ക്കുന്നത്. ചാക്യാർക്കൂത്തിനും കൂടിയാട്ടത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു മഹാക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം. പണ്ടുകാലം മുതലേ ഇവിടെ വിശേഷമായി ഇവ രണ്ടും നടത്തിവരാറുണ്ട്. കേരളത്തിലെ പേരുകേട്ട ചാക്യാർ കുടുംബമായിരുന്ന മേക്കാട്ട് കുടുംബക്കാർ ആദ്യം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഇവരുടെ വീട്ടുകാർ അമ്പലപ്പുഴ വലിയ പരിഷ, കിടങ്ങൂർ ചെറിയ പരിഷ കുടുംബക്കാരുമായി ചേർന്നു. ഈ കുടുംബക്കാരാണ് കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ പ്രധാനമായ മന്ത്രാങ്കം കൂത്ത് അവതരിപ്പിച്ചുവരുന്നത്. അന്നമനടയിൽ പണ്ടുകാലത്ത് വൃശ്ചികം 1 മുതൽ 40 ദിവസം കൂത്തും അവസാനദിവസം കൂടിയാട്ടവുമുണ്ടായിരുന്നു. നിലവിൽ ധനു അഞ്ചുമുതൽ പത്തുവരെയുള്ള ആറുദിവസമേ കൂത്തുള്ളൂ. വലിയ പരിഷ, ചെറിയ പരിഷ കുടുംബക്കാർക്കാണ് ഇവിടെ കൂത്തിന് അവകാശമെങ്കിലും മറ്റ് കലാകാരന്മാരും നടത്തിവരാറുണ്ട്. മന്ത്രാങ്കം കൂടാതെ മത്തവിലാസവും ഇവിടെ നടത്താറുണ്ട്. കൂത്തമ്പലത്തിന്റെ നടുക്ക് പതിവുപോലെ വലിയൊരു മിഴാവും കാണാം. ഇതിനടുത്തുതന്നെയാണ് വിശേഷാൽ പൂജകളും ഹോമങ്ങളും നടത്തുന്നതും.
അകത്തേയ്ക്ക് കടന്നാൽ തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. ക്ഷേത്രത്തിലെ നിവേദ്യങ്ങൾ പാചകം ചെയ്യുന്ന സ്ഥലമാണിത്. തെക്കുവശമൊഴിച്ചുള്ള മൂന്നുഭാഗത്തും പുറത്തേയ്ക്ക് കവാടങ്ങൾ പണിതിട്ടുണ്ട്. ഇവയിൽ വടക്കുവശത്തെ വാതിലിലൂടെ ഇറങ്ങിച്ചെല്ലുന്നത് ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിന്റെ നടയിലേയ്ക്കാണ്. ഓടുമേഞ്ഞ ചെറിയൊരു വട്ടശ്രീകോവിലിലാണ് വടക്കുംതേവർ എന്നറിയപ്പെടുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച, ശാന്തഭാവത്തിലുള്ള ഭഗവാനാണ് ഇവിടെ. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലടി ഉയരം വരും. കിഴക്കോട്ടാണ് ദർശനം. അന്നമനട ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കണമെങ്കിൽ വടക്കുംതേവരെയും വന്ദിയ്ക്കണം എന്നാണ് ചിട്ട. വടക്കുകിഴക്കേമൂലയിൽ കിണർ കുഴിച്ചിട്ടുണ്ട്. ഇതാണെങ്കിൽ നാലമ്പലത്തിന്റെ ഇരുഭാഗങ്ങൾക്കും ഒത്തനടുക്കായാണ് കാണപ്പെടുന്നത്. അല്പം താഴേയ്ക്കായി സ്ഥിതിചെയ്യുന്ന കിണറായതിനാൽ പടിക്കെട്ടുകൾ കയറിവേണം ഇവിടെനിന്ന് വെള്ളമെടുക്കാൻ. ഇവിടെനിന്നുള്ള ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിയ്ക്കുന്നത്. കിണറും കുളവും പുഴയും തമ്മിൽ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നാണ് പൊതുവിശ്വാസം.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നിത്യപൂജകൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെയും ഏഴുതവണയുള്ള ശംഖുവിളിയോടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം നാലരയ്ക്ക് നടതുറക്കുന്നു. ആദ്യത്തെ ചടങ്ങ് നിർമ്മാല്യദർശനമാണ്. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടുകൂടി കാണപ്പെടുന്ന ശിവലിംഗം ദർശിച്ച് ഭക്തർ മുക്തിയടയുന്നു. തുടർന്ന് പ്രസ്തുത അലങ്കാരങ്ങളൊക്കെ മാറ്റിവച്ച് ഭഗവാന് അഭിഷേകം തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ടും, പിന്നീട് ക്രമത്തിൽ ശംഖതീർത്ഥം, ഇഞ്ച, കലശതീർത്ഥം എന്നിവകൊണ്ടും അഭിഷേകം നടത്തിയശേഷം ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. തുടർന്ന് അഞ്ചരമണിയോടെ ഉഷഃപൂജ തുടങ്ങുകയായി. 15 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉഷഃപൂജ കഴിഞ്ഞാൽ സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. സൂര്യകിരണങ്ങളെ എതിരേറ്റുനടക്കുന്ന പൂജയായതുകൊണ്ടാണ് എതിരേറ്റുപൂജയ്ക്ക് ആ പേരുവന്നത്. ഈ സമയത്താണ് മറ്റ് പ്രധാനദേവതകളായ പാർവ്വതീദേവി, വടക്കുംതേവർ എന്നിവർക്കും ഉപദേവതകൾക്കും പൂജകളും നിവേദ്യവും നടക്കുന്നത്. ഇതുകഴിഞ്ഞാൽ രാവിലെ ആറരയോടെ ഉഷഃശീവേലി തുടങ്ങുകയായി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടക്കുന്ന ചടങ്ങാണ് ശീവേലി. ഭഗവാന്റെ തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി പിന്നിലും ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തി മുന്നിലും നടന്ന് ആദ്യം നാലമ്പലത്തിനകത്തും പിന്നീട് പുറത്തുമുള്ള ബലിക്കല്ലുകളിലെല്ലാം ബലിതൂകി അവസാനം വലിയ ബലിക്കല്ലിലും ബലിതൂകി ശീവേലി അവസാനിയ്ക്കുന്നു. ഉഷഃശീവേലി കഴിഞ്ഞാൽ ഭഗവാന് ധാര തുടങ്ങുകയായി. ശിവലിംഗത്തിനുമുകളിൽ ഒരു പാത്രം ഉപയോഗിച്ച് അതിലൂടെ ദ്രവ്യങ്ങൾ ഇറ്റിച്ചുവീഴ്ത്തുന്ന ചടങ്ങാണ് ധാര. ശിവക്ഷേത്രങ്ങളിൽ പ്രധാന ചടങ്ങാണിത്. ഈ സമയത്ത് അകമ്പടിയായി വലംതലച്ചെണ്ട കൊട്ടും. ധാര കഴിഞ്ഞാൽ രാവിലെ ഏഴരയ്ക്ക് പന്തീരടിപൂജ തുടങ്ങും. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തുള്ള പൂജയാണ് പന്തീരടിപൂജ. ഈ സമയത്തും ഭഗവാന് ശർക്കര നിവേദ്യമുണ്ടാകും. പന്തീരടിപൂജ കഴിഞ്ഞാൽ ഭഗവാന് നവക-പഞ്ചഗവ്യാഭിഷേകങ്ങളുണ്ടാകും. ഒമ്പത് വെള്ളിക്കുടങ്ങളിൽ ജലമുപയോഗിച്ച് നടത്തുന്ന അഭിഷേകമാണ് നവകാഭിഷേകം. ഇത് നിത്യേന നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അന്നമനട ക്ഷേത്രം. തുടർന്ന് ഒമ്പതരയോടെ ഉച്ചപ്പൂജയും പത്തുമണിയ്ക്ക് ഉച്ചശീവേലിയും നടത്തി പത്തരയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയനുസരിച്ച് ദീപാരാധന നടത്തുന്നു. രാത്രിയെ വരവേൽക്കുന്ന സങ്കല്പത്തിൽ നടക്കുന്ന ചടങ്ങാണ് ദീപാരാധന. ഭഗവാന് കർപ്പൂരം കത്തിച്ചുള്ള ആരാധന നടക്കുന്നത് ഈ സമയത്താണ്. ശ്രീകോവിലിനകത്തും പുറത്തുമുള്ള ദീപങ്ങളെല്ലാം ഈ സമയത്ത് കൊളുത്തിവയ്ക്കാറുണ്ട്. അതിമനോഹരമായ ഒരു കാഴ്ചയാണിത്. ആദ്യം ഭഗവാന്നും പിന്നീട് പാർവ്വതീദേവിയ്ക്കും അവസാനം വടക്കുംതേവർക്കും ദീപാരാധന നടത്തുന്നു. ദീപാരാധന കഴിഞ്ഞാൽ രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, ശിവരാത്രി, തിരുവാതിര, പ്രദോഷം, നവരാത്രി, തൃക്കർത്തിക) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവക്കാലത്ത് നിരവധി വിശേഷാൽ പൂജകളും താന്ത്രികക്രിയകളുമുള്ളതിനാൽ പൂജകൾക്ക് മാറ്റം വരും. ശിവരാത്രിദിവസം രാത്രി ശിവന്റെ നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ പൂജകളും കലശാഭിഷേകവുമുണ്ടാകും. പ്രദോഷദിവസം സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുമുമ്പ് വിശേഷാൽ അഭിഷേകമുണ്ടാകും. തിരുവാതിരദിവസം രാത്രി തിരുവാതിരക്കളിയും പതിവാണ്.
മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്നമനട ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. വടക്കാഞ്ചേരിയിലെ ആവണപ്പറമ്പ്, എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്തുള്ള കരുമാലൂരിലെ വേഴപ്പറമ്പ് എന്നീ അതിപ്രസിദ്ധമായ രണ്ട് കുടുംബക്കാരാണ് ക്ഷേത്രത്തിൽ തന്ത്രാധികാരം കയ്യാളുന്നത്. ഇവർ ഒന്നിടവിട്ട വർഷങ്ങളിൽ തന്ത്രാധികാരം കയ്യാളിവരുന്നു. ഇതിന്റെ സ്മരണയ്ക്കായി ഉത്സവക്കാലത്ത് ഒരു വർഷം വടക്കോട്ടാകും കൊടിനാട്ടുകയെങ്കിൽ അടുത്ത വർഷം തെക്കോട്ടാകും കൊട്ടിനാട്ടുക. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം വകയാണ്.
വിശേഷദിവസങ്ങൾ
[തിരുത്തുക]കൊടിയേറ്റുത്സവം
[തിരുത്തുക]കുംഭമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് അന്നമനട ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പ്രസിദ്ധമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് ഇവിടെയും ഉത്സവം നടക്കുന്നത്. ധ്വജാദിമുറയിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നിരവധി വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകാറുണ്ട്. നടരാജമൂർത്തി കൂടിയായ അന്നമനടത്തേവർക്കുമുന്നിൽ കലാപ്രകടനം നടത്തുന്നത് അതിവിശേഷമായി പ്രദേശത്തെ ഭക്തർ കണ്ടുവരുന്നു.
ഒന്നാം ദിവസം രാവിലെ പതിവുപോലെ നാലരയ്ക്ക് നടതുറന്ന് പതിവുപൂജകൾ നടത്തുന്നു. അന്ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഉത്സവത്തോടനുബന്ധിച്ചുള്ള ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ പുറക്കാട്ടുപിള്ളി നമ്പൂതിരി, ക്ഷേത്രം തന്ത്രിയ്ക്ക് കൊടിക്കൂറയും ഉത്സവക്കാലത്ത് ധരിയ്ക്കാനുള്ള പവിത്രമോതിരവും കൈമാറുന്നതാണ് ഈ ചടങ്ങ്. ഇതിനുശേഷമാണ് കൊടിയേറ്റം നടത്തുന്നത്. ശുദ്ധമായ പട്ടിൽ തീർത്ത സപ്തവർണ്ണക്കൊടി, വിശേഷാൽ പൂജകൾക്കുശേഷം തന്ത്രി കയറിൽ കെട്ടുകയും, വാദ്യമേളങ്ങളുടെയും നാമജപത്തിന്റെയും തുടരെത്തുടരെയുള്ള കതിനവെടികളുടെയും അകമ്പടിയോടെ കൊടിമരത്തിൽ ഉയർത്തുകയും ചെയ്യുന്നു. തുടർന്നുനടക്കുന്ന ചുറ്റുവിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നാണ് പേര്. ഇതുതൊഴാൻ നിരവധി ഭക്തജനങ്ങളാണുണ്ടാകുക.
ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ അന്നമനട ക്ഷേത്രത്തിൽ വൻ തിരക്കുണ്ടാകും. പഞ്ചവാദ്യം, പഞ്ചാരി-പാണ്ടിമേളങ്ങൾ എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികൾ ക്ഷേത്രത്തിൽ മൂന്നുനേരവുമുണ്ടാകും. കൂടാതെ രാവിലെയും വൈകീട്ടും നടത്തുന്ന നാദസ്വരക്കച്ചേരികൾ, കർണ്ണാടകസംഗീതം, സോപാനസംഗീതം, ഭരതനാട്യം അടക്കമുള്ള നൃത്തങ്ങൾ, നാടകം, ബാലേ തുടങ്ങി ക്ഷേത്രത്തിനകത്തും പുറത്തുമായി നിരവധി കലാപരിപാടികളും ഇവിടെയുണ്ടാകാറുണ്ട്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാപരിപാടികൾ, രാവിലത്തെ ശീവേലിയ്ക്കുശേഷം കിഴക്കേ ഗോപുരത്തിൽ തെക്കുഭാഗത്തായി അരങ്ങേറാറുള്ള ഓട്ടൻ തുള്ളലും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം അരങ്ങേറുന്ന കുറത്തിയാട്ടവുമാണ്. അന്നമനട ക്ഷേത്രത്തിൽ ഓട്ടൻ തുള്ളലിന് വൻ പ്രാധാന്യമാണ് നൽകിവരുന്നത്. പ്രഗത്ഭരായ നിരവധി കലാകാരന്മാർ ഇവിടെ വന്ന് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. കിരാതമൂർത്തിയായ ഭഗവാന്റെ പ്രതിഷ്ഠ കൊണ്ടാകണം, സാധാരണയായി ക്ഷേത്രങ്ങളിൽ അവതരിപ്പിയ്ക്കാത്ത കുറത്തിയാട്ടം ഇവിടെ നടത്തിവരുന്നത്. വടക്ക്, തെക്ക് എന്നീ ഇരുശൈലികളിലുള്ള കുറത്തിയാട്ടവും ഇവിടെ അവതരിപ്പിച്ചുവരാറുണ്ട്. കഥകളിയും ഇവിടെ അതിവിശേഷമാണ്. ഉത്സവത്തിനിടയിൽ അഞ്ചുദിവസമെങ്കിലും ഇവിടെ കഥകളിയുണ്ടാകും. അന്നമനടത്തേവർ കിരാതമൂർത്തിയായതിനാൽ ഇവിടെ കിരാതം കഥകളി ഒരുദിവസം അവതരിപ്പിയ്ക്കണമെന്നത് നിർബന്ധമാണ്. മറ്റുള്ള കഥകൾ അതാതുവർഷം തീരുമാനിയ്ക്കുന്നു. പ്രശസ്തരായ നിരവധി കഥകളി കലാകാരന്മാർ ഇവിടെ വന്ന് കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
ഉത്സവബലി
[തിരുത്തുക]ഉത്സവത്തിന്റെ ആറും എട്ടും ദിവസങ്ങളിലാണ് ഉത്സവത്തിനിടയിലെ അതിവിശേഷപ്പെട്ട ചടങ്ങായ ഉത്സവബലി നടത്തുന്നത്. സാധാരണ ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും വിശേഷദിവസങ്ങളിലുണ്ടാകുന്ന ശ്രീഭൂതബലിയുടെയും വിസ്തരിച്ചുള്ള രൂപമാണ് ഉത്സവബലി. ഇത് രണ്ടുദിവസങ്ങളിൽ നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അന്നമനട ക്ഷേത്രം. രാവിലെയുള്ള പതിവുചടങ്ങുകൾക്കുശേഷം ഉച്ചയോടെയാണ് ഉത്സവബലി തുടങ്ങുക. സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ഈയവസരത്തിൽ ബലിതൂകും. മൃദംഗത്തോടും മദ്ദളത്തോടും രൂപസാദൃശ്യമുള്ള മരം എന്ന വാദ്യമാണ് ഈ സമയത്ത് അകമ്പടി സേവിയ്ക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയ്ക്കും വാദ്യക്കാർക്കും വിശേഷാൽ ദക്ഷിണ നൽകുന്ന ചടങ്ങുമുണ്ട്. തുടർന്ന് സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ അരി കൊണ്ടുവന്ന് അവയെ തരംതിരിച്ച് മേൽശാന്തി പൂജ നടത്തുന്നു. അതിനുശേഷമാണ് ബലിതൂകാൻ തുടങ്ങുക. ശ്രീകോവിലിന്റെ ഇരുവശവുമുള്ള ദ്വാരപാലകർ, ദേവവാഹനം (ഇവിടെ നന്ദി), അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, ശാസ്താവ്, അനന്തൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, നിർമ്മാല്യധാരി, ബ്രഹ്മാവ് തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന എല്ലാ ബലിക്കല്ലുകളിലും ഈ സമയത്ത് ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്ക് പ്രത്യേകമായി ബലിതൂകുന്ന ചടങ്ങുണ്ട്. ഈ സമയത്ത് നാലമ്പലത്തിനകത്ത് ഭക്തർക്ക് നിൽക്കാൻ അവസരമുണ്ട്. ഇതുകഴിഞ്ഞാൽ നാലമ്പലത്തിനുപുറത്തേയ്ക്കുവന്ന്, അവിടെയുള്ള ബലിക്കല്ലുകളിലും തൂകാൻ തുടങ്ങും. ഈ സമയത്ത് കൂടുതൽ വാദ്യങ്ങളുടെ അകമ്പടിയുണ്ടാകും. ഭഗവാന്റെ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഓരോ ബലിക്കല്ലിലും തൂകി വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ അവിടെയുള്ള ക്ഷേത്രപാലന്ന് പാത്രത്തോടെ ബലിതൂകുന്ന ചടങ്ങുണ്ട്. അവസാനം ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ലിലും ബലിതൂകി ഉത്സവബലി അവസാനിപ്പിയ്ക്കുന്നു. ഇതിനുപയോഗിച്ച ഹവിസ്സ് ഭക്തർക്ക് പ്രസാദമായി നൽകുന്നു. അന്നമനടത്തേവരുടെ ഹവിസ്സ് കഴിയ്ക്കുന്നത് ഉദരരോഗത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.
പള്ളിവേട്ട
[തിരുത്തുക]ക്ഷേത്രപരിസരത്തുള്ള മനുഷ്യരിലെ മൃഗീയവാസനകൾ ഇല്ലാതാക്കുന്നതിന് ഭഗവാൻ നേരിട്ടിറങ്ങുന്നു എന്ന സങ്കല്പത്തിൽ നടക്കുന്ന ചടങ്ങാണ് പള്ളിവേട്ട. കേരളീയക്ഷേത്രോത്സവങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണിത്. അന്നമനട ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലെ ഒമ്പതാം ദിവസമാണ് പള്ളിവേട്ട നടക്കുന്നത്. ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള വിശേഷാൽ കാഴ്ചശീവേലികളും അന്നത്തെ പ്രത്യേകതയാണ്. ഇതിന് അകമ്പടിയായി പഞ്ചാരിമേളമുണ്ടാകും. അന്നുതന്നെ സമീപത്തുള്ള ഒരുപാട് ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ ദേശനാഥനായ അന്നമനടത്തേവരെ ദർശിയ്ക്കാൻ ക്ഷേത്രത്തിലെത്തുന്നു. അവർക്കൊപ്പമുള്ള കുടമാറ്റം മനം മയക്കുന്ന ഒരു കാഴ്ചയാണ്. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞാണ് വലിയ വിളക്ക് നടക്കുന്നത്. അന്നമനട ക്ഷേത്രത്തിൽ ഒരു വർഷം നടക്കുന്ന ഏറ്റവും വലിയ ചുറ്റുവിളക്കാണ് വലിയ വിളക്ക്. ഇതിനോടനുബന്ധിച്ച് പഞ്ചവാദ്യത്തോടുകൂടിയുള്ള വിശേഷാൽ എഴുന്നള്ളിപ്പുണ്ടാകും. കേരളത്തിലെ പ്രഗത്ഭരായ നിരവധി പഞ്ചവാദ്യവിദഗ്ധർ ഇതിന് അകമ്പടി സേവിച്ചിയ്ക്കാറുണ്ട്. ഒമ്പത് ആനകളോടുകൂടി, തീവെട്ടികളുടെ അകമ്പടിയോടെ വരുന്ന അന്നമനടത്തേവരെ തൊഴുത് ഭക്തർ മുക്തിയടയുന്നു. വലിയ വിളക്കിനുശേഷമാണ് പള്ളിവേട്ട നടക്കുന്നത്. ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആൽത്തറയിൽ വച്ചാണ് പള്ളിവേട്ട. വാദ്യമേളങ്ങളൊന്നുമില്ലാതെ ആനപ്പുറത്തുകയറി പോകുന്ന ഭഗവാൻ, അവിടെ ഒരുക്കിവച്ചിട്ടുള്ള പന്നിയുടെ രൂപത്തിലേയ്ക്ക് അമ്പെയ്യുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം വാദ്യമേളങ്ങളോടെ തിരിച്ചെഴുന്നള്ളുന്ന ഭഗവാന് ക്ഷേത്രത്തിലെ വലിയമ്പലത്തിൽ പ്രത്യേകമൊരുക്കിയ പീഠത്തിൽ ശയ്യയൊരുക്കിയിട്ടുണ്ടാകും. അവിടെ ആനയിച്ചുകൊണ്ടുവന്ന് കിടത്തിക്കഴിഞ്ഞാൽ ക്ഷേത്രത്തിലെ ബഹളങ്ങൾ താത്കാലികമായി അവസാനിയ്ക്കുന്നു. ക്ഷേത്രത്തിലെ നാഴികമണി പോലും ഈ സമയത്ത് കെട്ടിയിടും. അബദ്ധത്തിൽ പോലും ശബ്ദിയ്ക്കരുത് എന്ന സങ്കല്പത്തിലാണിത്.
ആറാട്ട്
[തിരുത്തുക]പത്താം ദിവസമാണ് ഉത്സവത്തിന് പരിസമാപ്തി കുറിയ്ക്കുന്ന ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാൻ, പിറ്റേന്ന് ആറുമണിയോടെ ഉറക്കമുണരുന്നു. ഭഗവാന് കണികാണാനായി അഷ്ടമംഗല്യവും ഒരു പശുവുമുണ്ടാകും. രാവിലെ നടക്കുന്ന പതിവുപൂജകൾക്കുശേഷം സന്ധ്യയ്ക്ക് കൊടിയിറക്കുന്നു. അതിനുശേഷമാണ് ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. ആനപ്പുറത്തുകയറി കിഴക്കേ ഗോപുരത്തിലൂടെ പുറത്തുകടന്ന് ചാലക്കുടിപ്പുഴയിലെ ആറാട്ടുകടവിലേയ്ക്ക് പുറപ്പെടുന്ന ഭഗവാനോടൊപ്പം നിരവധി ഭക്തരും പുറപ്പെടുന്നു. അതിവിശേഷമായ പഞ്ചവാദ്യവും ഇതിന് അകമ്പടി സേവിയ്ക്കുന്നുണ്ട്. കടവിലെത്തിയാൽ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ സകല തീർത്ഥങ്ങളെയും കടവിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങുണ്ട്. അതിനുശേഷം തിടമ്പിൽ ഇളനീരുകൊണ്ട് വിശേഷാൽ അഭിഷേകം നടത്തി പുഴയിലിറങ്ങുന്ന തന്ത്രിയും മേൽശാന്തിയും പരികർമ്മികളും മൂന്നുതവണ മുങ്ങിനിവരുന്നു. പിന്നീട് മഞ്ഞൾപ്പൊടി കൊണ്ടും അഭിഷേകം നടത്തി വീണ്ടും മൂന്നുതവണ മുങ്ങിനിവരലുണ്ട്. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ തീർത്ഥത്തിൽ ഭക്തരും മൂന്നുതവണ മുങ്ങിനിവരുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. തുടർന്ന് ക്ഷേത്രത്തിനുചുറ്റും ഏഴുപ്രദക്ഷിണം കൂടി പൂർത്തിയാക്കുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയാകുന്നു.
ശിവരാത്രി
[തിരുത്തുക]അഷ്ടമിരോഹിണി
[തിരുത്തുക]നവരാത്രി
[തിരുത്തുക]എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]ചാലക്കുടിയിൽ നിന്നും 12 കി. മി ദൂരത്തിലും മാളയിൽ നിന്നും 8 കി.മി ദൂരത്തിലുമാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.
- ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - മാള- 10 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
- ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി
അവലംബം
[തിരുത്തുക]- ↑ പ്രദക്ഷിണ വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“