ചമ്പക്കുളം മൂലം വള്ളംകളി
പ്രമാണം:MoolamBoatRace.jpg മൂലം വള്ളംകളി-ചമ്പക്കുളം | |
നദി/പുഴ | പമ്പാനദി |
---|---|
സ്ഥലം | ചമ്പക്കുളം |
ദിവസം/തീയതി | മിഥുനം മാസത്തിലെ മൂലം നക്ഷത്രത്തിൽ |
പുരസ്കാരം | രാജപ്രമുഖൻ ട്രോഫി |
ആദ്യ വള്ളംകളി നടന്നത് | കൊല്ലവർഷം-720 |
ആരംഭിച്ചത് | പൂരാടം തിരുനാൾ ദേവനാരായണൻ |
ചരിത്രം | അമ്പലപ്പുഴ ക്ഷേത്ര പ്രതിഷ്ഠ |
കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്. [1] ക്രിസ്തുവർഷം 1545, മലയാളവർഷം (കൊല്ലവർഷം) 720-ൽ ആണ് മൂലം വള്ളംകളി ആരംഭിച്ചത്.[2]
ഐതിഹ്യം[തിരുത്തുക]
ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുൻപ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വർഷങ്ങൾക്കു ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വർണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.
കേരളത്തിലെ മറ്റ് പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]
- ആറന്മുള ഉതൃട്ടാതി വള്ളംകളി
- നെഹ്റു ട്രോഫി വള്ളംകളി
- കൊല്ലം ജലോത്സവം
- ഇന്ദിരാഗാന്ധി വള്ളംകളി
- രാജീവ്ഗാന്ധി വള്ളംകളി
- പായിപ്പാട് ജലോത്സവം
- ചങ്ങനാശ്ശേരി ജലോത്സവം
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.alappuzhaonline.com/champakulammoolam-boatrace.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-01.