അഭിഷേകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭിഷേകം

സ്നാനം എന്നാണ് പദത്തിന്റെ അർഥം. അഥർവവേദത്തിൽ ഈ വാക്ക് പലയിടത്തും പ്രയോഗിച്ചുകാണുന്നുണ്ടെങ്കിലും മറ്റു വേദങ്ങളിൽ പ്രധാനമായ ഒരു അനുഷ്ഠാനമായിട്ടാണ് ഇതു പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഐതരേയ ബ്രാഹ്മണത്തിൽ അഭിഷേകം എന്നത് ഒരു പ്രത്യേക ശീർഷകമായിത്തന്നെ പ്രതിപാദിക്കപ്പെടുന്നുണ്ട്. പ്രോക്ഷണം, ലേപനം, ജ്ഞാനസ്നാനം എന്നീ കർമങ്ങൾകൊണ്ട് ആളുകളെയും വസ്തുക്കളെയും സംസ്കരിക്കുക എന്നത് വളരെ പഴക്കംചെന്ന സാർവത്രികമായ ഒരു ആചാരമാണ്. ബ്രാഹ്മണങ്ങൾ, പുരാണങ്ങൾ എന്നീ ആധികാരിക ഗ്രന്ഥങ്ങളിൽ അഭിഷേകത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

അഭിഷേകത്തിന് അർഹരായവർ[തിരുത്തുക]

അഭിഷേകത്തിന് അർഹരായവർ ചക്രവർത്തിമാരാണ്. സർവാധിപത്യം ലഭിച്ചതിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നതിനാണ് ഈ ചടങ്ങ് നിർവഹിക്കപ്പെടുന്നത്. ഐതരേയത്തിൽ അഭിഷിക്തന്മാരായ പൂർവചക്രവർത്തിമാരുടെ ഒരു പട്ടികതന്നെ കൊടുത്തിട്ടുണ്ട്. രഘുവംശം രണ്ടാംസർഗത്തിൽ ഒരു അഭിഷേകം കാളിദാസൻ വർണിക്കുന്നുണ്ട്. ബൃഹത്കഥയിൽ നരവാഹനദത്തന്റെ അഭിഷേകം നടന്നതായി പ്രസ്താവിച്ചുകാണുന്നു. രാജാക്കന്മാരെ എല്ലാം കീഴടക്കിയശേഷവും നാലു കൊല്ലത്തേക്ക് അശോകചക്രവർത്തിയുടെ അഭിഷേകം നടന്നില്ലെന്നു ചരിത്രരേഖകളിൽ നിന്നു മനസ്സിലാക്കാം. രാജാക്കന്മാർക്ക് അഭിഷേകം ആവശ്യമാണെന്നു മഹാഭാരതത്തിൽ പറയുന്നുണ്ട്. കൂടാതെ അച്ഛൻ അനന്തരാവകാശിയായ മകനെ യുവരാജാവായിട്ടഭിഷേകം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

മന്ത്രിമാർ‍, പുരോഹിതന്മാര്‍, സേനാപതികൾ എന്നിവരുടെ വിഷയത്തിലും അവസ്ഥാനുസൃതമായി അഭിഷേകം വിധിക്കപ്പെട്ടിട്ടുണ്ടെന്ന് ബ്രാഹ്മണങ്ങൾ മഹാഭാരതം, ഹർഷചരിതം മുതലായ കാവ്യങ്ങളിൽ നിന്നു മനസ്സിലാകുന്നു.

രാജാഭിഷേക ചടങ്ങ്[തിരുത്തുക]

രാജാഭിഷേക ചടങ്ങിന്റെ ഒരു ലഘുവിവരണം താഴെ കൊടുക്കുന്നു. തലേദിവസംതന്നെ പുരോഹിതൻ ഗണപതി പൂജാദികൾ പൂർവാംഗമായി ചെയ്തുതീർക്കുന്നു. രാജാവും രാജ്ഞിയും അന്ന് ഉപവസിക്കണം. അഭിഷേകദിവസം മംഗളസ്നാനം ചെയ്ത രാജാവിനേയും രാജ്ഞിയേയും മണി-കാഞ്ചന-പൃഥിവീ-പുഷ്പാദികളെ സ്പർശനം ചെയ്യിച്ചശേഷം പ്രത്യേകം അലങ്കരിച്ച മണ്ഡപത്തിൽ വ്യാഘ്രചർമ്മാച്ഛാദിതമായ ആസനത്തിൽ പുരോഹിത-അമാത്യ-സാമന്താദികൾ ചേർന്ന് ഇരുത്തുന്നു. അനന്തരം തെക്കുനിന്നു വടക്കോട്ട് ചരിവുള്ള വേദിയിൽ ഗൃഹ്യപ്രോക്തവിധിക്കനുസരിച്ച് അഗ്നിയുണ്ടാക്കി നെയ്യിൽ മുക്കിയ ആല്, പ്ലാശ്, ശമി എന്നിവയുടെ ചമതകൾ മന്ത്രപുരസ്സരം ഹോമിക്കുന്നു. പിന്നീട് ഘൃതാഹുതിയും നടത്തിയശേഷം വേദോക്തമന്ത്രങ്ങൾ, വാദ്യങ്ങള്‍, സ്തുതിഗീതങ്ങൾ എന്നിവയുടെ ഘോഷങ്ങൾക്കിടയിൽ ഋത്വിക്കുകൾ സർവതോ ഭദ്രമണ്ഡപത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്വർണ-രജത-താമ്രമൃത്തികാകുംഭങ്ങളിൽ നിന്നു സ്വർണംകെട്ടിയ ശംഖുകളിൽ ജലമെടുത്തു രാജാവിന്റെയും രാജ്ഞിയുടെയും ശിരസ്സിൽ ഒഴിക്കുന്നു. അപ്പോൾ അവർ ഇരിക്കേണ്ടത് കിഴക്കോട്ടു തിരിഞ്ഞാണ്. ഋത്വിക്കുകൾക്കുശേഷം മന്ത്രിമാരും രാജദമ്പതികളെ അപ്രകാരം അഭിഷേകം ചെയ്യുന്നു. അനന്തരം കുങ്കുമം, അകില്, കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങൾകൊണ്ട് പുരോഹിതാദികൾ അവർക്ക് തിലകം ചാർത്തണം. കന്യകമാരും ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. അതിനുശേഷമാണ് രാജാവിന്റെ ശിരസ്സിൽ കിരീടമണിയിക്കുന്നതും ഛത്രചാമരാദിചിഹ്നങ്ങൾ ഏർപ്പെടുത്തുന്നതും. വേദം, വാദ്യം, സ്തുതി, പുണ്യാഹം എന്നിങ്ങനെ പലതിന്റെയും ശബ്ദകോലാഹലങ്ങൾക്കിടയിൽ കുലക്രമാഗതമായ പേർ വിളിച്ച് അങ്ങു രാജാവായി വാഴുക എന്നു പറഞ്ഞ് രാജദമ്പതികളുടെമേൽ മലര്, വെളുത്ത പുഷ്പങ്ങൾ‍, അരി മുതലായവ വിതറുന്നു. അനന്തരം സ്തുതിപാഠകന്മാർ അവരുടെ കൃത്യം നിർവഹിക്കുന്നു. ബ്രാഹ്മണർ ആശീർവദിക്കുന്നു. അമാത്യാദികൾ രാജാവിന് ഉപഹാരങ്ങൾ നല്കി നമസ്കരിക്കുന്നു.

അഭിഷേകം യാഗങ്ങളിൽ[തിരുത്തുക]

രാജസൂയം, വാജപേയം, അശ്വമേധം മുതലായ യാഗങ്ങൾ നിർവഹിക്കുമ്പോൾ ഇന്നവിധം അഭിഷേകകർമം നിർവഹിക്കണമെന്നു വിധിച്ചിട്ടുണ്ട്. രാജസൂയത്തിന്റെയും അശ്വമേധത്തിന്റെയും ഉദ്ദേശ്യം ചക്രവർത്തിപദത്തിന്റെ ഉദ്ഘോഷണമാണ്. വാജപേയത്തിന്നു അന്നസമൃദ്ധിയും ഒരു ലക്ഷ്യമാണെന്നു ചിലർ അഭിപ്രായപ്പെടുന്നു.

ക്ഷേത്രങ്ങളിലെ അഭിഷേകം[തിരുത്തുക]

പ്രതിഷ്ഠാകാലം, ഉത്സവകാലം, ആപത്കാലം എന്നീ പ്രത്യേകാവസരങ്ങളിലും നിത്യമെന്നോണവും ദേവതകൾക്ക് ക്ഷേത്രങ്ങളിൽ അഭിഷേകം നടത്താറുണ്ട്. അഭിഷേകസാമഗ്രികൾ ദേവതാഭേദം, സന്ദർഭഭേദം എന്നിവയനുസരിച്ച് വിധിക്കപ്പെട്ടിരിക്കുന്നു. ക്രമങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ദുർഗാപൂജാഭിഷേകദ്രവ്യങ്ങൾ താഴെപറയുന്നവയാണ്.

 1. നെല്ലിക്കയും മഞ്ഞളും ചേർത്ത് അരച്ചുണ്ടാക്കിയത്
 2. ശുദ്ധജലം
 3. ശംഖജലം
 4. ഗന്ധോദകം
 5. ഗോമൂത്രം, ഗോമയം, ദുഗ്ദ്ധം, ദധി, ഘൃതം എന്നിങ്ങനെ പഞ്ചഗവ്യം
 6. കുശോദകം
 7. പഞ്ചാമൃതം
 8. ശിശിരോദകം
 9. മധു
 10. പുഷ്പോദകം
 11. ഇക്ഷുരസം
 12. സാഗരോദകം
 13. സർവൌഷധി മഹൌഷധിജലം
 14. പഞ്ചക്ഷായോദകം
 15. അഷ്ടമൃത്തികകൾ
 16. ഫലോദകം
 17. ഉഷ്ണോദകം
 18. സഹസ്രധാരാജലം
 19. അഷ്ടകലശോദകം.

ഈ ഓരോന്നിനെയുംപറ്റിയുള്ള വിവരണം പൂജാവിധി ഗ്രന്ഥങ്ങളിൽ കാണാം.

ശുദ്ധജലം, ഇളനീർ, എണ്ണ, പനിനീർ, പാലും നെയ്യും, കളഭം, പഞ്ചാമൃതം, ഭസ്മം ഇവ അഷ്ടാഭിഷേകങ്ങൾ ആണ്.

മതഗ്രന്ഥങ്ങളിൽ[തിരുത്തുക]

ബുദ്ധമതഗ്രന്ഥങ്ങളിൽ പത്ത് അഭിഷേക ഭൂമികൾ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ അഭിഷേകം എന്നത് ഏതു പുണ്യസ്നാനത്തെ കുറിക്കുവാനും ഉപയോഗിക്കുന്ന ഒരു വാക്കുകൂടിയാണ്.

ക്രിസ്തുമതാനുയായികൾക്കിടയിലും അഭിഷേകം എന്നത് അത്യന്തം വിശുദ്ധമായ ഒരു കർമമാണ്. ശീമോന്റെ പൂമേടയിൽ അതിഥിയായി ചെന്ന യേശുദേവനെ മഗ്ദലനമറിയം പാദങ്ങളിൽ സുഗന്ധതൈലംകൊണ്ട് അഭിഷേകം ചെയ്തതായി ബൈബിളിൽ കാണുന്നു. അതിഥികളെ തൈലം പൂശിയാദരിക്കുന്ന സമ്പ്രദായം പൌരാണികകാലത്ത് മധ്യപൂർവദേശങ്ങളിൽ പ്രചരിച്ചിരുന്നു എന്നതിന് ഒരു തെളിവാണിത്. ക്രിസ്തുമതസ്ഥർ സംസ്കാരകർമങ്ങളിൽ ലേപനം നടത്താറുണ്ട്. ജ്ഞാനസ്നാനം, തൈലലേപനം മുതലായ സംസ്കാരകർമങ്ങളിൽ സുഗന്ധതൈലാഭിഷേകം സുപ്രധാനമായ ഒരു ചടങ്ങാണ്. പുരോഹിതനായി അവരോധിക്കപ്പെടുന്ന ആൾക്കും തൈലാഭിഷേകം വേണം. ബലിപീഠം മുതലായവയെ ശുദ്ധീകരിക്കുന്നതിനും തൈലലേപനം നിർവഹിക്കപ്പെടുന്നു. ശവസംസ്കാരത്തിനു മുമ്പായി മൃതശരീരങ്ങളിൽ തൈലലേപനം ചെയ്യുന്ന ആചാരം ചിലേടങ്ങളിൽ ഇന്നും നിലവിലുണ്ട്.

പണ്ടുകാലത്ത് പലസ്തീൻ മുതലായ മധ്യപൂർവദേശങ്ങളിൽ സുഗന്ധക്കൂട്ടു ചേർന്ന ഒലീവ് (സൈത്ത്) എണ്ണ ശരീരത്തിൽ തേയ്ക്കുന്ന പതിവുണ്ടായിരുന്നു. തൈലലേപനത്തിനുശേഷം ജലധാവനം ചെയ്യാറുണ്ട്. എങ്കിലും കുളികഴിഞ്ഞശേഷം തൈലം പൂശുന്നതും ഒട്ടും അസാധാരണമല്ല. എണ്ണ തേക്കുന്നത് ഒരു സന്തോഷചിഹ്നം കൂടിയായിരുന്നതിനാൽ വിരഹദുഃഖം അനുഭവിക്കുന്നവർ എണ്ണ തേക്കുന്നതിൽ വൈമുഖ്യം പ്രദർശിപ്പിക്കുന്നു. എണ്ണ, ഭസ്മം, കുഴമ്പ് മുതലായ ലേപനദ്രവ്യങ്ങൾ ഉപയോഗിക്കുന്നതു ശരീരത്തിൽ സുഖപ്രദമായ ഒരു കൃത്യമാകയാൽ അതിനു ലോകത്തിൽ അതിദീർഘമായ ഒരു ചരിത്രം തന്നെയുണ്ടെന്നു സമ്മതിക്കണം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിഷേകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിഷേകം&oldid=4057318" എന്ന താളിൽനിന്ന് ശേഖരിച്ചത്